By on December 1, 2018
11

പ്രളയാനന്തരം ‘നവകേരള നിര്‍മിതി’യായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും മുദ്രാവാക്യം. ഇപ്പോള്‍, ഗതിമാറി. പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോള്‍, നവകേരള നിര്‍മിതി തുടങ്ങിയിടത്തു തന്നെ! കേരളത്തിലെ കത്തോലിക്കാ രൂപതകളും അവയോടു ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഏതാനും സന്നദ്ധ സംഘടനകളും മാത്രമേ നവകേരള നിര്‍മിതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഇന്നുള്ളത്. മറ്റുള്ളവരെല്ലാം വോട്ട് ബാങ്കിന്റെയും പുത്തന്‍ വാര്‍ത്തകളുടെയും വിവാദങ്ങളുടെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ 1500 ലേറെ കോടികള്‍ എവിടെക്കിടക്കുന്നുവെന്നോ ഏതുവഴിക്ക് വിനിയോഗിക്കപ്പെടുന്നുവെന്നോ ഇപ്പോഴും വ്യക്തതയില്ല. ദുരിതബാധിതര്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന 10,000 രൂപപോലും ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. കിട്ടിയവരിലേറെപ്പേര്‍ക്കും പകുതിയും മുക്കാലും മാത്രം.
ഇതേപ്പറ്റിയൊക്കെ പറയാനും ചോദിക്കാനും ആര്‍ക്കും സമയമില്ല. അതാണ് ‘നവകേരള നിര്‍മിതി’യുടെ മൊത്തത്തിലുള്ള ചിത്രം. ശബരിമല വിഷയവും അതോടു ബന്ധപ്പെട്ട വിവാദങ്ങളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ബിജെപിയും കോണ്‍ഗ്രസുമൊക്കെ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനു വോട്ടു സമാഹരണത്തിനുള്ള സുവര്‍ണാവസരമാക്കിയതോടെ, നവകേരള നിര്‍മിതി മാത്രമല്ല, ജനങ്ങളുടെ ദൈനംദിന കാര്യങ്ങളും പ്രശ്‌നങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ കാഴ്ച.
കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ഇതാണ് സമകാലിക രാഷ്ട്രീയ കാലാവസ്ഥ. നോട്ട് നിരോധനം മൂലമുണ്ടായ ദുരിതങ്ങളും ജിഎസ്ടി സംവിധാനത്തിന്റെ നടപ്പാക്കലും അതിഗുരുതരമായ കര്‍ഷക പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ഇന്ധന വിലവര്‍ധനയും വ്യാപകമായ അഴിമതിയും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്നവര്‍ ഇപ്പോഴും ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളും അനുദിനം അരങ്ങേറുന്നു. റഫേല്‍ യുദ്ധവിമാനക്കരാറില്‍ നടന്നിട്ടുള്ള കോടികളുടെ അഴിമതി വേറൊരു കഥ. അധികാരത്തിലേറിയാല്‍ ഇന്ത്യയിലെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം വെറും വാചകമടിയായിരുന്നുവെന്ന് അന്നു തന്നെ വ്യക്തമായിരുന്നു. നേരെമറിച്ചു ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാരും മധ്യവര്‍ഗവും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കൂടുതല്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം: അതേസമയം കോടീശ്വരന്മാരായ അംബാനിമാരും അദാനിമാരും കൂടുതല്‍ സമ്പന്നരായിയെന്ന വൈരുധ്യവും ജനം കാണുന്നു. കള്ളപ്പണത്തിനെതിരെ ‘ധര്‍മയുദ്ധം’ അഴിച്ചുവിട്ട ഈ കാലഘട്ടത്തില്‍ തന്നെയാണ് കോടിക്കണക്കിനു രൂപയുടെ ബാങ്ക് തിരിമറിയും തട്ടിപ്പും നടത്തി രാജ്യത്തു നിന്നു മുങ്ങിയ വിജയ് മല്യയും നീരവ് മോദിയും മറ്റും ഇന്നു വിദേശത്ത് വിലസുന്നത്.
ഇപ്പോള്‍ നരേന്ദ്ര മോദി ഗവണ്‍മെന്റിനു മുന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുക. ഇതിനു വേണ്ടി കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തെ വെള്ളയടിച്ചു പ്രദര്‍ശിപ്പിക്കുക. ഇതിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പലയിടത്തും പ്രതിമകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ പ്രതിമയും ഉത്തര്‍പ്രദേശിലെ ശ്രീരാമ പ്രതിമയും മഹാരാഷ്ട്രയിലെ ശിവജി പ്രതിമയും അയോധ്യയിലെ രാമക്ഷേമ നിര്‍മാണ പ്രശ്‌നവുമൊക്കെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണെന്ന കാര്യം വ്യക്തം. നരേന്ദ്ര മോദിയുടെ വാക്പയറ്റില്‍ ഇന്നു ഇന്ത്യയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നാണ് അവകാശവാദം.
