By on December 1, 2018
13

ക്രൈസ്തവ വിശ്വാസിയാണ് എന്നതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ഒരു വീട്ടമ്മയുടെ കണ്ണീരിന്റെ കഥയാണ് പാക്കിസ്ഥാനിലെ ആസിയ ബീവിയുടേത്. കിരാതമായ മതനിന്ദാ നിയമത്തിന്റെ ഇര. വധശിക്ഷയില്‍നിന്ന് മോചിക്കപ്പെട്ടിട്ടും പുറംലോകത്ത് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയാത്ത അവളുടെയും കുടുംബത്തിന്റെയും കഥയ്ക്ക് ലോകത്തെവിടെയും ചവിട്ടി മെതിക്കപ്പെടുന്ന മതസ്വാതന്ത്ര്യത്തിന്റെ വിലാപ സ്വരമുണ്ട്.

ജോസ് തളിയത്ത്

ഒറ്റ നോട്ടത്തില്‍ പാക്കിസ്ഥാനിലെ മതനിന്ദാ നിയമവും അതിന്റെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വനിത ആസിയാ ബീവിയെ വധശിക്ഷയ്ക്ക് വിധിച്ചതും ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ അവരുടെ വധശിക്ഷ പാക്കിസ്ഥാനിലെ സുപ്രീം കോടതി റദ്ദാക്കിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ഇന്ത്യയിലെ സാഹചര്യങ്ങളുമായി കാര്യമായ ബന്ധം തോന്നാനിടയില്ല. എന്നാല്‍, ആസിയാ ബീവിയെ പാക്ക് സുപ്രീംകോടതി വിട്ടയച്ചശേഷം ആ രാജ്യത്തുണ്ടായ പ്രക്ഷോഭങ്ങളും തീവ്ര മുസ്ലിം പ്രസ്ഥാനങ്ങളുടെ പ്രസ്താവനകളും ഭീഷണികളും അവയ്ക്കു മുന്നില്‍ മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയറവു പറഞ്ഞതുംകൂടി പരിഗണിക്കുമ്പോള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയുമായി അവയ്‌ക്കെല്ലാം ഭയാനകമായ സമാനതകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു.
പാക്കിസ്ഥാന്‍ ഇന്ത്യയെപ്പോലെ ഒരു മതനിരപേക്ഷ രാഷ്ട്രമല്ല. അതേസമയം, ഇറാനെപ്പോലെയോ അഫ്ഘാനിസ്ഥാനെപ്പോലെയോ ഇസ്ലാമിക, മതാധിഷ്ഠിത രാഷ്ട്രവുമല്ല. പാക്ക് ഭരണഘടനയില്‍ പ്രത്യക്ഷമായി മതനിരപേക്ഷതയെപ്പറ്റി പറയുന്നില്ലെങ്കിലും എല്ലാ മതങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന പാരമ്പര്യമാണ് പാക്കിസ്ഥാനില്‍ ഏറെക്കാലമായി നിലനിന്നിരുന്നത്. 1947 ഓഗസ്റ്റ് 14 ന് ഇന്ത്യാ വിഭജനത്തോടെ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പാക്കിസ്ഥാനില്‍ 97% മുസ്ലിംകളും ക്രൈസ്തവര്‍ ഹിന്ദുക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ മൂന്നു ശതമാനം ന്യൂനപക്ഷങ്ങളുമാണുള്ളത്.
തീവ്ര മതനിലപാടുകളിലെ
സമാനതകള്‍
ഭരണഘടനയോടുള്ള സമീപനത്തിലും ന്യൂനപക്ഷങ്ങളോടുള്ള ഇടപെടലുകളിലും പാക്കിസ്ഥാനിലും ഇന്ത്യയിലും ഒട്ടേറെ സമാനതകള്‍ കാണാം. പാക്കിസ്ഥാനിലെ ഭൂരിപക്ഷ സമുദായമായ ഇസ്ലാം അനുയായികളിലും ഇന്ത്യയിലെ ഭൂരിപക്ഷവിഭാഗമായ ഹൈന്ദവരിലുമുള്ള മഹാഭൂരിഭാഗവും സൗഹാര്‍ദ്ദത്തിന്റെയും മതസഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരു രാജ്യത്തെയും ഭൂരിപക്ഷ സമുദായത്തിലെ ചെറു ഗ്രൂപ്പുകളും അവയുടെ പിന്തുണയുള്ള മതാധിഷ്ഠിത തീവ്രസംഘടനകളുമാണ് യഥാര്‍ഥത്തില്‍ മതനിരപേക്ഷതയ്ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത്.
