By on January 1, 2019
9 B

ഇന്ത്യയിലെ പരമോന്നത കോടതി ഇടക്കിടെ വിവാദങ്ങളിലേക്ക് വഴിച്ചിഴക്കപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സമീപകാലത്തായി കണ്ടുകൊണ്ടിരിക്കുന്നത്. 2018 ഒക്‌ടോബര്‍ വരെ അന്നത്തെ ചീഫ് ജസ്റ്റിസിനെ ചുറ്റിപ്പറ്റിയായിരുന്നു വിവാദങ്ങള്‍. നിലവിലുള്ള നടപ്പു രീതികള്‍ക്ക് വിരുദ്ധമായി കോടതിയിലെത്തുന്ന കേസുകളുടെ വിചാരണ ഏത് ബഞ്ചിനു വിടണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം. ഇക്കാര്യം ഉന്നയിച്ചു സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി. പാര്‍ലമെന്റ് ചീഫ് ജസ്റ്റിസിനെ ഇംപീച്ചു ചെയ്യുന്നതിന് ആലോചിച്ചെങ്കിലും മുന്നോട്ടുപോയില്ല.
ദീപക് മിശ്രയ്ക്കുശേഷം ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ രഞ്ജന്‍ ഗൊഗോയിയുടെ വരവോടെ ഒട്ടേറെ മാറ്റങ്ങള്‍ സുപ്രീം കോടതിയില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അദ്ദേഹം ചാര്‍ജെടുത്ത ദിവസങ്ങള്‍ക്കകം സുപ്രീം കോടതിയിലെയും സംസ്ഥാന ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിരവധി ഒഴിവുകള്‍ നികത്തപ്പെട്ടത് സര്‍ക്കാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള ആരോഗ്യകരമായ ധാരണയുടെ സൂചനയായും വ്യാഖ്യാനിക്കപ്പെട്ടു.
ഇപ്പോള്‍ സുപ്രീം കോടതി പുതിയൊരു കാര്യത്തിലാണ് മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. സുപ്രീം കോടതിയുടെ വീഴ്ചയായി പലരും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാരാണ് വിവാദത്തിലെ താരം എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പറയുന്നത്.
റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്ന ഏറെക്കാലമായുള്ള വിവാദമാണ് കോടതിയെ വിവാദത്തിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കിയത്. ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ ബിജെപി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷുറി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ സുപ്രീം കോടതി ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നു സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ രഹസ്യരേഖകളാണ് വിധിക്ക് അടിസ്ഥാനമാക്കിയത്.
ആ വിധിയിലെ രണ്ടു വാചകങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവാദം. യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ചു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നല്‍കിയ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിച്ചതായി വിധിയില്‍ പറയുന്നു. അതിനാല്‍ വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയൊന്നുമില്ലെന്നും ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു വിധിയുടെ ചുരുക്കം. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര സര്‍ക്കാരും കോടതിയും വെട്ടിലായത്. തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പിഎസി പരിശോധിച്ചുവെന്നും തങ്ങള്‍ സമര്‍പ്പിച്ച രഹസ്യരേഖയില്‍ പറഞ്ഞിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും സമര്‍പ്പിക്കാന്‍ പോകുന്നതേയുള്ളുവെന്നും പറഞ്ഞതിനെ കോടതി തെറ്റായി വ്യാഖ്യാനിച്ചതാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. തങ്ങള്‍ ഇംഗ്ലീഷില്‍ ‘ഈസ്’ എന്നു പറഞ്ഞതിനെ ‘വാസ്’ എന്നും ‘ഹാസ്ബീന്‍’ എന്നും കോടതി പരാമര്‍ശിക്കുകയായിരുന്നുവത്രെ.
അതുകൊണ്ടാണ് സിഎജിയുടെ റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ അതിന്റെ സംഗ്രഹം വച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞത്. അതിനു തങ്ങള്‍ ഉത്തരവാദിയല്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അപ്പോള്‍ ആര്‍ക്കാണ് പിഴച്ചത്? കോടതിക്കോ വ്യക്തതയില്ലാത്ത വിവരം നല്‍കിയ സര്‍ക്കാരിനോ? ഏതായാലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ബിജെപിക്ക് പിടിവള്ളിയായിരുന്നു റഫേല്‍ യുദ്ധക്കരാറില്‍ അഴിമതിയില്ലെന്ന സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ്. അത് പക്ഷേ, സര്‍ക്കാരിന് തിരിച്ചടിയായെന്നാണ് ഇപ്പോഴത്തെ സൂചന.
വിധി തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിക്കാണ് തെറ്റുപറ്റിയതെന്ന് സ്ഥാപിക്കുകയാണ് ഇതിന്റെ പിന്നിലെ തന്ത്രം.
അതേസമയം ബിജെപിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി കോണ്‍ഗ്രസും അങ്കത്തിന് കച്ചമുറുക്കുന്നു. ശേഷം വരും ദിവസങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>