• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

2018 നവംബര്‍

By on November 2, 2018
10

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ മറവില്‍ ഒരു വിഭാഗം പത്രങ്ങളും ടിവി ചാനലുകളും മൂന്നു മാസത്തോളം കത്തോലിക്കാസഭയെയും അതിന്റെ നേതൃത്വങ്ങളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി സംഘടിതമായി നടത്തിയ അവഹേളനങ്ങളെയും വിചാരണയെയും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഒക്‌ടോബര്‍ ലക്കം ‘കേരള സഭ’. ഇന്നോളം ലഭിക്കാത്ത സ്വീകരണമാണ് പൊതുസമൂഹത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസി വായനക്കാരില്‍ നിന്നും പത്രത്തിന് ലഭിച്ചത്. സഭാ വിരോധികളും ചില മാധ്യമ പ്രവര്‍ത്തകരും സഭയിലെ ചില അസംതൃപ്തരും ചേര്‍ന്നുള്ള മാഫിയാസംഘം, സന്യാസവസ്ത്രം ധരിച്ച ഏതാനും സ്ത്രീകളെ കരുവാക്കി തെരുവുസമരം നടത്തിയതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍, വ്യാജ വാര്‍ത്തകളും ഏകപക്ഷീയമായ ടിവി ചര്‍ച്ചകളും കണ്ടും കേട്ടും വായിച്ചും മടുത്ത ജനം ‘കേരളസഭ’യിലൂടെ അധാര്‍മികമായ ആ മാധ്യമ ശൈലിക്കെതിരെ ശബ്ദമുയര്‍ത്തുകയായിരുന്നു.

തൃശൂര്‍ ജില്ലയിലും കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും വിതരണം ചെയ്യപ്പെട്ട ‘കേരളസഭ’യ്ക്ക് ലഭിച്ച അഭിനന്ദനത്തെ, അവഹേളിക്കപ്പെട്ട ഒരു സമൂഹം മാധ്യമങ്ങളുടെ മഞ്ഞപ്പത്ര സംസ്‌കാരത്തിനു നേരെ വിരല്‍ ചൂണ്ടി നടത്തിയ ഗര്‍ജനമായിരുന്നു.
എന്നാല്‍ പത്രങ്ങളെയും ചാനലുകളെയും അവയിലൂടെ കത്തോലിക്കാ സമൂഹത്തിനെതിരെ ആക്ഷേപങ്ങള്‍ വിളിച്ചുപറയുന്നവരെയും വിമര്‍ശിച്ചതില്‍ മനംനൊന്ത ചിലരുണ്ട്. അവര്‍ കത്തു വഴിയും ഫോണ്‍ വഴിയും പത്രങ്ങളിലൂടെയും പ്രതികരിച്ചു. ഇതില്‍ ചില ആക്റ്റിവിസ്റ്റുകളും വിശ്വാസി സമൂഹത്തില്‍പ്പെട്ടവരുമുണ്ട്. വിമര്‍ശനങ്ങളെ ‘കേരളസഭ’ സ്വാഗതം ചെയ്യുമ്പോഴും, അവയിലടങ്ങിയിട്ടുള്ള അസ്വീകാര്യമായ നിലപാടുകളെ ചൂണ്ടിക്കാട്ടാതെ നിശ്ശബ്ദമായിരിക്കാനാവില്ല.
പ്രതികരിച്ചവരില്‍ ഒരാളാണ് കോഴിക്കോട്ടു നിന്നുള്ള റിട്ട. അധ്യാപകനും ‘മനുഷ്യാവകാശ പ്രവര്‍ത്തകനു’മായ എം. എന്‍. കാരശ്ശേരി. അദ്ദേഹം പറയുന്നത്,ആശയങ്ങളെ നേരിടേണ്ടത് ആയുധം കൊണ്ടല്ല; ആശയങ്ങളെക്കൊണ്ടാണ്. പത്രത്തെ നേരിടേണ്ടത് സാമുദായിക വികാരം കൊണ്ടല്ല; ആശയങ്ങളെക്കൊണ്ടാണ്. പത്രത്തെ വിമര്‍ശിക്കുന്നത് ആത്മഹത്യാപരമാണ്.