ഇരു രാജ്യത്തുമുള്ള ഈ വിഭാഗം തീവ്ര ചിന്താഗതിക്കാരുടെ പൊതുവിലുള്ള നിലപാട് വളരെ സമാനതകള്‍ ഉള്‍ക്കൊള്ളുന്നു. ഭരണഘടന മൂല്യങ്ങളായ ജനാധിപത്യവും മതനിരപേക്ഷത എന്നിവയോട് പുച്ഛവും അവജ്ഞയുമാണ് ഇതിലൊന്ന്. കോടതികളോടും കോടതി ഉത്തരവുകളോടുമുള്ള ലാഘവത്തോടെയുള്ള സമീപനമാണ് മറ്റൊന്ന്. രാജ്യത്ത് നിലനില്‍ക്കുന്ന സൗഹാര്‍ദ്ദവും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതയും കാറ്റില്‍ പറത്തി തങ്ങള്‍ വിശ്വസിക്കുന്ന മതത്തിനും മതാചാരങ്ങള്‍ക്കും വേണ്ടി ഏതറ്റം വരെയും പോകാന്‍ തയാറുള്ള മാനസികാവസ്ഥയാണ് വേറൊരു സമാനത. ഈ നിലപാടുകളിലെ സമാനതകള്‍ ഇരുരാജ്യത്തെയും മതമൗലിക വാദികളെ ഫാസിസ്റ്റ് ചിന്തയോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നു. ആസിയാ ബീവിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിവന്നപ്പോള്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ടെഹ്‌റിക് ഇലബാക് തീവ്ര ഇസ്ലാമിക പ്രസ്ഥാനം പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി പറഞ്ഞത്, പാക്കിസ്ഥാന്റെ മതനിരപേക്ഷത അംഗീകരിക്കാനാവില്ലെന്നാണ്. അതിനുവേണ്ടി രാജ്യത്തെ പരമാധികാര കോടതിയെപ്പോലും അവര്‍ ധിക്കരിക്കുകയായിരുന്നു.
ആസിയാ ബീവിയെ വിട്ടയച്ച മൂന്നംഗബഞ്ചിലെ ചീഫ് ജസ്റ്റിസ് മിയാന്‍ സക്കീബ് നിസാര്‍, ജഡ്ജിമാരായ ആസിഫ് സയിദ് ഖാന്‍ ഖോസ, മഷര്‍ ആലംഖാന്‍ മിയാന്‍കെറല്‍ എന്നിവരെ വധിക്കുമെന്നുവരെ തീവ്രഇസ്ലാമിക വാദികള്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ആസിയാ ബീവിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനുനേരെ വധഭീഷണി ഉയര്‍ന്നതോടെ അദ്ദേഹം രാജ്യം വിട്ട് നെതര്‍ലാന്‍ഡില്‍ അഭയം തേടി.
തീവ്രമതചിന്ത ലക്ഷ്യമിടുന്നത്
കോടതിയും ഭരണഘടനയും
കോടതിയെയും ഭരണഘടനയെയും തങ്ങള്‍ വകവയ്ക്കുന്നില്ലെന്ന സന്ദേശമാണ് പാക്കിസ്ഥാനിലെ സംഭവവികാസങ്ങളിലൂടെ തീവ്രമതവാദികള്‍ നല്‍കുന്ന സന്ദേശം. കോടതി ആസിയാ ബീവിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയാല്‍, അവരെ തങ്ങള്‍ വധിക്കുമെന്ന് തീവ്രചിന്താഗതിക്കാര്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31 നു സുപ്രീം കോടതി ആസിയാ ബീവിയുടെ വധശിക്ഷ റദ്ദാക്കിയിട്ടും ദിവസങ്ങളോളം അവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. പിന്നീട് ജയിലില്‍ നിന്ന് അവരെ ഇസ്ലാമാബാദിലെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് സര്‍ക്കാര്‍ രക്ഷപെടുത്തി കൊണ്ടുപോകുകയായിരുന്നു.
