അറസ്റ്റ് ! ഇപ്പൊ ശര്യാക്കിത്തരാം; …ഹാവൂ, ശര്യാക്കി!!

By on October 4, 2018
Cartoon

അങ്ങനെ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. തെരുവിലിറങ്ങി സമരം ചെയ്ത ‘കര്‍ത്താവിന്റെ മണവാട്ടികള്‍’ വീണ്ടും

തങ്ങളുടെ വ്രതബദ്ധമായ ജീവിതത്തിലേക്ക് അടിവച്ചടിവച്ച് കയറിപ്പോയി. സമരം സംഘടിപ്പിച്ച മാതൃഭൂമിയും മനോരമയും
മറ്റു ചെറുകിട പത്രക്കാരും ടിവി ചാനല്‍ക്കാരും തല്‍ക്കാലം സമരപ്പന്തലൊഴിഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റ് പൊലിസ് നിശ്ചയിച്ച
സമയത്ത്, നിശ്ചയിച്ച ഘട്ടത്തില്‍ നടപ്പാക്കി. സമരം നടത്തി തിടുക്കത്തില്‍ അറസ്റ്റ് ചെയ്യിക്കാമെന്ന തന്ത്രം പൊളിഞ്ഞു. പത്രങ്ങള്‍
സ്‌പോണ്‍സര്‍ ചെയ്ത കന്യാസ്ത്രീ സമരം
അപ്പോള്‍ എന്തുനേടി?

