By on December 1, 2018
14

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല. ചിലരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ ശരിയാണ്. ഉദാഹരണത്തിന് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹം കേരളത്തിലെ ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനാണ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്ന സഖാവിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും അതല്ല, പാര്‍ട്ടിയിലെ ഒരു വിഭാഗം പേര്‍ എതിര്‍ത്തതാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദമോഹത്തിനു ചുറ്റും വേലിക്കെട്ട് നിര്‍മിച്ചതെന്നും അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു.
അതെന്തായാലും, മുഖ്യമന്ത്രി സ്ഥാനത്തോളം വരില്ലെങ്കിലും ഏതാണ്ടത്ര തലപ്പൊക്കമുള്ള പദവിയാണ് ഭരണപരിഷകാര കമ്മിഷന്‍ ചെയര്‍മാന്റേത്. വഴിയെ പോകുന്നവര്‍ക്കൊക്കെ കയറിയിരിക്കാന്‍ പറ്റുന്നതല്ല ആ കസേരയെന്നര്‍ഥം. ഭരണത്തെപ്പറ്റി നല്ല പിടിപാടുള്ള, ഭരണത്തില്‍ നല്ല തഴക്കവും പഴക്കവുമുള്ളവര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് അത്. ആ കസേര കണ്ട് ഇടതുപക്ഷ പാര്‍ട്ടികളിലെ പലരും പനിച്ചിട്ടുണ്ടെങ്കിലും, അച്ചു സഖാവിനെ തേടിയാണ് അന്ന് ചെയര്‍മാന്‍ സ്ഥാനം വന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര വിശാരദനായ സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിരുന്ന ആ കസേരയിലാണ് അദ്ദേഹം ഇരിക്കുന്നത്. സംസ്ഥന സര്‍ക്കാരിന്റെ ഭരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകള്‍ നല്‍കുകയാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്റെ
ജോലി.
ഏതാണ്ട് രണ്ടു വര്‍ഷം കഴിഞ്ഞു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഭരണം മെച്ചപ്പെടുത്താന്‍ തുടങ്ങിയിട്ട്. ഒട്ടു മിക്ക രംഗവും ഇനി കാര്യമായി മെച്ചപ്പെടാനില്ല. ഭരണത്തിന്റെ എല്ലാ രംഗത്തും മികവിന്റെ കൊടുമുടിയിലാണ് സര്‍ക്കാര്‍. ഇനി ചില അല്ലറ ചില്ലറ പരിഷ്‌കാരങ്ങളേ വരുത്താനുള്ളൂ. അതുകൊണ്ട് സംസ്ഥാന മന്ത്രിയുടെ റാങ്കിലിരുന്നു വലിയ അല്ലലില്ലാതെ കമ്മിഷനെ നയിച്ചാല്‍ മതി.
എന്നാല്‍ അച്യുതാനന്ദന്‍ സഖാവ് അടങ്ങിയിരിക്കുന്നയാളല്ല. ഏതു ജോലിയാണെങ്കിലും അതു വിപ്ലവകരമായി നിര്‍വഹിക്കും. അങ്ങനെയാണ് മൂന്നാറിലേക്ക് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പിടിച്ചടക്കല്‍ പര്യടനം. കരിമ്പൂച്ചകളുടെ സഹായത്തോടെ അവിടത്തെ അനധികൃത കയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കുകയായിരുന്നു മൂന്നാര്‍ മുന്നേറ്റത്തിന്റെ ലക്ഷ്യം. പക്ഷേ, പാതിവഴിയില്‍ ആയുധം വച്ചു കീഴടങ്ങേണ്ടിവന്നു. സര്‍വമാന പാര്‍ട്ടികള്‍ക്കും അവിടെ ഭൂമിയും റിസോര്‍ട്ടുകളുമുണ്ട്. പട്ടയമുള്ളതും പട്ടയമില്ലാത്തതും പട്ടയം കിട്ടുമെന്ന പ്രതീക്ഷയില്‍ വളച്ചു കെട്ടിയെടുത്തതും മറ്റും.അവരൊക്കെ ഒന്നടങ്കം മൂന്നാര്‍ വിപ്ലവത്തെ എതിര്‍ത്തതോടെ കരിമ്പൂച്ചകളും മണ്ണുമാന്തിയന്ത്രങ്ങളും ഒപ്പം അച്ചു സഖാവും തിരിച്ചു നടന്നു. മൂന്നാര്‍ വിപ്ലവം അകാല ചരമമടയുകയും ചെയ്തു.