മൂന്നുദിവസം രാജ്യമാകെ നീണ്ടുനിന്ന പ്രതിഷേധങ്ങളുടെ ഒടുവില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി. ആസിയാ ബീവിയെ വിട്ടയച്ച സുപ്രീം കോടതി വിധിക്കെതിരെ ആരെങ്കിലും പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കില്ല. ഇതാണ് പ്രക്ഷോഭങ്ങള്‍ നിര്‍ത്താനായി സര്‍ക്കാര്‍ വഴങ്ങിക്കൊടുത്ത ഒരു വ്യവസ്ഥ. മറ്റൊന്ന് ആസിയാ ബീവിയെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കില്ല. രണ്ടു വ്യവസ്ഥകളും സുപ്രീംകോടതി വിധിക്കെതിരായ നിലപാടുകളാണ്. രണ്ടിലൂടെയും പാക്ക് സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളേക്കാള്‍, തീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്ന പരാജയത്തിന്റെ വഴിയാണ് തെരഞ്ഞെടുത്തത്.
ഇന്ത്യയിലെ സ്ഥിതി
പാക്കിസ്ഥാനില്‍ നിന്നു ഭിന്നമായി ഇന്ത്യയുടെ ഭരണഘടന വളരെ വ്യക്തമായി പറയുന്നുണ്ട്, ഇന്ത്യ ഒരു ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ്, പരമാധികാര റിപ്പബ്ലിക്കാണെന്ന്. മതനിരപേക്ഷതയാണ് നമ്മുടെ ഭരണഘടനയുടെ ആണിക്കല്ലുകളിലൊന്ന്. എന്നാല്‍ ഇന്ന് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നതും ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവമാണ്.
ബിജെപി ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തിലേറിയ 2014 മുതലാണ് തീവ്രഹിന്ദുത്വവാദം ശക്തിപ്പെട്ടതെന്നത് സമകാലിക ചരിത്രം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ മാസങ്ങളില്‍ തന്നെ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത’ എന്ന വാക്ക് എടുത്തുകളയാനുള്ള നീക്കങ്ങളുണ്ടായി. രാജ്യമാകെ അലയടിച്ചുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ആ നീക്കം നടക്കാതെ പോയത്.
എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിരന്തരം മതനിരപേക്ഷതയ്‌ക്കെതിരായ എണ്ണമറ്റ നീക്കങ്ങളാണുണ്ടായത്. ഭരണത്തിലും പാര്‍ട്ടിയിലുമുള്ള നിരവധി ഉയര്‍ന്ന നേതാക്കള്‍ നടത്തിയ പ്രസ്താവനകളും വെല്ലുവിളികളും ഇതിനു തെളിവാണ്.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ പുറത്തുനിന്നു വന്നവരാണെന്നും അവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമാണ് തീവ്രഹിന്ദുത്വ വാദത്തിന്റെ രത്‌നച്ചുരുക്കം. ഇപ്പോള്‍ 82 ശതമാനമുണ്ട് ഇന്ത്യയില്‍ ഹൈന്ദവര്‍. ഈ ശതമാനത്തെ 100 ആക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭരണകക്ഷി നേതാക്കള്‍ വളരെ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ട്.
ഭരണഘടനാ മൂല്യങ്ങളുടെ കാവല്‍ക്കാരായി പൗരന്മാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട നീതിന്യായ പീഠങ്ങളെ അപ്രസക്തമാക്കാനുള്ള ഭരണകൂടങ്ങളുടെ നീക്കങ്ങളെ പൊതുസമൂഹം പ്രതിരോധിച്ചില്ലെങ്കില്‍ ജനാധിപത്യത്തിന്റെ തന്നെ തകര്‍ച്ചയായിരിക്കും ഫലം.

ആരാണ് ആസിയാ ബീവി ?
എന്തുകൊണ്ട് വധശിക്ഷ ?
സമീപകാലത്ത് പത്രവാര്‍ത്തകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമവും അതിന്റെ ഇരയായ ആസിയാ ബീവിയും.
പാക്കിസ്ഥാനിലെ ഒരു അവികസിത ഗ്രാമത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ വീട്ടമ്മയാണ് ആസിയ. ഭര്‍ത്താവും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബം.
