By on February 1, 2019
7 A

കൂട്ടായ്മയുടെയും വികസനത്തിന്റെയും ആവേശകരമായ കഥയാണത

പറപ്പൂക്കര ഫൊറോനയുടെ കീഴിലുള്ള നെല്ലായി സെന്റ് മേരീസ് ഇടവകയുടെ ചരിത്രം തുടങ്ങുന്നത് 1936 ജനുവരി 31 നാണ്. അന്നാണ് നെല്ലായിയിലെ ആദ്യ ദൈവാലയത്തിന്റെ ഉല്‍ഭവ തിയതിയായി രേഖകളില്‍ പറയുന്നത്. അതനുസരിച്ച് എട്ട് പതിറ്റാണ്ടിന്റെ ചരിത്രം നെല്ലായി പള്ളിയുടെ ഇന്നലെകള്‍ക്ക് പറയാനുണ്ട്.
1913 ല്‍ വിതയത്തില്‍ കൈപ്പിള്ളിപ്പറമ്പില്‍ പൗലോസിന്റെ മക്കളായ അന്തോണിയും ദേവസിയും, സഹോദരന്‍ ചാക്കുവിന്റെ മക്കളായ തോമനും ദേവസിയും നല്‍കിയ സ്ഥലത്ത് പറപ്പൂക്കര പള്ളി വികാരിയായിരുന്ന തോട്ടുങ്ങല്‍ മത്തായിയച്ചന്റെ നേതൃത്വത്തില്‍ നെല്ലായി, പന്തല്ലൂര്‍, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ ഇരുപതോളം കുടുംബങ്ങളുടെ ആധ്യാത്മികാവശ്യങ്ങള്‍ക്കായി മാതാവിന്റെ നാമത്തില്‍ ഒരു ദൈവാലയം സ്ഥാപിച്ചതോടെയാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ചരിത്രത്തിന് ഇവിടെ തിരി തെളിയുന്നത്. പള്ളിയിലേക്കുള്ള മാതാവിന്റെ തിരുസ്വരൂപം ആശീര്‍വദിച്ചു നല്‍കിയത് തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ മേനാച്ചേരി. സെമിത്തേരി പണിയാനുള്ള അനുവാദം 1936 ജനുവരി 31 നു ലഭിച്ചതായി രേഖകളിലുണ്ട്. 1950 ല്‍ പള്ളിയ്ക്കു വേണ്ടി മഞ്ഞളി ചാക്കു മകന്‍ ജോസഫും, 1961 ല്‍ കാളത്ത് പാവുണ്ണി കൊച്ചുവറീതും സ്ഥലം ദാനമായി നല്‍കിയിട്ടുണ്ട്.
നെല്ലായി ഇടവകയോടു ചേര്‍ന്നുകിടക്കുന്ന പോങ്കോത്ര കുരിശുപള്ളിക്കുമുണ്ട് ചരിത്രം. 1907 ല്‍ വാങ്ങിയ 35 സെന്റ് സ്ഥലത്ത് പറപ്പൂക്കര പള്ളിവികാരിയുടെ നേതൃത്വത്തില്‍ ‘ആത്മോപകാര കത്തോലിക്കാസഭ’ എന്ന സംഘടന രൂപം കൊണ്ടു. അവിടെ മാതാവിന്റെ നാമത്തില്‍ സ്ഥാപിച്ച കപ്പേളയില്‍ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മതബോധന ക്ലാസുകള്‍ നടത്തുകയും ചെയ്തു. 1963 ല്‍ നെല്ലായി ഇടവക രൂപം കൊണ്ടപ്പോള്‍ ഈ കപ്പേള അതിനു കീഴിലായി.
ഇടവകയുടെ ഉദയം
1963 ലാണ് നെല്ലായി ഇടവക രൂപം കൊള്ളുന്നത്. പ്രഥമ വികാരിയായിരുന്ന ഫാ. ജോസഫ് പടമാടന്റെ നേതൃത്വത്തില്‍ ഇടവകയിലെ കുടുംബങ്ങളുടെ ഉദാര സംഭാവനകളിലൂടെ പള്ളി വിസ്തൃതി കൂട്ടി പണിതു. 1978 ല്‍ ഇരിങ്ങാലക്കുട രൂപതയുടെ സ്ഥാപനത്തോടെ, നെല്ലായി ഇടവകയുടെ അതിരുകളിലും മാറ്റം വന്നു. ഇടവകയുടെ രജതജൂബിലി 1988 ല്‍ ആഘോഷിച്ചു.
