• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

ചിന്താദരിദ്രമായ മലയാള സിനിമകള്‍ ക്രൈസ്തവരെ അധിക്ഷേപിക്കുമ്പോള്‍

By on January 1, 2019
11 A

 

സിനിമയിലും സാഹിത്യത്തിലും ‘അവാര്‍ഡ്’ നേടാന്‍ എന്തെങ്കിലും എളുപ്പവഴിയുണ്ടോ? ഉണ്ടല്ലോ; താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക മാത്രം മതി. അവാര്‍ഡുകള്‍ നിങ്ങളെ തേടി പാഞ്ഞു വരും.
ഒന്ന്; തുറന്ന് എഴുതുക, തുറന്നു കാട്ടുക. അതായത്, എഴുത്തിലാണെങ്കില്‍ അല്‍പം ആത്മകഥാംശം ചേര്‍ത്ത് പൊടിപ്പും തൊങ്ങലും ചാര്‍ത്തി കാര്യങ്ങള്‍ വിവരിക്കണം. അതു കഥാപാത്രത്തിന്റെ വിചാരത്തിലൂടെയോ വികാരത്തിലൂടെയോ പ്രവൃത്തിയിലൂടെയോ നടത്താം. മദ്യപാനം, ലഹരി ഉപയോഗം, ലൈംഗിക സാഹസികതകള്‍, ഒടുവില്‍ നിരാശയിലേക്ക് നീങ്ങല്‍, അറ്റകൈയ്ക്ക് ആത്മഹത്യ. ഇത്രയുമുണ്ടെങ്കില്‍ ഒരു വിധം കഥകളും കവിതകളും വാരികകളും പത്രങ്ങളും ഏറ്റെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും. വായനക്കാരെ ഞെട്ടിച്ചുവെന്നും ഇത് മലയാള സാഹിത്യത്തില്‍ കൊടുങ്കാറ്റ് അഴിച്ചുവിടുമെന്നും പ്രചാരണം നടത്തും. ആരെക്കൊണ്ടെങ്കിലും ‘ആസ്വാദനം’ എഴുതിക്കുന്ന കാര്യവും മാധ്യമങ്ങള്‍ ഏറ്റെടുത്തുകൊള്ളും.
രണ്ട്; മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയെന്നതിന് ചില വ്യവസ്ഥകളുണ്ട്. കഥയിലും സാഹിത്യത്തിലും സിനിമയിലും മാധ്യമരംഗത്തുമുള്ള ക്ലിക്കുകളെപ്പറ്റി നല്ല ബോധമുണ്ടാകണം. അതു മനസ്സിലാക്കി, എഴുത്തുകാരന്‍ വേണ്ടപ്പെട്ടവരെ സ്വാധീനിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു സാഹിത്യ അക്കാദമി, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയിലെ ആരെങ്കിലുമൊക്കെയായി നല്ല ബന്ധം കെട്ടിപ്പടുക്കണം. മറക്കണ്ട, ഇതിന് ചില പത്രങ്ങളിലെയും വാരികകളിലെയും പ്രവര്‍ത്തകരെ കോവണിപ്പടികളാക്കണം. മാധ്യമങ്ങള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സാംസ്‌ക്കാരിക നായകര്‍ തുടങ്ങി നിരവധി നിറത്തിലും രൂപത്തിലുമുള്ള വിഭാഗങ്ങളില്‍പ്പെട്ടവരുടെ കാഴ്ചവട്ടത്തില്‍ കാലുറപ്പിക്കുകയായിരിക്കണം ലക്ഷ്യം.
