• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ഫാ. ജോമി തോട്ട്യാന്‍

By on January 1, 2019
10 B

 

എന്റെ വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു തുടങ്ങി. സകല സ്വകാര്യതകളിലേക്കും അവര്‍ കടന്നു കയറുകയാണ്. അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. സുരക്ഷിതമായ ഒരിടമല്ല ഇന്ത്യ എന്നു പറയേണ്ട ഒരു അരക്ഷിതാവസ്ഥയിലേക്ക് പലരുടെയും സ്വരമുയര്‍ന്നു തുടങ്ങി.
കയ്യിലുള്ള പണത്തിന്മേല്‍ ആയിരുന്നു ആദ്യം നോട്ടം. നോട്ടുനിരോധനം എന്ന നൂതന സാമ്പത്തിക അടിയന്തരാവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ ജീവിതം ദുസ്സഹമാക്കി. വേവലാതികളുടെ ദൈന്യതയില്‍ നിവൃത്തികേടുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തു വേച്ചുവേച്ച് മുന്നോട്ടു നീങ്ങി.
ഇന്ധന വില വര്‍ദ്ധനയും നിത്യോപയോഗ സാധനങ്ങളുടെ വിലയുയര്‍ച്ചയും നടുവോടിച്ചപ്പോള്‍ ആത്മാഭിമാനം വിടില്ലെന്ന് ബോധ്യത്തില്‍ ആയിരുന്നു. സ്വകാര്യതയെ കൈപ്പിടിയിലൊതുക്കി നിര്‍ബന്ധിത ആധാര്‍ നിയമഭേദഗതിയിലൂടെ വ്യക്തി രേഖകള്‍ ഒട്ടുമിക്കതും സ്വന്തമാക്കി. എല്ലാം കൈയ്യിലായി കഴിഞ്ഞപ്പോള്‍, വേണ്ടവര്‍ക്കെല്ലാം വേണ്ടതുപോലെ ഉപയോഗിക്കാനുള്ള സൗകര്യങ്ങളായപ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ച് ഒഴിഞ്ഞുമാറുകയാണ്. ശേഖരിക്കപെട്ടിട്ടുള്ള വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ പോലും പ്രതികരിക്കാനുള്ള അവകാശവും സാധ്യതയും ഇന്ന് ഇല്ലാതായിരിക്കുന്നു.
വീണ്ടുമിതാ രാജ്യത്തെ ഏതു കംപ്യൂട്ടറും ഫോണും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നു. ഐടി ആക്ട് 2000ന്റെ കീഴില്‍ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജന്‍സികള്‍ക്കു വിപുലമായ അധികാരം നല്‍കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ്, ഡയറക്ടറേറ്റി ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, കാബിനറ്റ് സെക്രട്ടേറിയേറ്റ്(റോ), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്( കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മാത്രം) , ദില്ലി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതിയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പുറത്തിറക്കിയ ഉത്തരവില്‍ വ്യകതമാ
വുന്നു. നേരത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വ്യക്തികളുടെ ടെലിഫോണ്‍ കോള്‍ നിരീക്ഷിക്കാന്‍ അധികാരം കൊടുത്തിരുന്നു. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനായി 2011 ലും ഉത്തരവില്‍ ഭേദഗതിയുമുണ്ടായി. അന്ന് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ശേഖരിച്ചുവച്ചതും നിര്‍മിച്ചതുമായ ഏതു വിവരവും ഈ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാമെന്ന അവസ്ഥയാണ്. ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം. രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു. അവര്‍ സംസ്ഥാന പോലീസ് സേനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതിലും മാറ്റമുണ്ടാകും. നിലവില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരാളുടെ കംപ്യൂട്ടര്‍ രേഖകള്‍ പരിശോധിക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാല്‍ ഇനി മുതല്‍ കോടതിയുടെ അനുമതിയില്ലാതെ തന്നെ ആരുടെയും കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറാനും വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയും. