• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ആരാണ് കേരളത്തിന്റെ നവോത്ഥാനത്തിന് തിരി കൊളുത്തിയത്?

By on January 1, 2019
9 A

 

ശബരിമല വിവാദത്തിന്റെ വെളിച്ചത്തില്‍ ജനുവരി ഒന്നിന് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ‘വനിതാമതില്‍’ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഇടതുപക്ഷം. കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരും നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരുമാണ് ഇതിന്റെ സംഘാടകരെന്നാണ് പറയുന്നത്. അവകാശവാദം എന്തായാലും വിഭാഗീയത കൊടിയടയാളമായ പ്രസ്ഥാനങ്ങളും വര്‍ഗീയത മുഖമുദ്രയായ നേതാക്കളും പുരോഗമനവാദികളും നക്‌സലൈറ്റുകള്‍പോലും ‘നവോത്ഥാന’ത്തിന്റെ വക്താക്കളും പതാകാവാഹകരുമായി അവതരിക്കുന്ന കാഴ്ചയാണിപ്പോള്‍.
എന്നാല്‍, ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളിലും സദസ്സുകളിലും കേരളത്തിന്റെ നവോത്ഥാനത്തിനു പതിനേഴാം നൂറ്റാണ്ടുമുതല്‍ തന്നെ തിരികൊളുത്തിയ ക്രൈസ്തവ സമൂഹം ബോധപൂര്‍വം തമസ്‌ക്കരിക്കപ്പെടുകയാണ്. അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുഴുകിക്കിടന്നിരുന്ന കേരളീയ സമൂഹത്തെ മാനവികതയുടെയും മനുഷ്യത്വത്തിന്റെയും നവയുഗ പുലരിയിലേക്ക് കൈപിടിച്ചു നടത്തിയ ക്രൈസ്തവരുടെ സമാനതകളില്ലാത്ത സംഭാവനകളെപ്പറ്റിയുള്ള അന്വേഷണം അതുകൊണ്ട് അനിവാര്യമാകുന്നത്. ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട സ്വന്തം പൈതൃകവും പൊതുസമൂഹം ഓര്‍മിച്ചെടുക്കേണ്ട ചരിത്രയാഥാര്‍ഥ്യങ്ങളുമാണവ.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഏറ്റവും വ്യാജമായ അവകാശവാദമാണ്, മലയാളിയെ മനുഷ്യനാക്കിയതിന്റെ ചരിത്രം തുടങ്ങുന്നത് ശ്രീനാരായണ ഗുരുവില്‍ നിന്നാണെന്നത്. അദ്ദേഹവും അദ്ദേഹത്തിന്റെ സമകാലികരായ ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കെ.പി. കറുപ്പനും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും വാഗ്ഭടാനന്ദനും പി.ടി ഭട്ടതിരിപ്പാടുമാണ് കേരളത്തിന്റെ നവോത്ഥാന ശില്‍പികള്‍ എന്നാണ് കേരളത്തിലെ വലത് – ഇടതു ചരിത്ര പണ്ഡിതര്‍ എഴുതിപ്പിടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. എന്നാല്‍, ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള ഈ സമുദായ പരിഷ്‌ക്കര്‍ത്താക്കള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ജനിക്കുന്നത്.
അതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളം നവോത്ഥാനത്തിന്റെ പ്രഭാതഭേരി കേട്ടുണര്‍ന്നിരുന്നുവെന്നതാണ് ചരിത്രയാഥാര്‍ഥ്യം. അതായത്, കേരളത്തിന്റെ നവോത്ഥാന ചരിത്രം തുടങ്ങുന്നത് ശ്രീനാരായണ ഗുരുവില്‍ നിന്നല്ല; വിദേശ മിഷനറിമാരുടെ വരവോടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിലങ്ങോളമിങ്ങോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയതമായ രൂപഭാവങ്ങള്‍ നല്‍കിയ വിദേശമിഷനറിമാരില്‍ നിന്നാണ്; അവരുടെ പ്രചോദത്തില്‍ വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, ജീവകാരുണ്യമേഖലകളില്‍ ആളും അര്‍ഥവും നല്‍കി പ്രവര്‍ത്തിച്ച യുഗപുരുഷനായ ചാവറ കുരിയാക്കോസ് ഏലിയാസ് എന്ന കത്തോലിക്കാ വൈദികനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും അവര്‍ നേതൃത്വം നല്‍കിയ ക്രൈസ്തവ സമൂഹത്തില്‍ നിന്നുമാണ്.