അങ്ങനെയൊരിക്കല്‍ ഇരുപതോളമുള്ള മറ്റു സ്ത്രീകള്‍ക്കൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കെ, അവരോട് അല്‍പം കുടിവെള്ളം ചോദിച്ചു. അവര്‍ വെള്ളം കൊടുത്തില്ല. ആസിയ ക്രിസ്ത്യാനിയാണെന്നും അധഃകൃതയാണെന്നുമായിരുന്നു കുറ്റപ്പെടുത്തല്‍. ഇതേപ്പറ്റി ആസിയയും മറ്റു സ്ത്രീകളും തമ്മില്‍ വാക്കേറ്റമുണ്ടായി. അതിനിടെ പ്രവാചകനെപ്പറ്റി ആസിയ നിന്ദിച്ചു സംസാരിച്ചുവെന്ന് പിന്നീട് ആ സ്ത്രീകള്‍ പൊലിസില്‍ പരാതിപ്പെട്ടു. താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആസിയ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലിസ് പാക്കിസ്ഥാനിലെ ശിക്ഷാനിയമം 295 സി പ്രകാരം മതനിന്ദാക്കുറ്റം ചുമത്തി അവള്‍ക്കെതിരെ കേസെടുത്തു. 2009 ജൂണിലായിരുന്നു സംഭവം. ജില്ലാ കോടതി ആസിയായ്ക്ക് വധശിക്ഷ വിധിച്ചു. അതിനെതിരെ ആസിയാ അഭിഭാഷകന്റെ സഹായത്തോടെ ഹൈക്കോടതി അപ്പീല്‍ നല്‍കിയെങ്കിലും ലാഹോര്‍ ഹൈക്കോടതി 2014ല്‍ അവളുടെ വധശിക്ഷ ശരിവച്ചു ഉത്തരവായി. ഇതിനെതിരെ അവള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണ് മൂന്നംഗബഞ്ച് അവളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി വിട്ടയച്ചത്.
ഇപ്പോള്‍ എവിടെയാണ് ആസിയാ ബീവി?
സുപ്രീംകോടതി ആസിയയെ വിട്ടയച്ചെങ്കിലും പത്തു ദിവസത്തോളം അവള്‍ക്ക് മുള്‍ട്ടാനിലെ ജയിലില്‍ കഴിയേണ്ടിവന്നു. പുറത്തുവന്നാല്‍ കൊന്നുകളയും എന്ന തീവ്ര ഇസ്ലാമിക വാദികളുടെ ഭീഷണിയെ തുടര്‍ന്നാണ് ഇത്.
ജയിലിലും അവര്‍ക്കെതിരെ കയ്യേറ്റമുണ്ടായി. ജയില്‍ പുള്ളികള്‍ അവളെ ആക്രമിച്ചു. ജയിലിലും അവള്‍ സുരക്ഷിതയല്ലെന്നായപ്പോള്‍, പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അവളെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.
ആസിയാ ബീവിക്കും കുടുംബത്തിനും ഇനി പാക്കിസ്ഥാനില്‍ ജീവിക്കാനാവില്ല എന്ന് വ്യക്തം. അവളെയും കുടുംബത്തെയും മതമൗലിക വാദികള്‍ കൊന്നുകളയുമെന്നുറപ്പ്. അതുകൊണ്ട് ആസിയ ബീവിയും ഭര്‍ത്താവും തങ്ങള്‍ക്ക് ഏതെങ്കിലും രാജ്യത്ത് അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. പല രാജ്യങ്ങളും അഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍ വാഗ്ദാനം നല്‍കിയെങ്കിലും പാക്കിസ്ഥാനിലെ തങ്ങളുടെ എംബസിക്കുനേരെ ആക്രമണമുണ്ടായേക്കാമെന്ന ഭയത്തിന്റെ പേരില്‍ ആസിയയ്ക്ക് അഭയം നിഷേധിച്ചു. അവള്‍ ജയിലില്‍ കഴിഞ്ഞ 10 വര്‍ഷവും അവളുടെ മോചനത്തിനായി പ്രാര്‍ഥിച്ചവര്‍ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്. അവരുടെ പ്രാര്‍ത്ഥനയുടെ ഫലം കൂടിയായിരുന്നു അവളുടെ വധശിക്ഷ റദ്ദാക്കല്‍. 2017 ഒക്‌ടോബറില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച ആസിയ ബീവിയുടെ ഭര്‍ത്താവിനും മക്കള്‍ക്കും ഫ്രാന്‍സിസ് പാപ്പ ജപമാല നല്‍കിയത് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>