പ്രത്യയ ശാസ്ത്രത്തിന്റെ പേരിലാണെങ്കില്‍, കടുകിടയ്ക്ക് വിട്ടുകൊടുക്കില്ല സഖാവ്. ഇ.എം.എസ്‌നു ശേഷം പ്രത്യയ ശാസ്ത്രത്തിന്റെ കാര്യത്തില്‍ ഇത്രയ്ക്ക് കടുംപിടിത്തം പിടിച്ചവര്‍ വേറെ അധികം ഉണ്ടാവില്ല.
തൃശൂരില്‍ ലുലു കണ്‍വന്‍ഷന്‍ സെന്റര്‍ പാടം നികത്തി നിര്‍മിച്ചതാണെന്ന് ആരോപണം ഉയര്‍ന്ന കാലത്താണ് അദ്ദേഹം അതിന്റെ ഉദ്ഘാടനത്തിനു ചെന്നത്. കുട്ടനാട്ടില്‍ കര്‍ഷക വിപ്ലവത്തിന്റെ ചെളിയും ഗന്ധവും അറിഞ്ഞിട്ടുള്ള അദ്ദേഹം, ലുലു കണ്‍വന്‍ഷന്‍ സെന്ററിനെ വിശേഷിപ്പിച്ചത്, ചേറില്‍ നിന്നുയര്‍ന്നുവന്ന ചെന്താമരയെന്നായിരുന്നു. ബൂര്‍ഷ്വാ മുതലാളിമാരോട് ഒരു കാലത്തും സന്ധിചെയ്തിട്ടില്ലാത്ത സഖാവ്, ലുലുവിനു വേണ്ടി പെട്ടെന്നൊന്നും ചെങ്കൊടി താഴ്ത്തില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?
ഇങ്ങനെ വിവിധ തലങ്ങളില്‍ ജ്വലിച്ചു നിന്ന നേതാവിന് വീണുകിട്ടിയ അവസരമായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 14. അന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു ധര്‍ണ നടന്നു. ‘സേവ് അവര്‍ സിസ്റ്റേഴ്‌സ്’ എന്ന വിപ്ലവ സംഘടനക്കാര്‍ നടത്തിയ സഭാപരിഷ്‌കരണ ധര്‍ണയായിരുന്നു അത്. ഉദ്ഘാടനം ചെയ്യാന്‍ വന്നതോ സാക്ഷാല്‍ സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.
രണ്ടും പരിഷ്‌ക്കരണം തന്നെ. അതു കൊണ്ടാണ് സഭാ പരിഷ്‌ക്കരണ വാദികള്‍ അദ്ദേഹത്തെ തേടിയെത്തിയത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണം, കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണം തുടങ്ങിയ നീറുന്ന പ്രശ്‌നങ്ങളാണ് ധര്‍ണക്കാര്‍ ഉന്നയിച്ചത്. അതു ഉദ്ഘാടനം ചെയ്ത ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്തൊക്കെ പറഞ്ഞെന്ന് പത്രങ്ങളില്‍ കണ്ടില്ല. കാര്യപ്പെട്ടത് എന്തെങ്കിലുമൊക്കെ പറയാതെ പോകുന്ന ആളല്ല അദ്ദേഹം. ചുരുങ്ങിയ പക്ഷം ‘പുരോഹിതന്മാരുടെയും തിരുമേനിമാരുടെയും’ ഭരണം പരിഷ്‌ക്കരിക്കണമെന്നെങ്കിലും പറഞ്ഞിരിക്കണം.
കൊച്ചിയില്‍ തെരുവു കന്യാസ്ത്രി സമരത്തെ ശക്തമായി പിന്തുണച്ചു സംസാരിച്ചപ്പോള്‍ തന്നെ ക്രൈസ്തവ സഭയോടുള്ള സഖാവിന്റെ പ്രതിപത്തിയും സഭയെ പരിഷ്‌കരിക്കണമെന്ന കാര്യത്തിലുള്ള ശുഷ്‌ക്കാന്തിയും നാട്ടുകാര്‍ കണ്ടതാണ്. സഭ പിരിച്ചു വിടണമെന്നു പറഞ്ഞില്ലെന്നു മാത്രം.