മൂന്ന്; തന്റെ സിനിമയ്‌ക്കോ സാഹിത്യ സൃഷ്ടിക്കോ അവാര്‍ഡ് നേടുകയാണ് ലക്ഷ്യമെങ്കില്‍, നിര്‍ബന്ധമായും അവയില്‍ മദ്യപാനം, ലഹരി, ലൈംഗിക വിക്രിയകള്‍, ദൈവനിഷേധം എന്നിവ ഉള്‍ച്ചേര്‍ത്തിരിക്കണമെന്ന കാര്യം മുമ്പ് പറഞ്ഞു. എന്നാല്‍ ഇതിലൊക്കെ മുഴച്ചുനില്‍ക്കേണ്ടത്, മറ്റൊന്നാണ് : ക്രൈസ്തവ വിരുദ്ധത. വിശദീകരിക്കാം : ഏതു സിനിമയിലും സാഹിത്യത്തിലും എവിടെയെങ്കിലും ക്രൈസ്തവ വിശ്വാസം, ധാര്‍മികത, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കത്തോലിക്കാ വൈദികര്‍, സിസ്റ്റേഴ്‌സ്, ക്രൈസ്തവ സ്ഥാപനങ്ങള്‍, കൂദാശകള്‍, തിരുനാളുകള്‍ എന്നിവയെ അധിക്ഷേപിച്ചും അവഹേളിച്ചുമുള്ള പരാമര്‍ശങ്ങള്‍ കുത്തിക്കയറ്റണം. ആരെയൊക്കെ എത്രയൊക്കെ അവഹേളിച്ചും അധിക്ഷേപിച്ചും എഴുതിയാലും ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്കര്‍ മിണ്ടില്ല. അങ്ങനെയൊരു ഗുണമുണ്ട്. സാധാരണ ഗതിയില്‍ സിനിമയാണെങ്കില്‍, അവര്‍ കയ്യടിച്ചു ചിരിക്കും. സ്വന്തം സമൂഹത്തെ വസ്ത്രാക്ഷേപം ചെയ്യുന്നതു കണ്ടാലും, ചിരിച്ചുകൊണ്ടേയിരിക്കും. അത് അവരുടെ മഹാമനസ്‌ക്കത.
ഉദാഹരണങ്ങളുണ്ട് : സമീപകാലത്ത് പുറത്തിറങ്ങിയ ചില സിനിമകളുടെ പേരുകള്‍ തന്നെ നോക്കുക. ഈ.മ.യൗ, കൂദാശ, കുട്ടനാടന്‍ മാര്‍പാപ്പ, അടി കപ്യാരേ കൂട്ടമണി, റോമന്‍സ് തുടങ്ങിയവ ഉദാഹരണം. ഇവയിലൊക്കെ കത്തോലിക്കാസഭയുടെ കൂദാശകള്‍, സഭയിലെ ഭരണക്രമം, ഇടവക ജീവിതം, വികാരിമാരുടെ ജീവിതം, അവരുടെ അജപാലനം, കത്തോലിക്കാ വിശ്വാസികളുടെ വിവാഹങ്ങള്‍, മൃതദേഹ സംസ്‌ക്കാര ശുശ്രൂഷകള്‍, തുടങ്ങിയവയാണ് ‘പ്രധാന ഇതിവൃത്തം’. കൂദാശകളെന്തെന്നോ അവയുടെ പ്രാധാന്യമെന്തെന്നോ സഭയെന്തെന്നോ വിശ്വാസജീവിതത്തിന്റെ മഹത്വമെന്തെന്നോ ഒരു ചുക്കുമറിയാത്ത ‘ന്യൂജെന്‍’ സിനിമക്കാരുടെ വികല സൃഷ്ടികളാണ് സൂകരപ്രസവം പോലെ പിറന്നുവീഴുന്നത്. ചിലത് തിയറ്ററുകളില്‍ രണ്ടോ മൂന്നോ ദിവസം ഓടും, പിന്നെ പെട്ടിയിലൊതുങ്ങും. ചിലത് പുറത്തിറങ്ങുന്നതിനു മുമ്പ് ചാപിള്ളയായി അവസാനിക്കും.
