• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on January 1, 2019
1 A

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അതിനു പകരം വര്‍ഗീയതയും വാഗ്ദാനങ്ങളും വിറ്റ് ജനങ്ങളെ ഏറെക്കാലം കബളിപ്പിക്കാനാവില്ല. ഇതാണ് ഡിസംബര്‍ 11 ന് പുറത്തുവന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം നിയമസഭാ ഫലങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.
കര്‍ഷകരുടെ പ്രശ്‌നങ്ങളെ അവഗണിച്ചും പ്രതിപക്ഷ പാര്‍ട്ടികളെ നിസ്സാരമായിക്കണ്ടും കപട വാഗ്ദാനങ്ങള്‍ വിതറിയും ഇല്ലാത്ത നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയും ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയും മറ്റു നേതാക്കളും നടത്തിയ പ്രചാരണം ഫലം കണ്ടില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഹിന്ദുത്വ വികാരം ആളിക്കത്തിച്ചു ഭൂരിപക്ഷ സമുദായ വോട്ടുകള്‍ സമാഹരിക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന കടുത്ത ഹിന്ദുത്വവാദിയെ കൊണ്ടുവന്ന് ഈ സംസ്ഥാനങ്ങളില്‍ നൂറോളം സ്ഥലത്തു നടത്തിയ പ്രസംഗങ്ങള്‍ ആവിയായി.
ഓരോ വര്‍ഷവും രണ്ടു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വാഗ്ദാനം ജലരേഖയാണിപ്പോള്‍. വിദേശത്ത് കുന്നുകൂടിയിട്ടുള്ള കള്ളപ്പണം കൊണ്ടുവരുമെന്ന വാഗ്ദാനവും നടന്നില്ല. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കുമെന്നു വാഗ്ദാനം നല്‍കി അടിച്ചേല്‍പ്പിച്ച നോട്ട് നിരോധനം മധ്യവര്‍ഗക്കാരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയപ്പോള്‍, വമ്പന്മാരായ വ്യവസായികളും ബിസിനസ്സുകാരും തടിച്ചുകൊഴുക്കുകയായിരുന്നു. വിജയ് മല്യയും നീരവ് മോദിയുമുള്‍പ്പെടെ രാഷ്ട്രീയ സ്വാധീനമുള്ളവര്‍ രാജ്യത്തു നിന്നു കവര്‍ന്ന കോടികള്‍ കിട്ടാപ്പണമായി; അവരെ രക്ഷിക്കാന്‍ ഭരണതലങ്ങളില്‍ തന്നെ ശ്രമങ്ങളുണ്ടായി. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇപ്പോള്‍ പരാജയപ്പെട്ട് സ്ഥാനമൊഴിഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയും ഇക്കാര്യത്തില്‍ ആരോപണവിധേയരായി. വികസന രംഗത്തെ പരാജയങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ ഗുജറാത്തിലും അയോധ്യയിലും മറ്റും പ്രതിമകള്‍ സ്ഥാപിക്കാന്‍ 3000 കോടി മുതല്‍ പല അളവില്‍ പണം ചെലവഴിക്കാന്‍ മുതിര്‍ന്നപ്പോഴും, കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. വല്ലഭായ് പട്ടേലിന്റെ പ്രതിമ നര്‍മദാതീരത്ത് മോദി ഉദ്ഘാടനം ചെയ്തപ്പോള്‍ ആ പ്രദേശത്തെ 30 ഗ്രാമങ്ങള്‍ അന്ന് ഹര്‍ത്താലാചരിക്കുകയായിരുന്നു.
നിയമസഭാ ഫലങ്ങള്‍ ഒരു കാര്യം വ്യക്തമാക്കി : വര്‍ഗീയതയും മതനിരപേക്ഷത തകര്‍ത്ത് ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ള ഗൂഢതന്ത്രവും അതുവഴി അധികാരം പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് പദ്ധതികളും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് സുരക്ഷിത ബോധത്തോടെ ജീവിക്കാന്‍ കഴിയണം. അവരുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ക്കൊപ്പം ജനാധിപത്യ വിശ്വാസികളായ ഭൂരിഭാഗം പൗരന്മാരുമുണ്ടെന്ന കാര്യവും ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കി.
വോട്ട് നേടാന്‍ വേണ്ടി ബിജെപി ഗുജറാത്തില്‍ സ്വീകരിച്ച തീവ്രഹിന്ദുത്വ സമീപനം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കൂടുതല്‍ ശക്തിയോടെ തുടര്‍ന്നപ്പോള്‍, കോണ്‍ഗ്രസും മൃദു ഹിന്ദുത്വ പാതയില്‍ സഞ്ചരിക്കുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പിലുണ്ടായി.
എങ്കിലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും കടങ്ങള്‍ എഴുതിത്തള്ളുമെന്നും നല്‍കിയ ഉറപ്പാണ് കോണ്‍ഗ്രസിന് വിജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. പലപ്പോഴായി കര്‍ഷകരുടെ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും രാജസ്ഥാനും മഹാരാഷ്ട്രയും.
അതേ സമയം, കോണ്‍ഗ്രസ് ഭരിച്ചിരുന്ന മിസോറാം ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായിട്ടും എന്തുകൊണ്ട് ഭരണം നിലനിര്‍ത്താനായില്ല എന്നത് ആ പാര്‍ട്ടിയുടെ മൃദുഹിന്ദുത്വ സമീപനത്തിനുള്ള വോട്ടര്‍മാരുടെ മറുപടിയായാണ് കരുതപ്പെടുന്നത്. മിസോ നാഷനല്‍ ഫ്രണ്ട് ആകെയുള്ള 40 ല്‍ 26 സീറ്റ് നേടി അധികാരത്തിലേറിയപ്പോള്‍, കോണ്‍ഗ്രസിനു കിട്ടിയത് വെറും അഞ്ച്, ബിജെപിക്ക് ഒരേയൊരു സീറ്റു മാത്രം കിട്ടിയത്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയ്ക്ക് വേരോട്ടം ആയിട്ടില്ലെന്നതിന്റെ സൂചനയാണ്.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 50 വര്‍ഷത്തെ ഭരണത്തിന് അടിത്തറയിടുമെന്നും ഭരണഘടന പൊളിച്ചെഴുതി ഇന്ത്യയെ 2022 ഓടെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും ബിജെപിയുടെയും സംഘപരിവാരങ്ങളുടെയും പ്രഖ്യാപനത്തെ ആശങ്കയോടെയാണ് ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും കാണുന്നത്.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആ കണക്കു കൂട്ടലുകള്‍ തെറ്റിച്ചേക്കാമെന്ന സൂചനയുമുണ്ട്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ജനാധിപത്യ ഇന്ത്യയ്ക്ക് 2019 ല്‍ പ്രതീക്ഷിക്കാനേറെയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>