• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

‘കേരളസഭ’യ്ക്ക് കരുത്ത് പകര്‍ന്നു കുടുംബ സംഗമം

By on January 1, 2019
1 B

 

സ്റ്റാഫ് ലേഖകന്‍

ആളൂര്‍ : മറ്റൊരു പത്രത്തിനും അവകാശപ്പെടാനില്ലാത്ത സ്വാഭിമാനത്തിന്റെയും കൂട്ടായ്മയുടെയും അവസരമായിരുന്നു ‘കേരളസഭ’ കുടുംബസംഗമം.
ഇരിങ്ങാലക്കുട രൂപതയുടെ മുഖപത്രമായ ‘കേരളസഭ’യുടെ അണിയറ ശില്‍പികള്‍ക്കൊപ്പം വിതരണ രംഗത്ത് കരുത്തുറ്റ സാന്നിധ്യമായി നിലകൊള്ളുന്ന ഇടവക കുടുംബ സമ്മേളന യൂണിറ്റ് പ്രസിഡന്റുമാരും കേന്ദ്രസമിതി പ്രസിഡന്റുമാരും ഒത്തുചേര്‍ന്ന പ്രൗഢമായ വേദി. സംഗമത്തിന് തിളക്കവും ആധികാരികതയും നിറച്ചു പത്രത്തിന്റെ രക്ഷാധികാരി മാര്‍ പോളി കണ്ണൂക്കാടനും വികാരി ജനറല്‍ മോണ്‍. ജോയ് പാല്യേക്കരയും രൂപതയിലെ വൈദികരുടെ പ്രതിനിധിയായി റവ. ഡോ. പോളി പടയാട്ടിയും കുടുംബസമ്മേളന യൂണിറ്റുകളുടെ രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോസ് ഇരിമ്പനും വിശ്വാസി സമൂഹത്തിന്റെ പ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ദീപക് ജോസഫും.
2020 ല്‍ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനു തൊട്ടുമുമ്പുള്ള വര്‍ഷത്തിലേക്കാണ് കേരളസഭ പുതുവര്‍ഷത്തില്‍ ചുവടുവയ്ക്കുന്നതെന്ന സവിശേഷതയുമുണ്ടായിരുന്നു കുടുംബസംഗമത്തിന്. മാധ്യമരംഗത്തിന്റെ പ്രാധാന്യം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തിരിച്ചറിഞ്ഞ ഫാ. ജോസ് അക്കരക്കാരന്‍ 1970 ല്‍ തിരികൊളുത്തിയ പ്രസിദ്ധീകരണമാണ് ആറു വര്‍ഷം മുമ്പ് പുതിയ രൂപഭാവങ്ങളോടെ രൂപതയിലെ 62,000 കുടുംബങ്ങളിലും മാസത്തിലൊരിക്കല്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമേ കേരളത്തിനകത്തും പുറത്തുമായി പതിമൂവായിരത്തോളം കോപ്പികള്‍ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തകരിലും എത്തുന്നു.
മാധ്യമ പ്രവര്‍ത്തനം കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് അതു തിരുത്തിക്കുറിക്കുന്ന നിലപാടാണ് ‘കേരളസഭ’ പിന്തുടര്‍ന്നിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രതിനിധികളുടെ സാന്നിധ്യവും ആവേശവും. സഭയുടെ മുഖമായും സത്യത്തിന്റെ സ്വരമായും രൂപതയിലെ വിശ്വാസി സമൂഹം പത്രത്തെ സ്വീകരിച്ചുവെന്നതിന്റെ പ്രഖ്യാപനം കൂടിയായി നിറഞ്ഞ സദസ്സ്.
സംഗമത്തില്‍ യൂണിറ്റ് പ്രസിഡന്റുമാരായ വനിതകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. രൂപതയില്‍ ഒട്ടേറെ ഇടവകകളില്‍ കുടുംബസമ്മേളന യൂണിറ്റുകളുടെ സാരഥികളായി വീട്ടമ്മമാരും യുവതികളുമുണ്ട്. അതേപോലെ രൂപതയിലെ യുവജനങ്ങളുടെ സാന്നിധ്യംകൊണ്ടും കുടുംബസംഗമം സമ്പന്നമായി.
കേരളസഭ നടത്തിയ ബൈബിള്‍ ക്വിസ്, ചിത്രരചന, സാഹിത്യമത്സര വിജയികള്‍ ആവേശപൂര്‍വം സമ്മാനങ്ങള്‍ സ്വീകരിക്കാനെത്തി. യുവജനങ്ങളും ‘കേരളസഭ’യിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സ്റ്റാഫംഗങ്ങളും ചേര്‍ന്നു സ്‌നേഹവിരുന്നും ഉപഹാരവും ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് കുടുംബസംഗമത്തിന് തയാറാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>