കേരളത്തിലേക്ക് തിരിച്ചുവരിക: ശബരിമല പ്രശ്‌നം ഉയര്‍ന്നതോടെ, സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരേ പോലെത്തന്നെ.
പ്രളയം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരും ‘നവകേരള കര്‍മപദ്ധതി’യെപ്പറ്റി സെമിനാറുകളും ശില്‍പ്പശാലകളും നടത്തിക്കൊണ്ടിരിക്കുകയാണ്. നവംബര്‍ 27, 28 തിയതികളില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന രണ്ടു ദിവസത്തെ ശില്‍പ്പശാലയാണ് ഏറ്റവും ഒടുവില്‍ കേരളത്തെ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് ചര്‍ച്ച ചെയ്തത്.
മാധ്യമങ്ങളാണെങ്കില്‍ പുതിയ കച്ചവടപാതയിലാണ്. വിവിധ വ്യാപാര സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ‘ഗ്രെയ്റ്റ് കേരള ഷോപ്പിംഗ് ഉത്സവം’ നടത്തുകയാണ് കേരളത്തിലെ മാധ്യമ കൂട്ടായ്മ. അടുത്ത ദിവസങ്ങള്‍ വരെ മാധ്യമങ്ങളും, കേരളത്തെ പുതിയതായി കെട്ടിപ്പടുക്കാനും നിര്‍മിക്കാനും കേരളത്തിന് കൈത്താങ്ങാകാനുമുള്ള തന്ത്രങ്ങളെപ്പറ്റിയുള്ള സെമിനാറുകളും ശില്‍പ്പശാലകളും നടത്തി. ജനത്തിന്റെ കണ്ണില്‍ പൊടിയിടുകയെന്ന ലക്ഷ്യമല്ലാതെ ഈ ശില്‍പ്പശാലകള്‍ക്കൊന്നും പറയത്തക്ക പ്രയോജനമുണ്ടായിട്ടില്ല.
കേരളത്തിലെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ക്കോ മറ്റു പ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ആഴത്തിലുള്ള താല്‍പര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയാസ്പദമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമലയെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള വേദിയാക്കുമ്പോള്‍, മാധ്യമങ്ങള്‍ ശബരിമലയെ പത്രപ്രചാരം കൂട്ടാനും റേറ്റിംഗ് വര്‍ധിപ്പിക്കാനുമുള്ള അവസരമാക്കുന്നു; അത്രയേയുള്ളൂ വ്യത്യാസം. കൂടുതല്‍ വായനക്കാരെയും ടിവി പ്രേഷകരെയും നേടുക. അതില്‍ കൂടുതലൊന്നും ശബരിമലയിലെ കാര്യങ്ങള്‍ പ്രതിദിനം പൊടിപ്പും തൊങ്ങലും ചാര്‍ത്തി പത്രത്താളുകളില്‍ എഴുതി നിറയ്ക്കുന്നതിനു പിന്നിലുണ്ടെന്ന് സാധാരണ ജനം കരുതുന്നില്ല. ശബരിമലയിലെ കാര്യങ്ങള്‍ ഇത്രയേറെ വിവാദപരമായതിനും പ്രശ്‌നസങ്കീര്‍ണമായതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം മാധ്യമങ്ങളും പ്രതിക്കൂട്ടിലുണ്ട്. കെ.പി ശശികലയേയും രാഹുല്‍ ഈശ്വരിനെയുംപോലെ വര്‍ഗീയവിഷം വമിപ്പിക്കുന്നവരെ മഹാന്മാരായ ജനനേതാക്കളായും ധീരരക്തസാക്ഷികളായും അവതരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങള്‍ എന്തു നേടുന്നുവെന്നു ആലോചിച്ചാല്‍, അവരുടെ ഗൂഢലക്ഷ്യം വ്യക്തമാകും.
ജനകീയ പ്രശ്‌നങ്ങളെ അവഗണിച്ചു നാടെങ്ങും രഥയാത്രകളും വിശദീകരണ യോഗങ്ങളും നവോത്ഥാന സദസ്സുകളും മത്സരബുദ്ധിയോടെ സംഘടിപ്പിക്കപ്പെട്ടതാണ് ഈയിടെ കണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പിന് ഇതൊക്കെ ആവശ്യമായിരിക്കാം. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാല അവധി നല്‍കിക്കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിക്കുന്ന നിശ്ശബ്ദമായ ഒരു ഭൂരിപക്ഷം ഇവിടെയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.
രാഷ്ട്രീയവും മതപരവുമായ തീവ്രചിന്തയും തിമിരവും ബാധിച്ചവരല്ല കേരളത്തിലെ മുന്നേകാല്‍ കോടി ജനങ്ങളില്‍ ഭൂരിഭാഗവും. മാധ്യമങ്ങളും ഇക്കാര്യം മറക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>