• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ക്രൈസ്തവരെ അവഹേളിച്ച സര്‍ക്കാര്‍ മാസിക ‘വിജ്ഞാന കൈരളി’യുടെ എഡിറ്റര്‍ രാജി വയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം

By on November 1, 2018
Untitled-1

 

ഇടതു ബുദ്ധിജീവിയായ എം. എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ക്രൈസ്തവരെ അവഹേളിക്കാനും പൊതുസമൂഹത്തിനു മുന്നില്‍ താറടിച്ചുകാണിക്കാനും വേണ്ടി പാഠപുസ്തകങ്ങളും അധ്യാപക പരിശീലന കേന്ദ്രമായ ‘ഡയറ്റ്’ എന്ന സ്ഥാപനവും വഴി സംഘടിതമായ ശ്രമങ്ങളുണ്ടായത്.
അതിനു ശാസ്ത്ര സാഹിത്യ പരിഷത്തും പുരോഗമന കലാസാഹിത്യ സംഘമെന്ന പുകസയും ഇടതു അധ്യാപക സംഘടനകളും ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്തു. ക്രൈസ്തവ സമൂഹത്തിന്റെയും 25,000 ത്തിലേറെ അംഗസംഖ്യയുള്ള ടീച്ചേഴ്‌സ് ഗില്‍ഡ് അധ്യാപക സംഘടനയുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം. എ. ബേബി ആസൂത്രണം ചെയ്ത പദ്ധതി അന്നു വിജയിച്ചില്ല.
ഇപ്പോഴിതാ മറ്റൊരു ഇടതു ബുദ്ധിജീവി ആ പഴയ ആയുധം തേച്ചുമിനുക്കി രംഗത്തിറങ്ങിയിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയുടെ എഡിറ്ററാണ് (ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ തന്നെയായ പ്രഫ. വി. കാര്‍ത്തികേയന്‍ നായരാണോ എഡിറ്റര്‍ എന്ന് വ്യക്തമല്ല) ക്രൈസ്തവ വിരുദ്ധതയുടെ തുരുമ്പിച്ച ആയുധവുമായി രംഗത്തുവന്നിരിക്കുന്നത്.
ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ വിശ്വാസികളുടെ പവിത്രമായ കൂദാശകളിലൊന്നായ കുമ്പസാരത്തെക്കുറിച്ചു വിജ്ഞാന കൈരളിയുടെ ഓഗസ്റ്റ് ലക്കത്തിലും വിശ്വാസത്തെയും പൗരോഹിത്യത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിച്ചുകൊണ്ട് ഒക്‌ടോബര്‍ ലക്കത്തിലും എഴുതിയിട്ടുള്ള മുഖ പ്രസംഗങ്ങളിലാണ് നീചമായ ക്രൈസ്തവ വിരുദ്ധത മുഖംമൂടി മാറ്റി പുറത്തുവരുന്നത്.
ആരാണ് ഇതെഴുതിയതെങ്കിലും ~ഒരു നിമിഷം പോലും ആ പ്രസിദ്ധീകരണത്തിന്റെ പത്രാധിപ സ്ഥാനത്തിരിക്കാന്‍ അയാള്‍ അര്‍ഹനല്ല. ഒന്നുകില്‍ അയാള്‍ രാജിവച്ചിറങ്ങണം അല്ലെങ്കില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനോ മുഖ്യമന്ത്രി പിണറായി വിജയനോ ഇടപെട്ട് അയാളെ പിടിച്ചുപുറത്താക്കണം.
‘ലജ്ജിക്കണം’ എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് ലക്കത്തില്‍ എഴുതിയിട്ടുള്ള മുഖപ്രസംഗത്തിലെ ചില വാചകങ്ങള്‍ നോക്കുക: ‘മറ്റൊരാളുടെ മുമ്പില്‍ താന്‍ ചെയ്ത പ്രവൃത്തി ഏറ്റുപറയുന്നതാണ് കുമ്പസാരം. ഇനിമുതല്‍ ഒരു സ്ത്രീയും, കാമുകിയായാലും കര്‍ത്താവിന്റെ മണവാട്ടി ആയാലും ആരുടെ മുമ്പിലും കുമ്പസാരിക്കരുത്. മരിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്നു പാട്ടുപാടിയാല്‍ പോരാ, കുമ്പസാരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ലെന്നു സ്ത്രീസമൂഹം ഒറ്റക്കെട്ടായി അലറിവിളിക്കണം.
