മാധ്യമങ്ങളുടെയും സഭാവിരോധികളുടെയും ഗൂഢലക്ഷ്യത്തിന്റെ ഉദാഹരണമാണ് സെപ്റ്റംബര്‍ 23 ന് ‘ദ് ഹിന്ദു’പത്രത്തില്‍ അതിന്റെ കൊച്ചി ലേഖകന്മാരുടേതായി വന്ന വിശകലന ലേഖനങ്ങള്‍.

By on October 4, 2018
Samastha

 

‘ദ് ഹിന്ദു’ ലേഖകന്മാര്‍ വളരെ ആവേശപൂര്‍വം എഴുതിയിട്ടുള്ളത്, ബിഷപ്പിന്റെ അറസ്റ്റോടെ സാര്‍വത്രിക കത്തോലിക്കാ സഭയില്‍ അതിഭയാനകമായ ഒരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നുവെന്നാണ്!. വൈദികരുടേയും സന്യസ്തരുടേയും ബ്രഹ്മചര്യം നിലനിര്‍ത്തേണ്ട കാര്യമാണോയെന്ന് സഭാതലത്തില്‍ ഇനി ചര്‍ച്ച ഉയരും. സഭയില്‍ സ്ത്രീകള്‍ക്ക് ഇനി കൂടുതല്‍ സ്ഥാനം ലഭിക്കും. സഭയുടെ ഭരണത്തിലും സഭാ സ്വത്തുക്കളുടെ ഉടമസ്ഥതയിലും നടത്തിപ്പിലും അല്‍മായര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കും. സഭാധികാരികള്‍ക്കെതിരെ കൂടുതല്‍ ചെറുത്തു നില്‍പ്പുകള്‍ ഉയരും.
സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമം സംബന്ധിച്ചു 1980 കളില്‍ സംവാദങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കെ സവര്‍ണ വര്‍ഗീയ പത്രമായ മാതൃഭൂമി ഒരിക്കല്‍ ഒന്നാം പേജില്‍ ഒരു വാര്‍ത്തയുണ്ടാക്കി. അതിന്റെ എട്ടുകോളം വമ്പന്‍ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘സീറോ മലബാര്‍ സഭ പിളരുന്നു’. ചങ്ങനാശ്ശേരി, എറണാകുളം വിഭാഗങ്ങളായിട്ടാവും പിളരുക.
സഭയെപ്പറ്റിയോ സഭയുടെ അനുദിന പ്രവര്‍ത്തന രീതികളെപ്പറ്റിയോ ഒരു ചുക്കും അറിയാത്ത ഏതോ എഴുത്തു തൊഴിലാളി വളരെ ആലോചിച്ചുണ്ടാക്കി പടച്ചുവിട്ടതായിരുന്നു ആ വാര്‍ത്ത – സീറോ മലബാര്‍ സഭയില്‍ ആശയക്കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി മാത്രം.
രണ്ടു മൂന്നുവര്‍ഷം നടന്ന ചൂടേറിയ സംവാദങ്ങളുടേയും ചര്‍ച്ചകളുടേയും അനന്തര ഫലമായിട്ടാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ചരിത്ര സംഭവമായി രേഖപ്പെടുത്തപ്പെട്ടത്. അവിടെ നടന്ന ചര്‍ച്ചകളും സംവാദങ്ങളും കണ്ടിരുന്നെങ്കില്‍ മാതൃഭൂമിയില്‍ ലേഖനമെഴുതിയ പാവത്താന്മാര്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചേനെ!. സഭ ഒരു നൂറു സഭകളായി പിളരുന്നുവെന്നായിരിക്കും വിവരദോഷികളുടെ റിപ്പോര്‍ട്ട്.
മാതൃഭൂമിയുടെ ഈ വിവരക്കേടിനെ ഓര്‍മപ്പെടുത്തുന്നതാണ് ‘ഹിന്ദു’വില്‍ റിപ്പോര്‍ട്ട് എഴുതിയ ക്രൈസ്തവ നാമധാരികളുടെ വിവരദോഷം.
കന്യാസ്ത്രികളുടെ സമരത്തോടെ കത്തോലിക്കാസഭയില്‍ വമ്പിച്ച വിപ്ലവം നടക്കുമെന്നും ഇനിയാരും സഭയെ വിശ്വസിക്കില്ലെന്നും പറയുന്ന പോള്‍ തേലക്കാട്ട് എന്ന വിമത വൈദികനെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട് ‘ഹിന്ദുപത്രം’. ഇടതുപക്ഷ സഹയാത്രികനെന്നു കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ കാലംമുതലേ പേരുവീണ തേലക്കാട്ട് ഇങ്ങനെ പറയുന്നതായി ലേഖകന്‍ എഴുതുന്നു: ‘തെരുവില്‍ വന്ന കന്യാസ്ത്രികളുടെ പ്രശ്‌നം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ, ഇനി കന്യാസ്ത്രികളായി സേവനമനുഷ്ഠിക്കാന്‍ വളരെ ചുരുക്കം പേരേ വരൂ?’
സന്യാസ സമൂഹങ്ങളെ ഇങ്ങനെ മുന്‍വിധിയോടെ അവഹേളിക്കാന്‍ ഇദ്ദേഹം ആരാണ്?
ഇനി മറ്റൊരു ‘സഭാ വിദഗ്ധന്‍’. കന്യാസ്ത്രികളുടെ സമരത്തിന്റെ അണിയറക്കാരില്‍ ഒരാളാണ് ട്രേഡ് യൂണിയന്‍ നേതാവായ ചാള്‍സ് ജോര്‍ജ്. രാഷ്ട്രീയ പാര്‍ട്ടികള്‍ കന്യാസ്ത്രി സമരം ഏറ്റെടുക്കാത്തതിലാണ് കക്ഷിയുടെ സങ്കടം. എന്നുവച്ചാല്‍, ബിഷപ്പിനെ അറസ്റ്റ് ചെയ്യിക്കാന്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടേയും പള്ളികളുടേയും സ്ഥാപനങ്ങളുടേയും മുമ്പില്‍ സമരവും ധര്‍ണയും നടത്താന്‍ ഇവരാരും മുന്നോട്ടുവന്നില്ലെന്ന കുണ്ഠിതമാണ് ഈ തൊഴിലാളി സംഘടനാ നേതാവിന്!
ഏതായാലും ഇപ്പോള്‍ ആരൊക്കെയായിരുന്നു കന്യാസ്ത്രികളെ നോക്കുകുത്തികളാക്കി സഭയുടെ രക്തത്തിനുവേണ്ടി കൊലവിളി നടത്തിയതെന്ന് കൂടുതല്‍ വ്യക്തമായി. അവരുടെ ലക്ഷ്യങ്ങളും വ്യക്തം. സഭയെ, പൗരോഹിത്യത്തെ, സന്യാസ ജീവിതത്തിന്റെ മൂലക്കല്ലുകളെ തച്ചുടയ്ക്കുക ഇതായിരുന്നു ഹീനമായ ആ അജന്‍ഡ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>