കള്ളംപറയാത്ത ചരിത്രം
കേരളത്തിലെ ഇടത് – വലത് ചരിത്രപണ്ഡിതര്‍ ഉയര്‍ത്തിക്കാട്ടുന്ന നവോത്ഥാന ശില്‍പികള്‍ ജനിക്കുന്നതിനു അമ്പതും അറുപതും വര്‍ഷം മുമ്പ് ജനിച്ചു കേരളത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ യുഗപരിവര്‍ത്തനോന്മുഖമായ ഇടപെടലുകള്‍ നടത്തിയ ചാവറയച്ചനെ അവഗണിച്ചു പിന്നീടു വന്ന സമുദായനേതാക്കളെ ആലവട്ടവും വെഞ്ചാമരവും വീശി എഴുന്നള്ളിക്കുന്നതിലെ വൈരുധ്യം നോക്കുക:
ഈഴവ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരു ജനിക്കുന്നത് 1856 ലാണ്; 1805 ല്‍ ജനിച്ച ചാവറയച്ചന് അപ്പോള്‍ വയസ്സ് 51. നായര്‍ സമുദായത്തിന്റെ പരിഷ്‌ക്കരണത്തിനുവേണ്ടി യത്‌നിച്ച ചട്ടമ്പിസ്വാമികള്‍ 1854 ലും പുലയരുള്‍പ്പെട്ട അധഃസ്ഥിതി ജനിവിഭാഗങ്ങളുടെ മോചനത്തിനു നേതൃത്വം നല്‍കിയ അയ്യങ്കാളി 1863 ലും മലബാറിലെ തിയ്യരുടെ പുരോഗതിക്കുവേണ്ടി യത്‌നിച്ച വാഗ്ഭടാനന്ദന്‍ 1884 ലും അരയസമുദായ നേതാവായ പണ്ഡിറ്റ് കെ.പി. കറുപ്പന്‍ 1885 ലും മുസ്ലിം സമുദായ നേതാവായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി 1873 ലും നമ്പൂതിരി സമുദായത്തിനു വേണ്ടി ശബ്ദിച്ച വി.ടി. ഭട്ടതിരിപ്പാട് 1896 ലുമാണ് ജനിച്ചത്. എന്നാല്‍, 1805 ല്‍ ജനിച്ച ചാവറയച്ചന്‍ 1829 ആയപ്പോഴേയ്ക്കും സാമൂഹിക നവോത്ഥാന രംഗത്ത് ശക്തമായി നിലയുറപ്പിച്ചിരുന്നു.
ഒരു ഉദാഹരണം മാത്രം: 1864 ല്‍, ചാവറയച്ചന്‍ കേരള കത്തോലിക്കാ സഭയുടെ വികാരി ജനറലായിരിക്കെ ഓരോ പള്ളിയോടും ചേര്‍ന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തു. എന്നാല്‍, അതിനു രണ്ടു പതിറ്റാണ്ടു മുമ്പ്, 1846, ല്‍ മാന്നാനത്ത് സംസ്‌കൃതം പഠിപ്പിക്കാനായി അദ്ദേഹം ഒരു സ്‌കൂള്‍ തുടങ്ങി; ആ വര്‍ഷം തന്നെ ആര്‍പ്പുക്കരയെന്ന കുഗ്രാമത്തില്‍ കീഴാള വര്‍ഗക്കാരുടെ കുട്ടികള്‍ക്കായി പ്രൈമറി വിദ്യാലയവും ആരംഭിച്ചു. അന്നു നിലവിലിരുന്ന അയിത്തത്തിനെതിരെ ഗര്‍ജിച്ച അദ്ദേഹം താന്‍ തുടങ്ങിയ വിദ്യാലയങ്ങളില്‍ സവര്‍ണ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ണരുടെ മക്കള്‍ക്കും ഒരേ ബഞ്ചില്‍ സ്ഥാനം നല്‍കി; അടിയാള വര്‍ഗ വിദ്യാര്‍ഥികള്‍ ഒട്ടിയ വയറുമായാണ് പഠിക്കാന്‍ വരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ തുടങ്ങി.
വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവര്‍ത്തനം എന്നതായിരുന്നു ചാവറയച്ചന്റെ ലക്ഷ്യം. അദ്ദേഹവും അദ്ദേഹം കാട്ടിക്കൊടുത്ത പാതയിലൂടെ സഞ്ചരിച്ച കത്തോലിക്കാ സമൂഹവും സമത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സ്വാഭിമാന ബോധത്തിന്റെയും ത്യാഗനിര്‍ഭരായ സേവനങ്ങളാണ് പിന്നീട് തുടര്‍ന്നതും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതും. 1829 ല്‍ വൈദികനായ ചാവറ കുരിയാക്കോസ് അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹത്തിലൂടെ പിന്നീടുള്ള നാലു പതിറ്റാണ്ടുകാലം 1871 ല്‍ മരിക്കുന്നതുവരെ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ ചാലുകോരുകയായിരുന്നു.
