മോതിരക്കണ്ണി

By on December 1, 2018
7

ഭൗതിക ജീവിതവും വിശ്വാസ ജീവിതവും ഒന്നിച്ചു വളര്‍ന്നു മുന്നേറിയ കഥയാണ് മോതിരക്കണ്ണിയെന്ന ഗ്രാമത്തിന്റെ പൂര്‍വകാല ചരിത്രം.

കിഴക്കന്‍ മലയോരത്തിന്റെ മടിത്തട്ടിലാണ് മോതിരക്കണ്ണി. തൃശൂര്‍ ജില്ലയുടെ വിസ്തൃതമായ കുടിയേറ്റ മേഖലയിലൊന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ ഗ്രാമം. ഫലഭൂയിഷ്ഠമായ മണ്ണും തേടിയുള്ള യാത്രയില്‍ നിരവധിപേര്‍ ഇവിടെയുമെത്തി. സമീപ പ്രദേശങ്ങളില്‍ നിന്നു വന്ന അവരൊക്കെ ഏറെയും കര്‍ഷകരായിരുന്നു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലായുള്ള അവര്‍ കാലക്രമത്തില്‍ മണ്ണില്‍ പൊന്നുവിളയിച്ചു. അതോടൊപ്പം ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകളും അവര്‍ മണ്ണിലും മനസ്സിലും വിതച്ചപ്പോള്‍, അവിടെയെല്ലാം ക്രൈസ്തവ ജീവിതത്തിന്റെ മുളപൊട്ടി പടര്‍ന്നു. വിശ്വാസത്തിന്റെ വളക്കൂറുള്ള മണ്ണില്‍ അധ്വാനത്തിന്റെ തയമ്പുള്ള അവരുടെ കൈകളെ ദൈവമാണ് പിടിച്ചു നടത്തിയത്. അങ്ങനെ ഭൗതിക ജീവിതവും വിശ്വാസ ജീവിതവും ഒന്നിച്ചു വളര്‍ന്നു മുന്നേറിയ കഥയാണ് മോതിരക്കണ്ണിയെന്ന ഗ്രാമത്തിന്റെ പൂര്‍വകാല ചരിത്രം.
ഏതാണ്ട് എണ്‍പത് കത്തോലിക്കാ കുടുംബങ്ങളാണ് അക്കാലത്ത് മോതിരക്കണ്ണിയെന്ന മലയോര ഗ്രാമത്തിലുണ്ടായിരുന്നത്. കുറ്റിക്കാട് ഇടവകയുടെ വിശാലമായ പരിധിയിലായിരുന്നു മോതിരക്കണ്ണി. ദിവ്യബലിയില്‍ പങ്കെടുക്കാനും മറ്റ് ആത്മീയാവശ്യങ്ങള്‍ക്കും വേണ്ടി അവര്‍ക്ക് സഞ്ചരിക്കേണ്ടിയിരുന്നത് കിലോമീറ്ററുകള്‍. ഇന്നത്തെപ്പോലെ വാഹനസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പലര്‍ക്കും ഞായറാഴ്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ മാത്രമേ ഇത്രയും ദൂരം സഞ്ചരിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
ഈ സാഹചര്യം കണ്ടറിഞ്ഞ ചക്കാലമറ്റത്ത് കുഞ്ഞുവറീത് രണ്ടു സെന്റ് സ്ഥലം കുറ്റിക്കാട് പള്ളി വികാരിയുടെ പേരില്‍ ദാനം ചെയ്യുകയും അവിടെ വിശുദ്ധ ഗീവര്‍ഗീസിന്റെ നാമത്തില്‍ ഒരു കപ്പേള പണിതുകൊടുക്കുകയും ചെയ്തു. ആ മലയോര പ്രദേശത്തെ ആദ്യത്തെ വിശ്വാസ ഗോപുരമായി മാറിയ കപ്പേള. അവിടെ ആ കൊച്ചു വിശ്വാസി സമൂഹം വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങി. പിന്നീട് 1959 ല്‍ ഇവിടത്തെ നൂറോളം കുടുംബങ്ങള്‍ കുറ്റിക്കാട് വികാരി ഫാ. തോമസ് താടിക്കാരനെ തങ്ങളുടെ ആഗ്രഹമറിയിച്ചു. മോതിരക്കണ്ണിയില്‍ ഒരു ദൈവാലയം. തങ്ങളുടെ ആഗ്രഹ സാക്ഷാത്ക്കാരത്തിനായി ഒറ്റക്കെട്ടായി നീങ്ങാന്‍ അവര്‍ തീരുമാനിച്ചു. വടക്കുമ്പാടന്‍ വറീത് കുഞ്ഞുവറീതായിരുന്നു ഇക്കാര്യത്തില്‍ അവര്‍ക്ക് നേതൃത്വം നല്‍കിയത്.
