• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on January 1, 2019
8 C

കേരളം കണ്ണീരണിഞ്ഞ ഒരു വര്‍ഷത്തിന്റെ ഓര്‍മകള്‍ ബാക്കി വച്ചാണ് കാലഗണനയില്‍ നിന്ന് 2018 എന്ന വര്‍ഷം വിടവാങ്ങുന്നത്.
നൂറ്റാണ്ടിലെ ഏറ്റവും വ്യാപകമായ പ്രളയദുരിതത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് നാം ഇനിയും മോചിതരായിട്ടില്ല. ഒരു പക്ഷേ, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം, ആ മുറിവുകളൊക്കെ ഉണങ്ങി നവജീവിതത്തിന്റെ പുതുമുകുളങ്ങള്‍ ശക്തിപ്പെടാന്‍. 2017 ഡിസംബറില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശനഷ്ടങ്ങളുടെ തീരാദുരിതം ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരമായ ഇരമ്പല്‍ നമ്മുടെ മനസ്സുകളില്‍ നിലനില്‍ക്കെയാണ് 2019 ഓഗസ്റ്റില്‍ മറ്റൊരു ദുരന്തത്തിന് നാം ഇരകളായത്. അവയില്‍ നിന്നൊക്കെ കരകയറാന്‍ നമ്മുടെ ക്രൈസ്തവ വിശ്വാസ ധീരതയും കൂട്ടായ്മയും കേരളത്തിലെ ജനലക്ഷങ്ങള്‍ക്ക് എത്രത്തോളം സഹായകരമായിയെന്ന ചാരിതാര്‍ഥ്യവും ബാക്കിവച്ചാണ് നാം 2018 നോട് വിടപറയുന്നത്.
കടന്നുപോകുന്ന വര്‍ഷത്തെപ്പറ്റി നമുക്ക് ഓരോരുത്തര്‍ക്കും പറയാനുണ്ടാകും വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും നാം നേടിയെടുത്ത നേട്ടങ്ങളുടെയും നേരിട്ട കോട്ടങ്ങളുടെയും സങ്കടങ്ങളുടെയും ആഹ്ലാദത്തിന്റെയും കഥകളേറെ. അപ്രതീക്ഷിത രോഗങ്ങളും വിരഹങ്ങളും സാമ്പത്തിക തകര്‍ച്ചകളും വ്യക്തിബന്ധങ്ങളിലെ വിള്ളലുകളും ഒരു പക്ഷേ, ഇന്നും നീറുന്ന നൊമ്പരങ്ങളായി അവശേഷിക്കുന്നുണ്ടാവും. മറ്റാര്‍ക്കും മനസ്സിലാക്കാനാവാത്ത, ആശ്വസിപ്പിച്ചു കെടുത്താനാവാത്ത തീരാനൊമ്പരങ്ങളുടെ നിഴല്‍ വീണ വഴികളിലേക്കാവാം പുതുവര്‍ഷത്തില്‍ ചുവടുവയ്ക്കുന്നതും.
ശാസ്ത്രത്തിന്റെയോ സാങ്കേതിക വിദ്യയുടെയോ യുക്തിയുടെയോ അളവുകോലുകള്‍ ഉപയോഗിച്ചു ജീവിതത്തില്‍ സംഭവിക്കുന്ന അനുഭവങ്ങളെ വിലയിരുത്താനാവില്ല. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോഴേ, ഇവയ്‌ക്കെല്ലാം അര്‍ഥമുണ്ടാകൂ; അല്ലെങ്കില്‍ വിധിയെന്നോ ആകസ്മികതയെന്നോ മുദ്രകുത്തി ഭാരമേറിയ മനസ്സുമായി നാം മുന്നോട്ടുപോകുകയേയുള്ളൂ. സംഭവിക്കുന്നതെല്ലാം അനന്തവും അജ്ഞാതവുമായ ദൈവപരിപാലനയുടെ ഇടപെടലുകളാണെന്ന ചിന്ത നമ്മെ ശക്തിപ്പെടുത്താതിരിക്കില്ല.
ദുഃഖാനുഭവങ്ങളുടെ ചക്രവാളപ്പരപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കാല്‍വരികള്‍ക്കപ്പുറം തേജോമയമായ ഒരു ഉത്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. കഷ്ടപ്പാടുകളുടെയും കണ്ണീരിന്റെയും വഴികള്‍ അവസാനിക്കുന്നിടത്ത് നമ്മെ നെഞ്ചോടു ചേര്‍ത്ത് ആശ്ലേഷിക്കുവാന്‍ സ്‌നേഹസ്വരൂപനായ ദൈവത്തിന്റെ കരങ്ങളുണ്ടെന്ന ചിന്ത എത്ര ആശ്വാസദായകം!
