കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസ പാക്യം വിശദീകരിക്കുന്നു.

By on November 1, 2018
8

ബിഷപ് ഡോ. ഫ്രാങ്കോയ്‌ക്കെതിരായ കേസ് ഇനി കോടതിയിലെത്തും. അവിടെ സത്യം പുറത്തുവരുന്നത് നമുക്ക് കാത്തിരിക്കാം.
ഇതിനിടയിലും ചിലര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യങ്ങളുണ്ട് : പരാതിക്കാരിയായ കന്യാസ്ത്രി കേരള മെത്രാന്‍ സമിതി, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി, കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നോ ? ഉണ്ടെങ്കില്‍ എപ്പോള്‍ ? അതിന്റെ ഉള്ളടക്കം എന്തായിരുന്നു ? ഇതാണ് ചോദ്യങ്ങള്‍.
ഇതേപ്പറ്റി വിവിധ തരം പുകമറകള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസ പാക്യം ഇക്കാര്യങ്ങളുടെ നിജസ്ഥിതി വിശദീകരിക്കുന്നു.
വസ്തുതകള്‍ ഇതാ: 2018 ജൂണ്‍ 28 നാണ് പരാതിക്കാരിയായ കന്യാസ്ത്രി കുറവിലങ്ങാട് പൊലിസില്‍ ബിഷപ്പിനെതിരെ പരാതി നല്‍കുന്നത്. എന്നാല്‍ അതിനു മുമ്പോ അതു കഴിഞ്ഞോ അവര്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതിക്കോ അതിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസ പാക്യത്തിനോ ഒരൊറ്റ പരാതിയും നല്‍കിയിട്ടില്ല. പരാതിയെപ്പറ്റിയും അതിന്റെ ഉളളടക്കത്തെപ്പറ്റിയും മാധ്യമങ്ങളിലൂടെയാണ് മെത്രാന്‍ സമിതി അറിയുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കു കൊടുത്ത പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമാണെന്നും പറഞ്ഞിരുന്നു. അതില്‍ ലൈംഗികാരോപണം ഇല്ല. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്ക് അവര്‍ പരാതി നല്‍കിയത് സെപ്റ്റംബര്‍ 10 നു മാത്രമാണ്. അതായത് എറണാകുളത്ത് കന്യാസ്ത്രികള്‍ സമരം തുടങ്ങിയ സെപ്റ്റംബര്‍ എട്ടിനുശേഷം.
ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി വളരെയേറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത അവസരമാണിത്. ജലന്തര്‍ രൂപതാധ്യക്ഷനെതിരെ ഒരു സന്യാസിനി ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ചര്‍ച്ചാ വിഷയം. വര്‍ഷങ്ങളായി ഈ സന്യാസിനി അടിച്ചമര്‍ത്തലും ഭീഷണിയും അപമാനവും സഹിക്കുന്നുവെന്നതാണ് പരാതി. ഭാരതത്തിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരവാദപ്പെട്ടവര്‍ക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാര്‍ക്കും പരാതികള്‍ അയച്ചുവെന്നും സഭയുടെ ഭാഗത്തുനിന്നു പരിഹാരത്തിനായുളള എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുവാന്‍ നിര്‍ബന്ധിതയായിത്തീര്‍ന്നുവെന്നുമാണ് അവരുടെ വിശദീകരണം.
കാര്യങ്ങള്‍ വ്യക്തമാക്കട്ടെ:
1. 2018 ഒക്‌ടോബര്‍ അഞ്ചാം തിയതി വരെ കെസിബിസിക്കോ വ്യക്തിപരമായി എനിക്കോ ഈ സന്യാസിനിയില്‍ നിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. കര്‍ദ്ദി
നാള്‍ ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി സൂക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല ഈ പരാതികളിലൊന്നിലും ലൈംഗികമായ ആരോപണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് സൂചന. ജൂണ്‍ മാസം അവസാനം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെക്കുറിച്ചും അതിന്റെ ഉളളടക്കത്തെക്കുറിച്ചും കെസിബിസി അറിയുന്നത് പത്രമാധ്യമങ്ങളിലൂടെ മാത്രമാണ്. ആ സന്ദര്‍ഭത്തില്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവയാണ്.
