By on December 1, 2018
12

അസ്സീസി മാസികയുടെ ഒക്‌ടോബര്‍ ലക്കം മുഴുവന്‍ കൈകാര്യം ചെയ്തത്, ബിഷപ് ഫ്രാങ്കോയെപ്പറ്റിയുള്ള മാധ്യമവിചാരണയെ ആസ്പദമാക്കിയായിരുന്നു. അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിക്കുന്ന കഥകളും ഉപകഥകളും നിറഞ്ഞതായിരുന്നു ആ ക്രൈസ്തവ പ്രസിദ്ധീകരണം.

അദ്ദേഹത്തിനെതിരായി പരാതിവന്നപ്പോള്‍ മുതല്‍ കേരളത്തില്‍ അച്ചടിച്ച ദൃശ്യ മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളുടെയും വിശകലനങ്ങളുടെയും ചുവടുപിടിച്ചു, ബിഷപ് ഫ്രാങ്കോയെ കുറ്റവാളിയായി മുദ്രകുത്തി വിചാരണ ചെയ്യുന്നതാണ് അസ്സീസി മാസികയില്‍ കണ്ടത്. സാര്‍വത്രിക കത്തോലിക്കാസഭയുടെ നിലപാടുകളെ മൊത്തത്തില്‍ അധിക്ഷേപിച്ചും വിമര്‍ശിച്ചും എഴുതിയവയായിരുന്നു മിക്ക ലേഖനങ്ങളും. ഇതിനുവേണ്ടി ഇതിലെ ലേഖകന്മാര്‍ ബൈബിളിനെയും സഭാ പ്രബോധനങ്ങളെയും ഫ്രാന്‍സിസ് പാപ്പയുടെ പ്രസ്താവനകളെയും തങ്ങള്‍ക്ക് വേണ്ടവിധത്തില്‍ വ്യാഖ്യാനിക്കുന്നതും വളച്ചൊടിക്കുന്നതും ഈ ലേഖനങ്ങളുടെ പൊതു സ്വഭാവമായിരുന്നു. അപ്പോള്‍ ഒരു കാര്യം ശ്രദ്ധേയമായി: തങ്ങളുടെ സഭാവിരുദ്ധ ബിഷപ് വിരുദ്ധ നിലപാടുകളെ ന്യായീകരിക്കുന്ന ഒരു തെളിവും ഈ ലേഖകര്‍ ഹാജരാക്കുന്നില്ല. മാധ്യമങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ തിരക്കഥകള്‍ക്കൊപ്പം പക്ഷം ചേരലാണോ ക്രിസ്തീയത?
ലേഖകരിലൊരാളായ മാര്യം പൈകട എഴുതുന്നു: ‘സങ്കീര്‍ണമായ ഒരു പ്രശ്‌നത്തില്‍ നമ്മള്‍ നിലപാടെടുക്കുമ്പോള്‍ പൊലിസിന്റെ ജോലിയോ ന്യായാധിപന്റെ ജോലിയോ ഏറ്റെടുക്കുകയല്ല, പ്രത്യുത നാമേവരും അംഗീകരിക്കുന്ന ജനാധിപത്യ സമ്പ്രദായത്തില്‍ ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്’.
എങ്കില്‍ ഈ ലേഖകനോടും സമാന നിലപാടെടുക്കുന്ന മറ്റു ലേഖകരോടും ഒരു ചോദ്യം: നിങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് നൈയാമികമായ പൊലിസ് അന്വേഷണവും തെളിവുശേഖരണവും കോടതിവിചാരണയും വിധിതീര്‍പ്പും കഴിയുന്നതിനു മുമ്പ് ബിഷപ് ഫ്രാങ്കോയെ കുറ്റക്കാരനായി വിധിയെഴുതി? അതു ജനാധിപത്യ രീതിയാണോ? ജനാധിപത്യ രീതിയില്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലും പൗരാവകാശങ്ങളുടെയും മേലുള്ള കയ്യേറ്റമല്ലേ?
പൊലിസും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്നു കെട്ടിച്ചമച്ചുണ്ടാക്കിയ ചാരക്കേസിന്റെ പേരില്‍ 24 വര്‍ഷത്തോളം നിരന്തരമായി ക്രൂശിക്കപ്പെട്ട ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഡോ. നമ്പി നാരായണന്റെ കഥ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് സുപ്രീം കോടതി അദ്ദേഹത്തെ ‘കെട്ടിച്ചമച്ച ചാരക്കേസിന്റെ ഇര’യെന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹവും സഹപ്രവര്‍ത്തകനായിരുന്ന ഡോ. ശശികുമാറും കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസ്സനും നേരിട്ട മാനഹാനിക്കും മാനസിക സംഘര്‍ഷങ്ങള്‍ക്കും ആരാണ് ഉത്തരവാദി? കള്ളക്കേസിനും അതിനെ ആസ്പദമാക്കി കുറ്റവിചാരണയ്ക്കും നേതൃത്വം കൊടുത്ത മാധ്യമ പ്രവര്‍ത്തകരും ശിക്ഷിക്കപ്പെടേണ്ടതല്ലേ?
അസ്സീസി മാസികയോടും അതില്‍ ബിഷപ് ഫ്രാങ്കോയെ കുറ്റാവാളിയാക്കി വിചാരണ ചെയ്തവരോടും ബൈബിളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളുടെ പിന്‍ബലത്തില്‍ സഭയെ അധിക്ഷേപിക്കുന്നവരോടും ഒരഭ്യര്‍ഥനയേയുള്ളൂ: നിങ്ങളുടെ ഉദ്ദേശ്യശുദ്ധി ആദ്യം വായനക്കാര്‍ക്ക് ബോധ്യപ്പെടണം; അതു ബോധ്യപ്പെടണമെങ്കില്‍ വസ്തുതകളെ കണ്ണടച്ചു ഇരുട്ടാക്കരുത്. പൊലിസിന്റെയും കോടതികളുടെയും ജോലി അവര്‍ക്ക് വിട്ടുകൊടുക്കുക. ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടതുകൊണ്ട് ഒരാള്‍ പ്രതിയോ കുറ്റവാളിയോ ആകുന്നില്ല. ഈ അടിസ്ഥാന തത്വം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടുള്ള വ്യക്തിഹത്യകളെ പൊതുസമൂഹം അംഗീകരിക്കില്ല. മാധ്യമങ്ങളുടെ വഴിപിഴച്ച പോക്കില്‍ അസ്സീസി മാസികയും പക്ഷം ചേര്‍ന്നതില്‍ ദുഃഖമുണ്ട്.
-ഫാ. ജോസ് കാനംകൂടം,
സെന്റ് ജോസഫ്‌സ് ഭവന്‍, ചാലക്കുടി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>