By on December 1, 2018
17

വത്തിക്കാന്‍ സിറ്റി : ലോകമെങ്ങു നിന്നും ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ ഇത്തവണ ക്രിസ്മസിനു മണല്‍ രൂപങ്ങള്‍ നിരക്കുന്ന ക്രിബ് കൗതുകമാകും. കന്യകാമാതാവും യേശുവും യൗസേപ്പിതാവും ആടുകളും ആട്ടിടയന്മാരും മറ്റും മണലില്‍ നിന്ന് രൂപകല്‍പ്പന ചെയ്തവരായിരിക്കും. ക്രിബിനുവേണ്ടി 700 ടണ്‍ മണലാണ് ഇറക്കിയിട്ടുള്ളത്. ക്രിബിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
ഇതുവരെ ഓരോ വര്‍ഷവും സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ നിര്‍മിക്കുന്ന ക്രിബില്‍ കളിമണ്ണുകൊണ്ടും പ്ലാസ്റ്റര്‍ ഓഫ് പാരീസ് തുടങ്ങിയവ ഉപയോഗിച്ചുമാണ് രൂപങ്ങള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ എല്ലാ ദൃശ്യങ്ങളും മണലില്‍ കൊത്തിയെടുത്ത ക്രിബ് ഇതാദ്യമായിട്ടായിരിക്കും.
ഇറ്റലിയിലെ യെസോലോ നഗരത്തിലെ കലാകാരന്മാരാണ് മണല്‍ ക്രിബിന്റെ ശില്‍പ്പികള്‍. വര്‍ഷങ്ങളായി അവര്‍ മണല്‍ ശില്‍പ്പ നിര്‍മാണത്തില്‍ പ്രശസ്തരാണ്. യെസോലോ നഗരത്തിന്റെ മേയറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മണല്‍ ക്രിബ് വത്തിക്കാനിലെത്തുന്നത്.
പ്രത്യേക തരത്തിലുള്ള മണലാണ് ശില്‍പ്പങ്ങള്‍ കൊത്തിയെടുക്കാന്‍ ഉപയോഗിക്കുന്നത്. വടക്കുകിഴക്കന്‍ ഇറ്റലിയിലെ ദൊലോമിത്തൂസ് മലനിരകളില്‍ നിന്നാണ് ഇതു കൊണ്ടുവന്നത്. ഹോളണ്ട്, റഷ്യ, ചെക്ക് റിപ്പബ്ലിക്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ശില്‍പ്പികളാണ് മണല്‍ രൂപങ്ങളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
ഡിസംബര്‍ ഏഴിനാണ് വത്തിക്കാന്‍ ചത്വരത്തിലെ ക്രിസ്മസ് ട്രീ തയാറാവുക. ഇതിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. അന്ന് പ്രത്യേക ചടങ്ങുകളോടെ ക്രിസ്മസ് ട്രീ ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ക്രിസ്മസ് ക്രിബും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. ക്രിസ്മസ് ട്രീ ഇത്തവണ വടക്കേ ഇറ്റലിയിലെ കണ്‍സിലിയോ വനത്തില്‍ നിന്നാണ് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>