By on December 1, 2018
18

ബെത്‌ലഹേമില്‍ പിറന്ന ഉണ്ണിയേശുവിനെ കാണാന്‍ കിഴക്കു നിന്ന് മൂന്ന് പൂജ രാജാക്കന്മാര്‍ എത്തിയെന്നാണ് സുവിശേഷങ്ങളില്‍ പറയുന്നത്. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ ഹെന്‍ട്രി വാന്‍ ഡൈക് എഴുതിയ ഒരു കഥയുണ്ട്: യേശുവിനെ കാണാന്‍ മറ്റൊരു വിജ്ഞാനി കൂടി കിഴക്കുദിക്കില്‍ നിന്ന് നക്ഷത്രത്തിന്റെ വഴിയേ പുറപ്പെട്ടിരുന്നു-ആര്‍ത്തബാന്‍.
എന്നാല്‍ അദ്ദേഹത്തിന് ഉണ്ണിയേശുവിനെ ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ കാണാനായില്ല. ഒടുവില്‍ 33 വര്‍ഷം തികയുന്ന ഒരു പകലില്‍ മരണാസന്നനായ ആര്‍ത്തബാന്‍ യേശുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. യേശുവിനെ തേടി മലയും പുഴയും മണലാരണ്യവും താണ്ടിയ ആര്‍ത്തബാന്റെ ജീവിതകഥ.

പൗരാണിക പേര്‍ഷ്യയിലെ മലനിരകളിലെവിടെയോ ആയിരുന്നു ജ്യോതിഷ വിദഗ്ധനായ അദ്ദേഹം താമസിച്ചിരുന്നത് – ആര്‍ത്തബാന്‍. നവഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും പറ്റി സദാ പഠിച്ചുകൊണ്ടിരുന്ന അദ്ദേഹം ഒരിക്കല്‍ പ്രവചിച്ചു: രാജാധിരാജനായ രക്ഷകന്‍ പിറന്നിരിക്കുന്നു. അങ്ങ് പടിഞ്ഞാറ് സൂര്യനസ്തമിക്കുന്ന ഏതോ ദിക്കിലാണെന്നു മാത്രം അറിയാം. പേര്‍ഷ്യയ്ക്ക് പടിഞ്ഞാറ് കരകാണാ കടലുപോലെ മരുഭൂമിയാണ്; വടക്കും തെക്കും അതു തന്നെ. വിദൂര പൂര്‍വ ദിക്കില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വ്യാപാര മാര്‍ഗങ്ങളും സുഗന്ധവ്യഞ്ജന പാതയും കടന്നുപോകുന്നത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലൂടെയാണ്. ആര്‍ത്തബാന്‍ മനസിലാക്കി, ജറുസലേമിലായിരിക്കണം രക്ഷകന്‍ പിറന്നിരിക്കുന്നത്. ഉടന്‍ പുറപ്പെടുക തന്നെ.
യാത്ര പുറപ്പെടുന്നതിനു മുമ്പ് അദ്ദേഹം കിഴക്കു നിന്നു യാത്ര പുറപ്പെട്ടിരുന്ന മറ്റു മൂന്നു ജ്ഞാനികളുമായി ബന്ധപ്പെട്ടു. അവര്‍ പണ്ടേ യാത്ര പുറപ്പെട്ടിരുന്നതിനാല്‍, ജറുസലേമിനു സമീപം നിശ്ചിത സ്ഥലത്ത് കൂടിക്കാണാമെന്നും അവിടെ നിന്ന് ഒരുമിച്ചു പോയി യേശുവിനെ കാണാമെന്നുമായിരുന്നു നാലുപേരുടെയും ധാരണ.
യേശുവിനെ കാണാന്‍ പോകുമ്പോള്‍ എന്തു കൊടുക്കും? അതായി പിന്നെ ആര്‍ത്തബാന്റെ ചിന്ത.
