ഇതാണോ നീതിപൂര്‍വമായ മാധ്യമ പ്രവര്‍ത്തനം?

By on October 4, 2018
media

 

ഒരു ഭാഗത്ത് കുറ്റാരോപിതനെ ‘പ്രതി’യാക്കി മാധ്യമ വിചാരണ; മറുഭാഗത്ത് ആ വ്യക്തിക്കും അദ്ദേഹത്തിന്റെ സഭാ നേതൃത്വത്തിനും പറയാനുള്ളത് പ്രസിദ്ധീകരിക്കാതിരിക്കുക, തമസ്‌ക്കരിക്കുക, ഒതുക്കുക, വായനക്കാരില്‍ നിന്നു മറച്ചുവയ്ക്കുക, വളച്ചൊടിച്ചു സ്വന്തം കമന്റ് ചേര്‍ത്ത് തലവാചകങ്ങള്‍ സൃഷ്ടിക്കുക. ഉദാഹരണങ്ങള്‍ ഒട്ടേറെയുണ്ട്. അതിലൊന്ന് ഇതാ:

കേരള മെത്രാന്‍
സമിതിയുടെ
പത്രക്കുറിപ്പ്
(സെപ്റ്റംബര്‍ 12)
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ സംഭവത്തില്‍ കേരള മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം ആദ്യം തന്നെ പ്രസ്താവനയിറക്കിയിരുന്നു. അതില്‍ അദ്ദേഹം പറഞ്ഞിരുന്നു: ‘കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ സ്വാഗതം ചെയ്യുന്നു. നിഷ്പക്ഷമായ അന്വേഷണത്തില്‍ കുറ്റവാളിയെന്നു കാണുന്നവരെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ശിക്ഷിക്കുന്നതില്‍ കത്തോലിക്കാസഭ ഒരു വിധത്തിലും തടസ്സം നില്‍ക്കില്ല’. ആരോപണം വളരെ ഗുരുതരമാണെന്നും ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നതു തന്നെയാണ് സഭയുടെ നിലപാട് – സെപ്റ്റംബര്‍ 12 ന് കെസിബിസി ഒരിക്കല്‍കൂടി വിശദീകരണക്കുറിപ്പില്‍ പ്രഖ്യാപിച്ചു.
ആരോപണ വിഷയമായ സംഭവത്തില്‍ സഭ ആരെയും വിധിക്കുന്നില്ല; ആരെയും നീതീകരിക്കുന്നുമില്ല. ക്രിമിനല്‍കേസിന്റെ അന്വേഷണം പൊലിസാണ് നടത്തേണ്ടത്. അവരതു നിയമാനുസൃതം പൂര്‍ത്തിയാക്കട്ടെ. ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചാല്‍ നിയമാനുസൃതം വിചാരണ നടത്തി കുറ്റവാളിയെ – അതാരായാലും – ശിക്ഷിക്കട്ടെ. അതിനെയാണല്ലോ നിയമവാഴ്ചയെന്നു പറയുന്നത്.
അതിനനുവദിക്കാതെ മാധ്യമങ്ങള്‍ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാര്‍മികവും അനധികൃതവുമാണ്… ലൈംഗിക പീഡനത്തിന്റെ മറവില്‍ കത്തോലിക്കാ സഭയേയും ബിഷപുമാരേയും അടച്ചാക്ഷേപിക്കുന്നതിനു സ്ഥാപിതതാല്‍പര്യക്കാരും ചില മാധ്യമങ്ങളും അഞ്ചു കന്യാസ്ത്രീകളെ മുന്‍ നിര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികള്‍ അംഗീകരിക്കാന്‍ കഴിയില്ല… നിയമാനുസൃതമായ അന്വേഷണങ്ങളുമായി സഭ സഹകരിക്കുമ്പോള്‍ തന്നെ കത്തോലിക്കാ സഭയേയും സന്യാസ ജീവിതത്തേയും അവഹേളിക്കാന്‍ സന്യാസിനികള്‍ വഴിവക്കില്‍ പ്ലക്കാര്‍ഡ് പിടിച്ചു മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് അംഗീകരിക്കുന്നില്ല…
മാതൃഭൂമി, മനോരമ
കേരള മെത്രാന്‍ സമിതിയുടെ സുവ്യക്തമായ നിലപാടും മാധ്യമങ്ങളുടെ സമാന്തര വിചാരണയും എടുത്തുകാട്ടിക്കൊണ്ടുള്ള വിശദീകരണം മാതൃഭൂമിയും മനോരമയും പ്രസിദ്ധീകരിച്ചത് നീചവും നികൃഷ്ടവും അനീതിപൂര്‍വവുമായ രീതിയിലാണ്.
മാതൃഭൂമി ഒന്നാം പേജില്‍ ഒന്നരക്കോളം തലക്കെട്ടോടെ അത് രണ്ടിഞ്ചു നീളത്തിലുള്ള വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. അതിന്റെ തലവാചകം ഇങ്ങനെയായിരുന്നു: ‘സമരം അംഗീകരിക്കുന്നില്ല’. അതേസമയം ആറുകോളം വലിപ്പത്തില്‍ ‘ബിഷപ് 19 ന് ഹാജരാകണം’. എന്ന വാര്‍ത്ത. കെസിബിസിയുടെ പ്രസ്താവനയിലെ സുപ്രധാനമായ കാര്യങ്ങളൊക്കെ മാതൃഭൂമി മുക്കി. അതിലൊന്നാണ്, സഭ ആരെയും സംരക്ഷിക്കുന്നില്ലെന്നത്. പകരം കൊടുത്തത്, സമരത്തെ അംഗീകരിക്കുന്നില്ലെന്ന്!