വൈദികരെ മദ്യപന്മാരും സ്ത്രീ പീഡകരുമായി ചിത്രീകരിക്കുന്ന സിനിമകള്‍ പണ്ടും ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നിലുള്ള മനഃശാസ്ത്രം, പൗരോഹിത്യമെന്നത് എന്തോ സിനിമാപ്പണി പോലെയാണെന്നും പുരോഹിതന്മാരൊക്കെ തങ്ങളെപ്പോലെ മദ്യത്തിലും ലഹരിയിലും അഭിരമിക്കുന്നവരുമാണെന്ന വികലചിന്തയാണ്. തിലകന്‍, ജനാര്‍ദ്ദനന്‍, ശങ്കരാടി, പ്രതാപചന്ദ്രന്‍, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരാണ് മദ്യപന്മാരും സ്ത്രീലമ്പടന്മാരുമായ ഇത്തരം വികൃത ജന്മങ്ങളെ ളോവയിട്ട് പ്രദര്‍ശിപ്പിച്ചതില്‍ പ്രമുഖര്‍. അക്കാലം വിട്ട് ന്യൂജെന്‍ സിനിമ സ്രഷ്ടാക്കള്‍ വന്നപ്പോള്‍, വൈദികരെ അപമാനിക്കാനും അവഹേളിക്കാനും അവരെ കോമാളികളാക്കി ചിത്രീകരിക്കാനും സിനിമയിലെ എക്‌സ്ട്രാകളെ വരെ ഉപയോഗിക്കാന്‍ തുടങ്ങി. പല സിനിമകളും അങ്ങനെയാണ് കോമഡി ഷോകളായി തരംതാഴ്ന്നത്.
ഇത്തരം കോമാളികള്‍, ഡയറക്ടര്‍ പറയുന്നതും അതു വിട്ടും എന്തു കോമാളിത്തരവും പ്രദര്‍ശിപ്പിക്കും. കുമ്പസാരിപ്പിക്കുന്നതും വിവാഹ കര്‍മം നടത്തുന്നതും മൃതസംസ്‌ക്കാര ശുശ്രൂഷ നടത്തുന്നതും ന്യൂജെന്‍ സംവിധായകര്‍ക്കും അവര്‍ പടച്ചുവിടുന്ന സിനിമകളിലെ ബഫൂണുകള്‍ക്കും അവാര്‍ഡുറപ്പിക്കാനുള്ള പൊടിക്കൈകളില്‍ ഒന്നാണ്. ക്രൈസ്തവസഭയെ അധിക്ഷേപിച്ചാല്‍, പുരോഗമനമായി. അത്യന്താധുനികനായി. ന്യൂജെന്‍ സംവിധായകനായി. ന്യൂജെന്‍ സിനിമയായി. പത്രങ്ങളിലും വാരികകളിലും അഭിമുഖങ്ങള്‍, വിശകലനങ്ങള്‍, സിനിമയുടെ തത്വശാസ്ത്രം, അതിന്റെ ലാവണ്യ ശാസ്ത്രം – എന്നിവയൊക്കെ പിന്നാലെ വന്നുകൊള്ളും.
ഇതിന്റെ ആകെത്തുക അവാര്‍ഡ് ഉറപ്പായെന്നതാണ്. ഈ.മ.യൗ. എന്നതിന്റെ പൂര്‍ണ രൂപം പോലും പറയാന്‍ അറിയാത്തവര്‍ പോലും ആ സിനിമ വിശ്വോത്തരമെന്ന് കൊട്ടിഘോഷിക്കുമ്പോള്‍, അവാര്‍ഡുകള്‍ക്കെന്ത് പഞ്ഞം? അതുകൊണ്ട് സിനിമയിലും സാഹിത്യത്തിലും അവാര്‍ഡ് തേടുന്നവരേ, ഇതിലേ….. ഈ.മ.യൗവിന്റെ വഴി.
‘മീശ’യുണ്ടോ, പേടിയുണ്ട്!
