• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on January 1, 2019
6

 

സര്‍ക്കാരിന്റെ ‘നവോത്ഥാന
മുന്നേറ്റ പുസ്തകം’
തട്ടുകടയില്‍ !
കേരളത്തിന്റെ നവോത്ഥാനത്തെപ്പറ്റി ഇടതുപക്ഷ പ്രത്യയശാസ്ത്രക്കാര്‍ പറഞ്ഞുതുടങ്ങിയാല്‍, അവര്‍ക്ക് ആവേശം കയറി സുബോധം നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോള്‍. സത്യം പറയുന്നതിലെ വൈക്ലബ്യമാണ് ഇവരില്‍ സ്ഥലജല പരിഭ്രാന്തി സൃഷ്ടിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലും ഒക്‌ടോബറിലും ക്രൈസ്തവരെ അടച്ചാക്ഷേപിച്ച ‘വിജ്ഞാനകൈരളി’യെന്ന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാസികയുടെ എഡിറ്റര്‍ കാര്‍ത്തികേയന്‍ നായര്‍, കെ.എന്‍. ഗണേഷ്, നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഒരു സമിതി തയാറാക്കിയ ‘തമസോ മാ ജ്യോതിര്‍ ഗമയ’ എന്ന പുസ്തകം സര്‍ക്കാര്‍ നാണംകെട്ട് പിന്‍വലിച്ചിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ നല്‍കിയ സംഭാവനകളെ തമസ്‌കരിച്ചുകൊണ്ടും അതിനു നേതൃത്വം നല്‍കിയ നേതാക്കളെ ഒഴിവാക്കിയും തട്ടിക്കൂട്ടിയെടുത്ത ഏഴാംകിട പുസ്തകമാണിത്. ചരിത്ര യാഥാര്‍ഥ്യങ്ങളെ വികലമാക്കി ഇടതുപക്ഷ ചിന്തകളെ കുത്തിനിറച്ചു പടച്ചുവിട്ട 60 പേജുള്ള പുസ്തകത്തിന്റെ 10,000 കോപ്പികള്‍ ഇനി തട്ടുകടകളില്‍ വൈകുന്നേരങ്ങളില്‍ കടല പൊതിയാന്‍ ഉപയോഗിക്കാനേ കൊള്ളൂ. കടല കൊറിക്കുമ്പോള്‍ കടലാസിലെ ആയിരങ്ങള്‍ ഉള്ളില്‍ പോകാതെ നോക്കണമെന്നു മാത്രം!

ഭാര്യ സീരിയല്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഫോണില്‍ ആ വിളി വന്നത്. ലാന്‍ഡ് ഫോണ്‍: വാസു അണ്ണനല്ലേ?- ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു തിടുക്കത്തില്‍ അയാള്‍ ചോദിച്ചു. ‘അല്ല…. ഞാന്‍…’ മറുപടി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മാന്യനായ അജ്ഞാതന്‍ നിര്‍ത്താതെ പറഞ്ഞു തുടങ്ങി. ‘വാസു അണ്ണാ, അപ്പോള്‍ പറഞ്ഞതുപോലെ…. വനിതാ മതില്‍ കെട്ടാന്‍ ഒന്നാം തിയതി ഒരു 10 മണിക്ക് വരണം… എല്ലാം സെറ്റപ്പാക്കിയിട്ടുണ്ട്…. പിന്നെ, തലേന്ന് നമുക്ക് ഒന്നു കൂടണം. പാര്‍ട്ടി ആപ്പീസില്. നമുക്കും വേണ്ടേ അണ്ണാ, അല്‍പം നവോത്ഥാനം…! ഉണര്‍വ്…!’ ഞാന്‍ അന്തം വിട്ടു നില്‍ക്കുകയാണ്… ഞാന്‍ പറഞ്ഞു: ‘നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്? ഞാന്‍ വാസു അണ്ണനല്ല…’ അത് അയാള്‍ കേട്ട മട്ടില്ല. മാലപ്പടക്കത്തിന് തീ പിടിച്ചപോലെ തുടരുകയാണ് : ‘ചേച്ചിയെയും കൂട്ടിക്കോ… ഇങ്ങനെയൊക്കെയല്ലേ അണ്ണാ, പാര്‍ട്ടിയോടുള്ള നമ്മുടെ പ്രതിബദ്ധത കാട്ടേണ്ടത്…. അപ്പോള്‍, ഇനി ഒന്നും അണ്ണന്‍ പറയേണ്ട. അന്നു കാണാം. ഓ- ക്കെ. ലാല്‍ സലാം…..’ അയാള്‍ ഫോണ്‍ വച്ചു.