നെല്ലായി ഇടവകയുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായിരുന്നു പുതിയ ദൈവാലയവും വൈദിക മന്ദിരവും. വികാരി ഫാ. തോമസ് ആലുക്കയുടെ കാലത്ത് വിപുലമായ നിര്‍മാണ കമ്മിറ്റി രൂപം കൊണ്ടു. പഴയപള്ളി പൊളിച്ചുനീക്കി അതിന്റെ സ്ഥാനത്ത് പുതിയ ദൈവാലയം ഉയര്‍ന്നു. പുതിയ ദൈവാലയത്തിന്റെ കൂദാശാകര്‍മം 2005 ഡിസംബര്‍ 29 ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വഹിച്ചു. പള്ളിയോടനുബന്ധിച്ചുള്ള പുതിയ വൈദിക മന്ദിരവും മതപഠന ക്ലാസുകളും 2004 ഡിസംബര്‍ എട്ടിന് ആശീര്‍വദിച്ചു. നിര്‍ധനര്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആരംഭിച്ചതാണ് സെന്റ് മേരീസ് ചാരിറ്റബിള്‍ ട്രസ്റ്റ്.
വികസനത്തിന്റെ
കൈമുദ്രകള്‍
മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിന്റെ ഭവനം – നിര്‍മല കോണ്‍വെന്റ് – 1988 ല്‍ പോങ്കോത്രയില്‍ സ്ഥാപിതമായി. 1989 – 94 കാലത്ത് മംഗലത്തുപറമ്പില്‍ മത്തായി ഭാര്യ അന്നമ്മ സംഭാവന നല്‍കിയ സ്ഥലത്ത് ഇടവകാംഗങ്ങള്‍ സാമ്പത്തിക സഹായത്തോടെ ദേശീയ പാതയോടു ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്‌സും, വിശുദ്ധ അന്തോണീസിന്റെ കപ്പേളയും പണി തീര്‍ത്തു. ക്രിസ്തു ജയന്തി മഹാജൂബിലി വര്‍ഷത്തില്‍ (2000) പള്ളിയങ്കണത്തില്‍ നിര്‍മിച്ച മതബോധന ഹാള്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ആശീര്‍വദിച്ചു. ഫാ. ആന്റണി പുതുശ്ശേരി വികാരിയായിരിക്കെ 2009 ല്‍ പോങ്കോത്ര സെന്റ് മേരീസ് കുരിശുപള്ളി പുനര്‍ നിര്‍മിച്ച് അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ വെഞ്ചരിപ്പു കര്‍മം നിര്‍വഹിച്ചു. ഇടവകസ്ഥാപിതമായതിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഫാ. ബെന്നി കരിമാലിക്കലിന്റെ നേതൃത്വത്തില്‍ മദ്ബഹ നവീകരിക്കുകയും പള്ളിയുടെ പ്രധാനകവാടത്തിനു സമീപമുള്ള സ്ഥലം വാങ്ങി അവിടെ വി.യൂദാശ്ലീഹായുടെ കപ്പേളയും പ്രധാന കവാടവും പണിതു. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ക്രിസ്മസിനു ശേഷം വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലും വി. യൂദാശ്ലീഹായുടെ തിരുനാള്‍ ഏപ്രില്‍ മാസത്തെ അവസാനത്തെ ബുധനാഴ്ചയും ആഘോഷിക്കുന്നു. ഇടവകയുടെ സ്വപ്‌ന സാക്ഷാത്ക്കാരമായ പാരിഷ് ഹാള്‍ ആധുനിക സംവിധാനത്തില്‍ പുതുക്കി പണിയുന്നതിന്റെ ആദ്യഘട്ടമായി താഴത്തെ നില ഇതിനകം സജ്ജമായിട്ടുണ്ട്. മുകളിലത്തെ നിലയുടെ പണികള്‍ പുരോഗമിക്കുന്നു. നെല്ലായി ഇടവകയുടെ നാനാ ഭാഗങ്ങളിലായി അഞ്ചു കപ്പേളകളുണ്ട്. 12 കുടുംബ യൂണിറ്റുകളിലായി 480 കുടുംബങ്ങളുള്ള നെല്ലായി ഇടവകയില്‍ ഫാ.ഷാജു പീറ്റര്‍ കാച്ചപ്പിള്ളിയാണ് ഇപ്പോള്‍ വികാരി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>