കൂടുതല്‍ ആലോചിച്ചില്ല, അദ്ദേഹം തന്റെ വീടും സ്വത്തുക്കളും വിറ്റു. ആ പണംകൊണ്ട് മൂന്നു കാഴ്ച വസ്തുക്കള്‍ വാങ്ങി. അതിവിശിഷ്ടമായ വിലയേറിയ സമ്മാനങ്ങള്‍. ഒന്ന് വലിയ ഒരു ഇന്ദ്രനീലക്കല്ല്, മറ്റൊന്ന് ചുവപ്പ് പ്രകാശം പൊഴിക്കുന്ന മാണിക്യക്കല്ല്, മൂന്നാമത്തേത് മഞ്ഞുപോലെ വെട്ടിത്തിളങ്ങുന്ന ഒരു മുത്ത്.
മരുഭൂമിയിലൂടെ അദ്ദേഹം യാത്ര പുറപ്പെട്ടു. പകലിന്റെ കൊടും ചൂടും രാത്രികളിലെ കൊടും തണുപ്പും അദ്ദേഹം കൂട്ടാക്കിയില്ല. വിജനമായ മരുഭൂമിയിലെ മണല്‍ പാതകള്‍ പിന്നിട്ട് ആ യാത്ര മുന്നേറി. പക്ഷേ, ആഴ്ചകളായിട്ടും, മുന്നില്‍ അറ്റം കാണാത്ത മണലാരണ്യം തന്നെ.
ഒരു രാത്രി മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹം കണ്ടു, വഴിയരികില്‍ ഒരു മനുഷ്യന്‍ കിടക്കുന്നു. തളര്‍ന്നവശനായ അയാളുടെ അടുത്ത് ആര്‍ത്തബാന്‍ ചെന്നുനിന്നു. കടുത്ത പനിമൂലം വിറക്കുന്ന മനുഷ്യന്‍. ദൈന്യതയാര്‍ന്ന മുഖം. ആര്‍ത്തബാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കൈനീട്ടി.
എന്തു ചെയ്യണം? മരണാസന്നനായ ആ അനാഥനെ സഹായിക്കണോ? സഹായിക്കാന്‍ ശ്രമിച്ചാല്‍ തന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടും. ജറുസലേമില്‍ തന്റെ സഹയാത്രികരെ കാണാന്‍ പറ്റിയില്ലെങ്കിലോ? പക്ഷേ ആ അനാഥനെ സഹായിക്കാതെ പോയാലോ? അയാള്‍ മരിക്കുമെന്ന് ഉറപ്പ്. ആര്‍ത്തബാന്‍ ധര്‍മസങ്കടത്തിലായി. ഒടുവില്‍ അയാളെ സഹായിക്കാന്‍ തന്നെ തീരുമാനിച്ചു. കൈകളില്‍ വാരിയെടുത്ത് ആ ശരീരം തുടച്ചു. കരുതിയിരുന്ന ഔഷധങ്ങള്‍ നല്‍കി. പിന്നെ ഭാണ്ഡത്തില്‍ അവശേഷിച്ചിരുന്ന അപ്പവും വീഞ്ഞും അയാള്‍ക്കു നല്‍കി.
