- ടി.സി. മാത്യു

By on January 1, 2019
8 A

 

യാഗാശ്വത്തെ പിടിച്ചുകെട്ടി. അഞ്ചു സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് അതാണ്. ആരാലും തോല്‍പ്പിക്കാനാവാത്ത, ആര്‍ക്കും മെരുക്കാനാകാത്ത യാഗാശ്വമായാണ് നരേന്ദ്ര മോദി നാലുവര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നത്. ബിഹാറിലും ഡല്‍ഹിയിലും പഞ്ചാബിലും തോറ്റപ്പോഴും ഗുജറാത്തില്‍ തോല്‍വിയുടെ വക്കിലെത്തിയപ്പോഴും കര്‍ണാടകത്തില്‍ ഭരണം നേടാനാവാതെ പോയപ്പോഴും ഈ പ്രതിച്ഛായ മാറിയിരുന്നില്ല.
പക്ഷേ, ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി തോറ്റപ്പോള്‍ കഥമാറി. മോദിയും തോല്‍ക്കും; മോദി-അമിത് ഷാ ദ്വയം അധൃഷ്യമല്ല എന്നു ജനം മനസിലാക്കി.

കരുത്തനായി രാഹുല്‍

മാത്രമല്ല, രാഹുല്‍ ഗാന്ധി കരുത്തനായ നേതാവായി മാറി. ഇതുവരെ രാഹുലിനെ വെറും പപ്പുവായി കണ്ടിരുന്നവര്‍ ഞെട്ടി.
കോണ്‍ഗ്രസുകാര്‍ ഇത്രകാലവും രാഹുലിനെ നേതാവായി ഉള്ളില്‍ സ്വീകരിച്ചിരുന്നു എന്നു തോന്നുന്നില്ല. സോണിയാ ഗാന്ധി അസുഖങ്ങള്‍മൂലം പിന്മാറുമ്പോള്‍ ആ കുടുംബത്തില്‍ നിന്ന് ഒരു പകരക്കാരന്‍ എന്ന മട്ടിലാണ് അവര്‍ രാഹുലിനെ കണക്കാക്കിയത്. ഇന്ദിരാഗാന്ധിയുമായി രൂപസാദൃശ്യമുള്ള പ്രിയങ്കയായിരുന്നു നേതാവെങ്കില്‍ നന്നായേനെ എന്നു കരുതിയവരാണ് ഏറെയും.
ഡിസംബര്‍ 11 അതെല്ലാം മാറ്റി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നു കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി എന്ന
നാല്പത്തെട്ടുകാരന് ഒന്നാം വാര്‍ഷികം അവിസ്മരണീയമാക്കാന്‍ കഴിഞ്ഞു.

കോട്ടകള്‍ കൈവിട്ടു

ഈ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രസക്തി വളരെ വലുതാണ്. 15 വര്‍ഷമായി ബിജെപി ഭരണത്തിലായിരുന്നു മധ്യപ്രദേശും ഛത്തീസ്ഗഡും. രാജസ്ഥാനില്‍ രണ്ടു ദശകമായി കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിക്കുന്നു.
മോദി ഭരണം നാലരവര്‍ഷം പിന്നിട്ടപ്പോള്‍ ഇവ നിലനിര്‍ത്താന്‍ ബിജെപിക്കു കഴിഞ്ഞില്ല എന്നത് ആ പാര്‍ട്ടിയെ ഞെട്ടിക്കുന്നതാണ്. മൂന്നിടത്തുംകൂടി 65 ലോക്‌സഭാ സീറ്റുകള്‍ ഉണ്ട്. 2014 ല്‍ 62-ഉം ബിജെപി നേടി. ഛത്തീസ്ഗഡില്‍ 2014 ലും 2009 ലും 11 ല്‍ 10 വീതം ലോക്‌സഭാ സീറ്റ് ബിജെപി നേടിയതാണ്. രാജസ്ഥാനില്‍ കഴിഞ്ഞ തവണ എല്ലാ ലോക്‌സഭാ സീറ്റും ബിജെപിക്കായിരുന്നു.
ഒരു കണക്കുകൂട്ടല്‍ കാണിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവണത തുടര്‍ന്നാല്‍ ബിജെപിക്ക് 62 ല്‍നിന്നു 30 ലേക്കു ചുരുങ്ങേണ്ടിവരുമെന്നാണ്. ഇന്ത്യാ ടുഡേവാരികയുടെ കണക്കനുസരിച്ചു കോണ്‍ഗ്രസിന്റെ ബലം മൂന്നില്‍നിന്നു 34 ആകും.