പത്രങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം ഇടക്കിടെ ഓര്‍മിപ്പിക്കുന്ന പൊതുപ്രവര്‍ത്തകരുടെയും പരിസ്ഥിതി, മനുഷ്യാവകാശ, ലിംഗനീതി പ്രവര്‍ത്തകരുടെയും മാധ്യമങ്ങളോടുള്ള കൂറും പ്രതിപത്തിയും മനസ്സിലാക്കാം. എന്നാല്‍ സംവാദത്തിന്റെ പ്രാഥമിക തത്വങ്ങള്‍ പോലും അംഗീകരിക്കാതെ, വാര്‍ത്തകളെ വളച്ചൊടിച്ചും തങ്ങളുടെ സൗകര്യം പോലെ വക്രീകരിച്ചും മറച്ചുവച്ചും ഒറ്റപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിയുന്ന മാധ്യമ സംസ്‌ക്കാരത്തെ എങ്ങനെയാണ് നേരിടേണ്ടത്? എറണാകുളത്തു ചിലര്‍ സംഘടിപ്പിച്ച സന്യാസിനീ വേഷധാരികളുടെ സമരത്തില്‍ പങ്കെടുത്തവരും അതിനു പിന്തുണ പ്രഖ്യാപിച്ചു കോഴിക്കോട്ട് രാപ്പകല്‍ സമരം നടത്തിയ എം.എന്‍. കാരശ്ശേരിയെപ്പോലുള്ളവരും കുറ്റാരോപിതനായ വ്യക്തിയെ പ്രതിയാക്കി മുദ്ര കുത്തുകയും തെളിയിക്കപ്പെടാനുള്ള ആരോപണങ്ങളുടെ പേരില്‍ കുറ്റവാളിയായി പൊതുവേദിയില്‍ തേജോവധം ചെയ്യുകയുമല്ലേ ചെയ്തത്? കുറ്റോരോപിതനെ കുറ്റവാളിയാക്കി തേജോവധം ചെയ്യാന്‍ ഇവര്‍ക്ക് ആര് അധികാരം കൊടുത്തു? കന്യാസ്ത്രികളുടെ അവകാശത്തിനുവേണ്ടി ഉറക്കമിളച്ചവര്‍, കുറ്റാരോപിതന്റെ അവകാശങ്ങളെ എന്തുകൊണ്ട് ചവിട്ടിമെതിച്ചു? സമാന്തര കോടതി ചമഞ്ഞ് പരസ്യവിചാരണ നടത്തിയവരുടെ ലക്ഷ്യമെന്തായിരുന്നു? തട്ടമിട്ട കൊച്ചുകുട്ടികളെപ്പോലും സമരവേദിയില്‍ കൊണ്ടുവന്നു ബിഷപ്പിനെതിരെ ഒപ്പന പാടിച്ചത് എന്തിനായിരുന്നു? കന്യാസ്ത്രി വേഷധാരികള്‍ക്കുവേണ്ടി വിലപിച്ചവര്‍ മറുപടിപറയണം.
കത്തോലിക്കാ സമൂഹത്തെയും സഭയെയും അതിന്റെ വിശ്വാസാനുഷ്ഠാനങ്ങളെയും ചന്ത ഭാഷയില്‍ അവഹേളിച്ച മാധ്യമശൈലിക്ക് മുന്നില്‍ ഗീത ഉപദേശിച്ചതുകൊണ്ട് ഫലമില്ലെന്ന് അറിയാവുന്നതിനാലാണ് ‘കേരളസഭ’ ശക്തമായ രീതിയില്‍ പ്രതികരിച്ചത്.
പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും ആരെയും ഏതു വിധത്തിലും ആക്ഷേപിക്കാം, അവഹേളിക്കാം, വിചാരണചെയ്യാം, വിധിയെഴുതാം. അവയ്ക്ക് മറുപടി പറയാനോ വിശദീകരണം നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് അവസരം നല്‍കില്ല. ഈ അനീതിയാണ് ഇന്ന് മലയാള മാധ്യമങ്ങളുടെ ഏറ്റവും വലിയ ശാപം.
മലയാള മാധ്യമങ്ങളുടെ അധഃപതനം മുമ്പെങ്ങും ഇത്രത്തോളമുണ്ടായിട്ടില്ല. അതിന്റെ തെളിവാണ് അനുദിനം പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിച്ചിരിക്കുന്നവരാണിവര്‍. ജനാധിപത്യത്തില്‍ പൗരനുള്ള സ്വാതന്ത്ര്യമേ, മാധ്യമങ്ങള്‍ക്കുമുള്ളൂ. ആരെയും തേജോവധം ചെയ്യാം, ആരെയും കുറ്റവാളിയാക്കി പത്രപ്രചാരവും ടിവി റേറ്റിംഗും വര്‍ധിപ്പിക്കാം എന്ന ചിന്ത ഫാസിസ്റ്റ് മനസ്സിന്റെ രോഗാതുരമായ അവസ്ഥയാണ്.