സീരിയലില്‍ മുഴുകിയിരുന്നതുകൊണ്ട് ഭാര്യ മുഴുവനും കേട്ടില്ല. എങ്കിലും ഇഞ്ചി തിന്ന കുരങ്ങിനെപ്പോലെ എന്റെ മുഖം കോടിയിരിക്കുന്നതു കണ്ടിട്ടാകണം, അവള്‍ ചോദിച്ചു : എന്താ കാര്യം? എവിടെയാ മതില് പണിയുന്നത്? ഞാന്‍ പെട്ടെന്നു പറഞ്ഞു: എടീ, ഓഫീസില് പ്രളയകാലത്ത് ഇടിഞ്ഞുവീണ മതിലിന്റെ കാര്യമാണ്…. ഓ, അത്രേയുള്ളോ… അവള്‍ വീണ്ടും സീരിയലില്‍ മുങ്ങി.
കുറച്ചു നാളായി പത്രങ്ങളായ പത്രങ്ങളൊക്കെ ജനുവരി ഒന്നാം തിയതി കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ കെട്ടാന്‍ പോകുന്ന വനിതാ മതിലിനെപ്പറ്റിയുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് വനിതാ മതിലില്‍ പങ്കെടുക്കുമെന്നും പങ്കെടുക്കില്ലെന്നും പറഞ്ഞ് ഭീഷണിയും എതിര്‍ഭീഷണിയും മുഴക്കി നമ്മുടെ പല വനിതാ രത്‌നങ്ങളും പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്നു. അതില്‍ മുഖ്യം സാറാ ജോസഫ് എന്ന എഴുത്തുകാരിയും മഞ്ജു വാരിയര്‍ എന്ന സിനിമാ നടിയുമാണ്. ഇവര്‍ രണ്ടു പേരും വനിതാ മതിലിന് രാഷ്ട്രീയനിറം ഉണ്ടെന്ന് പറഞ്ഞു മുഖം വീര്‍പ്പിച്ചു നില്‍ക്കുകയാണ്. എങ്കിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംഘടനകള്‍, പോഷക സംഘടനകള്‍, ഇടതുപക്ഷ അധ്യാപകര്‍, എന്തിന് നഴ്‌സറി പിള്ളേര്‍ വരെ മതിലിനു കല്ലും മണ്ണും കുമ്മായവും ചുമക്കാന്‍ തയാറായി നില്‍ക്കുന്നു. എവിടെ നോക്കിയാലും മതിലാണ് ചര്‍ച്ചാവിഷയം. ചില പത്രക്കാരൊക്കെ പ്രളയ ദുരിതം, പ്രളയാനന്തരം, കേരളത്തെ കെട്ടിപ്പടുക്കല്‍, കൈത്താങ്ങ്, പ്രളയ ശില്‍പശാല എന്നൊക്കെ ഇടക്കിടെ വിളിച്ചു പറയുന്നുണ്ടെങ്കിലും, അവരും വരാന്‍ പോകുന്ന മതില്‍ ലോക ചരിത്രത്തിലും ഇന്ത്യ മഹാരാജ്യത്തും ഉണ്ടാക്കാന്‍ പോകുന്ന ഘോരമായ പ്രത്യാഘാതങ്ങളെപ്പറ്റി ലേഖനങ്ങള്‍ തയാറാക്കുന്ന തിരക്കിലാണ്. പ്രളയം ഉണ്ടായി നാലുമാസം കഴിഞ്ഞിട്ടും കേരളം ദുരിതത്തില്‍ കൈകാലിട്ടടിക്കുകയാണെന്നത് വേറെ കാര്യം.