ഭൂരിപക്ഷത്തിനും താഴെ

2014 ല്‍ എന്‍ഡിഎ നേടിയത് 282 ലോക്‌സഭാ സീറ്റാണ്. അതില്‍ 32 കുറയുക എന്നാല്‍ 250 ലേക്ക് അംഗബലം ചുരുങ്ങും. എന്‍ഡിഎയില്‍ നിന്നു ചിലര്‍ പുറത്തുപോയിട്ടുള്ളതും മറ്റും കണക്കിലെടുക്കുമ്പോള്‍ ഭൂരിപക്ഷ സംഖ്യയായ 272 ല്‍നിന്നു കുറെയേറെ അകലെയാകും എന്‍ഡിഎ.
അഞ്ചു മാസത്തിനു ശേഷമുള്ള ജനവിധിയെപ്പറ്റി അധികം മുന്‍വിധിയുടെ കാര്യമില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം നല്‍കുന്ന നാലു വലിയ സൂചനകളാണു പ്രധാനം. അവ ഇതാണ്:
1. മോദിയെ തോല്‍പ്പിക്കാനാവില്ല എന്ന മിഥ്യ മാറി.
2. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് പുനരുജ്ജീവന പാത കണ്ടെത്തി; പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കുന്ന ഒരു നേതാവുമുണ്ടായി.
3. കര്‍ഷക ദുരിതവും യുവാക്കളുടെ തൊഴിലില്ലായ്മയും വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ്.
4. രാമക്ഷേത്രം വലിയ വോട്ട് നേടിത്തരുന്ന വിഷയമല്ല.

ഒപ്പത്തിനൊപ്പം

മോദിക്കു കിടനില്‍ക്കാവുന്ന ഒരാളുമില്ല എന്നു പറഞ്ഞാണു ബിഹാറിലെ നിതിഷ്‌കുമാര്‍ ഒന്നരവര്‍ഷം മുമ്പ് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം വിട്ട് ബിജെപിയോടു ചേര്‍ന്നത്. കഴിഞ്ഞ ദിവസം ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ഒരു ട്വിറ്ററില്‍ നിതിഷിനോടു ചോദിച്ചു: ‘ഇപ്പോള്‍ ചാച്ചാജി എന്തുപറയുന്നു?’
അതാണു മാറ്റം. രാജ്യത്തു രാഷ്ട്രീയ അന്തരീക്ഷം ആകെ മാറി. മോദി-ഷാ ദ്വയത്തെ വെല്ലാനാവില്ല എന്ന ധാരണ മാറി. ആര്‍എസ്എസ് ശക്തമായ ഹിന്ദി ഹൃദയഭൂമിയില്‍ അവര്‍ പരാജയപ്പെട്ടു.

രാഹുലിനു മാറ്റം

കോണ്‍ഗ്രസ് കുറെക്കാലമായി അനുഭവിക്കുന്ന നേതൃദാരിദ്ര്യം വളരെ വലുതായിരുന്നു. 2014 മുതല്‍ സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടു. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ ഒറ്റപ്പെട്ടവയായി ചിത്രീകരിക്കപ്പെട്ടു. വോട്ട് നേടിത്തരാന്‍ കഴിവുള്ള നേതാവല്ല രാഹുല്‍ എന്നു കരുതപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലതും തിരിച്ചടിച്ചു.
പക്ഷേ, ഒന്നര വര്‍ഷം മുമ്പ് രാഹുല്‍ രീതികള്‍ മാറ്റി. മികച്ചൊരു ഐടി ടീമിന്റെ കൂടി സഹായത്തോടെ സമൂഹ മാധ്യമങ്ങളിലൂടെ ബിജെപിയുടെ ആക്രമണത്തെ ചെറുക്കാനാരംഭിച്ചു. അമേരിക്കയിലും സിംഗപ്പൂരിലും ഇന്ത്യയിലും തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളുമായി ആശയ വിനിമയം നടത്തി. മോദിയെപ്പോലെ വലിയ പ്രഭാഷകനല്ലെങ്കിലും ചെറുഗ്രൂപ്പുകളില്‍ നന്നായി ആശയവിനിമയം ചെയ്യാന്‍ പറ്റുന്ന ആളായി. രാഷ്ട്രീയതലത്തില്‍ മോദിയെ നേരിട്ട് ആക്രമിച്ചു പ്രതിപക്ഷം എന്നാല്‍ രാഹുല്‍ എന്ന പ്രതീതി ഉണ്ടാക്കി. (വേറെ പ്രതിപക്ഷ നേതാക്കളാരും മോദിയെ നേരിട്ട് ആക്രമിക്കാറില്ല).

