• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

By on November 1, 2018
6

ഗര്‍ഭഛിദ്രം അനുവദനീയമായ രാജ്യത്ത് അതൊരു പാപമല്ലാതായി മാറുന്നില്ല. കാരണം, പാപപുണ്യങ്ങളുടെ മാനദണ്ഡം സര്‍ക്കാരുകളല്ല നിര്‍ണയിക്കുന്നത്; അത് ദൈവിക നിയമങ്ങള്‍ നിര്‍ണയിക്കേണ്ട വിഷയമാണ്.

അടുത്ത കാലത്ത് സുപ്രീം കോടതി വിവാഹേതര ലൈംഗികബന്ധങ്ങള്‍ കുറ്റമല്ലാതാക്കി വിധി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പിന്റെ 158 കൊല്ലം പഴക്കമുള്ള ഒരു ഭാഗമാണ് നീക്കിക്കളഞ്ഞത്. സ്വന്തം ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പുരുഷനെതിരെ ഭര്‍ത്താവിന് നിയമ നടപടി ആവശ്യപ്പെടാം എന്ന വകുപ്പാണ് ഇതോടെ ഇല്ലാതായത്. പല തരത്തിലുള്ള പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ പുറത്തു വന്നു. ജനങ്ങളെ സംബന്ധിച്ച് ഉടനടിയുള്ള വലിയ പ്രസക്തി ഈ വിധിന്യായങ്ങള്‍ക്കുണ്ടെന്ന് പറയാനാവില്ല. അതായത്, കോടതിവിധി അനുകൂലമായി വന്നു; ഇനിയിപ്പോള്‍ വിവാഹേതര ബന്ധം (വ്യഭിചാരം) ധൈര്യമായി തുടങ്ങാം, അല്ലെങ്കില്‍ തുടരാം എന്നു കരുതുന്നവര്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
പക്ഷേ, ഈ വിധികള്‍ ഉന്നയിക്കുന്ന കുറച്ചുകൂടി അടിസ്ഥാനപരമായ വിഷയങ്ങളുണ്ട്. അതിലൊന്ന്, നിയമവും ധാര്‍മികതയും തമ്മിലെന്ത് അല്ലെങ്കില്‍, പാപവും കുറ്റവും തമ്മിലെന്തു ബന്ധം എന്ന ചോദ്യമാണ്. ഈ വിഷയത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണകള്‍ ആവശ്യമുണ്ട്.
എല്ലാ നിയമങ്ങളും ഏതെങ്കിലും ഒരു മൂല്യം പൊതിഞ്ഞുപിടിക്കാനുള്ള സാമൂഹികവും രാഷ്ട്രീയവുമായ മുള്ളുവേലിയാണ്. ഒട്ടുമിക്ക നിയമങ്ങളുടെയും ഉള്ളടക്കം ധാര്‍മികമൂല്യങ്ങളാണ്. ഉദാഹരണത്തിന്, സ്വകാര്യ സ്വത്തവകാശം എന്ന മൂല്യം സംരക്ഷിക്കാനാണ് നിയമം മോഷണത്തെ കുറ്റകൃത്യമായി കണക്കാക്കുന്നത്. മനുഷ്യജീവന്‍ എന്ന മൂല്യസംരക്ഷണത്തിനാണ് കൊലപാതകം നിയമപരമായി കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നത്. പൊതുനന്മ പൊതുചെലവില്‍ ഉറപ്പാക്കുക എന്ന മൂല്യം സംരക്ഷിക്കാനാണ് നികുതിവെട്ടിപ്പ് കുറ്റകൃത്യമാക്കിയിരിക്കു
ന്നത്.
ഇങ്ങനെ ഏതു രാഷ്ട്രനിയമം എടുത്തുനോക്കിയാലും അത് ഏതെങ്കിലും ഒരു മൂല്യം സംരക്ഷിക്കുന്നതു കാണാം. ചുരുക്കം ചില നിയമങ്ങള്‍ പരോക്ഷമായി മാത്രം മൂല്യങ്ങള്‍ സംരക്ഷിക്കുന്നവയാണ്. ഉദാഹരണത്തിന്, ട്രാഫിക് നിയമങ്ങള്‍. ചില രാജ്യങ്ങളില്‍ നിയമ പ്രകാരം റോഡിന്റെ ഇടതുവശത്തുകൂടെയാണ് വാഹനം ഓടിക്കേണ്ടത്; മറ്റു രാജ്യങ്ങളില്‍ അത് വലതുവശത്തുകൂടെയാണ്. ചില തൊഴില്‍ മേഖലകളില്‍ യൂണിഫോം നിര്‍ബന്ധമാണെന്ന നിയമമുണ്ട്. വസ്ത്രത്തിന്റെ നിറവും രൂപവും മാറും. പക്ഷേ, ഇത്തരം നിയമങ്ങള്‍വഴി (അവയുടെ ഉള്ളടക്കമല്ല വിഷയം) ചില മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നുണ്ട്.