ഇതൊക്കെയാണെങ്കിലും വര്‍ഗീയതയ്‌ക്കെതിരെയാണ് വനിതാമതില്‍ കെട്ടിപ്പൊക്കുന്നതെന്ന കാര്യം നമ്മെ, പാവപ്പെട്ട വായനക്കാരെ തുലോം കോള്‍മയിര്‍ കൊള്ളിക്കേണ്ടതാണ്. വനിതകള്‍ അണിനിരന്നാല്‍ വര്‍ഗീയത ഉണ്ടാകില്ലേയെന്ന് ചോദിച്ചാല്‍, അതിനുത്തരം പറയാന്‍ നമ്മെക്കൊണ്ടാവില്ല. ഒരു പക്ഷേ, വെള്ളാപ്പള്ളി നടേശനു കഴിയുമായിരിക്കും.
ഇന്നു വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ ഭൂമി മലയാളത്തില്‍ തീര്‍ത്തും യോഗ്യനായ ഒരേയൊരു മാന്യദേഹമേയുള്ളൂ: നടേശന്‍ മുതലാളി. തീര്‍ത്തും വര്‍ഗീയതയില്ലാത്ത, സദ്ഗുണ സമ്പന്നനായ വ്യക്തിത്വം, അതുകൊണ്ടാണ് നവോത്ഥാനത്തെപ്പറ്റിയും അതില്‍ തന്റെ പ്രസ്ഥാനം നിര്‍വഹിച്ച മഹത്തായ പങ്കിനെപ്പറ്റിയും അദ്ദേഹം നിരന്തരം പറയുന്നത്.
വര്‍ഗീയതയ്‌ക്കെതിരെ പടവെട്ടി അടിയാള വര്‍ഗത്തിന്റെ നവോത്ഥാനത്തിനു വേണ്ടി ആദ്യമായി രംഗത്തു വന്നത് ശ്രീനാരായണ ഗുരുവാണെന്ന് നടേശന്‍ മുതലാളിക്ക് കടുകട്ടിയായ ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ അറിവില്‍ ‘നവോത്ഥാന കാലഘട്ടത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം സംഘടനകളുണ്ടായിരുന്നില്ല. എന്നാല്‍ ഇരു സമുദായത്തിലുംപെട്ടവര്‍ നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു’. ഓ- അത്രയ്‌ക്കെങ്കിലും നടേശന്‍ സാര്‍ വകവച്ചു തരുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വിജ്ഞാന ഭണ്ഡാഗാരത്തിലേക്ക് ഒരു ചെറിയ കാര്യം ഈയുള്ളവന്‍ ഉണര്‍ത്തിക്കട്ടെ: 1856 ല്‍ ശ്രീനാരായണ ഗുരു ജനിക്കുമ്പോള്‍ തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ക്രൈസ്തവ മിഷനറിമാര്‍ പല സ്‌കൂളുകളും സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവരോടൊപ്പം ചാവറയച്ചന്‍ എന്നൊരു മലയാളി വൈദികനും അവരുടെ സന്യാസ സഭയും സഹപ്രവര്‍ത്തകരും ക്രൈസ്തവരുടെ പള്ളികളും രംഗത്തുണ്ടായിരുന്നു. 1805 ല്‍ ജനിച്ച ചാവറയച്ചനാണ് ആദ്യമായി കോട്ടയത്തെ ഒരു കുഗ്രാമമായിരുന്ന ആര്‍പ്പൂക്കരയില്‍ അധഃസ്ഥിതരുടെ കുട്ടികള്‍ക്കായി 1846 ല്‍ ഒരു പ്രൈമറി സ്‌കൂള്‍ തുടങ്ങിയത്… സവര്‍ണര്‍ എതിര്‍ത്തിട്ടും അവരുടെ മക്കള്‍ക്കൊപ്പം അവര്‍ണരുടെയും മക്കളെ ഒരേ ബഞ്ചിലിരുത്തി പഠിപ്പിച്ചത്… ക്രൈസ്തവ സഭയും സഭാപ്രസ്ഥാനങ്ങളും അന്നുതുടങ്ങി ഇന്നും തുടരുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളെപ്പറ്റി സമയം കിട്ടുമ്പോള്‍ നടേശന്‍ മുതലാളി ഒന്നു വായിക്കണം.