ബിഷപ്പിന്റെ അറസ്റ്റ് പൊലിസ് നിശ്ചയിച്ച സമയത്ത്, നിശ്ചയിച്ച ഘട്ടത്തില്‍ നടപ്പാക്കി. പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത കന്യാസ്ത്രീ സമരം അപ്പോള്‍ എന്തുനേടി? സമ്മര്‍ദ്ദ തന്ത്രം പാളിപ്പൊയെന്ന തിരിച്ചറിവില്‍ സമരക്കാര്‍ ഇഞ്ചിതിന്ന കുരങ്ങന്മാരെപ്പോലെ പിന്‍വാങ്ങി.
തെരുവിലിറങ്ങി സമരം ചെയ്ത കര്‍ത്താവിന്റെ മണവാട്ടികള്‍ വീണ്ടും തങ്ങളുടെ വ്രതബദ്ധമായ ജീവിതത്തിലേക്ക് അടിവച്ചടിവച്ച് കയറിപ്പോയി. സമരം സംഘടിപ്പിച്ച മാതൃഭൂമിയും മനോരമയും മറ്റു ചെറുകിട പത്രക്കാരും ടിവി ചാനല്‍ക്കാരും തല്‍ക്കാലം സമരപ്പന്തലൊഴിഞ്ഞു. ഉപവാസം കിടന്നവര്‍, കന്യാസ്ത്രീകളെ വലിച്ചിഴച്ചു ഹൈക്കോടതിക്കു മുന്നില്‍ സമരത്തിനിറങ്ങിയവര്‍, ദിവസവും സമരപ്പന്തലിലെത്തി മുദ്രാവാക്യം വിളിച്ച് സമരം കൊഴുപ്പിച്ച കരാറുകാര്‍, രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, സ്ത്രീപക്ഷവാദികള്‍, സ്വവര്‍ഗരതി വാദികള്‍, കവികള്‍, സാഹിത്യകാരന്മാര്‍, പരിസ്ഥിതിവാദികള്‍, പത്രങ്ങളിലെ ആശയടാങ്കുകള്‍, സമരപ്പന്തലില്‍ കട്ടന്‍ചായ വിതരണം ചെയ്തവര്‍, സമീപത്ത് കടല, ഐസ്‌ക്രീം കച്ചവടം നടത്തിയവര്‍, സഭാ നവീകരണ പ്രസ്ഥാനക്കാര്‍, സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രസ്ഥാനക്കാര്‍, സമരത്തിന് കൊഴുപ്പു പകര്‍ന്ന റിട്ടയേര്‍ഡ് ന്യായാധിപന്മാര്‍, യുക്തിവാദികള്‍, നിരീശ്വരവാദികള്‍ തുടങ്ങിയവരൊക്കെ തല്‍ക്കാലം അരങ്ങൊഴിഞ്ഞു.
ഇനി അടുത്ത ഘട്ടം ഇങ്ങനെയായിരിക്കും: ജലന്തര്‍ ബിഷപിനു ചുരുങ്ങിയ പക്ഷം തൂക്കുകയറെങ്കിലും കിട്ടണമെന്നാവശ്യപ്പെട്ടു കോടതിപ്പടിക്കല്‍ നിരാഹാരം തുടങ്ങും. ജാമ്യം കൊടുക്കരുതെന്നും ഉടന്‍ വിചാരണ നടത്തി ‘ഫാസ്റ്റ് ട്രാക്ക്’ വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെടും.
ഉത്സവം കഴിഞ്ഞ ഉത്സവപ്പറമ്പു പോലെ ഹൈക്കോടതിക്കു മുന്നിലെ സമരപ്പന്തല്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍, നാട്ടുകാര്‍ക്കൊക്കെ ഒരു നഷ്ടബോധം. ആരൊക്കെ ഇവിടെവന്നുപോയി, ആരുടെയൊക്കെ വീറും വാശിയും കോള്‍മയിര്‍ക്കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ ഇവിടെ മുഴങ്ങി, ഏതൊക്കെ സെലിബ്രിറ്റീസ് – റിമ കല്ലിങ്ങല്‍ ഉള്‍പ്പെടെ അവരുടെ സാന്നിധ്യംകൊണ്ട് സമരത്തെ സമ്പന്നമാക്കി!
സമരത്തെ ഇത്ര വിജയകരമാക്കി രണ്ടാഴ്ചയോളം കേരളസമൂഹത്തെ ആവേശഭരിതരാക്കിയ പത്രക്കാര്‍ക്കും ഉത്സാഹ കമ്മിറ്റിക്കാര്‍ക്കും അനുമോദനം.
കേരളത്തില്‍ മൂന്നേകാല്‍ കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. മനോരമയും മാതൃഭൂമിയും സ്‌പോണ്‍സര്‍ ചെയ്ത സമാരാഭാസത്തില്‍ എത്രപേര്‍ പങ്കെടുത്തു, അതിനെ എത്രപേര്‍ പിന്തുണച്ചുവെന്നതൊക്കെ ഗവേഷണം ചെയ്യേണ്ട വിഷയങ്ങളാകയാല്‍, അതു വിടുന്നു. എന്നാല്‍ പരാതിക്കാരി 14 തവണ പീഡിപ്പിക്കപ്പെട്ട ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് പൊലിസില്‍ പരാതിപ്പെട്ടതോടെ കേരള സമൂഹത്തില്‍ പ്രളയജലം പോലെ ഒഴുകിപ്പരന്ന മാധ്യമ സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകളും കഥകളും പൊതുസമൂഹത്തിലെ എത്ര ശതമാനം പേര്‍ മുഖവിലയ്‌ക്കെടുത്തുവെന്ന വിഷയവും ചരിത്ര വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണ്. വ്യക്തി വിരോധവും ക്രൈസ്തവിരോധവും സഭാ വിരോധവും ക്രൈസ്തവ കൂട്ടായ്മയോടുള്ള അസൂയയും അണപൊട്ടിയൊഴുകിയ ചരിത്രവും മഹാപ്രളയ ദുരന്തത്തോടൊപ്പം അടുത്ത തലമുറയ്ക്കായി രേഖപ്പെടുത്തി വയ്ക്കണം.