നിയമം ലംഘിച്ചാല്‍ അത് കുറ്റമായി ഗണിക്കപ്പെടും; രാഷ്ട്ര നിയമം, കമ്പനി നിയമം, സംഘടനാ നിയമം എന്തുമാകട്ടെ, നിയമ ലംഘനങ്ങള്‍ അതതു മേഖലകളില്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടും. പ്രസ്ഥാനത്തിന്റെ നിയമമനുസരിച്ച് നിയമ ലംഘകര്‍ക്ക് ശിക്ഷയും ഉണ്ടാകും.
എന്നാല്‍ പാപം എന്ന യാഥാര്‍ഥ്യം വ്യത്യസ്തമാണ്. ദൈവവുമായുള്ള ഒരുവന്റെ ബന്ധം തകര്‍ക്കുകയോ ഉലയ്ക്കുകയോ ചെയ്യുന്ന എന്തു പ്രവൃത്തിയും പാപമാണ്. ഓരോ മേഖലയെക്കുറിച്ചുമുള്ള ദൈവത്തിന്റെ പദ്ധതിയും ഇച്ഛയും മനുഷ്യര്‍ ലംഘിക്കുമ്പോള്‍ അതു പാപകരമാകുന്നു. ഉദാഹരണത്തിന്, വ്യഭിചാരം ഇനിമേല്‍ ഒരു കുറ്റമല്ല എന്ന് കോടതി പറയുന്നതിന്റെ അര്‍ഥം ദാമ്പത്യവിശ്വസ്തത ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റമല്ല; അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിഷയമാണ് എന്നാണ്. അതായത്, ദാമ്പത്യ വിശ്വസ്തത നിയമപരമായി സംരക്ഷിക്കപ്പെടേണ്ട ഒരു മൂല്യമായി രാഷ്ട്രം കാണുന്നില്ല. എന്നാല്‍ വ്യഭിചാരം അരുതെന്ന് ദൈവം കല്‍പിച്ചിട്ടുള്ളതുകൊണ്ട്, അത് ചെയ്യുന്നയാള്‍ ദൈവഹിതം ലംഘിക്കുന്നു; അങ്ങനെ പാപം ചെയ്യുന്നു.
എല്ലാ ധാര്‍മിക മൂല്യങ്ങളും രാഷ്ട്രം നിയമംകൊണ്ട് പരിരക്ഷിക്കും എന്ന് വിചാരിക്കാനാവില്ല. ഇന്ത്യയില്‍ ചില സുപ്രധാന ധാര്‍മിക മൂല്യങ്ങള്‍ക്ക് നിയമപരിരക്ഷ നഷ്ടപ്പെടുന്നത് ഇത് ആദ്യമല്ല. 1971-ല്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കഴിഞ്ഞപ്പോള്‍ മനുഷ്യജീവന്‍ എന്ന മൂല്യം ഉത്ഭവത്തിന്റെ ആരംഭംമുതല്‍ പരിരക്ഷിക്കപ്പെടേണ്ടതാണെന്ന ധാരണ രാഷ്ട്രം പൊളിച്ചുകളഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം അനുവദനീയമായ രാജ്യത്ത് അതൊരു പാപമല്ലാതായി മാറുന്നില്ല. കാരണം, പാപപുണ്യങ്ങളുടെ മാനദണ്ഡം സര്‍ക്കാരുകളല്ല നിര്‍ണയിക്കുന്നത്; അത് ദൈവിക നിയമങ്ങള്‍ നിര്‍ണയിക്കേണ്ട വിഷയമാണ്. വിശ്വാസ പക്വതയുള്ള വ്യക്തികള്‍ക്ക് സാധാരണ ഗതിയില്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. അതായത്, നിയമമൊക്കെ മാറി; ഇനി വ്യഭിചാരം പാപമല്ല എന്നാരും ധരിച്ചുവശാകുകയില്ല. മതേതരവും വിശ്വാസ ബഹുസ്വരതയുമുള്ള രാജ്യത്ത് ഇനിയും ഇത്തരത്തിലുള്ള നിയമ നിര്‍മാണങ്ങളും കോടതിവിധികളും ഉണ്ടാകാം. എന്നാല്‍ അതു സഭക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നുണ്ട്. വിവാഹേതര ലൈംഗികബന്ധങ്ങള്‍, അല്ലെങ്കില്‍ വ്യഭിചാരം നിയമവിധേയമാക്കിയ വിധി സഭയെ രണ്ടു തലങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ബന്ധിക്കുന്നു.