ആ പാതയിലൂടെയാണ് ശ്രീനാരായണഗുരുവും മറ്റു സമുദായ പരിഷ്‌ക്കര്‍ത്താക്കളും പിന്നീട് നടന്നുകയറിയത്. ഈ നേതാക്കള്‍ ഓരോരുത്തരും തങ്ങളുടെ സ്വന്തം സമുദായത്തിനുവേണ്ടി സമുദായാംഗങ്ങളെ സംഘടിപ്പിക്കുകയും നിലകൊള്ളുകയും ചെയ്തപ്പോള്‍, ചാവറയച്ചനും അദ്ദേഹത്തെ പിന്തുടര്‍ന്നു വന്ന ക്രൈസ്തവ നേതാക്കളും അഭിസംബോധന ചെയ്തത് ജാതിമതഭേദമെന്യെ മുഴുവന്‍ ജനങ്ങളെയുമാണെന്ന വ്യത്യാസവും തിരിച്ചറിയുക.
നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍
ചരിത്രപണ്ഡിതനായ എ.ശ്രീധരമേനോന്‍ ‘കേരളചരിത്ര’ത്തില്‍ കേരളത്തിന്റെ നവോത്ഥാന നാള്‍വഴികള്‍ വിവരിക്കുമ്പോള്‍ 18,19 നൂറ്റാണ്ടുകളില്‍ വിദേശ മിഷനറിമാര്‍ ഇവിടെ തുടങ്ങിവച്ച സാമൂഹിക, സാംസ്‌ക്കാരിക പരിവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്നുണ്ട്.
പ്രാകൃതമായ അയിത്താചരണവും അടിമത്തവും അടിയാള വര്‍ഗങ്ങളെ അടക്കിവാണ സവര്‍ണ ഹിന്ദുത്വത്തിന്റെ ക്രൂരതയും നീതി നിഷേധവും സാമൂഹിക ഉച്ചനീചത്വങ്ങളും നിറഞ്ഞു ഭ്രാന്താലയമായിരുന്നു അന്നു കേരളം.
എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അസ്തമനത്തോടെ ഈ സാമൂഹിക ക്രമത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതു ക്രമേണ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ നവോത്ഥാനത്തിന്റെ പ്രഭാതകാഹളമായി മാറുകയായിരുന്നു. ഇതിനു മുഖ്യകാരണം ക്രൈസ്തവ മിഷനറിമാര്‍ പ്രചരിപ്പിച്ച പാശ്ചാത്യ വിദ്യാഭ്യാസവും പടിഞ്ഞാറിന്റെ സ്വതന്ത്ര ചിന്തയുമായിരുന്നുവെന്ന് ശ്രീധരമേനോന്‍ അടിവരയിട്ട് സമര്‍ഥിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം സാധ്യമാകൂവെന്ന ദര്‍ശനമായിരുന്നു മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. അതുകൊണ്ടാണ് 1806 – 1816 കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ അവര്‍ നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്. 1813 ല്‍ കോട്ടയത്ത് വൈദിക സെമിനാരി, 1821 ല്‍ അവിടെ ഗ്രാമര്‍ സ്‌കൂള്‍, 1825 ല്‍ ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍, 1818 ല്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ലീഷ് സ്‌കൂള്‍, 1848 ല്‍ കോഴിക്കോട് കല്ലായിയില്‍ പ്രൈമറി സ്‌കൂള്‍, 1856 ല്‍ തലശേരിയില്‍ ഇംഗ്ലീഷ് സ്‌കൂള്‍. വിദ്യയുടെ വെളിച്ചം നാടെങ്ങും പ്രസരിച്ചപ്പോള്‍, അന്ധകാരത്തിലും അജ്ഞതയിലും തളര്‍ന്നുറങ്ങിയിരുന്ന കേരളസമൂഹം ഉറക്കമുണരുന്നതാണ് കണ്ടത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക മാറ്റം നടക്കൂവെന്ന അതേ ചിന്തയുള്‍ക്കൊണ്ടാണ് ചാവറയച്ചനും സാമൂഹിക പരിഷ്‌ക്കരണത്തിന്റെ വിവിധ മേഖലകളില്‍ സജീവമായത്. ആ പാരമ്പര്യമാണ് പൈതൃക സമ്പത്തായി ക്രൈസ്തവ സമൂഹം തലമുറകള്‍ക്ക് കൈമാറിപ്പോന്നതും.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ക്രൈസ്തവരുടെ പങ്കിനെ ആരൊക്കെ തമസ്‌ക്കരിച്ചാലും നിസാരവല്‍ക്കരിച്ചാലും ചരിത്രം യാഥാര്‍ഥ്യമായി നിലനില്‍ക്കും. മിഷനറിമാരും തദ്ദേശീയരായ ക്രൈസ്തവ നേതാക്കളും കണ്ണീരിലും കഷ്ടപ്പാടിലും രചിച്ച ആ നവോത്ഥാന മുന്നേറ്റത്തിലെ നാഴികക്കല്ലുകള്‍ എന്തൊക്കെയാണ്?
അത് അടുത്ത ലക്കത്തില്‍

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>