പിന്നെ, യാത്ര പുറപ്പെടാനൊരുങ്ങി. അപ്പോള്‍ അജ്ഞാതനായ ആ മനുഷ്യന്‍ പറഞ്ഞു: ‘താങ്കള്‍ക്കു തിരിച്ചുതരാന്‍ എന്റെ കൈവശമൊന്നുമില്ല, ഇത്രമാത്രം – ഞങ്ങളുടെ പൂര്‍വ പിതാക്കന്മാര്‍ പറഞ്ഞിട്ടുണ്ട്, രക്ഷകന്‍ ജനിക്കുക ബെത്‌ലഹേമിലായിരിക്കും; ജറുസലേമിലല്ല. രോഗികളോട് അനുകമ്പ കാണിക്കുന്ന അങ്ങയെ ദൈവം സുരക്ഷിതമായി ബെത്‌ലഹേമിലെത്തിക്കട്ടെ’…
ആര്‍ത്തബാന്‍ യാത്ര തുടര്‍ന്നു. ആഴ്ചകള്‍ക്കു ശേഷം അദ്ദേഹം ജറുസലേമിനു സമീപമെത്തി. അവിടെയുള്ള സത്രത്തില്‍ കയറി. അദ്ദേഹത്തെ കാത്ത് അവിടെയൊരു സന്ദേശമുണ്ടായിരുന്നു: ‘ഇനിയും താങ്കളെ കാത്ത് ഇവിടെ കഴിയാനാവില്ല. ഞങ്ങള്‍ പുറപ്പെടുന്നു. മരുഭൂമിയിലൂടെ ഞങ്ങളെ പിന്തുടരുക’. ദിവസങ്ങള്‍ക്കു മുമ്പേ പറഞ്ഞുറപ്പിച്ചിരുന്ന സംഗമസ്ഥാനം വിട്ട് തന്റെ സുഹൃത്തുക്കള്‍ പോയ്ക്കഴിഞ്ഞുവെന്ന് ആര്‍ത്തബാന് മനസ്സിലായി.
നിരാശനായെങ്കിലും ആര്‍ത്തബാന്‍ ഒറ്റക്ക് യാത്ര തുടര്‍ന്നു. ചുറ്റിത്തിരിഞ്ഞ് യൂഫ്രട്ടീസ് – ടൈഗ്രീസ് നദികളുടെ തീരത്തുള്ള ബാബിലോണിലാണ് അദ്ദേഹമെത്തിയത്. അവിടെവച്ച് തന്റെ കയ്യിലുള്ള ഇന്ദ്രനീലക്കല്ല് വിറ്റ് രണ്ട് ഒട്ടകങ്ങളെ വാങ്ങി; യാത്രയ്ക്കുള്ള ഭക്ഷണവും വെള്ളവും ഔഷധങ്ങളും ശേഖരിച്ചു. ആഴ്ചകള്‍ക്കു ശേഷം അദ്ദേഹം ബെത്‌ലഹേമിലെത്തി. കയ്യിലുള്ള മാണിക്യക്കല്ലും മുത്തും ഉണ്ണിയേശുവിനു കൊടുക്കണം. പക്ഷേ, വഴിയോരത്തു നിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചു, തന്റെ സുഹൃത്തുക്കളായ മൂന്നു പേരും ഉണ്ണിയേശുവിനെയും മേരിയെയും ജോസഫിനെയും സന്ദര്‍ശിച്ച് പൊന്നും കുന്തിരിക്കവും മീറയും സമര്‍പ്പിച്ചു മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു. അവരെവിടെയെന്ന് ആര്‍ക്കുമറിയില്ല.
ബെത്‌ലഹേമിലെ ഒരു കുടിലില്‍ ഒരമ്മയെയും കൊച്ചുമകനെയും ആര്‍ത്തബാന്‍ കണ്ടു. തലേന്നു രാത്രിയില്‍ ഉണ്ണിയെയുംകൊണ്ട് ജോസഫും മേരിയും എവിടേക്കോ പോയിരിക്കുന്നു. ഹേറോദ് രാജാവ് രണ്ടു വയസിനു താഴെയുള്ള എല്ലാ ആണ്‍കുട്ടികളെയും വധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