ഒന്നാമതായി, വ്യഭിചാരം നിയമവിധേയമാക്കിയതോടെ വ്യക്തികള്‍ കൂട്ടത്തോടെ ആ പാപം ചെയ്യാനുള്ള സ്വാതന്ത്ര്യമെടുക്കും എന്നു കരുതാനാവില്ല. പക്ഷേ, നിയമം അനുവദിച്ചിട്ടുള്ള ഒരു കാര്യം ശരിയാണെന്ന പ്രതീതി സാവധാനം പൊതുസമൂഹത്തില്‍ ഉണ്ടാകും; പ്രത്യേകിച്ചും, വിശ്വാസവും ധാര്‍മികതയും ഗൗരവമായിട്ടെടുക്കാത്തവരുടെയിടയില്‍. അതിനാല്‍, സഭയുടെ ധര്‍മം വ്യഭിചാരം എന്ന പാപത്തെക്കുറിച്ച് പഠിപ്പിക്കുക എന്നതിനേക്കാള്‍ ദാമ്പത്യ വിശ്വസ്തത എന്ന മൂല്യത്തെക്കുറിച്ച് പഠിപ്പിക്കുക എന്നതാകണം. പാപത്തിന്റെ ശിക്ഷ ഭയന്ന് എന്നതിനേക്കാള്‍ കുടുംബ ബന്ധങ്ങളുടെ ഭദ്രതയും ദാമ്പത്യത്തിന്റെ പരിശുദ്ധിയും മുന്‍ നിര്‍ത്തി ഭാര്യാഭര്‍ത്താക്കന്മാര്‍ വ്യഭിചാരത്തില്‍നിന്ന് ഓടിയകലണം. മറ്റൊരാള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ഇടം കൊടുക്കാത്ത രീതിയിലുള്ള സ്‌നേഹത്തിന്റെ അടുപ്പം ദമ്പതികള്‍ക്കിടയില്‍ സൃഷ്ടിക്കല്‍ അത്ര എളുപ്പമല്ല. ഈ രംഗത്ത് ഭാവാത്മകമായി ഇടപെട്ട് പരസ്പരം വിശ്വസ്തരും സ്‌നേഹമുദ്രിതരുമായി ജീവിക്കാന്‍ സഭ ദമ്പതികളെ പ്രേരിപ്പിക്കണം; പഠിപ്പിക്കണം. മുമ്പെന്നതിനേക്കാള്‍ ഇപ്പോള്‍ സഭക്ക് ഇതൊരു വെല്ലുവിളിയാണ്. നിയമത്തിന്റെ വേലിക്കെട്ടുകള്‍ ഇല്ലാതാകുന്ന സമൂഹത്തില്‍ വേലിചാട്ടം എന്ന പ്രയോഗം അപ്രസക്തമാകും. പക്ഷേ, സ്വന്തം ദാമ്പത്യജീവിതത്തില്‍ ദൈവത്തെ സാക്ഷിയാക്കി ഏറ്റെടുത്ത നിയന്ത്രണ രേഖ മാനിക്കാന്‍ ദമ്പതികളെ സഹായിക്കേണ്ടത് സഭയുടെകൂടി കടമയാണ്.
രണ്ടാമതായി, വ്യഭിചാരം കുറ്റകൃത്യമായി കണ്ടിരുന്ന മുന്‍നിയമം റദ്ദാക്കിയതിനു സുപ്രീം കോടതി ഒരു കാരണം പറഞ്ഞിട്ടുണ്ട്. പഴയനിയമപ്രകാരം ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തുപോലെയാണ്. വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്നയാള്‍ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തവകാശം ലംഘിക്കുന്നു; അയാള്‍ അതിനു കുറ്റക്കാരനുമാണ്. ഈ നിയമധാരണ സ്ത്രീവിരുദ്ധമാണ്; അതായത്, നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അന്തര്‍ധാരയില്‍ സ്ത്രീ പുരുഷസമത്വമില്ല. ഇക്കാര്യം ശരിയാണ്.