സമ്മര്‍ദ്ദത്തിന് വഴങ്ങാതെ
ഹൈക്കോടതി

പാവം കന്യാസ്ത്രീകളെ കുറവിലങ്ങാട്ടു നിന്ന് സമരപ്പന്തലിലെത്തിച്ചു പ്ലക്കാര്‍ഡുകളും കയ്യില്‍കൊടുത്ത് സമരത്തിനിരുത്തിയപ്പോള്‍ സമരക്കാര്‍ അവരോട് പറഞ്ഞിരുന്നു, രണ്ടു ദിവസത്തിനകം ബിഷപ്പിനെ അറസ്റ്റ് ചെയ്യിച്ചു തരാം. പാവങ്ങള്‍ അതുകേട്ടാണ് ദിവസവും രാവിലെ എറണാകുളത്തേക്ക് വിയര്‍ത്തൊലിച്ചു വന്നത്. സമരത്തിന് എരിവു പകരാന്‍ ഹൈക്കോടതിക്കു തൊട്ടടുത്തായിരുന്നു സമരത്താവളം. ഇതു കണ്ടു ഹൈക്കോടതിയിലെ ജഡ്ജിമാര്‍ വിറയ്ക്കുമെന്നും അറസ്റ്റ് ഇപ്പൊ ശര്യാക്കിതരാമെന്നും പറഞ്ഞ് കന്യാസ്ത്രീകളെ സമരക്കാര്‍ വെയിലത്തിരുത്തി.
പക്ഷേ, സമരം തുടങ്ങി മൂന്നുനാലു ദിവസം കഴിഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഉത്തരവ് സമരക്കാരുടെ അടപ്പ് തെറിപ്പിച്ചു. സമരപ്പന്തല്‍ കുലുങ്ങി വിറച്ചു.
അന്ന് കോടതി ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുമെന്നു കരുതി പടക്കവും ലഡുവും കരുതിവച്ചതൊക്കെ വെറുതെയായി. കോടതി പറഞ്ഞു; ‘കേസന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയുണ്ട്; മൊഴികളിലെ വൈരുധ്യങ്ങള്‍ കണ്ടെത്തിയ ശേഷം പൊലിസ് നടപടി സ്വീകരിക്കും. ഇപ്പോള്‍ കോടതി ഇടപെടേണ്ടതില്ല. സിബിഐ അന്വേഷണവും വേണ്ട. പൊലിസ് ശരിയായ ദിശയിലാണ് നീങ്ങുന്നത്…. ഹര്‍ജിക്കാര്‍ക്ക് കുറ്റാരോപിതന്റെ അറസ്റ്റാണോ ഇപ്പോള്‍ വേണ്ടത്?…
എറണാകുളത്ത് വന്നിരുന്ന് സമരം ചെയ്ത് വെയിലുകൊണ്ടതു വെറുതെയായെന്നു മാത്രം. എങ്കിലും വിട്ടുകൊടുക്കാമോ? അറസ്റ്റ്‌വരെ ഞങ്ങള്‍ സമരം ചെയ്യും. സംഘാടകരും മാതൃഭൂമിയും മനോരമയും പറഞ്ഞുകൊടുത്തത് ആവര്‍ത്തിച്ചു കന്യാസ്ത്രീകള്‍ വീണ്ടും പ്ലക്കാര്‍ഡേന്തി. എന്താണ് ഇതിന്റെയര്‍ഥം? പൊലിസിന്റെ മേലും കോടതിമേലും നിയമവിരുദ്ധമായ സമ്മര്‍ദ്ദം ചെലുത്താനുള്ള സംഘാടകരുടെ ഗൂഢ പദ്ധതി പൊളിഞ്ഞതുതന്നെ. അന്വേഷണവും കോടതി നടപടികളും മുറപോലെ മുന്നേറും. രണ്ടു മാസത്തോളമായി രൂപപ്പെടുത്തിയെടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് പൊലിസ് മുന്‍കൂട്ടി നിശ്ചയിച്ച സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതും അറസ്റ്റ് നടപ്പാക്കിയതും. അല്ലാതെ കന്യാസ്ത്രീകളെ നോക്കുകുത്തികളാക്കി സമരാഭാസം നടത്തിയതുകൊണ്ടല്ല എന്ന് സര്‍വമാന പേര്‍ക്കും പകല്‍പോലെ വ്യക്തം.
വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് പറയുന്നതുപോലെ, അറസ്റ്റിന്റെ ക്രെഡിറ്റ് സംഘാടകര്‍ക്കുവേണമെങ്കില്‍, ഇങ്ങനെ അവകാശപ്പെടാം. നാട്ടിലുള്ള അവിഹിത ഗര്‍ഭങ്ങളുടെ ഉത്തരവാദി ആരെന്നു ചോദിച്ചാല്‍, മമ്മൂഞ്ഞ് പറയുമായിരുന്നുവത്രെ: ‘അതു ഞമ്മളാണ്, പഹയാ!’ എന്ന്.