മോദി-രാഹുല്‍ പോരാട്ടം

2019 ലെ പോരാട്ടം മോദി-രാഹുല്‍ എന്നതാണെന്ന് ഇപ്പോള്‍ ഉറപ്പായി. തങ്ങളുടെ പ്രാദേശിക പിന്തുണ കണക്കിലെടുത്തു വലിയ സ്വപ്‌നങ്ങള്‍കണ്ടിരുന്ന മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും സീനിയോറിറ്റി വച്ചു പലതും മോഹിക്കുന്ന ശരദ് പവാറിനുമൊന്നും ഇഷ്ടപ്പെടുന്നതല്ല നിയമസഭാ തിരഞ്ഞെടുപ്പു ഫലം. ഇവരുടെയൊന്നും സഹായമില്ലാതെ കോണ്‍ഗ്രസിനു മൂന്നു സംസ്ഥാനങ്ങള്‍ പിടിക്കാനായി. പ്രതിപക്ഷനിരയില്‍ ഏറ്റവുമധികം സീറ്റ് നേടാനാവുന്ന കക്ഷി കോണ്‍ഗ്രസാണെന്നു തെളിയിച്ചു. 40 സീറ്റിനപ്പുറത്തേക്കു സ്വപ്‌നം കാണാനാകാത്തവരാണു മറ്റുകക്ഷികളെല്ലാം.
എന്നാല്‍ ഒറ്റയ്ക്കു കേന്ദ്രഭരണത്തില്‍ തിരിച്ചെത്താന്‍ തക്ക വളര്‍ച്ച കോണ്‍ഗ്രസിനു ലഭിച്ചിട്ടില്ല. തുടര്‍ന്നും കൂട്ടുകെട്ടുകള്‍ അനിവാര്യമാണ്. അതു സംസ്ഥാനതലങ്ങളില്‍ മാത്രമായി ഒതുക്കിയെടുക്കാന്‍ പറ്റിയാലേ കോണ്‍ഗ്രസിനു യഥാര്‍ഥ തിരിച്ചുവരവ് സാധ്യമാകൂ.

കര്‍ഷകദുരിതം ഭീകരം
കോണ്‍ഗ്രസിന്റെയോ രാഹുല്‍ ഗാന്ധിയുടെയോ മാത്രം മികവിലല്ല ഈ വിജയം സാധിച്ചത്. കര്‍ഷകരടക്കം ഗ്രാമീണ മേഖല അനുഭവിക്കുന്ന ദുരിതവും യുവാക്കളുടെ തൊഴിലില്ലായ്മയും വലിയ പങ്കുവഹിച്ചു. കര്‍ഷകരുടെ പ്രശ്‌നം അധികാരികള്‍ക്കു മനസിലാകുന്നില്ല എന്നിടത്താണ് കുഴപ്പം: ധനശാസ്ത്രജ്ഞര്‍ അടക്കം നയരൂപീകരണത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാര്യം മനസിലായിട്ടില്ല. അവര്‍ നോക്കുമ്പോള്‍ ഉയര്‍ന്ന സംഭരണ വിലയുണ്ട്, കുറഞ്ഞ പലിശയ്ക്കു വായ്പയുണ്ട്, വിള ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ട്. പിന്നെന്തുവേണം? വേണ്ടതു വരുമാനം. പ്രളയം വന്നാലും വരള്‍ച്ച വന്നാലും ഉത്പാദനം കൂടിയാലും കുറഞ്ഞാലും കര്‍ഷകര്‍ക്കു വരുമാനം ഇടിയുന്നു. ഇതു മാറണം. കൃഷി ചെയ്യുന്നവര്‍ക്കു കൃഷികൊണ്ടു കുടുംബം പുലര്‍ത്താനാകണം. കര്‍ഷക ആത്മഹത്യകളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ തക്ക സാഹചര്യം ഇല്ലെന്നു കണ്ടാണു മിക്ക ആത്മഹത്യകളും. കടം എഴുതിത്തള്ളലുകള്‍കൊണ്ടു തീരുന്നതല്ല കര്‍ഷകപ്രശ്‌നം. ഉത്പന്നത്തിനു ന്യായവില അല്ലെങ്കില്‍ അധ്വാനത്തിനു ന്യായവേതനം – അതാണു കര്‍ഷകര്‍ക്കു വേണ്ടത്. ഫാക്ടറിത്തൊഴിലാളിക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഒക്കെയുള്ള ഈ വരുമാന സുരക്ഷിതത്വത്തിനുള്ള വഴിയാണു സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. കര്‍ഷകര്‍ക്കു പ്രശ്‌നങ്ങള്‍ ഇല്ലെന്നും തങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍കൊണ്ടു കര്‍ഷക ദുരിതം അവസാനിച്ചെന്നുമുള്ള ബിജെപിയുടെ വായ്ത്താരി അവസാനിച്ചു.

