By on February 2, 2019
11

ദേശീയ തലത്തില്‍ പ്രധാനപ്പെട്ട മൂന്നു നാലു സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് കടന്നു പോകുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് (എസ്) കൂട്ടുകക്ഷി മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിച്ചു ബിജെപി നേരിട്ട പരാജയം, സുപ്രീം കോടതിയിലേക്ക് അര്‍ഹരായ മറ്റു ഹൈക്കോടതി ജഡ്ജിമാരെ മറികടന്ന് രണ്ടു ജഡ്ജിമാരെ നിയമിച്ചത്, റഫേല്‍ യുദ്ധവിമാനക്കച്ചവടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇടപെട്ട് 126 വിമാനങ്ങള്‍ക്കു പകരം 36 എണ്ണം വാങ്ങിയതും അതിന്റെ പേരില്‍ ഓരോ വിമാനത്തിന്റെയും വിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടായെന്ന മാധ്യമ വെളിപ്പെടുത്തല്‍ എന്നിവയായിരുന്നു ഈ വാര്‍ത്താ ദിനങ്ങളിലെ മുഖ്യ ചര്‍ച്ചാവിഷയം.
എന്നാല്‍, ഇതിനേക്കാളേറെ ദേശീയ ശ്രദ്ധ പിടിച്ചത് ഒരു പക്ഷേ, കൊല്‍ക്കത്തയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ജനുവരി 19 നു നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാ സമ്മേളനമായിരുന്നു.
അടുത്ത മേയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയിലെ ഇടതു പാര്‍ട്ടികള്‍ ഒഴികെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുത്ത മഹാ സമ്മേളനത്തില്‍ 40 ലക്ഷം പേര്‍ അണിചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസും പങ്കെടുത്തതോടെ 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുന്നതിന്റെ ആദ്യത്തെ വ്യക്തമായ ചുവടുവയ്പായി ഇത്.
കഴിഞ്ഞ നാലര വര്‍ഷത്തോളമായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതനിരപേക്ഷ തത്വങ്ങള്‍ക്കും വിരുദ്ധമായി ഉരുക്കുമുഷ്ടികൊണ്ട് ഭരണം നടത്തുന്ന ബിജെപി – ആര്‍എസ്എസ് ഭരണകൂടത്തിന്റെ നടപടികളില്‍ അസ്വസ്ഥരും ആശങ്കയുള്ളവരുമായ വിവിധ വിഭാഗം ജനങ്ങള്‍ പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം.
അധികാരത്തിലേറിയ നാള്‍മുതല്‍ ഭരണഘടന പൊളിച്ചെഴുതുമെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നും പ്രഖ്യാപിച്ച നരേന്ദ്ര മോദി- അമിത്ഷാ കൂട്ടുകെട്ടില്‍ ഏറ്റവും അധികം പീഡനങ്ങളേറ്റു വാങ്ങിയത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ്. ക്രൈസ്തവരും മുസ്ലിംകളും ദലിത് വിഭാഗങ്ങളും 2014 മേയ് മുതല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധ നടപടികളുടെ ചരിത്രം ഇന്ത്യയുടെ സമകാലിക സാമൂഹിക ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായിരിക്കും.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മൃഗീയ ഭൂരിപക്ഷവും ശക്തമായ പ്രതിപക്ഷമില്ലാത്തതുമാണ് വര്‍ഗീയ പാര്‍ട്ടിയെ ജനാധിപത്യ വിരുദ്ധ, മതനിരപേക്ഷ വിരുദ്ധ നടപടികളിലേക്ക് നയിച്ചത്.
മോദി പ്രഭാവത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മോദിയുടെ വ്യക്തി പ്രഭാവവും വാക്ചാതുരിയും അജയ്യമാണെന്നുമുള്ള മിഥ്യ പക്ഷേ, 2014 നുശേഷം പല സംസ്ഥാനങ്ങളിലും നടന്ന ലോക്‌സഭാ, ഉപതിരഞ്ഞെടുപ്പുകളും ഏറ്റവും ഒടുവില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളും തകര്‍ത്തു.