തങ്ങള്‍ക്ക് എവിടെയും കടന്നുചെല്ലാം, ആരും തടയരുത്, ചോദിക്കരുത്, ഇഷ്ടമുള്ളത് എഴുതും, സംപ്രേഷണം ചെയ്യും എന്ന ആ ധാര്‍ഷ്ട്യത്തിനെതിരെ ഹൈക്കോടതി പോലും അവിടെ പതിറ്റാണ്ടുകളായി നിലവിലിരുന്ന മീഡിയ റൂം അടച്ചിട്ട് പ്രതികരിച്ചു. ഈയിടെ സുപ്രീം കോടതിയും മാധ്യമങ്ങളുടെ വഴിവിട്ട പോക്കിന്റെ പേരില്‍ പ്രസ് കൗണ്‍സില്‍ പോലെയുള്ള സംവിധാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.
ശബരിമലയില്‍ സംഭവിച്ചതും മാധ്യമങ്ങളുടെ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ്. ശബരിമലയില്‍ യുവതി പ്രവേശനം വിവാദമായി കത്തിനില്‍ക്കുമ്പോള്‍ അവിടത്തെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തുവത്രെ. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന ധാര്‍ഷ്ട്യമായിരുന്നു അത്.
മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം മാന്യന്മാരും മര്യാദക്കാരും സത്യധര്‍മാദികളുടെ സൂക്ഷിപ്പുകാരുമാണെന്ന മിഥ്യാധാരണ പൊളിച്ചടുക്കിയ സംഭവങ്ങള്‍ സമീപകാലത്ത് കുറച്ചൊന്നുമല്ല നടന്നത്. ‘പണം വാങ്ങി’ വാര്‍ത്ത സൃഷ്ടിക്കുന്ന ‘പെയ്ഡ് ന്യൂസ്’ രീതിയെപ്പറ്റി ‘കോബ്ര’ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം വെളിച്ചത്തുകൊണ്ടുവന്നത് ഈയിടെയാണ്. പത്രങ്ങള്‍ ചോദിക്കുന്ന പണം കൊടുത്താല്‍മതി ഏതു വാര്‍ത്തയും വളച്ചൊടിച്ച്, കൃത്രിമമായി സൃഷ്ടിച്ചു പണം നല്‍കിയ വ്യക്തിക്ക് അനുകൂലമായി പ്രചരിപ്പിക്കും. അതാണ് ‘പെയ്ഡ് ന്യൂസ്’.
കത്തോലിക്കാ വായനക്കാരുടെ ഇടയിലും ചില കാരശ്ശേരിമാരുണ്ട്. അവര്‍ക്ക് ‘കേരളസഭ’ യിലൂടെ പ്രകടിപ്പിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളും ടിവി ചര്‍ച്ചകളും ഈ ചെറിയ ന്യൂനപക്ഷത്തെ എത്രത്തോളം ആവേശിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇക്കൂട്ടരുടെ പ്രതികരണം.
ബിഷപ്പ് കുറ്റക്കാരനാണെന്ന് ചര്‍ച്ചകളിലും പത്രവാര്‍ത്തകളിലും നിന്നു തെളിഞ്ഞു കഴിഞ്ഞു എന്നാണ് ഈ ചെറിയ ന്യൂനപക്ഷം കരുതുന്നത്. മാത്രമല്ല, മുന്‍ ജഡ്ജി കെമാല്‍ പാഷയെപോലെയുള്ള ‘വലിയ വലിയ ആളുകള്‍’ അങ്ങനെ പ്രസംഗിച്ചിട്ടുമുണ്ടത്രെ. അതുകൊണ്ട് അത്തരം കാര്യങ്ങളെയോ അതു പറയുന്നവരേയോ വിമര്‍ശിക്കരുതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
പത്രങ്ങള്‍ക്കും ‘വലിയ ആളുകള്‍’ക്കും അപ്രമാദിത്വമുള്ളതായി അറിവില്ല. വലിയ ആളുകളായതുകൊണ്ടോ പത്രങ്ങളില്‍ അച്ചടിച്ചു വന്നതുകൊണ്ടോ ടിവിയില്‍ ചര്‍ച്ച ചെയ്തതുകൊണ്ടോ അസത്യങ്ങള്‍, സത്യങ്ങളാവില്ല. മാധ്യമങ്ങള്‍ക്കും അവയുടെ പിന്തുണയുള്ള ‘വലിയ ആളുകള്‍’ക്കും ബോധപൂര്‍വവും അറിവുകേടുമൂലവും തെറ്റുപറ്റാം. 24 വര്‍ഷത്തോളം കേരളത്തിലെ ചില പത്രങ്ങള്‍ കുറ്റക്കാരനായി പ്രതിക്കൂട്ടില്‍ നിര്‍ത്തി തേജോവധം ചെയ്ത ചാരക്കേസിലെ ഡോ. നമ്പി നാരായണന്‍ നിരപരാധിയായി പുറത്തുവന്നപ്പോള്‍, മാധ്യമങ്ങളുടെ ‘അപ്രമാദിത്വം’ ജനത്തിനു വ്യക്തമായല്ലോ.!