ആ അമ്മയുടെ മുഖത്തെ ഭയവും ദൈന്യതയും ആര്‍ത്തബാന്‍ തിരിച്ചറിഞ്ഞു. ‘ഞങ്ങള്‍ക്കു പോകാന്‍ ഇടമില്ല’ – ഗദ്ഗദത്തോടെ ആ അമ്മ പറഞ്ഞു. അവര്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പുറത്ത് തെരുവില്‍ ഒരു ബഹളം. ഹേറോദ് രാജാവിന്റെ പട്ടാളക്കാര്‍ തെരുവിലെ വീടുകളില്‍ പരിശോധന നടത്തുകയാണ്. തെരുവിന്റെ പലഭാഗത്തു നിന്നും സ്ത്രീകളുടെ ആര്‍ത്തനാദം. മകനെ മാറോടടുക്കി, ആ അമ്മ നിസ്സഹായതയോടെ ആര്‍ത്തബാനെ നോക്കി പരിഭ്രാന്തിയോടെ കരയാന്‍ തുടങ്ങി. ആര്‍ത്തബാന്‍ വീടിന്റെ വാതില്‍ക്കലേക്കു ചെന്നു. തിരക്കിട്ടു വന്ന പട്ടാളക്കാരന്റെ മുന്നിലേക്ക് തന്റെ ഭാണ്ഡത്തില്‍ നിന്നെടുത്ത വിലയേറിയ മാണിക്യക്കല്ല് വച്ചു നീട്ടി. ഒരു നിമിഷം സംശയിച്ചു നിന്ന പട്ടാളക്കാരന്‍ അത് തട്ടിപ്പറിച്ചു വാങ്ങി. കാര്യം മനസ്സിലായ പട്ടാളക്കാരന്‍ തന്റെ സഹസൈനികരോട് പറഞ്ഞു: മുന്നോട്ടു പോകൂ, ഇവിടെ കുട്ടികളാരുമില്ല… നന്ദിയോടെ ആ അമ്മയും മകനും ആര്‍ത്തബാന്റെ മുന്നില്‍ കണ്ണീരോടെ മുട്ടുകുത്തി…
ആര്‍ത്തബാന്‍ ഓര്‍ത്തു: തന്റെ വിലപിടിപ്പുള്ള രണ്ടു രത്‌നങ്ങളും പോയ്ക്കഴിഞ്ഞു. ഇനി ശേഷിച്ചിട്ടുള്ളത് മുത്ത് മാത്രം. രാജാധിരാജനായ യേശുവിന് ഇനി എന്തുകൊടുക്കും?
ആ അമ്മ പറഞ്ഞു: എന്റെ മകനെ രക്ഷിച്ച അങ്ങയെ ദൈവം അനുഗ്രഹിക്കും; അങ്ങേയ്ക്ക് സമാധാനം ലഭിക്കും.
ആര്‍ത്തബാന്‍ ആ കുടിലില്‍ നിന്നിറങ്ങി യാത്ര തുടര്‍ന്നു. ബെത്‌ലഹേമിലും ജറുസലേമിലും മറ്റെല്ലായിടത്തും അദ്ദേഹം ഉണ്ണിയേശുവിനെയും കുടുംബത്തെയും അന്വേഷിച്ചലഞ്ഞു. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍…. കാറ്റിനോടും കടലിനോടും മഴയോടും വെയിലിനോടും അദ്ദേഹം ചോദിച്ചു: എന്റെ രക്ഷകനെ കണ്ടോ? അങ്ങനെ നാട്ടിലും നഗരത്തിലും കാട്ടിലും മണലാരണ്യത്തിലും ആര്‍ത്തബാന്‍ അലഞ്ഞു നടന്നു – യേശുവിനെത്തേടി. നീണ്ട 33 വര്‍ഷങ്ങള്‍. പക്ഷേ, കണ്ടെത്തിയില്ല.
ദുര്‍ഘടമായ യാത്രയും ഉറക്കമൊഴിഞ്ഞ രാത്രികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. പലവിധ രോഗങ്ങള്‍ അദ്ദേഹത്ത പിടികൂടി. തളര്‍ന്നവശനായ ആര്‍ത്തബാന്‍ ഒടുവില്‍ ജറുസലേമില്‍ തന്നെ തിരിച്ചെത്തി. മരണത്തിന്റെ കാലൊച്ച കാത്ത് തെരുവിലൊരിടത്ത് കിടന്നു.
