By on December 1, 2018
19

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ ആശങ്കയോടെ കാത്തിരിക്കുന്ന ദിവസമാണ് ഡിസംബര്‍ 11. അന്നാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനല്‍’ ആയി പരിഗണിക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവരിക.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രീയ സമിതിയും മിസോറാമില്‍ അവിടത്തെ പ്രാദേശിക പാര്‍ട്ടിയുമാണ് ഭരണത്തില്‍. ഇവയില്‍ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഏറെ നിര്‍ണായകം. ഇവിടെ ബിജെപി ഭരണത്തിലേക്ക് തിരിച്ചെത്തിയാല്‍, അത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കും നോട്ട് നിരോധനമുള്‍പ്പെടെയുള്ള വിവാദ നടപടികള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇവിടങ്ങളിലെ വിജയം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍, പിന്നീടുള്ള കാലം ഇന്ത്യ, ഇപ്പോഴുള്ള ഇന്ത്യയായിരിക്കില്ലെന്ന ഭയപ്പെടുത്തുന്ന സാധ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഗോവയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ ആ പാര്‍ട്ടിയുടെ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ഈ സാധ്യതകള്‍ക്ക് പിന്‍ബലമായി രാഷ്ട്രീയ നിരീക്ഷകര്‍ കൂട്ടിവായിക്കുന്നു: ‘നമ്മുടെ ലക്ഷ്യം 2019 അല്ല; അടുത്ത 50 വര്‍ഷത്തെ ഭരണമാണ്’.
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ഓടെ ഇന്ത്യയെ പൂര്‍ണമായി ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കുമെന്ന ബിജെപിയിലെയും അതിന്റെ ശക്തി സ്രോതസ്സായി നിലകൊള്ളുന്ന സംഘപരിവാരങ്ങളുടെയും ഉന്നത നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.
ഈ പശ്ചാത്തലത്തിലാണ് ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പായിരിക്കും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന വ്യാപകമായ ആശങ്ക.
ഇതിനുള്ള ഒരുക്കങ്ങളുടെ ഇടിമുഴക്കമാണ് അയോധ്യ ക്ഷേത്ര നിര്‍മാണം വീണ്ടും സജീവമായിരിക്കുന്നതിനു പിന്നില്‍ നിരീക്ഷകര്‍ കാണുന്നത്. ഗുജറാത്തില്‍ 3000 കോടി രൂപമുടക്കി ബിജെപി സര്‍ക്കാര്‍ നിര്‍മിച്ച സര്‍ദാര്‍ പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയും അയോധ്യയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിര്‍മിക്കാന്‍ പോകുന്ന 221 മീറ്റര്‍ ഉയരമുള്ള ശ്രീരാമ പ്രതിമയും അലഹാബാദ് നഗരത്തിന്റേതുള്‍പ്പെടെ നിരവധി നഗരങ്ങളുടെ പേരുകള്‍ മാറ്റാനുള്ള നീക്കങ്ങളും സുസംഘടിതമായ കാവി വല്‍ക്കരണത്തിന്റെ സന്ദേശമാണ് ഉയര്‍ത്തുന്നത്.
അടുത്ത കേന്ദ്ര ഭരണം ബിജെപിക്കു ലഭിച്ചാല്‍ ഭരണഘടനാ മാറ്റം ഉറപ്പാണെന്നും ഭരണഘടനയുടെ ആത്മാവായ ‘മതനിരപേക്ഷത’യെന്ന വാക്ക് അതില്‍ നിന്നു എടുത്തു കളയുമെന്നുമുള്ള ആശങ്ക വളരുന്ന സാഹചര്യമാണിത്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവിക്കു മുന്നില്‍ ഗുരുതരമായ ചോദ്യ ചിഹ്നം ഉയരുമെന്നതും ഉറപ്പ്.
അടുത്ത ഭരണം പിടിച്ചെടുക്കാനുള്ള യത്‌നങ്ങള്‍ മുറുകുമ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ ഗുരുതര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു സ്ഥിതിവിശേഷം. രൂക്ഷമായ കര്‍ഷക പ്രശ്‌നങ്ങള്‍, വ്യാപകമായ തൊഴിലില്ലായ്മ, കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വില, നിയന്ത്രണാതീതമായ നിത്യോപയോഗ സാധന വിലക്കയറ്റം, വേരുറപ്പിക്കുന്ന വര്‍ഗീയത, 40 കോടിയിലേറെ ജനങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യം, സര്‍വ രംഗത്തും നിരാളിപ്പിടിത്തമിട്ടിരിക്കുന്ന അഴിമതി, സമ്പന്നവര്‍ഗം തടിച്ചു കൊഴുക്കുമ്പോഴും സാധാരണക്കാരും ഇടത്തരക്കാരും നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക ഞെരുക്കം – ഇവയൊക്കെ പരിഹരിക്കാനുള്ള ശക്തവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകുന്നില്ല.
ഇതൊക്കെയായിട്ടും ഭിന്നിച്ചു നില്‍ക്കുന്ന ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളാണ് ജനങ്ങളെ മറന്നുകൊണ്ടുള്ള രാഷ്ട്രീയ അശ്വമേധത്തിനു പ്രോത്സാഹനം നല്‍കുന്നതെന്നത് ചരിത്രപാഠം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2014 ലെ പരാജയം പ്രതിപക്ഷം ആവര്‍ത്തിച്ചാല്‍, അവരുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്ന അവസ്ഥ അവരെ ഒന്നിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുമോ എന്നതാണ് 2019 നു ശേഷവും ഇന്ത്യ, ഇന്ത്യയായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ജനവിഭാഗങ്ങള്‍ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>