By on December 1, 2018
15

സന്മനസുള്ള സമസ്ത ജനങ്ങള്‍ക്കും സമാധാനം. ഇതാണ് പ്രപഞ്ച നാഥനായ ക്രിസ്തുവിന്റെ ദിവ്യാവതാര സന്ദേശം. ശത്രുക്കളെയും മിത്രങ്ങളെയും ഒന്നിപ്പിക്കുന്ന കാന്തികശക്തിയുണ്ട് ക്രിസ്മസിന്. ലോക ചരിത്രത്തിലെ അവിസ്മരണീയമായ ഒരു നിമിഷം ഓര്‍ത്തു നോക്കൂ…
1914 ഡിസംബര്‍ 24. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ആശങ്കയുടെയും ഭീതിയുടെയും കറുത്ത ദിനങ്ങളായിരുന്നു അത്. പക്ഷേ, ആ ഡിസംബര്‍ 24 ന് അര്‍ധരാത്രിയില്‍ ബെല്‍ജിയത്തിലെ ആ യുദ്ധമുന്നണിയില്‍ തോക്കുകള്‍ നിശബ്ദമായി. ലോകമഹായുദ്ധത്തിനിടെ ശാന്തിയുടെ സംഗീതമൊഴുകിയ അലൗകിക രാത്രിയായിരുന്നു അത്. ആ സംഭവം പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള സമാധാന പ്രേമികള്‍ തലമുറകളിലേക്ക് കൈമാറിക്കൊടുത്തുകൊണ്ടിരിക്കുന്നു…
ബെല്‍ജിയത്തിലെ വിജനമായ ഒരു യുദ്ധമുന്നണിയിലായിരുന്നു ശത്രുസൈന്യങ്ങള്‍ ഒരുമിച്ചു ക്രിസ്മസ് ആഘോഷിച്ച ആ രാത്രി. മണിക്കൂറുകള്‍ക്ക് മുമ്പുവരെ പരസ്പരം വെടിയുതിര്‍ത്ത ജര്‍മന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് പട്ടാളക്കാര്‍ തോക്കുകള്‍ വലിച്ചെറിഞ്ഞു കിടങ്ങുകളില്‍ നിന്നു കയറി വന്നു. ആദ്യം ജര്‍മന്‍ പട്ടാളക്കാരാണ് ആഘോഷത്തിനിറങ്ങിയത്. അവര്‍ ജര്‍മന്‍ ഭാഷയില്‍ ഉറക്കെ പാടി. ലോക പ്രശസ്തമായ ആ ക്രിസ്മസ് ഗീതം: ‘സൈലന്റ് നൈറ്റ്… ഹോളി നൈറ്റ്…’ നിശബ്ദ രാത്രി… വിശുദ്ധ രാത്രി… ആ ശാന്തി ഗീതത്തിന് ജര്‍മനിയുടെ ശത്രുക്കളായ ബ്രിട്ടീഷ്, ഫ്രഞ്ച് പട്ടാളക്കാര്‍ മറുപടി നല്‍കി. അതേ ഗാനം ഇംഗ്ലീഷിലും ഫ്രഞ്ചിലും അവര്‍ പാടി : ‘സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്’… ഇരുവശത്തു നിന്നുമുള്ള സൈനികര്‍ പാട്ടുകഴിഞ്ഞപ്പോള്‍, പരസ്പരം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. കെട്ടിപ്പിടിച്ചും കൈകൊടുത്തും ആഹ്‌ളാദിച്ചു. മിഠായികളും ചോക്കളേറ്റും സിഗററ്റും കൊച്ചു സമ്മാനങ്ങളും കൈമാറി… പരസ്പരം പരിചയപ്പെട്ടു… ഇരുഭാഗത്തുമുള്ള സൈനിക മേധാവികള്‍ ആദ്യം ഈ രംഗം കണ്ട് അന്തം വിട്ടു. പിന്നെ, അവരും ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. പാട്ടുപാടിയും നൃത്തം ചെയ്തും ആ രാത്രി മുഴുവന്‍ അവര്‍ ക്രിസ്മസ് ആഘോഷിച്ചു. മണിക്കൂറുകള്‍ക്കു ശേഷം ആദ്യം ജര്‍മന്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ആകാശത്തേയ്ക്ക് നിറയൊഴിച്ചു. ആഘോഷങ്ങള്‍ നിര്‍ത്തി, കിടങ്ങുകളിലേക്ക് മടങ്ങാനുള്ള നിര്‍ദ്ദേശമാണ്… നിമിഷങ്ങള്‍ക്കു ശേഷം മറുഭാഗത്തു നിന്നും സിഗ്നല്‍ മുഴങ്ങി… ആഘോഷങ്ങള്‍ പതുക്കെപ്പതുക്കെ കെട്ടടങ്ങി.
ഒടുവില്‍ ക്രിസ്മസ് ആഘോഷം നടന്ന ആ ഭൂമി നിശബ്ദമായി… വീണ്ടും അന്ധകാരം പടര്‍ന്നു. അപ്പോള്‍ കിഴക്ക് പ്രഭാതം പൊട്ടിവിടരുകയായിരുന്നു. മറക്കാനാവാത്ത ഒരു ക്രിസ്മസിന്റെ ഓര്‍മകളോട് വിടപറഞ്ഞ് ഇരുഭാഗത്തും യുദ്ധ സന്നാഹങ്ങള്‍ തുടരുന്നു… ആകാശത്തെ നക്ഷത്രദീപങ്ങള്‍ കണ്ണടച്ചു വിങ്ങിക്കരഞ്ഞു.
അന്നു ക്രിസ്മസ് ആഘോഷിച്ചവരില്‍ ഏറെപ്പേരുള്‍പ്പെടെ ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ചത് 90,70,000 സൈനികരാണ്; ഒരു കോടിയോളം സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. രണ്ടു കോടിയിലേറെപ്പേര്‍ക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>