ആലമറ്റം അമലോത്ഭവമാത പള്ളി വിശ്വാസത്തിന്റെ തിരുമുറ്റം

By on October 4, 2018
Alamattam church

 

വിശ്വാസ ചൈതന്യത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിഞ്ഞു
കിടക്കുന്ന ആറു പതിറ്റാണ്ടിന്റെ ചരിത്രം…

ചാലക്കുടി പുഴ തഴുകിയൊഴുകുന്ന കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ വിളക്കായി ക്രൈസ്തവ ദൈവാലയം. നാടിന്റെ വികസനത്തിനൊപ്പം ആത്മീയതയുടെ മണിദീപമേന്തി ആറു പതിറ്റാണ്ടുകാലം. ക്രൈസ്തവ വിശ്വാസത്തിന്റെ സ്‌നേഹ സന്ദേശവുമായി മുമ്പേ നടന്ന ചരിത്രമാണ് ആലമറ്റം അമലോത്ഭവമാതാ ഇടവകയ്ക്ക് പറയാനുള്ളത്.
ഇരിങ്ങാലക്കുട രൂപതയ്ക്ക് തെക്കേ അറ്റത്ത് ചാലക്കുടിപ്പുഴയോരത്താണ് ആലമറ്റം. തെങ്ങും കവുങ്ങും നെല്‍പാടങ്ങളുമുള്ള പ്രകൃതി രമണീയമായ ഭൂപ്രദേശം. 1950 കള്‍വരെയുള്ള കാലഘട്ടത്തില്‍ ഇവിടത്തെ വിശ്വാസി സമൂഹത്തിന് പുഴകടന്ന്, കിലോമീറ്ററുകള്‍ താണ്ടി ഇടവക ദൈവാലയമായ പുത്തന്‍വേലിക്കര സെന്റ് ജോര്‍ജ് പള്ളിയായിരുന്നു ആത്മീയതയുടെ കേന്ദ്രസ്ഥാനം. അവിടെ നിന്ന് അകലെയായിരുന്നെങ്കിലും അമലോത്ഭവ മാതാവിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുനാളുകള്‍ ആലമറ്റം കപ്പേളയില്‍ അവര്‍ ആഘോഷിച്ചു പോന്നു. ഫാ. ജോസഫ് കാരാത്രയുടെ നേതൃത്വത്തിലായിരുന്നു ഇവിടത്തെ കപ്പേളയുടെ നിര്‍മാണം. ഫാ. ജോര്‍ജ് ചിറമ്മല്‍ പുത്തന്‍വേലിക്കര (മാളവന) വികാരിയായിരിക്കേ 1957 – 58 ല്‍ കപ്പേളയുടെ സ്ഥാനത്ത് ഒരു കൊച്ചു ദൈവാലയം നിര്‍മിച്ചു. പിന്നീട് ഫാ. അബ്രാഹം കിഴക്കൂടന്‍ വികാരിയായി. 1961 ഏപ്രില്‍ നാലിന് മാര്‍ ജോര്‍ജ് ആലപ്പാട്ട് ഈ ദൈവാലയത്തെ മാളവന പള്ളിയുടെ കുരിശുപള്ളിയായി ഉയര്‍ത്തി. ഞായറാഴ്ചകളിലും പ്രധാന ദിനങ്ങളിലും ദിവ്യബലി ആരംഭിച്ചത് ഇവിടത്തെ വിശ്വാസി സമൂഹത്തിന്റെ ചിരകാല സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു.
ഇടവകയെന്ന സ്വപ്‌നം