പത്രങ്ങളില്‍ അച്ചടിച്ചു വരുന്ന കാര്യങ്ങളൊക്കെ സത്യമാണെന്നു കരുതുന്നവര്‍ ഇന്നു പ്രത്യേകിച്ചു, മാധ്യമപ്രവര്‍ത്തനം കച്ചവടമായിക്കഴിഞ്ഞ ഇക്കാലത്ത് കത്തോലിക്കാ സമൂഹത്തിലും പുറത്തുമുണ്ടെന്നത് വിസ്മയകരമാണ്. കുറ്റാരോപിതനായ ബിഷപ്പിനെതിരേ ദിവസവും വാര്‍ത്തകള്‍ സൃഷ്ടിച്ചു വിട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹവും ജലന്തര്‍ രൂപതയും പരാതിക്കാരി അംഗമായ സന്യാസിനീ സമൂഹവും കേരള മെത്രാന്‍ സമിതിയും പുറപ്പെടുവിച്ച പ്രസ്താവനകള്‍ വെട്ടിച്ചുരുക്കിയും ഒതുക്കിയും വളച്ചൊടിച്ചും തലക്കെട്ടുകള്‍ വികലമാക്കിയും പ്രസിദ്ധീകരിച്ചതിനെ എന്തുകൊണ്ട് ഇവര്‍ ചോദ്യം ചെയ്തില്ല? ബിഷപ്പിനെ സഭ സംരക്ഷിക്കുന്നു, കന്യാസ്ത്രി കൊടുത്ത പരാതിയില്‍ എന്തുകൊണ്ട് സഭ നടപടിയെടുത്തില്ല എന്നൊക്കെ നിരന്തരം ചിലര്‍ ചോദിച്ചുകൊണ്ടിരുന്നപ്പോഴാണ് അവയ്ക്കുള്ള വ്യക്തമായ മറുപടിയുമായി ബന്ധപ്പെട്ടവര്‍ വന്നുകൊണ്ടിരുന്നത്. ആ മറുപടിയാണ് മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചത്. സമൂഹം ഇനിയെങ്കിലും തിരിച്ചറിയുക, അച്ചടിച്ചുവരുന്നവയില്‍ കതിരും പതിരുമുണ്ട്. പലപ്പോഴും പതിരുമാത്രമുള്ളവയുമുണ്ട്.
പ്രമുഖ പത്രപ്രവര്‍ത്തകനും 57 വര്‍ഷം ബ്രിട്ടനിലെ വിഖ്യാതമായ ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ പത്രത്തിന്റെ എഡിറ്ററുമായിരുന്ന സി.പി സ്‌ക്കോട്ടിന്റെ വാക്കുകള്‍ പുതുതലമുറ മാധ്യമ പ്രവര്‍ത്തകര്‍ മറക്കരുത്. ‘വാര്‍ത്തകള്‍ വിശുദ്ധമാണ്; വിശകലനങ്ങളില്‍ മാത്രമേ അഭിപ്രായം പറയാവൂ’. കച്ചവട താല്‍പര്യങ്ങളും പത്രപ്രചാരത്തിനും റേറ്റിംഗിനും വേണ്ടിയുള്ള കഴുത്തറുപ്പന്‍ മല്‍സരവും മാധ്യമരംഗം കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍, ജനാധിപത്യ -മതനിരപേക്ഷ മൂല്യങ്ങളുടെ കാവല്‍ നായ്ക്കളായിരിക്കേണ്ട മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പര്യക്കാരുടെയും കോര്‍പറേറ്റുകളുടെയും വളര്‍ത്തു നായ്ക്കളാവരുത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>