• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

റവ. ഡോ. ജോളി കരിമ്പില്‍

By on November 2, 2018
9

മരണവും മരണാനന്തര ജീവിതവും ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാന  ചിന്താവിഷയമാണ്. രണ്ടിന്റെയും കാര്യകാരണങ്ങള്‍ തേടി ഏറെ സന്ദേഹപ്പെടുന്നുണ്ട്  ഓരോ മനുഷ്യനും. അവയുടെ ഉള്‍പ്പൊരുളുകളിലേക്ക് ഒരന്വേഷണം

 

ഓരോ ക്രൈസ്തവന്റെയും മരണം ക്രിസ്തുവിന്റെ മരണത്തിലുള്ള പങ്കുചേരലാണ്. ക്രിസ്തുവുമായുള്ള അടിയുറച്ച ബന്ധമാണ് മരണത്തെ അതിജീവിച്ച് ക്രിസ്തുവിന്റെ പുനരുഥാനത്തില്‍ പങ്കുചേര്‍ന്ന് നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ നമ്മെ യോഗ്യനാക്കുന്നത്.

മനുഷ്യ ജീവിതത്തിലെ സുനിശ്ചിതമായ യാഥാര്‍ഥ്യമാണ് മരണം. ചവിട്ടി നടന്ന മണ്ണിനെയും നനഞ്ഞ മഴയെയും കണ്ടു കൊതിതീരാത്ത പ്രകൃതിയുടെ മായാജാലങ്ങളെയും നെഞ്ചോടു ചേര്‍ത്തു പിടിച്ച സുഹൃത്തുക്കളെയും സ്വപ്‌നങ്ങളെയും വിട്ട് ഈ ഭൂമുഖത്തു നിന്നു മരണം നമ്മെ അപ്രത്യക്ഷമാക്കുമെന്നത് സാര്‍വത്രിക പ്രതിഭാസമെങ്കിലും പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യമാണ്. മരണത്തിന്റെ പൊരുള്‍ തേടാത്ത മതങ്ങളില്ല, ദര്‍ശനങ്ങളില്ല, ശാസ്ത്രമില്ല; എന്നിട്ടും കണ്‍വെട്ടത്തെങ്കിലും പിടിതരാതെ തെന്നിമായുന്ന അപ്പൂപ്പന്‍താടികള്‍പോലെ മരണത്തിന്റെ അര്‍ഥവും പൊരുളും വഴുതി മാറുന്നു.
മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കാര്യകാരണങ്ങള്‍ തേടി ഏറെ സന്ദേഹപ്പെടുന്നുണ്ട് ഓരോ മനുഷ്യനും. ഒരുപക്ഷേ, മരണാനന്തര ജീവിതത്തിന്റെ ഉള്‍പൊരുളുകളാകാം മനുഷ്യാസ്തിത്വത്തിന്റെ അര്‍ഥതലങ്ങളെ വിശദീകരിക്കാന്‍ കൂടുതല്‍ പ്രയോജനപ്പെടുക.
മരണം: പഴയനിയമ വീക്ഷണത്തില്‍
സുകൃത സമ്പന്നവും ഉത്തരവാദിത്തപൂര്‍ണവുമായ നീണ്ട ജീവിതത്തിന്റെ സ്വാഭാവിക പരിണതിയാണ് മരണം എന്നതിനപ്പുറം മരണത്തെയോ മരണാനന്തര ജീവിതത്തെയോ പഴയനിയമ പുസ്തകത്തിന്റെ ആദ്യതാളുകള്‍ പരിഗണിക്കുന്നില്ല. ആദ്യകാല ഇസ്രയേല്‍ ജനം ഈ ലോകജീവിതത്തിലെ അനശ്വരമായ മൂല്യങ്ങളെയാണ് ലക്ഷ്യമാക്കിയിരുന്നത്. പ്രായാധിക്യത്താലുള്ള മരണം ജീവിതത്തിന്റെ പൂര്‍ണതയായി പരിഗണിക്കപ്പെട്ടു (ഉല്‍. 25: 7-11). മക്കളിലൂടെയും ചെറുമക്കളിലൂടെയും ഇസ്രായേലിന്റെ ഭാവിയിലും വാഗ്ദാനത്തിലും പങ്കുചേരാമെന്നത് അവര്‍ അനുഗ്രഹമായികണ്ടു. ”തന്റെ ജനത്തോടു ചേര്‍ന്നു”(ഉല്‍.49:33) എന്ന പദമാണ് മരണത്തെ സൂചിപ്പിക്കാന്‍ പൂര്‍വപിതാക്കളുടെ കാലത്ത് പഴയനിയമം ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവകാശികളില്ലാതെയും പ്രായം തികയുന്നതിനു മുമ്പേയുമുള്ള മരണത്തെ ഇസ്രായേലിന്റെ മതാത്മകത ദാരുണമായി കരുതി. ചുരുക്കത്തില്‍ മരണത്തെയോ മരണാനന്തര ജീവിതത്തെയോ കുറിച്ചല്ല, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന നിലയില്‍ ഇസ്രായേലിന്റെ ഭൗമിക ജീവിതത്തെക്കുറിച്ചാണ് അവര്‍ ആകുലപ്പെട്ടത്.