‘നവോത്ഥാന മൂല്യ സംരക്ഷണ സമിതി’ക്കാരാണത്രെ വനിതാ മതിലിന്റെ മേസ്തിരിമാര്‍. അതു ആരൊക്കെയാണെന്ന് ചോദിക്കരുത്. എല്ലാവരുടെയും തുല്യതയും അവകാശങ്ങളും നവോത്ഥാനത്തെ സംരക്ഷിക്കാന്‍ ഉറപ്പാക്കിയ ശേഷിയുള്ള വര്‍ഗീയ പ്രസ്ഥാനങ്ങളിലെയും ഇടതു വിപ്ലവ പ്രസ്ഥാനങ്ങളിലെയും ഗുരുവായൂര്‍ കേശവന്മാരേക്കാള്‍ തലയെടുപ്പുള്ളവര്‍ വേറെ ആരുണ്ട്?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള പതിറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1937 ലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടതെന്നാണ് പൊതുവിജ്ഞാനം. എന്നുവച്ചാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍. ഈ സാഹചര്യത്തില്‍ പതിനേഴാം നൂറ്റാണ്ടില്‍ തുടങ്ങുകയും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ശക്തിയാര്‍ജിക്കുകകയും ചെയ്ത നവോത്ഥാന മുന്നേറ്റത്തിന്റെ തലതൊട്ടപ്പന്മാര്‍ തങ്ങളാണെന്ന ഇടതു നേതാക്കളുടെയും അവരുടെ നിഴല്‍ ജന്മങ്ങളായ പുരോഗമനവാദികളുടെയും അവകാശ വാദത്തിന്റെ ഗുട്ടന്‍സാണ് നമുക്ക് മനസ്സിലാവാതെ പോകുന്നത്. സഖാക്കള്‍ സാമൂഹിക മാറ്റത്തിന് ചെങ്കൊടി പാറിക്കുന്നതിനു ചുരുങ്ങിയത് ഒന്നര നൂറ്റാണ്ടു മുമ്പെങ്കിലും കേരളത്തിലെ ക്രൈസ്തവ സമൂഹം വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ കൈപിടിച്ചുയര്‍ത്തിയ അടിയാളവര്‍ഗങ്ങള്‍ നവോത്ഥാന പാതയില്‍ ബഹുദൂരം മുന്നോട്ടു പോയിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും മറ്റും ‘ചരിത്ര പണ്ഡിതന്മാര്‍’ വിജ്ഞാനകൈരളിയില്‍ നവോത്ഥാനത്തിന്റെ പിതൃത്വം ഇടതു പക്ഷത്തിനും അനുയായികള്‍ക്കും ഇഷ്ടദാനം നല്‍കിയിട്ടുള്ളത് പാര്‍ട്ടി സ്റ്റഡി സര്‍ക്കിളുകളില്‍ വായിക്കാനേ കൊള്ളൂ.