ഇതാണ് യഥാര്‍ഥ കപട മാധ്യമശൈലി. വസ്തുതയെ വധിച്ചു, വായനക്കാരെ വഞ്ചിച്ചുകൊണ്ടുള്ള മാതൃഭൂമി മോഡല്‍ പത്രപ്രവര്‍ത്തനം.
ഇനി മനോരമ : കെസിബിസിയുടെ വിശദീകരണം ഒന്നാം പേജില്‍ കൊടുത്തില്ല ഈ തിരുവിതാംകൂര്‍ പത്രം. പകരം അവസാന പേജില്‍ ആരും വായിക്കാത്തിടത്ത് ഇങ്ങനെ ഒരു രണ്ടുകോളം വാര്‍ത്ത. തലവാചകമാണ് മനോരമയുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നത്: ‘അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം : കെസിബിസി’. അന്വേഷണം വേഗത്തില്‍ തീര്‍ക്കാന്‍വേണ്ടിയാണല്ലോ, മെത്രാന്‍സമിതി കഷ്ടപ്പെട്ട് നീണ്ട പ്രസ്താവനയിറക്കിയത്. സഭ കേസില്‍ ഇടപെടുന്നില്ല, നിയമപരമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നില്ല. പൊലിസിനെയും കോടതിയേയും സമ്മര്‍ദ്ദത്തിലാക്കുന്ന മാധ്യമ വിചാരണയും തെരുവു സമരവും അധാര്‍മികവും അസ്വീകാര്യവുമാണ് എന്നു തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടിയത്. അതു പ്രസിദ്ധീകരിച്ചാല്‍ പലരുടേയും മുഖംമൂടി അഴിഞ്ഞു വീഴുമെന്നതുകൊണ്ടാകും മനോരമ ‘അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന’ വാചകം അടര്‍ത്തിയെടുത്ത് സാത്താന്‍ വേദം ഉദ്ധരിച്ചതുപോലെ കൊടുത്തത്. ഈ വാര്‍ത്തയ്ക്ക് തൊട്ടടുത്ത് ആറു കോളത്തില്‍ വമ്പന്‍ തലക്കെട്ടോടെയുള്ള വാര്‍ത്ത ശ്രദ്ധിക്കുക: ‘ബിഷപ്പിന്റെ അറസ്റ്റിനായുള്ള സമരം ശക്തമായി’ ‘ഞെട്ടിക്കുന്ന’ ഈ വാര്‍ത്തയോടൊപ്പം സിനിമാ നടി കന്യാസ്ത്രീകളെക്കണ്ട് പിന്തുണയറിയിക്കുന്ന രോമാഞ്ചമണിയിക്കുന്ന ചിത്രവും.
കെസിബിസിയുടെ വാര്‍ത്ത മുക്കിയ മനോരമ അന്നുതന്നെ ഒന്നാം പേജില്‍ സൂപ്പര്‍ ലീഡായി മൂന്നു നാലു കന്യാസ്ത്രീകളുടെ ക്ലോസപ്പ് ചിത്രവും അഞ്ചു കോളത്തില്‍ ‘ബിഷപ് ഫ്രാങ്കോ 19 ന് ഹാജരാകണം’ എന്ന വാര്‍ത്തയും ‘വീശിക്കൊടുത്തു’ സംതൃപ്തിയടഞ്ഞു. വാര്‍ത്തക്കിടയില്‍ മറ്റൊരു ‘കംഗാരു’ വാര്‍ത്തയും പടച്ചുവിട്ടു: ‘ബിഷപ് ഫ്രാങ്കോ മാറി നില്‍ക്കണം : കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്’ (ഈ വാര്‍ത്ത വ്യാജമാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമാക്കുകയും ചെയ്തു).
മാതൃഭൂമിയുടേയും മനോരമയുടേയും അവരുടെ ചാനലുകളുടേയും മാധ്യമ വിചാരണ തുടരുന്നതിനിടയില്‍ ജലന്തര്‍ രൂപത, ജലന്തര്‍ ബിഷപ്, പരാതിക്കാരി അംഗമായ മിഷനറീസ് ഓഫ് ജീസസ്’, അവരുടെ അന്വേഷണക്കമ്മിഷന്‍ എന്നിവരുടെ വിശദീകരണങ്ങളും പ്രസ്താവനകളും അന്വേഷണ റിപ്പോര്‍ട്ടുകളും പലപ്പോഴായി മാധ്യമങ്ങള്‍ക്ക് നല്‍കിയെങ്കിലും സംഘടിത മാധ്യമ മാഫിയ അവയെല്ലാം തമസ്‌കരിക്കുകയോ, അംഗഭംഗം വരുത്തി, അര്‍ഥവ്യത്യാസം വരുത്തി ഒതുക്കിയും വളച്ചൊടിച്ചുമാണ് പ്രസിദ്ധീകരിച്ചത്. പകരം, സഭയ്‌ക്കെതിരായ അശ്ലീല പരാമര്‍ശങ്ങളും വ്യാജപ്രചാരണങ്ങളും മുറ പോലെ നടത്തുകയും ചെയ്തു. സഭയ്‌ക്കെതിരെ വഴിയെപോകുന്ന ആരെങ്കിലും വിളിച്ചുപറയുന്ന അസഭ്യങ്ങളും അവഹേളനങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും കള്ളങ്ങളും മൂന്നു കോളത്തിലും നാലുകോളത്തിലും നിരത്തിവച്ച് ആഴ്ചകളോളം വാര്‍ത്തകളെ വ്യഭിചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>