• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

നവംബര്‍ 16 : ഫ്രഞ്ച് വിപ്ലവ കാലത്ത് വിപ്ലവകാരികള്‍ നദിയില്‍ മുക്കിക്കൊന്ന 90 കത്തോലിക്കാ വൈദികരുടെ അനശ്വരസ്മരണ

By on November 1, 2018
7

 

ഫ്രാന്‍സിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ചരിത്രഗതി മാറ്റിയെഴുതിയ മഹാസംഭവമായിരുന്നു 1789 മുതല്‍ 1799 വരെയുള്ള 10 വര്‍ഷക്കാലത്ത് ഫ്രാന്‍സില്‍ നടന്ന ഫ്രഞ്ചു വിപ്ലവം. ലൂയി പതിനാറാമന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിനു എതിരെ പൊട്ടിപ്പുറപ്പെട്ട ജനാധിപത്യ പ്രക്ഷോഭമായിരുന്നു അത്.
അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുംമൂലം പൊറുതിമുട്ടിയ ജനങ്ങള്‍ പട്ടിണിയും ഭക്ഷ്യക്ഷാമവും സഹിക്കാനാവാതെ ചക്രവര്‍ത്തി ഭരണത്തിനു നേരെ രംഗത്തിറങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിത വിപ്ലവങ്ങളിലൊന്നായിരുന്നു അത്. ജനാധിപത്യത്തിനുവേണ്ടിയുള്ള ആദ്യത്തെ ജനമുന്നേറ്റം എന്നു പറയാം.
ബാസ്റ്റെല്‍ കോട്ട തകര്‍ത്ത ജനം അവിടത്തെ ജയില്‍ ഭേദിച്ചു മുഴുവന്‍ തടവുകാരെയും മോചിപ്പിക്കുകയും ജയില്‍ ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തുകൊണ്ടാണ് വിപ്ലവത്തിന് തുടക്കമിട്ടത്. രാജകുടുംബാംങ്ങളെ തടവിലാക്കുകയും പ്രഭുക്കന്മാരെയും കൊട്ടാരത്തോട് അടുപ്പമുള്ള സര്‍വരെയും വധിക്കുകയും ചെയ്തു മുന്നേറിയ വിപ്ലവകാരികള്‍ ആയിരക്കണക്കിനാളുകളെ വെടിവച്ചും തലവെട്ടിയും വധിച്ചു.
യൂറോപ്പില്‍ ജനാധിപത്യ ചിന്തയ്ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി നടന്ന ആ വിപ്ലവത്തിന്റെ മുദ്രാവാക്യം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതായിരുന്നെങ്കിലും നിരപരാധികളുടെ സ്വാതന്ത്ര്യത്തിനോ അവരോടുള്ള കാരുണ്യത്തിനോ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല എന്നത് ചരിത്രത്തിലേ വലിയൊരു വൈരുദ്ധ്യം.
ഫ്രഞ്ച് വിപ്ലവകാരികളുടെ ലക്ഷ്യങ്ങളിലൊന്ന് ക്രൈസ്തവ മതത്തിനു ഭരണത്തിലുണ്ടെന്ന് അവര്‍ ആരോപിച്ച സ്വാധീനം തകര്‍ക്കുകയെന്നതായിരുന്നു. ഈ ലക്ഷ്യത്തോടെ 1793 മുതലുള്ള കാലഘട്ടത്തില്‍ അവര്‍ ആക്രമണങ്ങളുടെ പ്രധാന ദിശ ഫ്രാന്‍സിലെ കത്തോലിക്കാ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും നേരെ തിരിച്ചുവിട്ടു. കത്തോലിക്കനായ ചക്രവര്‍ത്തി ലൂയി പതിനാറാമനെയും ഭാര്യ മേരി അന്റോയ്‌നെറ്റിനെയും മറ്റു കുടുംബാംഗങ്ങളെയും വധിച്ചുകൊണ്ടായിരുന്നു കത്തോലിക്കാ സഭയ്‌ക്കെതിരായ നിഷ്ഠൂര ആക്രമണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1793ല്‍ ലൂയി പതിനാറാമനെ വിപ്ലവകാരികളുടെ ‘ദേശീയ കണ്‍വന്‍ഷന്‍’ എന്ന അസംബ്ലി രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. 10 മാസങ്ങള്‍ക്കുശേഷം രാജ്ഞി മേരി അന്റോയ്‌നെറ്റയും വധിക്കപ്പെട്ടു.