പിന്നീട് അയല്‍ രാജ്യങ്ങളും ഗോത്രങ്ങളുമായുള്ള ബന്ധം ഇസ്രായേലിന്റെ മതദര്‍ശനങ്ങളില്‍ സ്വാധീനം ചെലുത്തിയപ്പോഴാകണം മരണാനന്തരമുള്ള തുടര്‍ജീവിതത്തിന്റെ അവ്യക്തമായ നിഴല്‍ച്ചിത്രങ്ങള്‍ ”ഷിയോള്‍” അഥവാ ”പാതാളം” എന്ന വാക്കിലൂടെ പഴയനിയമത്തില്‍ സ്ഥാനം പിടിച്ചത്. അങ്ങനെ ഷിയോള്‍ എന്ന ഹെബ്രായപദം ബൈബിള്‍ ഉപയോഗിച്ചു (ജോബ് 10: 21,സങ്കീ.88:5,6). പാതാളത്തില്‍ നിന്ന് ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നും അവര്‍ കരുതി (ജോബ് 7:9). നീതിമാനും പാപിയും ഒരു പോലെ എത്തിച്ചേരുന്ന പാതാളത്തെക്കുറിച്ചുള്ള സൂചന മരണത്തോടെ ജീവിതം അവസാനിക്കുന്നതല്ലെന്ന വിശ്വാസത്തിന്റെ ആരംഭമായി കാണാം (സങ്കീ.115:17). മനുഷ്യജീവിതം ദൈവത്തോടും ദൈവമക്കളോടുമുള്ള സഹവര്‍ത്തിത്വത്തില്‍ സാക്ഷാല്‍കാരം നേടുമ്പോള്‍ പാതാളജീവിതം എന്താണെങ്കിലും ഒറ്റപ്പെടലില്‍ നിലകൊള്ളുന്നു. കാരണം, അവിടെ ദൈവം ഇല്ല. ബന്ധങ്ങളൊക്കെയും വിഛേദിക്കപ്പെട്ട് ഒറ്റപ്പെടുന്ന വിജനതയുടെ ഏകാന്തഭൂമികയായി പഴയനിയമം പാതാളത്തെ വരച്ചുവച്ചിരിക്കുന്നു. പഴയനിയമത്തില്‍ മരണമെന്നത് ജീവശാസ്ത്രപരമായ അന്ത്യം മാത്രമല്ല, ബന്ധങ്ങളുടെ അവസാനമാണ് . ബന്ധങ്ങള്‍ നഷ്ടപ്പെട്ടാല്‍ ജീവശാസ്ത്രപരമായി ജീവിച്ചിരിക്കുന്നുവെങ്കിലും മരിച്ചവനു തുല്യനാണല്ലോ. ഒരുവന്‍ ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനപരമായ അര്‍ഥം അവന്‍ ദൈവവുമായും സഹോദരങ്ങളുമായും സഹവര്‍ത്തിത്വത്തിലാണ് എന്നാണ്.
സഹനത്തെയും മരണത്തെയും പുതിയ വീക്ഷണത്തിലൂടെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ മരണാനന്തര സങ്കല്‍പങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നു (ഏശ:53). ദൈവത്തിനും ദൈവജനത്തിനും വേണ്ടി സഹിക്കുന്നവനും മരിക്കുന്നവനും മനുഷ്യജീവിതത്തെയാണ് സ്‌നേഹിക്കുന്നത് എന്നുള്ളതുകൊണ്ട് ഒരുവനെ മറ്റുള്ളവരില്‍നിന്നോ, പ്രത്യേകിച്ച് ദൈവത്തില്‍ നിന്നോ മരണത്തിനു വേര്‍പെടുത്താനാവില്ലെന്ന് ഇസ്രായേല്‍ തിരിച്ചറിഞ്ഞു. അതോടെ മരണമെന്നത് അന്ധകാരാവൃതമായ ലോകത്തേലേയ്ക്കുള്ള യാത്ര മാത്രമല്ല, പ്രസാദപൂര്‍ണമായ പുലരിയുടെ സാധ്യതകൂടിയാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഇസ്രായേല്‍ തിരുത്തിയെഴുതി.