സ്വര്‍ഗമെന്നതു വെറും ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്, ‘പൗരോഹിത്യവും സ്ത്രീ സ്വാതന്ത്ര്യവും’ എന്ന തലക്കെട്ടിലുള്ള ഒക്‌ടോബര്‍ ലക്കം മാസികയുടെ മുഖപ്രസംഗത്തില്‍ ക്രൈസ്തവരുടെ വിശ്വാസത്തിനും സമര്‍പ്പിത ജീവിതത്തിനും നേരെ വിഷം ചീറ്റുന്നുണ്ട്. ഇതര മതസ്ഥരുടെ വിശ്വാസ പാരമ്പര്യങ്ങള്‍ക്കും ശബരിമലയില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ആചാരത്തിനും എതിരെയും ഹാലിളകി ഉറഞ്ഞാടുന്നുണ്ട്.
സംസ്ഥാനത്തെ ആയിരത്തിലേറെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നാഷനല്‍ സര്‍വീസ് സ്‌കീം (ചടട) വിദ്യാര്‍ഥികളിലൂടെ വിതരണം ചെയ്യുന്നതാണ് ഈ മാസിക.
അതിന്റെ താളുകളിലൂടെ ക്രൈസ്തവ സമൂഹത്തെ താറടിച്ചു കാണിക്കാനും മതവിഭാഗങ്ങള്‍ക്കിടയില്‍ അവജ്ഞയും മതസ്പര്‍ധയും വളര്‍ത്താനും വഴി വയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് ഇതെഴുതിയ വ്യക്തിയേയും അതിന്റെ തലപ്പത്തിരിക്കുന്നവരേയും പ്രതിചേര്‍ത്ത് കേസ് കൊടുക്കേണ്ടതാണ്. വിശ്വാസത്തിന്റെ പേരില്‍ മതവിഭാഗങ്ങളെ അവഹേളിച്ചതും കൂടി ചേര്‍ത്താല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷത്തെ തടവും കനത്ത പിഴയും ചുമത്തി ഇവരെ അഴിക്കകത്താക്കാവുന്നതാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
സര്‍ക്കാര്‍ സ്ഥാപനമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. അതിന്റെ കീഴിലുള്ള മാസികയിലാണ് ക്രൈസ്തവരെ മാത്രമല്ല, മറ്റു മതവിഭാഗങ്ങളെയും ആക്ഷേപിച്ചുകൊണ്ടുള്ള വിഷലിബ്ധമായ അഴുക്കു വരികള്‍. പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും അതിലെ ജീവനക്കാരും ശമ്പളം വാങ്ങുന്നത്.
വിജ്ഞാനകൈരളിയിലൂടെ അജ്ഞാനവും നാസ്തികതയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഖജനാവില്‍ നിന്നാണ് ശമ്പളം പറ്റുന്നത്. എന്നിട്ടും ജനങ്ങളുടെമേല്‍ തങ്ങളുടെ വികല ചിന്തകളും ഗൂഢചിന്തകളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് അരങ്ങേറുന്നത്.
കുമ്പസാരമെന്ന പവിത്രമായ ആത്മീയാനുഷ്ഠാനത്തെപ്പറ്റി എഴുതാന്‍ കാര്‍ത്തികേയന്‍ നായര്‍ക്കോ അദ്ദേഹത്തിന്റെ കീഴിലുള്ള പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനോ എന്ത് അറിവുണ്ട്? എവിടെയോ കേട്ടറിഞ്ഞ വിവരദോഷങ്ങള്‍ സ്വാംശീകരിച്ചു വിവരക്കേടുകള്‍ എഴുന്നള്ളിക്കുന്നതിലെ ധാര്‍ഷ്ട്യത്തെ എന്തു പേരു വിളിക്കണം? വിജ്ഞാനകൈരളി അജ്ഞാനകൈരളിയാക്കി തകര്‍ക്കാനുള്ള ശ്രമങ്ങളെ പൊതുജനവും അധ്യാപക സമൂഹവും ചെറുത്തു തോല്‍പിക്കുക തന്നെ വേണം.