ഏതായാലും അദ്ദേഹത്തന്റെ സാന്നിധ്യവും അളന്നു തൂക്കിയും നീട്ടിയുമുള്ള ആ പ്രസംഗ ചാതുരിയും സംഘാടകരെ രോമാഞ്ചമണിയിച്ചിട്ടുണ്ടാകും. പണ്ടത്തെ ഒരു സോപ്പിന്റെ പരസ്യം ഓര്‍ക്കുന്നു: ‘എവിടെ ലൈഫ് ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ട്!’ അതിങ്ങനെ ഇപ്പോള്‍ മൊഴിമാറ്റം നടത്താം: ‘എവിടെ അച്ചു സഖാവുണ്ടോ, അവിടെ ആവേശമുണ്ട്!’.

വട്ടോളിക്ക് കിട്ടിയ
നോട്ടീസ്

അച്യുതാനന്ദന്‍ സഖാവ് ഉദ്ഘാടനം ചെയ്ത ധര്‍ണയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത് ഇതിനകം മാലോകര്‍ക്ക് മുഴുവന്‍ രോമാഞ്ചമായി മാറിയിട്ടുള്ള പുരോഹിതന്‍ അഗസ്റ്റിന്‍ വട്ടോളിയായിരുന്നു. അദ്ദേഹമാണ് എസ്ഒഎസ് സംഘടനയുടെ ആത്മാവും പരമാത്മാവും. അദ്ദേഹമാണ് തെരുവു കന്യാസ്ത്രി സമരം സംഘടിപ്പിച്ചതും രണ്ടാഴ്ചയോളം അതിന്റെ ചുക്കാന്‍ പിടിച്ചതും. സമര വേദിയില്‍ കന്യകാമാതാവിന്റെ മടിയില്‍ കുരിശില്‍ നിന്നിറക്കി കിടത്തിയ യേശുവിന്റെ രൂപത്തിനു പകരം കന്യാസ്ത്രിയെ കിടത്തിയ ചിത്രം വരച്ചു വച്ചതിലും സമര സന്യാസിനിമാരുടെ കയ്യില്‍ പ്ലക്കാഡുകളില്‍ മുദ്രാവാക്യങ്ങള്‍ എഴുതിക്കൊടുത്തതും ഭാവനാസമ്പന്നനായ അദ്ദേഹത്തിന്റെ ബുദ്ധിവിലാസമായിരുന്നു.
ഇങ്ങനെ കത്തോലിക്കാ സഭയെ പരിഷ്‌ക്കരിക്കാന്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വന്ദ്യ പുരോഹിതന്‍ വട്ടോളിക്ക് നവംബര്‍ 14 ലെ സെക്രട്ടേറിയറ്റ് ധര്‍ണയ്ക്ക് മൂന്നു നാള്‍ മുമ്പ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഒരു നോട്ടീസ് കൊടുത്തു. ധര്‍ണ നടത്തരുതെന്നും അതില്‍ പങ്കെടുക്കരുതെന്നും ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
മെത്രാന്റെ മുന്നില്‍ മുട്ടുകുത്തി സഭാ വിശ്വാസികളെ മുഴുവന്‍ സാക്ഷിയാക്കി വൈദിക ജീവിതത്തിന്റെ മഹോന്നത ലക്ഷ്യങ്ങളും ദൗത്യവും ഏറ്റെടുക്കുകയും സഭയോടും സഭാധികാരികളോടും വിധേയത്വവും അനുസരണവും പ്രഖ്യാപിക്കുകയും ചെയ്ത പുരോഹിതന്‍ വട്ടോളിക്കുള്ള അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കത്തില്‍ മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു.
