• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

വിരിക്കൂ പരവതാനി, വരട്ടെ നവോത്ഥാനം!

By on November 2, 2018
11

അവരെ കുറ്റം പറയരുത്; എല്ലാവര്‍ക്കും തോന്നാവുന്ന ഒരു സാധാരണ തോന്നലേ അവര്‍ക്കും ഉണ്ടായുള്ളൂ. അതിങ്ങനെയാണ്: സഭയുടെ പോക്ക് അത്ര ശരിയല്ല. അതുകൊണ്ട് ഒന്ന് പൊളിച്ചു പണിയണം. അതാണ് അവര്‍ എറണാകുളത്ത് പന്തല്‍ കെട്ടി നടത്തിയ സമരത്തില്‍ ആവശ്യപ്പെട്ടത്. കന്യാസ്ത്രികളെ പ്ലക്കാര്‍ഡ് പിടിപ്പിച്ച് ഇരുത്തിയെന്നേയുള്ളൂ. ലക്ഷ്യം വേറെയായിരുന്നു. അതുകൊണ്ടാണ് ‘ചര്‍ച്ച് ആക്ട്’ നടപ്പാക്കുക, ‘മെത്രാന്മാരുടെ വോട്ട് ബാങ്ക് മെത്രാന്മാര്‍ മാത്രം’എന്നൊക്കെ
പ്ലക്കാര്‍ഡില്‍ എഴുതിയത്. സഭയെ നവീകരിക്കുക. തീര്‍ത്തും നിര്‍ദ്ദോഷമായ ഒരു തോന്നല്‍.
സമ്മതിച്ചേ തീരൂ, സഭയുടെ നിയമങ്ങളും രീതികളും അല്‍പം കഠിനമാണ്. ആരെയും നിര്‍ബന്ധിക്കില്ലെന്നു മാത്രം; ഗുണദോഷിക്കും. പള്ളിയില്‍ പോകണം, കുമ്പസാരിക്കണം, കുര്‍ബാനയില്‍ പങ്കെടുക്കണം, പ്രമാണങ്ങള്‍ പാലിക്കണം, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, സ്വവര്‍ഗ വിവാഹം പാടില്ല, ഭ്രൂണഹത്യ പാടില്ല എന്നു തുടങ്ങി എത്രയെത്ര കാര്യങ്ങളാണ്! വൈദികര്‍ക്കാണെങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധം. സ്ത്രീകള്‍ വൈദികരാവാന്‍ പാടില്ല, കുമ്പസാരിപ്പിക്കാന്‍ പാടില്ല അങ്ങനെ വേറെയും. ഈ ‘അനീതികള്‍’ ചൂണ്ടിക്കാട്ടി പൊതുവേദികളില്‍ നിന്നു എത്ര പ്രസംഗിച്ചിട്ടും എഴുതിയിട്ടും പ്രചാരണം നടത്തിയിട്ടും കത്തോലിക്കാ പള്ളികളില്‍ ഇപ്പോഴും നിറയെ വിശ്വാസികളാണ്. മറ്റൊരിടത്തുമില്ലാത്ത കാഴ്ച. കുമ്പസാരിക്കാന്‍ വരുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ. വൈദികരെയും കന്യാസ്ത്രിമാരെയും മെത്രാന്മാരെയും കാണുമ്പോള്‍ വിശ്വാസികള്‍ ഓടിപ്പോകുന്നുമില്ല.
ചര്‍ച്ച് ആക്ട് കൊണ്ടുവന്ന് പള്ളി ഭരണത്തില്‍ കയ്യിട്ടുവാരാമെന്ന് വി.ആര്‍.കൃഷ്ണയ്യരുടെ കാലം മുതലേ കേള്‍ക്കുന്നതാണ്. പിന്നീട് ജോസഫ് പുലിക്കുന്നേലും കെ.ടി. തോമസ് ജഡ്ജിയും അച്യുതാനന്ദന്‍ സഖാവും അതേറ്റു പറഞ്ഞെങ്കിലും നടക്കുന്ന ലക്ഷണമില്ല…
ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു നടക്കുമ്പോഴാണ് ജലന്തറും കന്യാസ്ത്രിയും വീണുകിട്ടിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്ന കൂട്ടത്തില്‍ സഭയെ പിടിച്ചുകെട്ടാമോയെന്ന് നോക്കുക തന്നെ. അങ്ങനെയാണ് ഹൈക്കോടതിക്കു മുന്നിലെ സമരത്തില്‍ സര്‍വമാന സഭാ നവീകരണക്കാരും നവോത്ഥാനക്കാരും അടിഞ്ഞു കൂടിയത്.