-ന്യായം നിഷേധിക്കപ്പെട്ടു എന്നു തോന്നുന്ന അവസരങ്ങളില്‍ പൊലീസില്‍ പരാതിപ്പെടാനുളള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നു.
-സഭയുടെ ഭാഗത്തു നിന്നു പരാതി സ്വീകരിച്ചവര്‍ അന്വേഷണം മുറപോലെ നടത്തും. തക്ക സമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാ നടപടികളും ഉണ്ടാകും.
-പൊലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുന്‍ഗണന നല്‍കാനുളളതുകൊണ്ടും സമാന്തരമായി പരസ്യ അന്വേഷണം സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല. സത്യം അറിയാനും നീതി നടപ്പാക്കാനും പൊലിസിന്റെ അന്വേഷണവുമായി
സഭ അങ്ങേയറ്റം സഹകരിക്കും.
-പ്രശ്‌നത്തിലെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാള്‍ കളളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും മുറിവും വേദനയും സഭാകുടുംബം മുഴുവന്‍ ഏറ്റെടുത്തേ മതി
യാവൂ.
-അന്വേഷണം പൂര്‍ത്തിയായി വിധി വരുന്നതുവരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല.
-ഇതിന്റെ മറവില്‍ സഭയെ മുഴുവനും അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി
ശക്തമായി അപലപിക്കുന്നു.
2. ഈ പത്രസമ്മേളനം കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്കുശേഷം സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിനെയും നുണ്‍ഷ്യോയെയും ഡല്‍ഹി മെത്രാപോലീത്തയെയും ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. പ്രശ്‌നം സങ്കീര്‍ണമാണെന്നും സാധിക്കുകയാണെങ്കില്‍ ജലന്തര്‍ രൂപതാധ്യക്ഷനോട് രൂപതാഭരണത്തില്‍ നിന്ന് മാറി നിന്ന് അന്വേഷണം നേരിടാന്‍ ഉപദേശിക്കണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവാദപ്പെട്ടവരുമായി ആലോചിച്ച് അനുഭാവപൂര്‍വം ചിന്തിക്കാമെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.
സെപ്റ്റംബര്‍ എട്ടിനു ഹൈക്കോടതി പരിസരത്ത് സന്യാസിനികളുടെ സമരം ആരംഭിച്ചു. മാധ്യമ വിചാരണകള്‍ ഒന്നുകൂടി ശക്തമാകുകയും നിക്ഷിപ്ത താല്‍പര്യക്കാര്‍ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കൂടുതല്‍ ശക്തി ആര്‍ജിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ സെപ്റ്റംബര്‍ 12 നു അന്വേഷണത്തെ വീണ്ടും സ്വാഗതം ചെയ്തുകൊണ്ടും നേരത്തെ പറഞ്ഞതുപോലെ അന്വേഷണവുമായി ആത്മാര്‍ഥതമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ടും സഭയെ അവഹേളിച്ചുകൊണ്ടുളള സമരപരിപാടികളെ അപലപിച്ചുകൊണ്ടും കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ചില രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും സമരത്തെ അനുകൂലിക്കുകയും നിക്ഷിപ്ത താല്‍പര്യക്കാര്‍ സഭയെ അവഹേളിക്കുകയും സിബിസിഐയുടെയും കെസിബിസിയുടെയും ശവപ്പെട്ടിയുണ്ടാക്കി സംസ്‌കാരം നടത്തുകയും ചെയ്തു.
