• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on November 2, 2018
14

 

 

സത്യത്തിന്റെ ഗര്‍ജനം കേട്ടുണര്‍ന്ന് കത്തോലിക്കാ സമൂഹം; ‘കേരളസഭ’യ്ക്ക് അഭിനന്ദന പ്രവാഹം

 

സ്വന്തം ലേഖകന്‍

 

ഇരിങ്ങാലക്കുട : ജലന്തര്‍ ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ മറയാക്കി കത്തോലിക്കാ സഭയെയും വിശ്വാസി സമൂഹത്തെയും മൂന്നുമാസക്കാലം അടച്ചാക്ഷേപിച്ച മാധ്യമങ്ങളുടെയും അവര്‍ പിന്തുണച്ച സഭാവിരോധികളുടെയും ഗൂഢാലോചന തുറന്നു കാട്ടിയ ‘കേരളസഭ’യ്ക്ക് അഭിനന്ദന പ്രവാഹം.
ഇരിങ്ങാലക്കുട രൂപതയുടെ അഭിജാത പ്രസിദ്ധീകരണമായ പത്രത്തിന്റെ ഒക്‌ടോബര്‍ ലക്കത്തില്‍ ഏഴോളം പേജുകളിലായാണ് മാധ്യമ – വര്‍ഗീയ – സഭാവിരോധി മാഫിയയുടെ ഉള്ളറകളെ തുറന്നുകാട്ടിയത്. ബിഷപ്പിന്റെ അറസ്റ്റിന്റെ ന്യായാന്യായങ്ങളോ അദ്ദേഹത്തെ നിരപരാധിയായി ചിത്രീകരിക്കുകയോ ആയിരുന്നില്ല ഇരുപത്തഞ്ചോളം വാര്‍ത്താ വിശകലനങ്ങളുടെ ലക്ഷ്യം.
കുറ്റാരോപിതനായ വ്യക്തി ക്രൈസ്തവനായതുകൊണ്ടും മെത്രാനായതുകൊണ്ടും അത് മറയാക്കി കത്തോലിക്കാ സമൂഹത്തെ മുഴുവന്‍ അവഹേളിക്കുകയും വിശ്വാസ മൂല്യങ്ങളെയും പൗരോഹിത്യത്തെയും സന്യാസ ജീവിതത്തെയും അവമതിക്കുകയും ചെയ്യുന്ന മാധ്യമ തീവ്രവാദികളെയും സാമൂഹിക, സാംസ്‌ക്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് വീമ്പടിക്കുന്ന കപട സഭാ നവീകരണ വാദികളെയും അവരുടെ ഗൂഢലക്ഷ്യങ്ങളെയും പത്രത്താളുകളില്‍ പൊളിച്ചുകാട്ടി.
കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ സാധാരണ സ്വീകരിക്കാറുള്ള മൃദുഭാഷയും ആരെയും നോവിക്കാതെയുള്ള അവതരണരീതിയും പഴങ്കഥയാക്കി ‘കേരളസഭ’ വളച്ചുകെട്ടലുകളില്ലാതെ സത്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സമൂഹവും സഭാ നേതൃത്വവും തങ്ങള്‍ പറയാനാഗ്രഹിച്ചത് ഈ പത്രത്തിലൂടെ പുറത്തുവന്നതില്‍ അഭിമാനിക്കുകയായിരുന്നു.
അധാര്‍മികമായ മാധ്യമവിചാരണയ്‌ക്കെതിരെ പ്രതികരിക്കുക, അല്ലെങ്കില്‍ തലതാഴ്ത്തി നടക്കുകയെന്ന മുന്നറിയിപ്പ് സ്വീകരിച്ചു നിരവധി കത്തോലിക്കാ കുടുംബങ്ങളും സന്യാസ സ്ഥാപനങ്ങളും ക്രൈസ്തവ വിരുദ്ധ പത്രങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.
‘കേരളസഭ’ വിതരണത്തിന് എത്തിയ ഒക്‌ടോബര്‍ ഒന്നിന് മുമ്പേ തന്നെ അതു സോഷ്യല്‍ മീഡിയയിലും പത്രങ്ങളിലും ചര്‍ച്ചയായി. കേരളമെമ്പാടു നിന്നും ‘കേരളസഭ’ ഓഫീസിലേക്ക് പത്രത്തിന്റെ കോപ്പികള്‍ ആവശ്യപ്പെട്ട് അന്വേഷണങ്ങള്‍ എത്തി.
ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയിലും മറ്റു രൂപതകളിലെ തിരഞ്ഞെടുക്കപ്പെട്ട പള്ളികളിലും സ്ഥാപനങ്ങളിലും മാത്രം വിതരണം ചെയ്യാറുള്ള പത്രത്തിന്റെ കൂടുതല്‍ കോപ്പികള്‍ ഇത്തവണ സംസ്ഥാന വ്യാപകമായി എത്തിച്ചു.
തൃശൂര്‍ അതിരൂപത നടത്തിയ സമര്‍പ്പിത സംഗമത്തില്‍ മാത്രം ആയിരത്തോളം കോപ്പികള്‍ വിതരണം ചെയ്തു. ‘കേരളസഭ’യുടെ ധീരനിലപാടിനെ അഭിനന്ദിച്ചുകൊണ്ടും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും നിരവധി കത്തുകളും ഫോണ്‍ സന്ദേശങ്ങളും ലഭിച്ചു.
നന്മയുടെ സംസ്‌ക്കാരം പടുത്തുയര്‍ത്തുകയെന്ന ഉന്നത ദൗത്യമാണ് ‘കേരളസഭ’ നിര്‍വഹിക്കുന്നതെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മിഷന്‍ സെക്രട്ടറി റവ.ഡോ. തോമസ് വടക്കേല്‍ അഭിനന്ദിച്ചു.
സത്യത്തിന്റെ ഗര്‍ജനമായി ‘കേരളസഭ’ ഇനിയും കേരളത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ മുന്നേറട്ടെയെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീനയും, ‘കേരളസഭ’യുടെ ധീരനിലപാടിനൊപ്പം രൂപതയിലെ വിശ്വാസി സമൂഹമുണ്ടെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫും ആശംസിച്ചു.
ഏകപക്ഷീയവും നീചവുമായ മാധ്യമ വിചാരണയിലൂടെ കയ്യും വായും കൂട്ടിക്കെട്ടി ബന്ദിയാക്കപ്പെട്ട കത്തോലിക്കാ സമൂഹം ‘കേരളസഭ’യിലൂടെ അവരുടെ ശബ്ദം വീണ്ടെടുക്കുകയായിരുന്നെന്നും സത്യത്തിനുവേണ്ടിയുള്ള ധര്‍മസമരം ഇനിയും തുടരുമെന്നും മാനേജിംഗ് എഡിറ്റര്‍ ഫാ. വില്‍സണ്‍ ഈരത്തറ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>