ഈനാംപേച്ചികളും
മരപ്പട്ടികളും

രണ്ടും ആജന്മശത്രുക്കളാണ്; രണ്ടും പരസ്പരം കണ്ടാല്‍ ചീറിയടുക്കും. കീരിയും പാമ്പും പോലെതന്നെ. എന്നാല്‍ ‘പൊതു ശത്രു’വിനെ ആക്രമിക്കേണ്ടി വരുമ്പോള്‍ ഈ പ്രകൃതി നിയമമൊക്കെ മാറി നില്‍ക്കാറുണ്ടത്രെ.
കര്‍ത്താവിന്റെ മണവാട്ടികള്‍ പത്തു ദിവസത്തോളം പത്രക്കാരുടെ അനുഗ്രഹാശിര്‍വാദത്തോടെ നടത്തിയ തെരുവ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അവിടെ വന്നവരുടെയും പ്രസ്താവനയിറക്കിയവരുടെയും ലിസ്റ്റ് കണ്ടാല്‍ ഞെട്ടും. രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളായവര്‍ മുതല്‍ പൊലിസ് സ്റ്റേഷന്‍ ആക്രമണത്തിലുള്‍പ്പെടെ പ്രതികളായിരുന്ന മുന്‍ നക്‌സലെറ്റുകള്‍വരെ സഭയെ തെറിയഭിഷേകം നടത്താന്‍ പന്തലിലെത്തി. നടത്താന്‍ പറ്റാത്തവര്‍ പ്രസ്താവന ഇറക്കി. ഭരണപരിഷ്‌ക്കാര കമ്മിഷന്റെ സര്‍വാധികാരിയായി ഓരോ വര്‍ഷവും ലക്ഷങ്ങള്‍ പൊതു ഖജനാവില്‍ നിന്നു ശമ്പളം പറ്റുന്ന വന്ദ്യവയോധികനായ അച്ചുതാനന്ദന്‍ സഖാവ്, മുന്‍നക്‌സലെറ്റുകളായ അജിത, ഫിലിപ് എം. പ്രസാദ്, ഇന്നലെ വരെ നീതിന്യായങ്ങളുടെ കാവല്‍ക്കാരനായിരുന്ന കെമാല്‍ പാഷ, സിപിഎമ്മുകാര്‍, പണിയൊന്നുമില്ലാത്ത വി.എം സുധീരന്‍, പി.ടി തോമസ്, ബിജെപിക്കാരനായ സുരേഷ് ഗോപി, ആര്‍എസ്എസ്സുകാര്‍, ആംആദ്മിയില്‍ ചേക്കേറി മടങ്ങിവന്ന സ്ത്രീപക്ഷവാദി സാറാ ജോസഫ് തുടങ്ങിയവരുടെ ഒരു പട.
ഇവരെല്ലാവരും സമരക്കാര്‍ പറഞ്ഞതുതന്നെയാണ് പല്ലവിപോലെ പാടിയത്.
സഭയും സര്‍ക്കാരും തമ്മില്‍ ഗൂഢാലോചന, ബിഷപ്പും പൊലിസും തമ്മില്‍ ഗൂഢാലോചന, മെത്രാന്മാര്‍ തുലയട്ടെ, സന്യാസ ജീവിതം തുലയട്ടെ, പൗരോഹിത്യം തുലയട്ടെ, സന്യാസ ഭവനങ്ങളില്‍ മുഴുവന്‍ കന്യാസ്ത്രീകളും പീഡിപ്പിക്കപ്പെടുന്നു…. തുടങ്ങിയ വായ്ത്താരികള്‍. ഇതൊക്കെ കേട്ട് സമരപ്പന്തലിലെത്തിയവരെല്ലാം പത്രക്കാരോടൊപ്പം കോള്‍മയിര്‍കൊണ്ടുവെന്നാണ് റിപ്പോര്‍ട്ട്.
അതിഥികളായിവന്ന മറ്റു ചിലര്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എറണാകുളത്തെ ചില വൈദികര്‍, ചില കന്യാസ്ത്രീകള്‍, സന്യാസജീവിതത്തില്‍ നിന്നു പുറത്താക്കപ്പെട്ട ചില പുകഞ്ഞകൊള്ളികള്‍, നാലു പതിറ്റാണ്ട് സന്യാസജീവിതം നയിച്ച ശേഷം സഭയില്‍ നിന്ന് കിട്ടാവുന്നതൊക്കെ കിട്ടിയശേഷം സര്‍വതും തുറന്നു കാട്ടി സഭയെ തേജോവധം ചെയ്ത് ‘ആമേന്‍’ പറഞ്ഞു പടിയിറങ്ങിയ തൃശൂരിലെ ഒരു മഹതി, ചാനലുകളിലെ ക്രൈസ്തവ വിരുദ്ധ ചര്‍ച്ചകളില്‍ സ്ഥിരം വിദൂഷകനായ പോള്‍ തേലക്കാട്ട് എന്ന പുരോഹിതന്‍… അങ്ങനെ കുറേപ്പേര്‍.
സഭയെയും സഭാ നേതൃത്വങ്ങളെയും ധിക്കരിക്കുകയും അവമതിക്കുകയും പൊതുസമൂഹത്തില്‍ സ്വന്തം നിലപാടുകളെ സഭാനിലപാടുകളായി അവതരിപ്പിച്ചു ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന തേലക്കാട്ട്, സമരക്കാര്‍ക്ക് വീര്യം പകരുന്ന നാടന്‍ മദ്യത്തിന്റെ പങ്കാണ് സ്തുത്യര്‍ഹമായി നിര്‍വഹിച്ചത്.
അങ്ങനെ ചിന്തിച്ചു വരുമ്പോള്‍ കന്യാസ്ത്രീകളുടെ തെരുവു സമരം മറ്റൊന്നും നേടിയില്ലങ്കിലും, സഭാ വിരോധികള്‍ ആരൊക്കെയെന്ന് പൊതു സമൂഹത്തിന് വ്യക്തമാക്കി കൊടുത്തുവെന്ന സത്യത്തിലാണ് നാം ചെന്നെത്തുക.
അല്ലെങ്കില്‍ ഓര്‍ത്തുനോക്കൂ, അച്ചു സഖാവും സുധീരനും ശ്രീധരന്‍ പിള്ളയും പോലെയുള്ള ആജന്മ വൈരികള്‍ ഒരേ സ്വരത്തില്‍ വേറെ ഏതെങ്കിലും വേദിയില്‍ ഇതുപോലെ ഒന്നിക്കുമോ? ഇതു സാധിച്ചു കൊടുത്ത കന്യാസ്ത്രി സമരത്തിന് നിത്യ സ്തുതി!