കുറച്ചുമുമ്പ് ഇതുപോലെയൊരു അതിസാഹസികതയാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കാണിച്ചത്. വിവരക്കേടിന്റെ ഇന്ദ്രപ്രസ്ഥത്തിലിരുന്നു അവര്‍ കല്‍പ്പിച്ചത്, ക്രൈസ്തവരുടെ കുമ്പസാരം നിരോധിക്കണമെന്നായിരുന്നു. കേരളത്തിലെ ഏതോ കുബുദ്ധികളും കത്തോലിക്കാ സഭാവിരുദ്ധരും പറഞ്ഞതു കേട്ടാണ് സര്‍ക്കാര്‍ ശമ്പളക്കാരിയായ രേഖാ ശര്‍മ വിവരക്കേട് എഴുന്നള്ളിച്ചത്. കുമ്പസാരത്തെപ്പറ്റിയോ ക്രൈസ്തവ വിശ്വാസത്തെപ്പറ്റിയോ ഒന്നുമറിയാത്ത ഹരിയാന മാഡം, എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ പതുക്കെ പിന്‍വലിയുകയായിരുന്നു.
ഏതായാലും, വിജ്ഞാന കൈരളിയുടെ എഡിറ്റര്‍ രാജിവച്ചൊഴിയുക, അല്ലെങ്കില്‍ അയാളെ പുറത്താക്കുക എന്നതില്‍ കുറഞ്ഞതൊന്നും കക്ഷി ചെയ്ത സാമൂഹിക ദ്രോഹത്തിനും വിദ്യാര്‍ഥികളെ ആ ലേഖനത്തിലൂടെ വഴി തെറ്റിദ്ധരിപ്പിച്ചതിനും പരിഹാരമാവില്ല.
നിയമസഭാ തിരഞ്ഞെടുപ്പ്
2019 ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനലാ’യി വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തീസ്ഗഡ് കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറം, തെലങ്കാന രാഷ്ട്രീയ സമിതി ഭരിക്കുന്ന തെലങ്കാന എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്.
നവംബര്‍ 12 മുതല്‍ ഡിസംബര്‍ 7 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ വോട്ടിംഗ്. ഫലപ്രഖ്യാപനം ഡിസംബര്‍ 11 ന് ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷതയുടെ ഭാവി കുറിക്കുന്ന തിരഞ്ഞെടുപ്പ് ക്രൈസ്തവരുള്‍പ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് അതിനിര്‍ണായകമാണ്.

സാമാന്യവല്‍ക്കരണം എന്ന ശാപം
ഏതാനും വര്‍ഷം മുമ്പ് തൃശൂരിലെ സ്ത്രീ പക്ഷവാദിയായ സാറാ ജോസഫ് എന്ന എഴുത്തുകാരി കേരളത്തിലെ ഒരു വാരികയില്‍ ഒരു ലേഖനമെഴുതി. അതിന്റെ രത്‌നചുരുക്കം ഇതായിരുന്നു: കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കും മറ്റു ധാര്‍മിക അധഃപതനങ്ങള്‍ക്കും മുഖ്യ ഉത്തരവാദി കത്തോലിക്കാസഭയാണ്. സഭയുടെ കര്‍ശനമായ ധാര്‍മിക നിഷ്ഠകളാണ് കേരളത്തില്‍ കടുത്ത ധാര്‍മിക അച്ചടക്കത്തിനും നിയന്ത്രണങ്ങള്‍ക്കും കാരണം. ഇതുകൊണ്ടാണ് അവയോടുള്ള പ്രതിഷേധമെന്ന നിലയില്‍ സ്ത്രീപീഡനങ്ങളും മറ്റും വര്‍ധിക്കുന്നത്.’
ഈ നിലപാടിനെ ഖണ്ഡിച്ചുകൊണ്ട് തൃശൂര്‍ അതിരൂപത പ്രസിദ്ധീകരണമായ ‘കത്തോലിക്കാസഭ’യില്‍ ലേഖനം പ്രസിദ്ധീകരിച്ചു. കത്തോലിക്കാസമൂഹം ധാര്‍മിക സംസ്‌ക്കാരത്തിനുവേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെന്നും അധഃപതനത്തിനു ചൂട്ടുപിടിച്ചത് ഇവിടത്തെ പുരോഗമനവാദികളായ പെണ്ണെഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും സിനിമാക്കാരും ലൈംഗിക അരാജക വാദികളുമാണെന്ന് തെളിവുകള്‍ സഹിതം ആ ലേഖനം സമര്‍ഥിച്ചു.