നീറുന്ന കര്‍ഷക പ്രശ്‌നങ്ങളും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും കുതിച്ചുയരുന്ന പെട്രോള്‍ – ഡീസല്‍ വിലയും നിത്യോപയോഗ സാധന വിലക്കയറ്റവും കോടിക്കണക്കിനു ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നോട്ട് നിരോധനവും വ്യാപാരി സമൂഹത്തെ വലച്ച ജിഎസ്ടി പരിഷ്‌ക്കാരവും റഫേല്‍ യുദ്ധവിമാന കച്ചവടത്തില്‍ 36,000 കോടി അംബാനിക്ക് വഴിതിരിച്ചുകൊടുത്തുവെന്ന ആരോപണവും സിബിഐ, റിസര്‍വ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെ കയ്യടക്കാനുള്ള നീക്കങ്ങളും രാജ്യത്തെ മിക്കവാറും സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ തീവ്രഹിന്ദുത്വ വാദികളെ തിരുകിക്കയറ്റിയതും തുടങ്ങി മോദി സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം സുദീര്‍ഘമാണ്. എന്നിട്ടും ഇതൊന്നും വകവയ്ക്കാതെ കോണ്‍ഗ്രസിനെയും മറ്റു പ്രതിപക്ഷപാര്‍ട്ടികളെയും അതിന്റെ നേതാക്കളെയും വ്യക്തിപരമായി ആക്ഷേപിക്കാനും തേജോവധം ചെയ്യാനുമായിരുന്നു ശ്രമം.
ജനകീയ പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള ഈ പോക്ക് 2019 ലെ തിരഞ്ഞെടുപ്പോടെ കൂടുതല്‍ ശക്തമായേക്കുമെന്ന തിരിച്ചറിവാണ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്ന ഒരു ഘടകം. മാത്രമല്ല, മോദി ജയിച്ചാല്‍, ഇന്ത്യയുടെ ഭരണഘടന പൊളിച്ചെഴുതുമെന്നും പിന്നീടൊരിക്കലും തിരഞ്ഞെടുപ്പുതന്നെ ഉണ്ടാവില്ലെന്നുമുള്ള ഭയവും അവരെ ഒന്നിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയുടെ പ്രധാനമന്ത്രിയെ അമേരിക്കയില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുപോലെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന രീതി കൊണ്ടുവരികയെന്നത് ബിജെപിയുടെ സ്വപ്‌നമാണ്. വേണ്ടത്ര പക്വതയും ജനാധിപത്യബോധവുമില്ലാത്തയാളാണ് ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയെങ്കില്‍, ഏകാധിപത്യ ഭരണമായിരിക്കും ഫലം. അമേരിക്ക അല്ല ഇന്ത്യ. മുമ്പ് വാജ് പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇതിനുവേണ്ടി ഭരണഘടനാ റിവ്യൂ കമ്മിറ്റിയെ നിയമിച്ചിരുന്നെങ്കിലും കമ്മിറ്റി ചെയര്‍മാനായിരുന്ന എം.എന്‍. വെങ്കടചെല്ലയ്യയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടന അഴിച്ചുപണിയെന്ന ലക്ഷ്യം അന്നു നടക്കാതെപോയത്.
ജനാധിപത്യം ഇല്ലാതാകുന്നതോടെ ഇന്ത്യയില്‍ മതനിരപേക്ഷത ഉണ്ടാകില്ല; മതസ്വാതന്ത്ര്യമുണ്ടാകില്ല; പ്രതിപക്ഷങ്ങളുണ്ടാവില്ല, അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകില്ല; ന്യൂനപക്ഷങ്ങള്‍ ഉണ്ടാവില്ല; മതസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ നടപ്പാക്കിക്കൊണ്ടിരുന്ന വംശീയാധിപത്യത്തെയും ഫാസിസ്റ്റ് തന്ത്രങ്ങളെയും ഏകഭരണ രീതിയെയുംപ്പറ്റി പഠിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദു സിദ്ധാന്തവാദികള്‍ ജര്‍മനിയില്‍ പോയിരുന്നുവെന്ന സത്യം നിലവിലുണ്ട്. ജനാധിപത്യവും മതമൗലികവാദത്തിലധിഷ്ഠിതമായ മതാധിപത്യവും തമ്മില്‍ വലിയ അകലമില്ല.
സമ്മേളനത്തിന്റെ സൂചനകള്‍ ശരിക്കും മനസ്സിലാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെയും മറ്റും പ്രതികരണം. കൊല്‍ക്കത്തയില്‍ സമ്മേളിച്ചത് അഴിമതിക്കാരും കഴിവുകെട്ടവരുമാണെന്നും അവരുടെ സമ്മേളനം തനിക്കോ തന്റെ ഭരണത്തിനോ എതിരല്ലെന്നും അതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നുമാണ് മോദി പരിഹസിച്ചത്. ഭരണകൂടത്തോടും നേതാക്കളോടുമുള്ള വിമത ശബ്ദങ്ങള്‍ ജനവിരുദ്ധമാണെന്ന ആരോപണം എല്ലാ ഏകാധിപതികളും എല്ലാ കാലത്തും സ്വീകരിച്ചു പോന്നിട്ടുള്ള തന്ത്രം മാത്രമാണെന്നത് ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>