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കുമെന്ന അവസ്ഥയിലാണ്. 2019 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് എതിര്‍കക്ഷികളുടെ ഐടി സംവിധാനങ്ങളെ ലക്ഷ്യം വച്ചുള്ള മുനയമ്പാണെന്ന വ്യാഖ്യാനമാണ് ഇതെങ്കിലും ജനാധിപത്യ സ്ഥാപനങ്ങളെല്ലാം കൈപ്പടിയിലൊതുക്കിയത്തിനു ശേഷം ജനങ്ങളെയും അടിമകളാക്കി വിധേയദാസരക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആരംഭമാകാമിത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ച സംഭവത്തില്‍ വി ടി ബല്‍റാം എംഎല്‍എയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു : ‘ജനാധിപത്യം നിലനില്‍ക്കുന്നത് വ്യക്തികളുടെ അമ്പത്താറിഞ്ച് നെഞ്ചളവിന്റെ ഊക്കിലല്ല, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്, നിഷ്പക്ഷതയിലാണ്, കാര്യക്ഷമതയിലാണ്, വിശ്വാസ്യതയിലാണ്. ജുഡീഷ്യറി, മാധ്യമങ്ങള്‍, ഇലക്ഷന്‍ കമ്മീഷന്‍, ആസൂത്രണ കമ്മീഷന്‍, സിബിഐ, സര്‍വ്വകലാശാലകള്‍, ഇപ്പോഴിതാ റിസര്‍വ്വ് ബാങ്കും! തകര്‍ക്കപ്പെടാന്‍ ഡിമോക്രാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വല്ലതും ഇനി അവശേഷിക്കുന്നുണ്ടോ ‘മോഡി’ഫൈഡ് ഇന്ത്യയില്‍?’
പ്രതികരിക്കാന്‍ തുടങ്ങിയവര്‍ക്ക് നല്‍കുന്ന മറുപടികളാണ് ചിന്തനീയം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാസംതോറും ഒമ്പതിനായിരത്തോളം ഫോണ്‍വിളികളും അഞ്ഞൂറോളം ഇ-മെയിലുകളും ചോര്‍ത്തിയിരുന്നവത്രേ! പ്രതികരണങ്ങള്‍ പ്രസിദ്ധീകരിച്ചാലോ, മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോരെചന്ദ്ര വാങ്ഖം ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാണ്, ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപര്‍ ബോബി ഘോഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മിലിന്ദ് ഖാണ്ഡേക്കര്‍, പ്രൈം ടൈം ഷോ ആങ്കര്‍ പ്രസൂണ്‍ ബാജ്‌പേയ്, സീനിയര്‍ വാര്‍ത്താവതാരകന്‍ അഭിസാര്‍ ശര്‍മ്മ …നീളുന്ന നിര ഫലമനുഭവിച്ചവരാണ്. മരണമടഞ്ഞവരേറെ… ബുലന്ദ്ഷഹര്‍ കലാപത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതിനേക്കാള്‍ ഒരു പശുവിന്റെ കൊലയ്ക്ക് നല്‍കുന്ന പ്രാധാന്യം തന്നെ ഞെട്ടിച്ചുവെന്നും ഇന്ത്യയില്‍ നില്‍ക്കാന്‍ ഭയമാണെന്നുമുള്ള നസീറുദ്ദീന്‍ ഷാടുടെ പ്രസ്താവനക്ക് മറുപടിയായി പാകിസ്ഥാനിലേക്ക് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാതെ മാറിയൊതുങ്ങിയാല്‍ വീണ്ടും സ്വാതന്ത്ര്യ സമരത്തിനു കോലം കെട്ടേണ്ടി വരാനിടയുണ്ട്. ഭാരതം എന്റെ രാജ്യം. ചുമതലകളോടൊപ്പം അവകാശങ്ങളും അനുഭവിക്കാന്‍ അര്‍ഹതയുള്ള എന്റെ മാതൃ രാജ്യം. സങ്കുചിത ശക്തികളുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബാലികഴിക്കാനുള്ളതല്ല എന്റെ അവകാശങ്ങളും അധികാരങ്ങളും. ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കും മുന്‍പ് രാഷ്ട്ര-വ്യക്തി നന്മക്കുതകുന്ന, സഹിഷ്ണുതയിലൂന്നിയ പ്രതികരണത്തിന്റെ ഒരു വഴി മെനഞ്ഞെടുത് അങ്കം കുറിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>