രൂക്ഷമാകുന്ന തൊഴിലില്ലായ്മ

യുപിഎയുടെ അവസാനകാലത്തു വളര്‍ച്ചയും തൊഴിലും കുറവായെന്നു വിമര്‍ശിച്ചു യുവാക്കളെ ആകര്‍ഷിച്ചാണു ബിജെപി 2014 ല്‍ വിജയം നേടിയത്. എന്നാല്‍ മോദിഭരണവും തൊഴില്‍ ഉണ്ടാക്കാന്‍ പര്യാപ്തമായില്ല. കറന്‍സി റദ്ദാക്കി വളര്‍ച്ച പിന്നോട്ടാക്കിയതും ജിഎസ്ടി നടപ്പാക്കി ചെറുകിടക്കാരെയും സ്വയംസംരംഭകരെയും ഇല്ലാതാക്കിയതും രാജ്യത്തു തൊഴില്‍ കുറയ്ക്കുകയാണു ചെയ്തത്. എട്ടു ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ച ഉണ്ടായിരുന്നിടത്തുനിന്ന് ആറു ശതമാനത്തിലേക്കു താഴ്ത്തുകയാണ് കറന്‍സി നിരോധനം ചെയ്തത്. ഇപ്പോഴും അതിന്റെ ആഘാതത്തില്‍നിന്നു കരകയറിയിട്ടില്ല രാജ്യം.

രോഷത്തിന്റെ വിധിയെഴുത്ത്

ഇവയുടെയൊക്കെ വേദനയും രോഷവും വോട്ട് ആയി മാറുകയായിരുന്നു. രാമജന്മഭൂമിയും ക്ഷേത്രവുമൊക്കെ പ്രചാരണകാലത്തു നല്ല ചൂടാക്കിനിര്‍ത്തുകയും യോഗി ആദിത്യനാഥ് വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിട്ടും ജനം വഴങ്ങിയില്ല. സംഘപരിവാറിന്റെ സംഘടിതശക്തിയും ഏശിയില്ല. തൊഴിലും വരുമാനവുമാണു രാമക്ഷേത്രത്തെക്കാളും പ്രതിമയേക്കാളും പ്രധാനം എന്നു ജനം വിധിയെഴുതി.
കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്പിനും രാഹുല്‍ഗാന്ധിയുടെ നേതൃത്വം ഉറപ്പിക്കുന്നതിനും വഴിതെളിച്ച ജനവിധി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആവേശകരമാക്കുന്നു. ഏകപക്ഷീയ വിജയത്തിലൂടെ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്ന ബിജെപി ഇനി ഭൂരിപക്ഷം പിടിക്കാന്‍ പുത്തന്‍ തന്ത്രങ്ങള്‍ കണ്ടെത്തേണ്ട അവസ്ഥയിലേക്കു വീണു. എഴുതിത്തള്ളപ്പെട്ട കോണ്‍ഗ്രസ് ശക്തമായി മത്സരരംഗത്തു വരികയും ചെയ്തു. മതേതരത്വം അടക്കമുള്ള ജനാധിപത്യമൂല്യങ്ങള്‍ കാത്തുരക്ഷിക്കാനാകുമെന്ന വിശ്വാസവും ഈ ജനവിധിയിലൂടെ ഉറപ്പിച്ചു.
ദീപിക സീനിയര്‍ അസോഷ്യേറ്റ് എഡിറ്ററാണ് ലേഖകന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>