• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on November 2, 2018
13

വ്യക്തികളുടെ വീഴ്ചകളെ ഉയര്‍ത്തിക്കാട്ടി സഭയെ മുഴുവന്‍ താറടിക്കുന്ന  പ്രവണത പുതിയ മതപീഡനമാണെന്ന് സിനഡില്‍ ഫ്രാന്‍സിസ് പാപ്പ

പ്രത്യേക ലേഖകന്‍

വത്തിക്കാന്‍ സിറ്റി : സഭയെ കരിതേച്ചു കാട്ടാനുള്ള നിരന്തരമായ ശ്രമങ്ങളെ ആധുനിക കാലത്തെ മതപീഡനമായി കാണണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തോടെ മെത്രാന്മാരുടെ സിനഡിന് സമാപനം. മധ്യപൂര്‍വദേശ രാഷ്ട്രങ്ങളിലും മറ്റു ചില രാഷ്ട്രങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ മതപീഡനങ്ങളുണ്ട്. എന്നാല്‍ ലൈംഗികാപവാദങ്ങളുടെ പേരില്‍ സഭയെ തകര്‍ക്കാനും സഭയുടെ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താനുമുള്ള പുതിയ രീതിയിലുള്ള മതപീഡനമാണ് ഇന്നു വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് പാപ്പ പറഞ്ഞു.

ലോകത്തെ 130 രാജ്യങ്ങളില്‍ നിന്നുള്ള 350 പ്രതിനിധികളാണ് സിനഡില്‍ പങ്കെടുത്തത്. കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളും അടങ്ങിയതായിരുന്നു സിനഡ് അംഗങ്ങള്‍. ചൈനയില്‍ നിന്നുള്ള രണ്ടു മെത്രാന്മാരും ഇതില്‍ ഉള്‍പ്പെടും.
ഫ്രാന്‍സിസ് പാപ്പ പറഞ്ഞു: ‘സഭയുടെ നൈര്‍മല്യം നിലനില്‍ക്കുന്നു. ചെളി പുരണ്ടിരിക്കുന്നത് മക്കള്‍ക്കാണ്; സഭാമാതാവിനല്ല. നമ്മുടെ മാതാവായ സഭ പരിശുദ്ധയാണ്; എന്നാല്‍ മക്കളായ നമ്മളാണ് പാപികള്‍. നമ്മുടെ പാപങ്ങള്‍മൂലം പിശാച് നേട്ടം കൊയ്യുന്നു. ജോബിന്റെ പുസ്തകത്തില്‍ മറഞ്ഞിരിക്കുന്ന ആ വലിയ പരദൂഷകനെപ്പറ്റി പറയുന്നുണ്ട്. അവന്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുകയാണ്. അവന്‍ ഈ നിമിഷം നമ്മെ നോക്കി കുറ്റങ്ങള്‍ ആരോപിക്കുന്നു. ആ കുറ്റാരോപണങ്ങളാണ് യഥാര്‍ഥത്തിലുള്ള മതപീഡനങ്ങളായി രൂപപ്പെടുന്നത്.’
വിവിധ രാജ്യങ്ങളില്‍ ലൈംഗികാരോപണങ്ങളുടെ പേരിലുണ്ടായ സംഭവങ്ങളെ സൂചിപ്പിച്ച പാപ്പ പറഞ്ഞു: വ്യക്തികളുടെ വീഴ്ചകളെ സഭയുടെ പരാജയങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നതിനെതിരെ നാം ജാഗ്രത പുലര്‍ത്തണം. സഭാമാതാവിനു വേണ്ടി പ്രാര്‍ഥിക്കുക. ഒക്‌ടോബറില്‍ ലോക വ്യാപകമായി ജപമാല ചൊല്ലി പ്രാര്‍ഥിച്ചത് തുടരുക – അദ്ദേഹം ആഹ്വാനം ചെയ്തു.
വിശ്വാസത്തിന്റെ തീര്‍ത്ഥയാത്രയില്‍ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. മറ്റുള്ളവരെ ശ്രവിക്കുക, മറ്റുള്ളവര്‍ക്ക് നല്ല അയല്‍ക്കാരനായിരിക്കുക, ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക – ഇതാണ് ആ മൂന്നു കാര്യങ്ങള്‍.
യുവജനങ്ങളെ മുഖ്യവിഷയമാക്കിയായിരുന്നു സിനഡ്. അതിന്റെ സമാപനരേഖ സഭയില്‍ യുവജനങ്ങളുടെയും സ്ത്രീകളുടെയും വര്‍ധിച്ചുവരുന്ന പങ്കാളിത്തം ചൂണ്ടിക്കാട്ടി. ഇനിയും സമസ്ത മേഖലകളിലും ഇത് കൂടുതല്‍ വ്യാപകവും ആഴമേറിയതുമാക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു.
ലൈംഗിക ചൂഷണങ്ങള്‍, കുടിയേറ്റം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കല, സംഗീതം, കായികം, അക്രമങ്ങളും പീഡനങ്ങളും, വിദ്യാഭ്യാസം, വൈദിക വിദ്യാര്‍ഥി പരിശീലനം, ഇടവക സമൂഹങ്ങളെ നവീകരിക്കുന്നതില്‍ യുവജനങ്ങളുടെ പങ്ക്, ക്രൈസ്തവ ജീവിതത്തില്‍ ആരാധനാക്രമത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളും സിനഡിന്റെ സമാപനരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>