അപ്പോഴാണ് ആരോ പറയുന്നത് പാതിമയക്കത്തില്‍ അദ്ദേഹം കേട്ടത്. ഇന്നാണ് നസ്രത്തില്‍ നിന്നുള്ള ഒരു നല്ല മനുഷ്യനെ യഹൂദര്‍ വധിക്കാന്‍ കൊണ്ടുപോകുന്നത്. അവശത മറന്ന അദ്ദേഹം അവിടെ നിന്നെഴുന്നേറ്റു. വേച്ചു വേച്ചു നീങ്ങുന്ന പാദങ്ങള്‍ ആ ശരീരത്തെ താങ്ങി നിര്‍ത്തി. അദ്ദേഹം പതുക്കെ നടന്നു. അതേ, ഇന്ന് കൊലക്കളത്തിലേക്ക് നയിക്കപ്പെടുന്ന ആ മഹാനായ മനുഷ്യനാണ്, എന്റെ രാജാവ്. എന്റെ രക്ഷകന്‍. ആര്‍ത്തബാന്‍ ഗാഗുല്‍ത്താമലയുടെ ദിശയിലേക്ക് നടന്നു.
അപ്പോള്‍ വഴിയില്‍ മറ്റൊരു ദൃശ്യം. ചങ്ങലയിട്ട് ഒരു പെണ്‍കുട്ടിയെ റോമന്‍ പട്ടാളക്കാര്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നു. ‘എന്നെ വിടൂ, എന്നോട് കരുണ കാണിക്കൂ…’ അവള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ‘എന്നെ അടിമയാക്കി വില്‍ക്കരുതേ…’ അവള്‍ അലറിക്കരഞ്ഞുകൊണ്ടിരുന്നു.
ആര്‍ത്തബാന്‍ അതു കണ്ടു. ഉടന്‍ അദ്ദേഹം തന്റെ ഭാണ്ഡത്തില്‍ നിന്ന് ആ മുത്ത് പുറത്തെടുത്തു. മുമ്പൊരിക്കലും കാണാത്തത്ര ശോഭയില്‍ തിളങ്ങുന്ന മുത്ത്. അത് അയാള്‍ സൈനികര്‍ക്കു കൊടുത്തു; പകരമായി അവര്‍ ആ പെണ്‍കുട്ടിയെ മോചിപ്പിച്ചു.
വിലപ്പെട്ട സമയം കടന്നുപോയിരിക്കുന്നു. തന്റെ രാജാവിനായി കൊടുക്കാമെന്നു കരുതിയ എല്ലാ അമൂല്യവസ്തുക്കളും കയ്യൊഴിഞ്ഞിരിക്കുന്നു. ഇനി രാജാവിനെ കാണാന്‍ പോയിട്ട് എന്തു ഫലം? അദ്ദേഹത്തിന് എന്തു കൊടുക്കും?
അദ്ദേഹം തളര്‍ന്നിരുന്നു, ഇലപൊഴിഞ്ഞ ഒരു സിക്കമൂര്‍ മരത്തിന്റെ തണലില്‍. അവശത കൂടിക്കൂടി വന്നു. വഴിയോരത്ത് ഏകനായിരുന്ന ആര്‍ത്തബാന്‍ തന്റെ മരണം അടുത്തുവെന്നു മനസ്സിലാക്കി. മരണത്തിന്റെ വരവിനെ അദ്ദേഹം കാത്തിരുന്നു. കുരിശും വഹിച്ചു കാല്‍വരിയിലേക്കു പോകുന്ന യേശുവിന്റെ രൂപം അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞു. അതോടൊപ്പം മന്ദ്രമധുരമായ വാക്കുകള്‍ എവിടെ നിന്നോ ഒഴുകിവന്നു: ‘സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഈ ചെറിയവരില്‍ ചെറിയവനായ ഒരുവനു നീ ചെയ്തത്, എന്നോടാണ് ചെയ്തത്’.
ആര്‍ത്തബാന്റെ സുദീര്‍ഘമായ ജീവിത യാത്ര അവസാനിച്ചു. അദ്ദേഹത്തിന്റെ അമൂല്യമായ കാഴ്ചവസ്തുക്കള്‍ യേശു സ്വീകരിച്ചു. നാലാമത്തെ ജ്ഞാനിയായ സഞ്ചാരി രക്ഷകനെ കണ്ടുകഴിഞ്ഞുവല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>