ക്രൈസ്തവ വിശ്വാസത്തിന്റെ വേരോട്ടം ശക്തമായ കാലമായിരുന്നു 1961 മുതലുള്ള ഒരു ദശവര്‍ഷക്കാലം. പൂര്‍വപിതാക്കള്‍ കൈമാറിത്തന്ന വിശ്വാസ ദീപത്തിന്റെ ഭാസുരമായ പ്രകാശത്തിന്റെ ആലമറ്റം ഇടവകയെന്ന സ്വപ്‌നത്തിലേക്ക് നടന്നുനീങ്ങി. അങ്ങനെ ഫാ. ജോണ്‍ അമ്പൂക്കന്‍, ഫാ. ജോസ് വേഴപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. ആലമറ്റം എന്ന കൊച്ചു ഗ്രാമത്തിന് 1972 ഏപ്രില്‍ 24 ന് മാര്‍ ജോസഫ് കുണ്ടുകുളം ഇടവകയെന്ന അമൂല്യ സമ്മാനം കൈമാറി. കുണ്ടൂര്‍ ഇടവക പള്ളിയുടെ വികാരിമാര്‍ക്ക് ആലമറ്റത്തിന്റെ ചുമതലയും നല്‍കി. 1988 ല്‍ ഫാ. ലാസര്‍ കുറ്റിക്കാടന്‍ കുടുംബയൂണിറ്റുകള്‍ സ്ഥാപിച്ചതോടെ ആലമറ്റം ഇടവകയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വേഗം കൂടുകയും ചെയ്തു.
ഫാ. ജോണ്‍ കവലക്കാട്ട് (ജൂനിയര്‍)ന്റെ സാരഥ്യത്തില്‍ ദൈവാലയ പുനര്‍നിര്‍മാണം എന്ന വന്‍ പദ്ധതി ഏറെ വൈകാതെ ആരംഭിച്ചു. ഒരേ മനസ്സോടെ ഇടവക സമൂഹം മുഴുവന്‍ അതിനായി കൈകോര്‍ത്തപ്പോള്‍, പുതുക്കിപ്പണിത മനോഹരമായ ദൈവാലയം നാടിന്റെ തിലകക്കുറിയായി ഉയര്‍ന്നുവന്നു. 2000-ാമാണ്ടില്‍ ഫെബ്രുവരി 22 ന് മാര്‍ ജയിംസ് പഴയാറ്റില്‍ അതിന്റെ ആശിര്‍വാദം നടത്തി. നിര്‍ത്തിവച്ചിരുന്ന മുഖവാരത്തിന്റെ നിര്‍മാണം ഫാ. ഡേവിസ് കുടിയിരിക്കലിന്റെ നേതൃത്വത്തില്‍ പുനാരാരംഭിച്ച് 2002 ഓഗസ്റ്റ് 25 ന് മാര്‍ ജയിംസ് പഴയാറ്റില്‍ വെഞ്ചിരിപ്പ് കര്‍മം നിര്‍വഹിച്ചു. മനോഹരമായ സെമിത്തേരി, മതബോധനഹാള്‍, കപ്പേളകള്‍, കുടുംബ യൂണിറ്റുകള്‍, ഭക്തസംഘടനകള്‍ എന്നിവയെല്ലാം ചേര്‍ന്ന് സജീവമായ വിശ്വാസ ജീവിതത്തിന്റെ ഹൃദ്യമായ കാഴ്ചകളാണിവിടെയെങ്ങും. ചെറുതെങ്കിലും ഇവിടത്തെ ക്രൈസ്തവ സമൂഹം വിശ്വാസ ചൈതന്യത്തിന്റെ മഹായാത്രയില്‍ ആവേശപൂര്‍വം മുന്നേറുന്നു. അതിവൃഷ്ടിയും ദിവസങ്ങളോളം ജീവിതം സ്തംഭിപ്പിക്കുന്ന വെള്ളപ്പൊക്കവും പലതവണ നേരിടേണ്ടിവന്നിട്ടുള്ള ആലമറ്റം ഗ്രാമത്തിന് എന്നും പ്രതീക്ഷയും കാരുണ്യവും സ്‌നേഹവും പങ്കുവയ്ക്കുന്ന വിശ്വാസ ഗോപുരമാണ് അമലോത്ഭവ മാതാ ഇടവക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>