അതവിടെ നില്‍ക്കട്ടെ; തല്‍ക്കാലം നമുക്ക് വനിതാ മതില്‍ കെട്ടാം. ചൈനയിലെ വന്‍മതില്‍ പോലൊരെണ്ണം. കട്ടന്‍കാപ്പിയും വടയും പറഞ്ഞിട്ടുണ്ട്. എല്ലാവരും കാലേക്കൂട്ടി വരണം. മാത്രമല്ല, ഒരു സ്ഥിരം മതില്‍ തന്നെ നിര്‍മിച്ചാലോ എന്നുകൂടി സംഗതിവശാല്‍ ആലോചിക്കാവുന്നതാണ്. എം. എം. മണി ആശാന്‍ മന്ത്രി പറയുന്നതുപോലെ, 60 ലക്ഷം പേരാണത്രെ മതിലില്‍ കല്ലും മണ്ണുമായി നില്‍ക്കുക. ഗിന്നസ് ബുക്കില്‍ കയറും; ഉറപ്പ്. മറ്റൊന്നും നേടിയില്ലെങ്കിലും സഖാക്കള്‍ ഭരിക്കുന്ന അഞ്ചുകൊല്ലക്കാലത്ത് അങ്ങനെയൊരു ബഹുമതി നിസ്സാരകാര്യമാണോ?
എവിടെപ്പോയി
ആ 15 ലക്ഷം?
നമ്മുടെ ആരാധ്യനായ പ്രധാനമന്ത്രി മോദിജി 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് നമുക്കൊക്കെ 15 ലക്ഷം വീതം വാഗ്ദാനം ചെയ്തിരുന്ന കാര്യം മാലോകര്‍ ഓര്‍ക്കുന്നുണ്ടാകും. അധികാരത്തില്‍ കയറിയാല്‍ ഇന്ത്യയിലെ ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനുവേണ്ടി വിദേശത്തു നിക്ഷേപങ്ങളുള്ളവരുടെ കള്ളപ്പണമൊക്കെ ചാക്കിലാക്കി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആ 15 ലക്ഷം സ്വപ്‌നംകണ്ട് പലരും പല കണക്കു കൂട്ടലുകള്‍ നടത്തി. പെണ്‍മക്കളുടെ വിവാഹം, വീടുപണി, മകന് ഉന്നതവിദ്യാഭ്യാസം, ചെറിയൊരു കച്ചവടം, നാലഞ്ചു പശു ഇത്യാദി കാര്യങ്ങള്‍. ഭരണം തീരാറായി. ഇനി ഏറിയാല്‍ അഞ്ചു മാസം. ഓരോ ദിവസവും ബാങ്ക് അക്കൗണ്ടില്‍ പരതിനോക്കിയിട്ടും 15 ലക്ഷത്തിന്റെ ലക്ഷണമൊന്നുമില്ല. ബാങ്കുകാരോട് ചോദിച്ചപ്പോള്‍, അവര്‍ കൈമലര്‍ത്തി. അങ്ങനെയാണ്, ഡല്‍ഹിയിലെ ഒരു അത്യാഗ്രഹിയായ പൗരന്‍, വിവരാവകാശ പ്രകാരം ഇക്കാര്യത്തെപ്പറ്റി സര്‍ക്കാരിനോട് ചോദിച്ചത്. നാലരക്കൊല്ലമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്, ഇനി എന്നാണ് ആ 15 ലക്ഷം അക്കൗണ്ടില്‍ വരിക. ഇതായിരുന്നു ചോദ്യം. വിവരാവകാശ മേലാളന്മാര്‍ ഉടന്‍ മറുപടി കൊടുത്തു: ഇത്തരം കാര്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് അതേപ്പറ്റി പറയാനാവില്ല.
ആ വിദ്വാന്‍ ഇനി ചെയ്യുമെന്ന് അറിയില്ല. മോദിക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുക്കാന്‍ പോലും കക്ഷി ആലോചിക്കുന്നുണ്ടത്രെ.
ഇത്തരം കാര്യങ്ങളില്‍, നമ്മള്‍, പാവം പൗരന്മാര്‍, വികാരം കൊള്ളരുത്. കാര്യം ശരി; വാഗ്ദാനമൊക്കെ ശരി. അമിത് ഷാ ജി കോടതികളെപ്പറ്റി പറഞ്ഞതുപോലെ, നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങളേ കോടതികള്‍ പറയാവൂ. മോദിജി ഒരു ആവേശത്തില്‍ അങ്ങനെ പറഞ്ഞുപോയി. അതു ശരി; എന്നു കരുതി പറഞ്ഞതൊക്കെ നടപ്പാക്കിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിന്നെ എന്തു വാഗ്ദാനം ചെയ്യും? മോദി പറഞ്ഞു, ഓരോ വര്‍ഷവും രണ്ടു കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന്. നടന്നോ? ഇല്ല. നടക്കില്ലെന്നു അന്നേ മോദിജിക്കും നമുക്കും അറിയാം.