മരണത്തെക്കുറിച്ചുള്ള വിശുദ്ധ സങ്കല്‍പത്തിന് പുതിയ ദിശാബോധം കൈവരുന്നത് ദാനിയേലിന്റെയും 2-ാം മക്കബായരുടെയും ജ്ഞാനത്തിന്റെയും പുസ്തകങ്ങളിലൂടെയാണ്. ദൈവവുമായി ഒന്നു ചേരുന്നതിലൂടെ രക്ഷയിലേക്ക് നയിക്കപ്പെടുന്ന മനുഷ്യന് ഉത്ഥാനത്തിന്റെ പ്രതീക്ഷ നല്‍കുകയാണ് പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിലെഴുതിയ ഈ പഴയനിയമ പുസ്തകങ്ങള്‍. ദാനിയേലിന്റെ പുസ്തകം രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു (ദാനി.12:2). 2-ാം മക്കബായ പുസ്തകവും ജ്ഞാനത്തിന്റെ പുസ്തകവും ദാനിയേല്‍ പ്രതിപാദിക്കുന്ന ഈ പുനരുത്ഥാനചിന്തയെ ബലപ്പെടുത്തുന്നു.
മരണം: പുതിയനിയമ വീക്ഷണത്തില്‍
ക്രിസ്തുസംഭവം എന്ന ദൈവത്തിന്റെ മനുഷ്യാവതാര ചരിത്രത്തിലൂടെ മരണത്തിനും മരണാനന്തര ജീവിതത്തിനും പുതിയമാനങ്ങള്‍ കൈവന്നു. സങ്കീര്‍ത്തനങ്ങള്‍ വിവരിക്കുന്ന നീതിമാന്റെ സഹനവും പ്രത്യേകിച്ച് ഏശയ്യായുടെ (ഏശയ്യാ.52:13-53,12) സഹനദാസനെക്കുറിച്ചുള്ള പ്രവാചകമൊഴികളും ക്രിസ്തുവിന്റെ ഉത്ഥാനത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കി. ദൈവിക ഐക്യത്തില്‍ നിന്നു അകന്നുപോകുന്ന മനുഷ്യന്റെ വ്യഥയറിഞ്ഞ ക്രിസ്തു അന്ധകാരാവൃതമായ പാതാളത്തിലേക്കിറങ്ങുകയും തന്റെ തന്നെ സാന്നിധ്യംകൊണ്ട് ദൈവമനുഷ്യബന്ധത്തെ പുനരാവിഷ്‌കരിക്കുകയും ചെയ്തു. അതോടെ ദൈവത്തെ കണ്ടുമുട്ടുന്ന സുവര്‍ണ നിമിഷമായി മാറി മരണം. ഇനിമേല്‍ മരണമെന്നത് നിശബ്ദമായ അന്ധകാരത്തിലെ ഒറ്റപ്പെടലല്ല, മറിച്ച് കണ്ടുമുട്ടലും തിരിച്ചറിയലുമാണ്. എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട് പാതാളത്തിന്റെ ഭയാനകമായ അന്ധകാരത്തില്‍ അവസാനിക്കുന്ന പേടിപ്പെടുത്തുന്ന യാഥാര്‍ഥ്യമല്ല മരണമെന്നും അതിലുപരി ദൈവകരങ്ങളിലേക്കുളള സമര്‍പ്പണമാണെന്നും ക്രിസ്തു തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. പുനരുഥാനത്തിലൂടെ ക്രിസ്തു മരണത്തെ അതിജീവിക്കുകയും മരണം അവസാനമല്ല, കടന്നുപോകല്‍ മാത്രമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. മരണം മനുഷ്യനെ ക്രിസ്തുവില്‍ ഐക്യപ്പെടുത്തുന്നതുകൊണ്ട് വിശുദ്ധ പൗലോസ് ശ്ലീഹാ മരണത്തെ നേട്ടമായി കരുതി (ഫിലി1: 21-23).