പക്ഷേ ‘വിശുദ്ധ പശുക്കളെ’ തൊടാന്‍ പാടില്ലല്ലോ. കേരളത്തിലെ ഉന്നതരായ എഴുത്തുകാരെയും സാംസ്‌ക്കാരിക നായകരെയും അവഹേളിച്ചുവെന്ന ‘മഹാപാതക’ത്തിന്റെ പേരില്‍ മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളും ചില വാരികകളും ചാടിവീണു. ഒന്നാം പേജില്‍ മുഖപ്രസംഗമെഴുതി. പക്ഷേ അല്‍പ്പം പോലും പിന്നോട്ടുപോകാതെ, അതിരൂപത പ്രസിദ്ധീകരണം നിലപാടിലുറച്ചുനിന്നു.
അന്നത്തെ ആ ലേഖനം പറഞ്ഞത് ഇപ്പോള്‍ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ അന്വര്‍ഥമായിക്കൊണ്ടിരിക്കുകയാണ്.
ഒരു മെത്രാന്റെ പേരില്‍ ലൈംഗികാരോപണമുയര്‍ന്നപ്പോള്‍ കത്തോലിക്കാസഭയിലെ മുഴുവന്‍ മെത്രാന്മാരും വൈദികരും സന്യസ്തരും ദുര്‍നടപ്പുകാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൂന്നുമാസത്തോളം ഉറക്കമിളച്ചവര്‍ക്ക്, പെട്ടെന്ന് സ്വന്തം കാലിനടിയിലെ മണ്ണ് ഇളകിപ്പോകുന്നത് കാണേണ്ടി വന്നു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം ‘മീ ടൂ’ പ്രചാരണത്തിനിടയില്‍ ലൈംഗികാരോപണത്തിന്റെ പേരില്‍ പൊതുജന മധ്യത്തില്‍ തലകുനിച്ചു രാജിവയ്‌ക്കേണ്ടി വന്ന പത്രപ്രവര്‍ത്തകര്‍, സിനിമാക്കാര്‍, എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടെ എണ്ണം കുറച്ചൊന്നുമല്ല. പ്രമുഖ പത്രപ്രവര്‍ത്തകനായി പിന്നീട് ബിജെപി മന്ത്രിയായ എം.ജെ. അക്ബറും ഹിന്ദു പത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായരും ഗൗതം അധികാരി, മായാങ്ക് ജയിന്‍ തുടങ്ങി ഒട്ടേറെ പത്രപ്രവര്‍ത്തകരും നാനാ പടേക്കര്‍ കേരളത്തിലെ മുകേഷ്, അലന്‍സിയര്‍ തുടങ്ങിയ നടന്മാരും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവും മറ്റു ചില സംഗീത, സിനിമാ സംവിധായകരും…. തുടങ്ങി സ്ത്രീപീഡന ആരോപണത്തിനു വിധേയരായവര്‍ ഏറെയുണ്ട്. ഒന്നര വര്‍ഷത്തോളമായി ദിലീപ് എന്ന നടന്‍ ആ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു; കക്ഷിയെ സംരക്ഷിക്കാനും ശിക്ഷിക്കാനും വേണ്ടി നടീനടന്മാരുടെ സംഘടനയില്‍ നടക്കുന്ന പോരാട്ടവും അവസാനിച്ചിട്ടില്ല.
എന്നാല്‍ ആരോപണ വിധേയരായവരെ മറയാക്കി ആ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും അത്തരക്കാരാണെന്ന് ആരും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം. അത്തരം നിഗമനങ്ങളിലെത്തുന്നത് അശാസ്ത്രീയം മാത്രമല്ല, അധാര്‍മികവുമാണെന്ന തിരിച്ചറിവാണ് സംസ്‌ക്കാര സമ്പന്നരായ ജനങ്ങളെ നയിക്കുക.
ഈ മാനദണ്ഡം ബിഷപ് ഫ്രാങ്കോയുടെ കാര്യത്തിലുണ്ടായില്ല എന്നതാണ് പുതിയ കാലത്തെ മാധ്യമ സംസ്‌ക്കാരത്തിന്റെ രോഗാവസ്ഥയുടെ ലക്ഷണം.
സാമൂഹിക ദ്രോഹികളെയും സഭാവിരുദ്ധരെയും ചാവേറുകളാക്കി കത്തോലിക്കാ സമൂഹത്തിനെതിരെ നടത്തിയ അങ്കം വെട്ടല്‍ ശരിയായിരുന്നോയെന്ന് ഇനിയെങ്കിലും മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>