മലയാള സിനിമ ഒരു കാലത്ത് ജീവിതഗന്ധിയായ കഥകളും നോവലുകളും ഇതിവൃത്തമാക്കിയുള്ളതായിരുന്നു. സാമൂഹിക വിമര്‍ശനവും സാമൂഹിക മാറ്റത്തിനുള്ള ആഹ്വാനവുമായിരുന്നു അവയുടെ അന്തര്‍ധാര. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപിടിക്കുമ്പോഴും മനുഷ്യനിലെയും മനുഷ്യബന്ധങ്ങളിലെയും നല്ല ഭാവങ്ങള്‍ ചൂണ്ടിക്കാട്ടുന്നവയായിരുന്നു തകഴി, ബഷീര്‍, കേശവദേവ്, പാറപ്പുറത്ത് തുടങ്ങിയവരുടെ നോവലുകളും കഥകളും. പിന്നീട് എം.ടി. വാസുദേവന്‍ നായരുടേയും മറ്റും കഥകളും ഏറെക്കുറെ ആ വഴിക്കു നീങ്ങി. നല്ല സംവിധായകരും നല്ല എഴുത്തുകാരും മലയാള സിനിമയില്‍ നിന്നു അപ്രത്യക്ഷരായി തുടങ്ങിയ എണ്‍പതുകള്‍ മുതലാണ് തട്ടിക്കൂട്ട് സിനിമകളുടെ കാലം തുടങ്ങിയത്. ഇപ്പോള്‍ അതിന്റെ പരമകാഷ്ഠയിലാണ് നിലവാരമില്ലാത്ത സിനിമകളും അവയ്ക്ക് അടിസ്ഥാനമായ അരാജകത്വത്തിന്റെ മുഖമുദ്രയണിഞ്ഞ കഥകളും. തോളില്‍ സഞ്ചിയും മുഖത്ത് മീശയുമുണ്ടെങ്കില്‍ അത്യന്താധുനികനാവുന്ന പണ്ടത്തെ കാലം തിരിച്ചുവരിക
യാണ്.
ക്രൈസ്തവ സമൂഹത്തെയും അവരുടെ വിശ്വാസസംഹിതകളെയും അധിക്ഷേപിക്കുന്ന സിനിമകളും സാഹിത്യരചനകളും ചിന്താദരിദ്രമായ മലയാളി മനസ്സിന്റെ രോഗാതുരമായ അവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
സിനിമയിലും സാഹിത്യത്തിലും ഏറെ വിപണിമൂല്യമുള്ള കാര്യങ്ങളാണ് ലൈംഗികത, അരാജകത്വം, ലഹരി, കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവ. അതിന്റെ കൂടെ, നല്ല വിപണിമൂല്യമുള്ള വിഷയമായാണ് ക്രൈസ്തവ വിശ്വാസത്തിനും മൂല്യങ്ങള്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായ ഒളിയമ്പുകളും അധിക്ഷേപങ്ങളും പുതുതലമുറ സിനിമക്കാര്‍ കാണുന്നത്. ഇത്തരം വൈകൃതങ്ങളോട് ഭൂരിഭാഗം പ്രേഷകരും സമൂഹവും പ്രതികരിക്കാത്തത് ഇവര്‍ക്ക് പ്രോത്സാഹനവുമാകുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മലയാള സിനിമയുടെ പേര് ‘രാവണപ്രഭു’ എന്ന് പ്രഖ്യാപിച്ചപ്പോള്‍, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ പേരില്‍ ആ പേര് മാറ്റേണ്ടി വന്നു. രാവണനെ മഹത്വവല്‍ക്കരിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ക്രൈസ്തവരെ അവഹേളിക്കുന്ന ഏത് നികൃഷ്ട പേരിട്ടാലും ആരും പ്രതികരിക്കാറില്ല എന്നത് ആവര്‍ത്തിച്ചുള്ള ഈ ക്രൈസ്തവ വിരുദ്ധതയ്ക്ക് വളമിടുന്നുവെന്നാണ് സൂചന.