ഓരോ ക്രൈസ്തവന്റെയും മരണം ക്രിസ്തുവിന്റെ മരണത്തിലുള്ള പങ്കുചേരലാണ്. ക്രിസ്തുവുമായുള്ള അടിയുറച്ച ബന്ധമാണ് മരണത്തെ അതിജീവിച്ച് ക്രിസ്തുവിന്റെ പുനരുഥാനത്തില്‍ പങ്കുചേര്‍ന്ന് നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ ഒരുവനെ യോഗ്യനാക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവന്റെ പ്രതീക്ഷയും പ്രതിഫലവും.
മരണശേഷം എന്തു സംഭവിക്കുന്നു?
ക്രിസ്ത്യാനിക്ക് മരണം ജീവിതത്തിന്റെ അവസാനമല്ല. അവന്‍ പ്രത്യാശ വച്ചിരിക്കുന്നത് പുനരുത്ഥാനത്തിലും നിത്യജീവിതത്തിലുമാണ്. മരണശേഷം എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിന് താഴെ പറയുന്ന യാഥാര്‍ഥ്യങ്ങളാണു സഭ പഠിപ്പിക്കുന്നത്.
മരണം ഭൗമിക ജീവിതത്തിലെ തിരിച്ചുവരാനാകാത്ത യാത്രയാണ്. മനുഷ്യന് ഒരു പ്രാവശ്യം മരണം നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നും മരണത്തോടെ വീണ്ടുമൊരു തിരിച്ചുവരവില്ലാത്ത വിധം ഭൗമിക തീര്‍ഥാടനം അവസാനിക്കുമെന്നും സഭ പഠിപ്പിക്കുന്നു
(ഇഇഇ:1013). ഭൗമിക മനുഷ്യന് മാത്രമേ തിരഞ്ഞെടുക്കാനും മനസ്തപിക്കാനും നന്മയുടെ നേര്‍വഴികളിലേക്ക് സ്വാതന്ത്ര്യത്തോടെ തിരിച്ചുവരാനും സാധിക്കൂ എന്നുള്ളതുകൊണ്ട് ഈ ലോകജീവിതം വിശുദ്ധമായി കാത്തുവയ്ക്കണമെന്ന് സഭ ഓര്‍മപ്പെടുത്തുന്നു.
ഭൗതിക ശരീരം നിശ്ചലമാകുകയും ആത്മാവ് ദൈവത്തെ കണ്ടുമുട്ടുകയും ചെയ്യുന്ന മരണത്തിന്റെ സുവര്‍ണ നിമിഷത്തില്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ ചെയ്തികള്‍ക്കനുസൃതം തനതു വിധിയുണ്ടാകും (ഹെബ്രാ. 9: 27, 2കൊറി. 5: 10). ക്രിസ്തുവെന്ന പരമമായ സത്യത്തിന് മുന്നില്‍ ആത്മാവ് മൂടുപടങ്ങളില്ലാതെ നില്‍ക്കുമ്പോള്‍ തിരിച്ചെടുക്കാനാവാത്ത തനതു വിധിയാല്‍ ആര്‍ക്കും അവരര്‍ഹിക്കുന്ന സ്വര്‍ഗ്ഗനരകവാതിലുകള്‍ തുറന്നുകിട്ടും. ധനവാന്റെയും ലാസറിന്റെയും (ലൂക്ക 16) ഉപമയില്‍ മരണ ശേഷം ലാസര്‍ സ്വര്‍ഗത്തിലേക്കും ധനവാന്‍ നരകത്തിലേക്കും സംവഹിക്കപ്പെട്ടു എന്നെഴുതിയിരിക്കുന്നു. പ്രസാദവരാവസ്ഥയില്‍ മരിക്കുന്നവര്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുമെന്നും ദൈവത്തെ മുഖാമുഖം ദര്‍ശിക്കുമെന്നും അവര്‍ ദൈവത്തിന്റെ വിശുദ്ധാത്മാക്കളായിരിക്കുമെന്നും സഭ പഠിപ്പിക്കുന്നു.