മറ്റൊരു കാര്യം, എവിടെ നിന്ന് കിട്ടും ഈ 15 ലക്ഷം വീതം കൊടുക്കാന്‍? നോട്ട് നിരോധിച്ചത് കള്ളപ്പണം പിടിക്കാനാണെന്ന് പറഞ്ഞെങ്കിലും, സംഭവം പാളിപ്പോയി. ഒന്നും കിട്ടിയില്ല. പിന്നെ വിജയ് മല്യ ബാങ്കുകളെ പറ്റിച്ചുകൊണ്ടുപോയ 9000 കോടി ഇപ്പോഴും അയാളുടെ പോക്കറ്റിലാണ്. നീരവ് മോദിയെന്ന വജ്ര വ്യാപാരിയും കൊണ്ടുപോയി 20,000 കോടിയിലേറെ. റഫേല്‍ യുദ്ധവിമാനം വാങ്ങിയ വകയില്‍ അനില്‍ അംബാനിക്കും കൊടുക്കേണ്ടി വന്നു ഏതാണ്ട് 30,000 കോടി.
പണ്ട് മന്‍മോഹന്‍ജി പ്രധാന മന്ത്രിയായിരിക്കെ പറഞ്ഞത് ഓര്‍മയുണ്ടല്ലൊ: ‘എല്ലാവര്‍ക്കും വേണം പണം. അതിന് ഡല്‍ഹിയില്‍ പണം കായ്ക്കുന്ന മരമൊന്നുമില്ല’ – ഇതായിരുന്നു മന്‍മോഹന്‍ ജിയുടെ വിലാപം.
മോദിജി വാഗ്ദാനം ചെയ്തിട്ടുള്ള ഗംഗാ ശുചീകരണത്തിന് വേണം 3000 കോടി. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് ചെലവായി 2982 കോടി, ഇപ്പോള്‍ അയോധ്യയില്‍ ശ്രീരാമ പ്രതിമയ്ക്കുവേണം 2500 കോടി, മുംബൈയില്‍ പണിയുന്ന ശിവജി പ്രതിമയ്ക്ക് വേണ്ടത് 1500 കോടി; 2014 മുതല്‍ 2018 വരെ സര്‍ക്കാരിന്റെ മഹത്തായ നേട്ടങ്ങള്‍ ജനങ്ങളെ തെര്യപ്പെടുത്താന്‍ വേണ്ടി പരസ്യങ്ങള്‍ക്കു ചെലവഴിച്ചത് 4323
കോടി.
ഇതിനൊക്കെ പുറമെയാണ് വിദേശ യാത്രയ്ക്ക് വേണ്ട തുക. 2014 മുതല്‍ മോദിജി നടത്തിയ വിദേശ യാത്രകള്‍ 48; സന്ദര്‍ശിച്ച രാജ്യങ്ങള്‍ 92. ഇതിനൊക്കെ 2018 നവംബര്‍ വരെ ആകെ ചെലവ് 2021 കോടി.
അതുകൊണ്ട് ആളുവീതം 15 ലക്ഷം കിട്ടണം, കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല, ഇന്ധനവില കുറയ്ക്കുന്നില്ല, തൊഴിലവസരങ്ങള്‍ കൂടുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിക്കരുത്. കണ്ണില്‍ ചോരയില്ലാത്ത നടപടിയാണത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഒന്നു ജയിക്കട്ടെ : ലക്ഷ്യം അറിയാമല്ലൊ, 50 വര്‍ഷത്തെ ഭരണമാണ്! അപ്പൊ ശര്യാക്കിത്തരാം, അതുവരെ ക്ഷമിക്ക്!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>