കെ.ആര്‍. ചുമ്മാറും
കൂട്ട ബലാല്‍സംഗവും
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു പിന്നീട് മലയാള മനോരമയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച തൃശൂര്‍ക്കാരനായ കെ.ആര്‍ ചുമ്മാറെന്നെ പ്രഗത്ഭനായ പത്രപ്രവര്‍ത്തകന്‍ അന്തരിക്കുന്നതിനു മുമ്പ് ഒരിക്കല്‍ പറഞ്ഞു : ‘പത്രങ്ങള്‍ക്ക് ഒരു വാര്‍ത്ത കിട്ടിയാല്‍, തുടര്‍ന്നൊരു കൂട്ടബലാല്‍സംഗമാണ്. ദിവസവും ആഴ്ചകളും അതു തുടരും. ഇതു നന്നല്ല’.
ആരെ ഉദ്ദേശിച്ചാണാവോ, ബഹുമാന്യനായ കെ.ആര്‍. ചുമ്മാര്‍ ഇങ്ങനെ പറഞ്ഞതെന്നറിയില്ല! എന്നാല്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇപ്പോള്‍ സുപ്രീംകോടതി നിരപരാധിയെന്ന് അന്തിമമായി കണ്ടെത്തിയ നമ്പി നാരായണനെ 1994 നവംബര്‍ മുതല്‍ വേട്ടയാടി അദ്ദേഹത്തെയും മാലെ ദ്വീപിലെ രണ്ടു സ്ത്രീകളെയും ഉള്‍പ്പെടുത്തി പരമ്പരകളും ഉപകഥകളും അവാന്തരകഥകളും കെട്ടിച്ചമച്ചു പത്രപ്രചാരം വര്‍ധിപ്പിച്ച തന്റെ പത്രമുള്‍പ്പെടെയുള്ള കേരളത്തിലെ ഒരു വിഭാഗം പത്രക്കാരെ ഉദ്ദേശിച്ചായിരിക്കണം കെ.ആര്‍. ചുമ്മാര്‍ അങ്ങനെ പറഞ്ഞത്.
നിരപരാധികളെ കുറ്റവാളികളാക്കി ആള്‍ക്കൂട്ട വിചാരണനടത്തി വിധി തീര്‍പ്പ് കല്‍പ്പിച്ച് പൊലിസിനെയും കോടതികളെയും കാര്‍ക്കിച്ചു തുപ്പുന്ന മാധ്യമ തീവ്രവാദത്തിനും കയ്യൂക്കിനും എതിരായിരുന്നു ആദരണീയനായ കെ.ആര്‍. ചുമ്മാര്‍ എക്കാലത്തും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>