സമീപകാലത്ത് മാതൃഭൂമി വാരികയില്‍ ‘മീശ’ എന്ന ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരുന്നു. അതില്‍ ക്ഷേത്രങ്ങളില്‍ പോകുന്ന ഹൈന്ദവ സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന ധാരണയ്‌ക്കെതിരെ എന്‍എസ്എസ് ഉള്‍പ്പെടെ ഹൈന്ദവ സംഘടനകള്‍ തന്നെ ശബ്ദമുയര്‍ത്തിയപ്പോള്‍, മാതൃഭൂമി ആ നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.
മാതൃഭൂമി പത്രത്തില്‍ ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് മുഹമ്മദ് നബിയെ അധിക്ഷേപിച്ചു ലേഖനം വന്നപ്പോഴുണ്ടായ വ്യാപകമായ പ്രതിഷേധവും മറക്കാറായിട്ടില്ല. അന്നും ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ ഉയര്‍ത്തിക്കാട്ടി ചിലരൊക്കെ രംഗത്തു വന്നെങ്കിലും മുസ്ലിം സമുദായം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയപ്പോള്‍ മാതൃഭൂമി തെറ്റും പൊറുതിയും പറഞ്ഞ് തലയൂരുകയായിരുന്നു.
ക്രൈസ്തവര്‍ക്കെതിരെ എന്തും പറയാം, പ്രതികരിക്കില്ല എന്ന വ്യര്‍ഥ ചിന്തയ്ക്ക് ഇനി അധികം ആയുസ്സില്ല. സമീപകാലത്ത് സര്‍ക്കാര്‍ സ്ഥാപനമായ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’യില്‍ കുമ്പസാരത്തെപ്പറ്റി എഴുതിയ മ്ലേച്ഛമായ പത്രാധിപക്കുറിപ്പിന്റെ പേരില്‍ അതിന്റെ എഡിറ്റര്‍ കാര്‍ത്തികേയന്‍നായര്‍ പൊതുസമൂഹത്തോട് മാപ്പു പറയേണ്ടിവന്നു.
മനോരമ പ്രസിദ്ധീകരണമായ ‘ഭാഷാപോഷിണി’ മാസികയില്‍ അന്ത്യഅത്താഴ ചിത്രം വികലമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം അലയടിച്ചപ്പോള്‍, ഭാഷാപോഷിണിയും മാപ്പു പറഞ്ഞ് പിന്‍വാങ്ങി. വര്‍ഷങ്ങള്‍ക്കുമുമ്പ് പി.എ. ആന്റണി ‘ആറാം തിരുമുറിവ്’ എന്ന നികൃഷ്ട നാടകവുമായി രംഗത്തുവന്നപ്പോള്‍ ക്രൈസ്തവ സമൂഹം ഒന്നടങ്കം പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയപ്പോള്‍, ആ നാടകം നിരോധിക്കപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തിനെതിരെ സിനിമയിലും സാഹിത്യത്തിലും ഉയര്‍ന്നേക്കാവുന്ന കയ്യേറ്റങ്ങളെ നിശബ്ദമായി കണ്ടിരുന്നാല്‍ മതിയോ എന്ന് സമൂഹം ചിന്തിക്കേണ്ട സമയമായെന്നാണ് ‘ന്യൂജെന്‍’ സൃഷ്ടികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വായനക്കാരുടെയും പ്രേഷകരുടെയും വിശ്വാസങ്ങളുടെയും അതിനടിസ്ഥാനമായ വ്യക്തി സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും കയ്യേറ്റം ചെയ്യാനുള്ള സിനിമയിലെയും സാഹിത്യത്തിലെയും വര്‍ധിച്ചുവരുന്ന പ്രവണതകളെ ചെറുക്കുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>