-ബിഷപിന്റെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു വ്യക്തവും ശക്തവുമായ എഴുത്തുകള്‍ നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും അയച്ചു. ഇതുവരെ കെസിബിസിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും പരാതികളുടെ ഉളളടക്കം എന്താണെന്ന് അറിയാത്തതുകൊണ്ട് ജനങ്ങളുടെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കെസിബിസിക്ക് പ്രയാസമുണ്ടെന്നും പ്രശ്‌നത്തിന്റെ നിജസ്ഥിതി ഞങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഞാന്‍ ഈ എഴുത്തുകളില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ ബിഷപ് ഫ്രാങ്കോ സെപ്റ്റംബര്‍ 21 നു അറസ്റ്റിലായി. അടിയന്തരമായി കെസിബിസി വിളിച്ചുകൂട്ടി. ഇതുവരെ കെസിബിസി എടുത്ത നിലപാടുകള്‍ ന്യായമാണെന്നും അത് ഒന്നുകൂടി ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കണമെന്നും നിക്ഷിപ്ത താല്‍പര്യക്കാരുടെ ആക്ഷേപങ്ങളെ ചെറുത്തു നില്‍ക്കണമെന്നും പൊലീസിന്റെയും കോടതിയുടെയും ന്യായമായ എല്ലാനടപടികളുമായി സഹകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ല. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സഭയെ അവഹേളിച്ച സമരത്തെ അപലപിച്ചതിന്റെ പേരിലും, കസ്റ്റഡിയിലുളള മെത്രാനെ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായ ചില മെത്രാന്‍മാര്‍ സന്ദര്‍ശിച്ചതിന്റെ പേരിലും മെത്രാനെ അനുകൂലിച്ചതായും സന്യാസിനികളെ എതിര്‍ത്തതായുമുളള വ്യാഖ്യാനങ്ങള്‍ ശരിയല്ല. വ്യക്തിപരമായി ആര്‍ക്കും ആരെയും സന്ദര്‍ശിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമുണ്ടല്ലോ. അന്വേഷണത്തിന്റെ അവസരത്തില്‍ കെസിബിസി ഇരുകൂട്ടരെയും ഒരുപോലെ ഉള്‍ക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിച്ചിട്ടുളളത്.
ഇതിനിടയ്ക്കാണ് പ്രശ്‌നത്തിന്റെ ഉളളടക്കത്തെക്കുറിച്ച് വിവരങ്ങള്‍ തന്നു സഹായിക്കണമെന്ന എന്റെ എഴുത്തിന് സിബിസിഐ അധ്യക്ഷന്റെയും നുണ്‍ഷ്യോയുടെയും മറുപടികള്‍ ലഭിക്കുന്നത്.
സിബിസിഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്റെ മറുപടി ഇതാണ്: സിസ്റ്ററില്‍ നിന്നു ആദ്യകത്ത് എനിക്ക് കിട്ടിയത് സെപ്റ്റംബര്‍ 10 നാണ്; നുണ്‍ഷ്യോയ്ക്ക് അയച്ച കത്തിന്റെ കോപ്പിയോടൊപ്പം.
സെപ്റ്റംബര്‍ 8-ാം തിയതിയാണ് സമരം ആരംഭിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 10-ാം തിയതി എഴുതിയ പരാതിയാണ് സിബിസിഐ അധ്യക്ഷന് സന്യാസിനിയുടെ ഭാഗത്തുനിന്നുളള ആദ്യത്തെ പരാതി. അതുവരെ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളേ അദ്ദേഹത്തിനും അറിയാമായിരുന്നുള്ളൂ.
ഈ പരാതി കിട്ടിയ ഉടന്‍ തന്നെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെങ്കിലും ഫോണിലൂടെ റോമിലെ അധികാരികളെ അദ്ദേഹം അറിയിക്കുകയും ചെയ്തു. കെസിബിസിക്ക് തരാന്‍ എന്റെ പക്കല്‍ മറ്റു രേഖകളൊന്നുമില്ല എന്നും അദ്ദേഹം എനിക്കുളള മറുപടിയില്‍ എഴുതിയിരുന്നു.
കെസിബിസിയെ ഇന്ന് ധാരാളംപേര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.
കിട്ടാത്ത ഒരു പരാതിയിന്മേല്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനുമപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയില്ല. കെസിബിസിക്ക് എവിടെയാണ് തെറ്റു പറ്റിയതെന്ന് മനസ്സിലാകുന്നില്ല. ആരൊക്കെ ആര്‍ക്കൊക്കെ പരാതികള്‍ അയച്ചുവെന്നോ എന്തൊക്കെയാണ് അതിന്റെ ഉളളടക്കമെന്നോ എനിക്കറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>