സ്വപ്‌ന സാക്ഷാത്ക്കാരം
ദൈവത്തിന് ഒരാലയം. ഇതിനുവേണ്ടി 1960 ല്‍ വടക്കുമ്പാടന്‍ വറീത് കുഞ്ഞുവറീത്, പോട്ടക്കാരന്‍ ഉതുപ്പ് ചെറിയ, ചക്കാലമറ്റത്ത് ഉതുപ്പ് കുഞ്ഞിപ്പാലു, വടക്കുമ്പാടന്‍ ആഗസ്തി കൊച്ചാപ്പു എന്നിവര്‍ ചേര്‍ന്ന് 4000 രൂപയ്ക്ക് 56 സെന്റ് സ്ഥലം വാങ്ങി പള്ളി നിര്‍മാണത്തിന് ദാനമായി നല്‍കി. തൃശൂര്‍ മെത്രാന്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് പള്ളിപണിക്ക് അനുമതി നല്‍കി. അങ്ങനെ ഫാ. തോമസ് താടിക്കാരന്റെ നേതൃത്വത്തില്‍ 1961 ല്‍ സെന്റ് ജോര്‍ജ് പള്ളി യാഥാര്‍ഥ്യമാവുകയും ചെയ്തു. അധ്വാനിക്കുന്ന ഒരു ജനത ജീവിതം കെട്ടിപ്പടുത്തപ്പോള്‍ അതിന്റെ കേന്ദ്രസ്ഥാനത്ത് ദൈവാലയവും വേണമെന്ന് ഉറപ്പിച്ചപ്പോള്‍, ദൈവം കലവറയില്ലാതെ അവരെ അനുഗ്രഹിച്ചതിന്റെ ഇന്നലെകളാണ് മോതിരക്കണ്ണിയുടെ പൈതൃകം.
മലനിരകളില്‍ വികസനത്തിന്റെ വെളിച്ചം പരന്നപ്പോള്‍ ആത്മീയതയുടെ കരുത്തും കെട്ടുറപ്പും മോതിരക്കണ്ണിയുടെ വളര്‍ച്ച ദ്രുതഗതിയിലാക്കി. 1969 ല്‍ സെമിത്തേരിയും പിന്നീട് വൈദിക മന്ദിരവും മതബോധന ഹാളും ഇടവകയ്ക്ക് മുതല്‍ കൂട്ടായി. 2000 -ാമണ്ടില്‍ ഫാ. ബെന്നി അരിമ്പുള്ളിയുടെ നേതൃത്വത്തില്‍ സെമിത്തേരി വിപുലീകരിക്കുകയും ചെയ്തു. 1974 ഓഗസ്റ്റ് 15 ന് ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. കുറ്റിക്കാട് പള്ളിവികാരി ഫാ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു പ്രഥമ വികാരി. ഇടവകയില്‍ താമസിച്ചു ആധ്യാത്മിക നേതൃത്വം നല്‍കാനായി 1983 ല്‍ വികാരിയായി ഫാ. പിയൂസ് ചിറ്റിലപ്പിള്ളി നിയമിതനായി. വളര്‍ച്ചയുടെ പാതയില്‍ ബഹുദൂരം മുന്നോട്ടുപോയ മോതിരക്കണ്ണി പള്ളിയുടെ രജതജൂബിലിയും സുവര്‍ണ ജൂബിലിയും നാടിന്റെ ഉല്‍സവമായി മാറി.