മഹാകവി രവീന്ദ്ര നാഥ് ടാഗോര്‍ പറഞ്ഞു : ‘കഴിഞ്ഞുപോയ സംവല്‍സരങ്ങളുടെ അസ്ഥി പഞ്ജരങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കുകയില്ല. എന്റെ കണ്ണുകള്‍ ഞാന്‍ തുറന്നുവയ്ക്കും, പൂര്‍വദിക്കിലേക്ക്. സൂര്യനുദിക്കുന്ന കിഴക്കുദിക്കിലേക്ക്’. ക്രൈസ്തവ ദര്‍ശനത്തിന്റെ സ്വാധീനമുള്ള നിരവധി കവിതകളെഴുതിയ അദ്ദേഹം ജീവിതത്തിന്റെ ഭാവാത്മകമായ പ്രയാണത്തെയാണ് സൂചിപ്പിച്ചത്.
നമ്മുടെ വിശ്വാസത്തിന്റെ നിലപാടുതറ തന്നെ, ഇടറി വീഴുകയും എഴുന്നേല്‍ക്കുകയും പിന്നെയും വീഴുകയും എഴുന്നേല്‍ക്കുകയും മുന്നേറുകയും ചെയ്യുന്ന ദുര്‍ബലമായ മാനുഷികതയുടെ നടവഴികളാണ്. മനുഷ്യനായിരിക്കുകയെന്നാല്‍, ഈ മണ്ണിന്റെ സകല പരിമിതികളും ഏറ്റുവാങ്ങിയ മാനവജന്മത്തിന്റെ ഉടമയെന്നാണര്‍ഥം. ആ പരിമിതികളെ പ്രപഞ്ചനാഥനു സമര്‍പ്പിച്ചു മുന്നേറുമ്പോള്‍, നമ്മുടെ പാദങ്ങള്‍ പ്രതിസന്ധികളില്‍ തളരില്ല; ദുഃഖങ്ങളുടെ പ്രളയങ്ങളില്‍ തകരില്ല. പുനരുജ്ജീവനത്തിന്റെയും അതിജീവനത്തിന്റെയും ഊര്‍ജം നമ്മുടെ മനസ്സുകളിലും കുടുംബങ്ങളിലും സമൂഹങ്ങളിലും അലയടിക്കും.
നവവല്‍സരത്തില്‍ നമ്മുടെ മുന്നോട്ടുള്ള പ്രയാണം അര്‍ഥപൂര്‍ണമാകണമെങ്കില്‍, നമ്മുടെ ധാരണകളിലും കാഴ്ചപ്പപാടുകളിലും പെരുമാറ്റത്തിലും ധീരമായ തിരുത്തലുകള്‍ക്ക് തയാറാകണം. മദ്യത്തിന്റെ ലഹരിയില്‍ നിന്ന്, അക്രമങ്ങളില്‍ നിന്ന്, അസഹിഷ്ണുതയില്‍ നിന്ന്, കുടുംബഭദ്രതയ്ക്ക് തുരങ്കം വയ്ക്കുന്ന ശീലങ്ങളില്‍ നിന്ന് ഒരു തിരിച്ചു നടത്തം.
കത്തോലിക്കാ വിശ്വാസി ആയിരിക്കുകയെന്നതിന്റെ അഭിമാനവും ആഭിജാത്യ ബോധവും നമുക്കുണ്ടെങ്കില്‍, വ്യക്തിപരവും സാമൂഹികവുമായ പ്രതിസന്ധികളില്‍ നാം തളരേണ്ടതില്ല. വിശ്വാസവും ക്രൈസ്തവ ജീവിതവും ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, നമ്മുടെ ജീവിതംകൊണ്ടാണ് അവയ്‌ക്കെല്ലാം പ്രതിരോധം തീര്‍ക്കേണ്ടതെന്ന് അറിയുക. നമുക്കു മുമ്പേ നടന്നു നീങ്ങിയ ദൈവപുത്രനായ യേശുവിനെ പിന്തുടരുമ്പോള്‍, അവിടുത്തെ ശിഷ്യത്വത്തിന്റെ വില ചിലപ്പോള്‍ പീഡനവും അവഗണനയുമാകാം; രക്തസാക്ഷിത്വമാകാം. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കുവേണ്ടി നാം ചെയ്യുന്ന നന്മപ്രവൃത്തികള്‍മൂലം നമുക്കു നേരിടുന്ന നഷ്ടങ്ങളാവാം; ജീവിച്ചിരിക്കേ ഏറ്റുവാങ്ങുന്ന രക്തസാക്ഷിത്വമാകാം.
ഇവയൊക്കെ പാഴ്‌വേലകളാണെന്നു കരുതേണ്ട. മറ്റുള്ളവര്‍ക്കുവേണ്ടികൂടി നാം ജീവിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലും നമ്മിലൂടെ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പ്രസരിക്കുന്ന ദൈവാനുഗ്രഹത്തിന്റെ വെളിച്ചത്തിനും ഊര്‍ജത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല.
സുഖ, ദുഃഖ സമ്മിശ്രമായ അനുഭവങ്ങളോടും ഓര്‍മകളോടും വിടപറഞ്ഞ് 2019 ന്റെ പുതുവര്‍ഷപുലരിയിലേക്ക് നാം ചുവടുവയ്ക്കുന്നത് പ്രസാദമധുരമായ ഈ ക്രൈസ്തവ ദര്‍ശനത്തിലേയ്ക്കാവട്ടെ.
പ്രിയ വായനക്കാര്‍ക്ക് ‘കേരളസഭ’യുടെ നവവത്സരാശംസകള്‍!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>