പൗരോഹിത്യ ശുശ്രൂഷയുടെ ഭാഗമായി ദൈനംദിനം അര്‍പ്പിക്കേണ്ട കുര്‍ബാന വല്ലപ്പോഴുമേ അര്‍പ്പിക്കാറുള്ളൂ ; പൗരോഹിത്യ ജീവിതത്തിന്റെ അടിസ്ഥാനമായ പ്രാര്‍ഥനാ ജീവിതവും വിശ്വാസവും പൊതു വേദിയില്‍ താങ്കള്‍ ചോദ്യം ചെയ്യുന്നു; കുര്‍ബാനയില്‍ മാര്‍പാപ്പയുടെ പേരിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പിനെ അനുസ്മരിക്കണമെന്ന നിബന്ധന പാലിക്കുന്നില്ല; ഇത് സഭാ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്; സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരെ ജനങ്ങളെ ഇളക്കി വിടാനും അവരോടു വെറുപ്പുളവാക്കാനും ശ്രമിക്കുന്നു; സഭാ വിരുദ്ധരും തീവ്ര ചിന്താഗതിക്കാരും നിരീശ്വര വാദികളുമായി കൂട്ടു ചേരുന്നു, സഭയ്‌ക്കെതിരെ ഗൂഢാലോചന നടത്താനും സഭയെയും മതാചാരങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും അവഹേളിക്കാനും ശ്രമിക്കുന്നവരോടൊപ്പം പ്രവര്‍ത്തിക്കുന്നു; സെക്രേട്ടറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയുടെ പോസ്റ്ററില്‍ യേശുവിന്റെ രൂപത്തിനു പകരം കന്യകാമാതാവിന്റെ മടിയില്‍ കന്യാസ്ത്രിയുടെ ചിത്രം വരച്ചു ചേര്‍ത്തതിന് നേതൃത്വം കൊടുത്തു…
മേല്‍പറഞ്ഞവയെല്ലാം സഭാ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും വിശ്വാസി സമൂഹത്തോടും സഭാധികാരികളോടുമുള്ള ബന്ധത്തിനു വിരുദ്ധമാണെന്നും സാര്‍വത്രിക സഭയോടുള്ള വിധേയത്വത്തിന്റെ നിഷേധമാണെന്നും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. നോട്ടീസിലെ കാര്യങ്ങള്‍ക്ക് നവംബര്‍ 25 നു മുമ്പ് മറുപടി നല്‍കണമെന്നും നിര്‍ദേശം നല്‍കി.
വട്ടോളിയെപ്പോലെ ഉന്നതനായ ഒരു വ്യക്തിക്ക് സഭാധികാരികള്‍ അച്ചടക്ക ലംഘനത്തിനെതിരായ ഒരു നോട്ടീസ് നല്‍കുമെന്ന് ആരും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല; പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ സന്തത സഹചാരികളായ മാധ്യമ സുഹൃത്തുക്കള്‍. അതുകൊണ്ട് അതൊരു വാര്‍ത്തയാക്കിയപ്പോള്‍ പലരുടെയും കൈവിറച്ചുകാണും. ചര്‍ച്ചയാക്കാമായിരുന്ന വിഷയമായിരുന്നിട്ടും, അതിനും ടിവി ചാനലുകാര്‍ മാറി നിന്നു. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഏഷ്യാനെറ്റും മാതൃഭൂമി ന്യൂസും ചര്‍ച്ച നടത്തിയില്ല. സുവര്‍ണാവസരം അങ്ങനെ പാഴായി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഒരു അഭിമുഖം നടത്തിയതേ എടുത്തു പറയാനുള്ളൂ.
ഏതു സംഘടനയ്ക്കും പ്രസ്ഥാനത്തിനും നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നും അതില്‍ അംഗമായിരിക്കുന്ന കാലത്തോളം അവ പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്നുമുള്ള തിരിച്ചറിവാകണം, മാധ്യമങ്ങളെ വട്ടോളി പ്രശ്‌നം ആഘോഷിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. ആ വിവേകത്തിന് അഭിനന്ദനം.
നവംബര്‍ 25 നകം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്ത. അതെന്താണെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്നും കാത്തിരുന്നു കാണുക തന്നെ. സഭയില്‍ എത്ര കൊടികുത്തിയ മാടമ്പിയാണെങ്കിലും സഭയെ കരിവാരിതേയ്ക്കുന്ന പരസ്യ നിലപാടുകള്‍ക്കെതിരെ വേണ്ട സമയത്ത്, വേണ്ടതു പോലെ, നിര്‍ഭയം നടപടികളുണ്ടാവും. ഇതാണ് സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>