ഈ വധശിക്ഷകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഫ്രാന്‍സിന്റെ പല ഭാഗത്തും ‘ഭീകരതയുടെ ഭരണം’ നടക്കുകയായിരുന്നു. ക്രൂരനായ റോബസ്പിയറിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയ്‌ക്കെതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നു. ദൈവാലയങ്ങളേറെയും നശിപ്പിക്കപ്പെടുകയോ കണ്ടുകെട്ടുകയോ ചെയ്തു.
ക്രൂരതയുടെ ഇക്കാലത്ത് ഫ്രാന്‍സിന്റെ ഒരു പ്രവിശ്യയായിരുന്ന നാന്റസ് കത്തോലിക്കാ വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ കേന്ദ്രസ്ഥാനമായി. ഭീകരത അഴിഞ്ഞാടിയ 1793 മുതല്‍ 1794 വരെയുള്ള അക്കാലത്ത്, വിപ്ലവത്തെ എതിര്‍ക്കുന്നവരെയൊക്കെ വധിക്കുകയെന്നതായിരുന്നു നയം. നാന്റസില്‍ ഷാന്‍ ബാപ്തിസ്ത് കാരിയര്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ അതിക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടു.
കത്തോലിക്കാ വൈദികര്‍ ചക്രവര്‍ത്തിയോട് അടുപ്പമുള്ളവരാണെന്ന് ആരോപിച്ചു അവരെ കൂട്ടത്തോടെ പിടികൂടാന്‍ തുടങ്ങി. തടവിലാക്കിയ അവരെ ലോയര്‍ നദിയില്‍ വലിച്ചെറിഞ്ഞു മുക്കിക്കൊല്ലുവാന്‍ തുടങ്ങി. 1793 നവംബര്‍ 16നാണ് ഈ കൂട്ടക്കുരുതിയുടെ തുടക്കം. അന്നു 90 വൈദികരെ ബോട്ടില്‍ കയറ്റി കൊണ്ടുപോയി കയ്യും കാലും കെട്ടി ലോയര്‍ നദിയില്‍ മുക്കിത്താഴ്ത്തി. ഇങ്ങനെ അഞ്ചു തവണയായി വൈദികരെയും കന്യാസ്ത്രികളെയും വിശ്വാസികളെയും നദിയിലെറിഞ്ഞു കൊന്നു. ഏറ്റവും ഒടുവിലത്തെ തവണ സ്ത്രീകളും കുട്ടികളും അന്ധരും ഉള്‍പ്പെടെ 41 പേരാണ് മുങ്ങി മരിച്ചത്.
ഫ്രഞ്ച് വിപ്ലവത്തെ വാനോളം വാഴ്ത്തി ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും പ്രതീകമായി ഉയര്‍ത്തിക്കാണിക്കുന്നവര്‍ കാണാതെ പോകുന്ന ഇരുണ്ട ചരിത്രമാണ് ഈ കൂട്ടക്കൊലകള്‍. വിപ്ലവകാലത്ത് 1793-1794 കാലത്ത് അരങ്ങേറിയ ഭീകരതയുടെ താണ്ഡവത്തില്‍ ഒമ്പതിനായിരത്തോളം പേരെയാണ് വിപ്ലവകാരികള്‍ പുഴയിലെറിഞ്ഞ് കൊന്നത്. രക്തസാക്ഷിത്വത്തിന്റെ ബലിവേദിയില്‍ അര്‍പ്പിക്കപ്പെട്ട രക്തപുഷ്പങ്ങളായി ഇന്നും അവര്‍ നിലകൊള്ളുന്നു.
മരണത്തിന്റെ നദി കടന്ന് അനശ്വരതയിലേക്ക് കടന്നുപോയ ക്രിസ്തുവിന്റെ അഭിഷിക്തരെയും സമര്‍പ്പിതരെയും വിശ്വാസികളെയും ഓര്‍ക്കാനുള്ള അവസരം കൂടിയാണ് നവംബര്‍. 90 വൈദികരെ കൂട്ടത്തോടെ മുക്കിക്കൊന്ന 1793ലെ നവംബര്‍ 16 മറക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>