• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ചെമ്മണ്ടയിലെ ക്രൈസ്തവ ജീവിതചരിത്രം 57 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

By on November 2, 2018
12

 

അര നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച ചെമ്മണ്ട ലൂര്‍ദ്ദ് മാത ഇടവകയുടെ ചരിത്രം ആ കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും നാള്‍വഴി കൂടിയാണ്.

ലളിതമായ തുടക്കം; അതിവേഗം വളര്‍ച്ച. 1961 ഒക്‌ടോബര്‍ 14 മുതല്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 14 വരെയുള്ള 57 വര്‍ഷത്തെ വിശ്വാസ യാത്രയുടെ ആവേശകരമായ ചരിത്രമാണ് ചെമ്മണ്ട ലൂര്‍ദ്ദ്മാത ഇടവകയുടേത്. പൊറത്തൂര്‍, ആലപ്പാട്ട്, പുള്ള് പ്രദേശങ്ങളില്‍ നിന്നു കുടിയേറി താമസിച്ചിരുന്നവരുടെ കാര്‍ഷിക മേഖലയായിരുന്നു ചെമ്മണ്ട ഗ്രാമം. പഴുവില്‍, മാപ്രാണം പള്ളികളിലായിരുന്നു അക്കാലത്ത് ഇവിടത്തെ വിശ്വാസികള്‍ ആത്മീയാവശ്യങ്ങള്‍ക്കായി പോയിക്കൊണ്ടിരുന്നത്.

ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് മാപ്രാണം പള്ളി വികാരിയായിരുന്ന ആലപ്പാടന്‍ കീറ്റിക്കല്‍ കുടുംബാംഗം ഗീവര്‍ഗീസ് കത്തനാര്‍ ചെമ്മണ്ടയില്‍ ഇപ്പോഴത്തെ പള്ളിയുടെ മുന്‍ഭാഗത്തായി കൊച്ചി മഹാരാജാവില്‍ നിന്നു ലഭിച്ച 10 സെന്റ് സ്ഥലത്ത് ഒരു കപ്പേള നിര്‍മിച്ചു. അമലോത്ഭവ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ച ഈ വണക്കമാസ കപ്പേളയില്‍ നിലത്തെഴുത്തും നമസ്‌കാരങ്ങളും പഠിപ്പിച്ചിരുന്നു. മേയ് മാസത്തിലെ വണക്കമാസ തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാളുമായിരുന്നു ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.
ക്രൈസ്തവ കുടുംബങ്ങള്‍ വര്‍ധിച്ചതോടെ കപ്പേളയുടെ സ്ഥാനത്ത് പള്ളി നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നു. അങ്ങനെ കപ്പേളപ്പറമ്പിനോട് ചേര്‍ന്നു 10 സെന്റ് സ്ഥലം കൂടി വാങ്ങി. അവിടെ വികാരി ഫാ. ജോര്‍ജ് പോന്നോക്കാരന്റെ നേതൃത്വത്തില്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് പള്ളിക്ക് തറക്കല്ലിട്ടു. ഫാ. ജോണ്‍ മാളിയേക്കലിന്റെ നേതൃത്വത്തില്‍ നിര്‍മാണം പുരോഗമിച്ച പള്ളി 1961 ഒക്‌ടോബര്‍ 14 ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് വെഞ്ചരിച്ചു. 1962 ല്‍ സ്വതന്ത്ര ഇടവകയാവുകയും ഫാ. ജോണ്‍ ചിറമ്മല്‍ പ്രഥമ വികാരിയാവുകയും ചെയ്തു. പിന്നീട് വികാരി ഫാ. ജോസഫ് പറനിലത്തിന്റെ കാലത്ത് പള്ളിയുടെ തെക്ക് ഭാഗത്ത് മേച്ചേരി അന്തോണി പൊറിഞ്ചു അഞ്ചു സെന്റ് സ്ഥലം ദാനം ചെയ്തു. പള്ളിയുടെ വടക്കേപറമ്പും വാങ്ങി ഇരു സ്ഥലങ്ങളും സംയോജിപ്പിച്ചു. 1978 ല്‍ ഫാ. ആന്റണി തേക്കാനത്തിന്റെ നേതൃത്വത്തില്‍ സെമിത്തേരിയും 1981 ല്‍ ഫാ. ജോസഫ് മാളിയേക്കലിന്റെ നേതൃത്വത്തില്‍ വൈദിക മന്ദിരവും നിലവില്‍ വന്നു. നടപ്പുരയുടെ പണിയും ഇക്കാലത്ത് ആരംഭിച്ചു. ഫാ. ഫ്രാന്‍സിസ് കൊടിയന്റെ കാലത്ത് നടപ്പുരയും മണിമാളികയും പൂര്‍ത്തിയായി; ഫാ. തോമസ് കൂട്ടാല വികാരിയായിരിക്കേ പാരിഷ് ഹാളും.
പുതിയ ദൈവാലയം
പുതിയ ദൈവാലയം 2005 ജനുവരി 23 ന് മാര്‍ ജയിംസ് പഴയാറ്റില്‍ ആശിര്‍വദിച്ചു. ഫാ. വിന്‍സെന്റ് പാറയിലാണ് പള്ളി നിര്‍മാണത്തിന് ഇടവക ജനത്തിന് നേതൃത്വം നല്‍കിയത്. വികാരി ജനറലായിരുന്ന ഫാ. ജോസ് കാവുങ്ങല്‍ വൈദിക മന്ദിരവും മണിമാളികയും നവീകരിച്ചു.
ഇടവകയിലെ ആത്മീയ ജീവിതത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും നിര്‍ണായക ഘടകമായി നിലകൊള്ളുന്ന ക്ലെയര്‍ ഭവന്‍ ക്ലാരിസ്റ്റ് മഠം 1983 ലാണ് ആരംഭിച്ചത്. തൃശൂര്‍ രൂപതയുടെ വികാരി ജനറലായിരുന്ന മോണ്‍. ജോണ്‍ മാളിയേക്കല്‍ ഇതിനു സഹായ സഹകരണങ്ങള്‍ നല്‍കി.
മഠത്തിനോടു ചേര്‍ന്നുള്ള സോഷ്യല്‍ സെന്റര്‍ നിരവധി യുവതികള്‍ക്ക് പരിശീലനം നല്‍കി ജോലി സാധ്യതകള്‍ തുറന്നുകൊടുത്തു.
ഫാ. ഫ്രാന്‍സിസ് കാവിലാണ് 2006 ജനുവരി 18 ന് ഇവിടെ താമസിച്ച് ശുശ്രൂഷ ആരംഭിച്ച ആദ്യത്തെ വികാരി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ കപ്പേള രൂപം കൊണ്ടു.
അര നൂറ്റാണ്ടിലേറെ ദീര്‍ഘിച്ച ചെമ്മണ്ട ലൂര്‍ദ്ദ് മാത ഇടവകയുടെ ചരിത്രം ആ കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും നാള്‍വഴി കൂടിയാണ്.
ആധ്യാത്മിക ചൈതന്യം ഹൃദയത്തില്‍ സംവഹിക്കുന്ന ഒരു ജനപദം വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളില്‍ ബഹുദൂരം സഞ്ചരിച്ചതിന്റെ മധുരഫലങ്ങളാണ് ഇപ്പോള്‍ ഇടവകയിലും അതുള്‍ക്കൊള്ളുന്ന പൊതുസമൂഹത്തിലും നാം കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>