പക്ഷേ, സ്ത്രീപുരുഷ സമത്വമില്ലായ്മ പരിഹരിക്കാന്‍ വ്യഭിചാരം നിയമ വിധേയമാക്കിയ സുപ്രീം കോടതി വിധി നമുക്ക് അംഗീകരിക്കാനാവില്ല. പക്ഷേ, കോടതി പരിഗണിച്ച രണ്ടു കാര്യങ്ങള്‍, സ്ത്രീപുരുഷ സമത്വമില്ലായ്മ, ഭാര്യയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുന്ന രീതി എന്നിവ ഒഴിവാക്കപ്പെടേണ്ട തിന്മകളാണ്. ഇവക്കെതിരെയും സഭ ശക്തമായ നിലപാടെടുക്കണം. അല്ലെങ്കില്‍ സഭയ്ക്കു വ്യഭിചാരം പാടില്ല എന്നേയുള്ളൂ, സ്ത്രീയെ പുരുഷന്‍ ഏതു തരത്തില്‍ ദുരുപയോഗിച്ചാലും അടിമയായി പരിഗണിച്ചാലും കുഴപ്പമില്ല എന്നുവരും. അതല്ല സഭയുടെ പക്ഷം; അതല്ല സുവിശേഷ അരൂപി.
വ്യഭിചാരത്തിനെതിരെ സംസാരിക്കുന്ന അതേ വീറോടെതന്നെ സ്ത്രീകള്‍ക്കതിരെയുള്ള എല്ലാ അതിക്രമങ്ങളെയും സഭ തള്ളിക്കളയേണ്ടതുണ്ട്. വ്യഭിചാരം പോലെതന്നെ ഗുരുതരമായ നീതിലംഘനമാണ് സ്ത്രീകളെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള പുരുഷന്മാര്‍ വേദനിപ്പിക്കുന്നതും പീഡിപ്പിക്കുന്നതും അവര്‍ക്കെതിരെ വിവേചനം കാണിക്കുന്നതും. ഇവ നീതി ലംഘനങ്ങള്‍ മാത്രമല്ല, ഗൗരവമുള്ള പാപവുമാണ്.
നമ്മുടേത് നിയമം ഉറ്റുനോക്കി ജീവിക്കുന്ന സമൂഹമല്ല; അങ്ങനെ ആകാനും പാടില്ല. ധാര്‍മികമൂല്യങ്ങളിലും പാപപുണ്യബോധ്യങ്ങളിലും അടിയുറച്ച സമൂഹമാകണം നമ്മുടേത്. നമ്മുടെ നാട്ടില്‍ വ്യാപകമായ തോതില്‍ ദാമ്പത്യവിശ്വസ്തത പുലരുന്നത് പൊലിസിനെ പേടിച്ചിട്ടല്ല. വ്യഭിചാരം തെറ്റാണെന്ന ബോധ്യത്തിന്റെ പേരിലാണ്. നാം വീടുപൂട്ടി പുറത്തുപോകുമ്പോള്‍ ഒരു വിശ്വാസമുണ്ട്; തിരിച്ചുവരുമ്പോള്‍ വീട് അതുപോലെ തന്നെ അവിടെക്കാണും എന്ന വിശ്വാസം. അതിന്റെ അടിസ്ഥാനം നമ്മുടെ നാട്ടിലുള്ളവര്‍ ധാര്‍മികരാണ് എന്ന ബോധ്യമാണ്; അല്ലാതെ ഞാന്‍ പുറത്തുപോകുമ്പോള്‍ പൊലിസ് ഇവിടെ കാവല്‍ നില്‍ക്കും എന്നതല്ല. നമ്മുടെ ശ്രദ്ധയും ഊന്നലും മൂല്യവിചാരവും ബോധ്യങ്ങളും സജീവമാക്കി നിലനിര്‍ത്താനാകണം.
മംഗലപ്പുഴ സെമിനാരി റെക്ടറും ധാര്‍മ്മിക ശാസ്ത്ര പ്രഫസറുമാണ് ലേഖകന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>