യാതൊരു അശുദ്ധിക്കും സ്വര്‍ഗത്തില്‍ ഇടമില്ല (വെളി.21: 27)എന്നതുകൊണ്ട് മോചിക്കപ്പെട്ട മാരകപാപത്താലെയോ ലഘുപാപത്താലെയോ മരിക്കുന്നവര്‍ക്ക് പരമപരിശുദ്ധനായ ദൈവത്തെ ദര്‍ശിക്കാനാവില്ല. ഇത്തരം ആത്മാക്കള്‍ ശുദ്ധീകരണ വഴിയിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. സ്വര്‍ഗത്തിലേക്ക് പ്രവേശിക്കാനുതകും വിധം പാപക്കറ തുടച്ചു നീക്കപ്പടുന്ന വിശുദ്ധീകരണ പ്രക്രിയയാണ് ശുദ്ധീകരണസ്ഥലത്ത് സംഭവിക്കുന്നതെന്ന് കത്തോലിക്കാസഭയുടെ വിശ്വാസ സംഗ്രഹവും ഓര്‍മിപ്പിക്കുന്നു. ”ദൈവത്തിന്റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടവരല്ലെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍ സ്വര്‍ഗീയാനന്ദത്തിലേക്ക് പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനുവേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിന് വിധേയരായി തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം എന്നു വിളിക്കുന്നു.
തനതു വിധിയുടെ ഭാഗമായ ശുദ്ധീകരണസ്ഥലത്തു പാപികളും നീതിരഹിതരുമായവര്‍ ദൈവത്തിന്റെ മുഖം അഗ്നിജ്വാല പോലെ കാണുന്നു (വെളി. 1:14). ഏതുവിധമാണ് വിശുദ്ധീകരണത്തിന്റെ കര്‍മപരിപാടികളെന്നോ എത്രയാണ് അതിന്റെ കാലാവധിയെന്നോ നമുക്കറിയില്ല. അല്ലെങ്കിലും ഭൗമിക അളവുകോലുകള്‍ക്ക് വശെപ്പടുന്നതല്ലല്ലോ അതിഭൗമിക യാഥാര്‍ഥ്യങ്ങള്‍. ദൈവമാണ് ശുദ്ധീകരിക്കുന്നതെന്നും ദൈവികകാരുണ്യമാണ് അവരെ വിശുദ്ധീകരിച്ച് സ്വര്‍ഗരാജ്യ പ്രവേശനത്തിന് സജ്ജമാക്കുന്നതെന്നും വിശുദ്ധ ഗ്രന്ഥം പറയുന്നു (1കൊറി.3: 10-17). നമ്മുടെ പ്രാര്‍ഥനകള്‍ ശുദ്ധീകരണസ്ഥലവാസികളെ സഹായിക്കുമെന്ന് മക്കബായരുടെ പുസ്തകവും ഓര്‍മിപ്പിക്കുന്നു (2മക്കബായര്‍ 12: 43-45).
മനസ്തപിക്കാതെ മാരകപാപത്തില്‍ മരിക്കുന്നവര്‍ നരകത്തിലാണ് എത്തിച്ചേരുന്നത്. ഭൗമികജീവിതത്തില്‍ ദൈവത്തില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും അകന്ന് പാപത്തില്‍ ജീവിച്ചവര്‍ ശിക്ഷാവിധി പ്രകാരം നരകത്തിന്റെ ഭയാനകമായ ഏകാന്തതയില്‍ പതിക്കുന്നു. ഇത് കെടാത്ത തീയുടെ അനുഭവമാണ്. നിത്യാനന്ദവും നിത്യജീവനുമായ ദൈവത്തില്‍ നിന്ന് അകറ്റപ്പെടുന്നു എന്നുള്ളതാണ് അവര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷ (ഇഇഇ:1035). തിരിച്ചുവരാനും മനസ്തപിക്കാനുമാകാത്തവിധം തിന്മകള്‍ തിരഞ്ഞെടുത്ത മനുഷ്യ സ്വാതന്ത്ര്യത്തിന്റെ സ്വാഭാവികമായ എത്തിച്ചേരലാണിത്. ദൈവകാരുണ്യത്തില്‍ നിന്നു മുഖം തിരിച്ച മനുഷ്യന്റെ സ്വാഭാവിക പരിണതിയാണ് നരകം. മരണശേഷം മനസ്തപിക്കാന്‍ അവസരമില്ല എന്നതുകൊണ്ട് നരകം നിത്യശിക്ഷയാണ്.