തിരുകുടുംബ സന്യാസിനീ സമൂഹത്തിന്റെ മഠം 1996 ല്‍ ഇവിടെ സ്ഥാപിതമായി; അവരുടെ നേതൃത്വത്തില്‍ 1997 ല്‍ ‘അമ്മ’യെന്ന വൃദ്ധമന്ദിരം നിരവധിപേര്‍ക്ക് അഭയകേന്ദ്രമായി.
ഇടവകയുടെ ആത്മീയ വളര്‍ച്ചയുടെ പ്രതീകമായി രണ്ടു കപ്പേളകളുണ്ട്. 90 വര്‍ഷം മുമ്പ് പണിയുകയും പിന്നീട് പുതുക്കി നിര്‍മിക്കുകയും ചെയ്ത മോതിരക്കണ്ണി ജംഗ്ഷനിലെ സെന്റ് ജോര്‍ജ് കപ്പേളയാണ് ഒന്ന്. 1968 ല്‍ ചാതേലി വറീതും മക്കളും ചേര്‍ന്ന് കിഴക്കുഭാഗത്ത് പള്ളിക്ക് ദാനം നല്‍കിയ 85 സെന്റ് സ്ഥലത്ത് 1976 ല്‍ നിര്‍മിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ളതാണ് രണ്ടാമത്തേത്.
നവീന ദൈവാലയം
ദൈവം കൈമുദ്രചാര്‍ത്തി അനുഗ്രഹിച്ച മോതിരക്കണ്ണി മലയോര ഗ്രാമത്തില്‍ 1996 ഫെബ്രുവരി എട്ടിന് മനോഹരമായ പുതിയ ദൈവാലയം ഉയര്‍ന്നു വന്നു. ഫാ. തോമസ് ആലുക്കയുടെ നേതൃത്വത്തിലായിരുന്നു നവീന ദൈവാലയത്തിന്റെ നിര്‍മാണം. വികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് കൊടിയന്റെ നേതൃത്വത്തില്‍ 2007 ല്‍ പാരിഷ് ഹാളിനു സ്ഥലം വാങ്ങുകയും സെന്റ് സെബാസ്റ്റ്യന്‍ കപ്പേള പുതുക്കിപ്പണിയുകയും ചെയ്തു.
2010 ല്‍ ദൈവാലയ നടയില്‍ മോതിരക്കണ്ണി ഗ്രാമത്തെ മുഴുവന്‍ അനുഗ്രഹിച്ചുകൊണ്ട് നില്‍ക്കുന്ന ‘പിയത്ത’ ഫാ. ജിജോ വാകപറമ്പില്‍ വികാരിയായിരിക്കുമ്പോള്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് വികാരിയായി വന്ന ഫാ. ജിനോജ് കോലഞ്ചേരിയുടെ കാലഘട്ടത്തില്‍ പള്ളിയോടു ചേര്‍ന്നു തന്നെ മതബോധന ഹാള്‍ പൂര്‍ത്തിയാക്കി. 2015 ല്‍ ഫാ. ജോസഫ് ചെറുവത്തൂര്‍ ഇടവക കാര്യാലയം നവീകരിച്ചു. ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍ ആണ് ഇപ്പോഴത്തെ വികാരി.
2024 ല്‍ ഇടവക പ്രഖ്യാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മോതിരക്കണ്ണി സെന്റ് ജോര്‍ജ് ഇടവക പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു; ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖ കൈകളിലേന്തിയാണ് ആ യാത്ര. നിരവധി ത്യാഗധനന്മാരായ ഇടവക സാരഥികളുടെയും അല്‍മായ നേതാക്കളുടെയും അവരോടൊപ്പം ഒറ്റക്കെട്ടായി നിലകൊണ്ട വിശ്വാസി സമൂഹത്തിന്റെയും നിസ്തന്ദ്രമായ അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ആവേശകരമായ കഥകള്‍ മോതിരക്കണ്ണിയുടെ മണ്ണിന്റെ അടരുകളില്‍ ഉറങ്ങികിടപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>