വന്നവരൊന്നും അത്ര മോശക്കാരല്ല. ചുംബന സമരക്കാര്‍, പരിസ്ഥിതി വാദികള്‍, സ്വവര്‍ഗവിവാഹ വാദികള്‍, ലിംഗനീതിക്കാര്‍, സാദാ പുരോഗമനവാദികള്‍, സ്ത്രീപക്ഷ വാദികള്‍, മനുഷ്യാവകാശ പോരാളികള്‍, സന്യാസ വസ്ത്രമിട്ട ആണ്‍ -പെണ്‍ വിഭാഗക്കാര്‍, സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍, സ്വയം പുകഞ്ഞുനീറി കെട്ടുപോയവര്‍, മുന്‍ നക്‌സലൈറ്റുകള്‍, പണിയില്ലാ ജഡ്ജിമാര്‍, കത്തിത്തീര്‍ന്ന രാഷ്ട്രീയക്കാര്‍, സിനിമാ നടികള്‍, സാഹിത്യ ശിരോമണികള്‍ തുടങ്ങി വലിയ വലിയ ആളുകളാണ് സഭയെ നവീകരിക്കാനുള്ള യത്‌നത്തില്‍ അണിനിരന്നത്.
എന്തൊക്കെയായാലും സഭയെ നവീകരിക്കണമെന്ന് തോന്നിയതില്‍ ഇവരെയൊന്നും കുറ്റം പറയാനാവില്ല. സഭയെന്ന വലിയ കുടുംബത്തിലെ മെത്രാന്മാരും വൈദികരും സന്യസ്തരും കോടിക്കണക്കിന് വിശ്വാസികളും ചെയ്യുന്ന നല്ല കാര്യങ്ങളെ കാണാതെ, അവരുടെ ചെറിയ പാകപ്പിഴകള്‍ മാത്രം കണ്ട് സഭയെ മാറ്റിമറിക്കണം എന്നു പറയുന്നതിലെ ഗുട്ടന്‍സ് നമുക്ക് മനസ്സിലാകുന്നില്ലെന്നു മാത്രം.
കത്തോലിക്കാസഭയെപ്പറ്റി, അതിന്റെ ചരിത്രത്തെപ്പറ്റി, അതിന്റെ ജീവിത ദര്‍ശനങ്ങളെപ്പറ്റി കേട്ടുകേള്‍വി മാത്രമുള്ള ചില പത്രക്കാരും ചില മുന്‍കന്യാസ്ത്രികളും കപടദാര്‍ശനികരും നല്‍കുന്ന വിവരങ്ങളാണ് നവോത്ഥാന വാദികളുടെ കൈമുതല്‍. അതുകൊണ്ടാണ് സ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെയെന്നു തുടങ്ങിയ വിഡ്ഢിത്തങ്ങളുടെ കെട്ടുകാഴ്ച.
ഇങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ സഭയെ നവീകരിക്കാന്‍ ഇറങ്ങിപുറപ്പെട്ട പലരും ചരിത്രത്തിലുണ്ട്. 1483 ല്‍ ജനിച്ചു 1546ല്‍ മരിച്ച ജര്‍മനിയിലെ വൈദികന്‍ മാര്‍ട്ടിന്‍ ലൂതര്‍ അങ്ങനെയൊരാളാണ്. സഭയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസമൂല്യങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയ കക്ഷി കുമ്പസാരത്തെയും പാപമോചനത്തെയും മറ്റും ചോദ്യം ചെയ്തു. ടിയാന്റെ ശിഷ്യന്മാരായിരുന്ന സ്വിംഗ്‌ളിയും ജോണ്‍ കാല്‍വിനും ശ്രമിച്ചു സഭയെ നവീകരിക്കാന്‍. സ്വന്തം നിലപാടുകള്‍ക്കനുസരിച്ച് സഭയെ വരുതിയിലാക്കുകയെന്നതായിരുന്നു ഇവരുടെയും ശ്രമം.
പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ഹെന്‍ട്രി എട്ടാമന്‍ രാജാവും സഭയ്‌ക്കെതിരെ നവീകരണ വാളുയര്‍ത്തി. സ്വന്തം ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ഹെന്‍ട്രിയുടെ ആവശ്യം. വിവാഹമെന്ന കൂദാശയുടെ പവിത്രതയെ അപഹസിക്കുന്ന ആ രണ്ടാം വിവാഹത്തിന് സഭ അനുമതി കൊടുത്തില്ല. അതോടെ ഹെന്‍ട്രി സ്വന്തം സഭ സ്ഥാപിച്ചു. അങ്ങനെയുണ്ടായതാണ് ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ. സഭയെ നവീകരിക്കാന്‍ പറ്റിയില്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ നേടാനുള്ള ഒരു മിനിമം പരിപാടി മനസ്സിലുണ്ടായാല്‍ മതി. ഉള്ളതുകൊണ്ട് ഓണം പോലെ.
പണ്ട് ഗ്രീസില്‍ ജീവിച്ചിരുന്ന എസ്‌കിലസ് എന്ന ഒരു ജ്ഞാനി, നാടു നന്നാക്കാനുള്ള ഒരു സൂത്രപ്പണി പറഞ്ഞുവച്ചിട്ടുണ്ട്. വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക. അതായത്, ആദ്യം സ്വയം നന്നാവുക. അപ്പോള്‍ നാടും സഭയുമൊക്കെ താനേ നന്നായിക്കൊള്ളും. എല്ലാവരും നന്നായിട്ട് ഞാന്‍ നന്നായിക്കൊള്ളാം എന്നു പറയുന്നത് ഒരു തരം രക്ഷപ്പെടലാണ്.

തിരഞ്ഞെടുപ്പ് അടുത്തെത്തി,
അവര്‍ ഭയങ്കര തിരക്കിലാണ്!
പറഞ്ഞിട്ടെന്തു കാര്യം, സമയം കിട്ടണ്ടേ? രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ നിന്നു തിരിയാന്‍ നേരമില്ല. പിന്നെങ്ങനെ പ്രളയദുരിതം, പുനരധിവാസം, പെട്രോള്‍ – ഡീസല്‍ വിലക്കയറ്റം, നിത്യോപയോഗ സാധന വില വര്‍ധന, തകര്‍ന്ന റോഡുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടും? മന്ത്രിസഭയെ വലിച്ചു താഴെയിടുമെന്ന് ഹിന്ദിയില്‍ ഭീഷണിപ്പെടുത്തി അമിത്ഷാജി വന്നു പോയി. ഹിന്ദിയിലായതുകൊണ്ട് സംഗതിയുടെ ഗൗരവം പലര്‍ക്കും മനസ്സിലായില്ല എന്നേയുള്ളൂ. ഇനി വരുന്നൂ, കക്ഷിയുടെ അണികള്‍ നടത്തുന്ന രഥയാത്ര. കോണ്‍ഗ്രസും ഇടതു മുന്നണിയും നാടെങ്ങും വിശദീകരണ യോഗങ്ങള്‍ നടത്തുന്നു. നാലു വോട്ട് കിട്ടുന്ന കാര്യമാണ് ശബരി മലയിലെ പ്രശ്‌നങ്ങള്‍. ‘ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്’- നല്ല കാര്യം. പക്ഷേ, അത് വിളിച്ചു പറയാതെ വഴിയരികില്‍ കയ്യുംകെട്ടി നോക്കി നിന്നാല്‍, മണ്ണും ചാരി നിന്നവന്‍ പെണ്ണിനെയും കൊണ്ടുപോയെന്നു പറഞ്ഞതു പോലെയാകും. അതുകൊണ്ടാണ്, നാട്ടുകാരെ മറന്നും നേതാക്കള്‍ വോട്ട് ചാക്ക് നിറയ്ക്കാനുള്ള നെട്ടോട്ടം നടത്തുന്നത്. പാവം, ജനം!… അവരിങ്ങനെ നാഥനില്ലാതെയായല്ലോ…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>