സ്വര്‍ഗ- നരകങ്ങളെ അതിരുകൊണ്ട് വേര്‍തിരിച്ച സ്ഥലങ്ങളായല്ല മനസ്സിലാക്കേണ്ടത്. മറിച്ച് ദൈവസ്‌നേഹത്തില്‍ ഐക്യപ്പെട്ടവന്റെയും നിത്യമായി അകന്നുപോയവന്റെയും ഗതിവിഗതികളായാണ്. നരകത്തിനും ശുദ്ധീകരണസ്ഥലത്തിനും അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. നരകം ദൈവത്തില്‍ നിന്നു അകന്നുപോയവന്റെ നിത്യശിക്ഷയാണെങ്കില്‍ ശുദ്ധീകരണസ്ഥലം ദൈവ ഐക്യത്തിലേക്ക് വഴി നടത്തുന്ന വിശുദ്ധീകരണത്തിന്റെ പാതയാണ്. നരകത്തിലുള്ളവര്‍ നിത്യമായ ശിക്ഷയില്‍ പ്രതീക്ഷയറ്റ് ജീവിക്കുമ്പോള്‍ ശുദ്ധീകരണസ്ഥലത്തുള്ളവര്‍ ദൈവവുമായി ഒന്നുചേരാമെന്ന പ്രതീക്ഷയിലും ദൈവകാരുണ്യത്തിന്റെ സമൃദ്ധിയിലും ജീവിക്കുന്നു.
മരണത്തോടെ വേര്‍പെടുന്ന ആത്മശരീരങ്ങള്‍ വീണ്ടും സംയോജിക്കപ്പെടുന്നത് പുനരുത്ഥാനനാളിലാണ്. ഉത്ഥാനം ചെയ്യപ്പെട്ട ശരീരത്തിന് ഭൗമിക ശരീരത്തില്‍ നിന്നു വ്യത്യസ്തമായ ഭാവമാറ്റങ്ങള്‍ ഉണ്ടാകാമെങ്കിലും ശിക്ഷിക്കപ്പെട്ടവരും രക്ഷിക്കപ്പെട്ടവരും തങ്ങളുടെ വിധിനിയോഗങ്ങള്‍ പുനരുത്ഥാനനാള്‍ മുതല്‍ ആത്മാവിലും ശരീരത്തിലും അനുഭവിക്കും. പുനരുത്ഥാനത്തിന്റെ സ്വര്‍ഗീയപ്രഭ വിതറിക്കൊണ്ടായിരിക്കും ക്രിസ്തുവിന്റെ രണ്ടാം വരവ്. അത് അന്ത്യവിധിയുടെ ദിനമായിരിക്കും (പൊതുവിധി). മരണസമയത്ത് ആത്മാവ് രഹസ്യമായി നേടുന്ന തനത് വിധി അന്നാളില്‍ പരസ്യമാകുകയും നിത്യകാലത്തേയ്ക്കായി ഉറപ്പിക്കപ്പെടുകയും ചെയ്യും.
മനുഷ്യബുദ്ധിയുടെ പരിമിതികള്‍ കൊണ്ടല്ല, വിശ്വാസത്തിന്റെ സമര്‍പ്പണ ബോധംകൊണ്ടുവേണം മരണത്തെയും മരണാനന്തര ജീവിതത്തെയും മനസ്സിലാക്കാന്‍. ഐഹിക ജീവിതത്തില്‍ ക്രിസ്തുവുമായി ഐക്യപ്പെട്ടവന്‍ മരണത്തിലും മരണാനന്തരവും നിത്യജീവനായ ക്രിസ്തുവുമൊത്ത് നിത്യകാലം ജീവിക്കും. ദൈവം ജീവിക്കുന്നവരുടെ ദൈവമാണ് (മത്താ 22:32). ക്രിസ്തുവുമായി അഭേദ്യമായ ബന്ധത്തിലേര്‍പ്പെടുന്നവന് ജീവന്റെ സമൃദ്ധി നല്‍കപ്പെടും. ക്രിസ്ത്യാനികളുടെ മരണം ക്രിസ്തുവിന്റെ മരണത്തിലുള്ള പങ്കുചേരലും നിത്യജീവനിലേക്കുള്ള പ്രവേശനവുമാണ്. ക്രിസ്തുവിനോടൊപ്പം നമ്മള്‍ ഉയിര്‍പ്പിക്കപ്പെടുകയും ക്രിസ്തുവിലൂടെ, ക്രിസ്തുവിലും ദൈവമക്കളായി രൂപാന്തരപ്പെടുകയുംചെയ്യും.

തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി ദൈവശാസ്ത്ര അധ്യാപകനാണ് ലേഖകന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>