By on February 2, 2019
9

ബ്രിട്ടീഷ് റസിഡന്റ് കേണല്‍ സ്റ്റുവാര്‍ട്ട് ഒരിക്കല്‍ ഗ്രാമപ്രദേശത്തുകൂടി സഞ്ചരിക്കുമ്പോള്‍ നുകത്തിന് കീഴില്‍ ഒരു വശത്ത് കാളയും മറുഭാഗത്ത് ഒരു അവര്‍ണനും ചേര്‍ന്ന് കലപ്പ വലിക്കുന്നതു കണ്ടു. അദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 1854 മുതല്‍ തിരുവിതാംകൂറില്‍ അടിമ സമ്പ്രദായം നിര്‍ത്തലാക്കിയത്.

ജാതി വ്യവസ്ഥയും അയിത്തവും അന്ധവിശ്വാസങ്ങളും നാടുവാഴിത്തവും അടിയാള വര്‍ഗങ്ങളെ അടക്കി വാണിരുന്ന ഒരു കാലമായിരുന്നു അത്. സവര്‍ണര്‍ താഴ്ന്ന ജാതിക്കാരെ മനുഷ്യരായിപ്പോലും കാണാന്‍ കൂട്ടാക്കാതിരുന്ന ഇരുണ്ട കാലഘട്ടം. ഭൂവുടമകളായ സവര്‍ണ സമുദായക്കാര്‍ അവര്‍ണരെ കന്നുകാലികളെപ്പോലെ കരുതുകയും അങ്ങനെ പെരുമാറുകയും ചെയ്തു പോന്ന ഫ്യൂഡലിസത്തിന്റെ നീരാളിപ്പിടിത്തം ശക്തമായിരുന്നു അന്ന്. ജന്മിമാര്‍ തങ്ങളുടെ പാടത്തും പറമ്പിലും ജോലി ചെയ്യിക്കാന്‍ വേണ്ടി താഴ്ന്ന ജാതിക്കാരെ അടിമകളായി വീട്ടുപറമ്പിലെ ഷെഡ്ഡുകളില്‍ കെട്ടിയിട്ട് പാര്‍പ്പിക്കുകയും കച്ചവടം നടത്തുകയും ചെയ്തിരുന്ന മനുഷ്യത്വരാഹിത്യത്തിന്റെ അക്കാലത്ത് എതിര്‍ക്കുന്നവരെ തല്ലിക്കൊല്ലുകയും തെങ്ങിന്‍ ചുവടുകളില്‍ കുഴിച്ചിടുകയും ചെയ്താലും ആരും ചോദിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. മിടുക്കന്മാരായ സവര്‍ണ ഭൂവുടമകളും മാടമ്പികളും അടിമകളെ മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കച്ചവടം നടത്തുക പോലും ചെയ്തു. രാജാവും നാട്ടുപ്രമാണിമാരും സമ്പന്ന വര്‍ഗവും സവര്‍ണ സമുദായാംഗങ്ങളും ചേര്‍ന്നു ഭ്രാന്താലയമാക്കിയ കേരളമായിരുന്നു പതിനാറ്, പതിനേഴ്, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ നമ്മുടെ നാട്.
ഈ ഭ്രാന്താലയത്തെ വിദ്യാഭ്യാസത്തിലൂടെ മനുഷ്യ സമൂഹമാക്കി മാറ്റിയ സാമൂഹിക പരിവര്‍ത്തനത്തെയാണ് നാം നവോത്ഥാനം എന്നു പറയുന്നത്.
ആ പരിവര്‍ത്തനം, അല്ലെങ്കില്‍ സാമൂഹിക മാറ്റം എന്നു തുടങ്ങി, ആരായിരുന്നു അതിനു തുടക്കം കുറിച്ചത് എന്നൊക്കെയുള്ള ചിന്തകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ക്രൈസ്തവരെ മാറ്റിനിര്‍ത്താനും അവരുടെ സംഭാവനകളെ തമസ്‌ക്കരിക്കാനും ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇന്നു നടക്കുന്നത്.
അടിയാള വര്‍ഗങ്ങള്‍ക്ക് അക്ഷരം പഠിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സവര്‍ണ അധീശത്വത്തിന്റെ കാലത്ത് കേരളത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ വിദ്യാഭ്യാസത്തിന്റെ തിരി കൊളുത്തിയതോടെയാണ് സാമൂഹിക മാറ്റത്തിന്റെ ആദ്യചലനങ്ങളുണ്ടായത്. അയിത്തവും തീണ്ടലും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കാലത്ത് മിഷനറിമാര്‍ സ്ഥാപിച്ച വിദ്യാലയങ്ങളില്‍ അടിയാളവര്‍ഗങ്ങള്‍ക്ക് പ്രവേശനം നല്‍കി. ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം 1819 ല്‍ കോട്ടയത്ത് സ്ഥാപിച്ചത് മിഷനറിമാരാണ്; താമസിയാതെ ആലപ്പുഴയിലും.
സര്‍ക്കാരിന്റേതായി പെണ്‍കുട്ടികള്‍ക്കായി കേരളത്തില്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് 1850 ലാണെന്ന് ഓര്‍ക്കുക. ഇന്ന് സ്ത്രീകളുടെ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം, തുല്യതയെന്നൊക്കെ വായ്ത്താരി മുഴക്കുന്ന പുരോഗമന വാദികള്‍ നവോത്ഥാനത്തിന്റെ പ്രഭാതഭേരി മുഴക്കിയ മിഷനറിമാരുടെ വിദ്യാഭ്യാസ രംഗത്തെ ആദ്യ ചുവടുവയ്പുകള്‍ വായിച്ചറിയണം.
അടിമത്ത നിരോധനം
മനുഷ്യാവകാശങ്ങളിന്മേലുള്ള കൊടിയ കയ്യേറ്റവും അനീതിയുമായിരുന്നു കേരളത്തില്‍ നിലനിന്നിരുന്ന അടിമ സമ്പ്രദായം. അതു അവസാനിക്കാന്‍ മുന്‍കയ്യെടുത്ത മിഷനറിമാര്‍, അടിമകളും മനുഷ്യരാണെന്നും അവര്‍ക്കും സ്വതന്ത്രരായി ജീവിക്കാന്‍ അവകാശമുണ്ടെന്നുമുള്ള സത്യങ്ങളാണ് വിളിച്ചു പറഞ്ഞത്. മനുഷ്യനെ മനുഷ്യനായാണ് കാണേണ്ടതും അംഗീകരിക്കേണ്ടതും; മൃഗമായല്ല. വിദ്യാഭ്യാസ രംഗത്ത് ഇടപെടലുകള്‍ നടത്തിയ മിഷനറിമാര്‍ കേരളത്തിലെ അടിമ സമ്പ്രദായവും അടിമക്കച്ചവടവും നിര്‍ത്തലാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളെ നവോത്ഥാന ചരിത്രത്തില്‍ നിന്നു തേച്ചുമായ്ച്ചു കളഞ്ഞിരിക്കുകയാണ് നിക്ഷിപ്ത താല്‍പര്യക്കാര്‍. കേരളത്തില്‍ സാമൂഹിക മാറ്റത്തിന്റെ ഉണര്‍ത്തു കാഹളമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ളതാണ് അടിമത്തത്തിനെതിരെ നടന്ന ധീരമായ അവരുടെ ഇടപെടലുകള്‍.
1847 ല്‍ തുടങ്ങിയതാണ് മിഷനറിമാരുടെ ഈ രംഗത്തുള്ള ഇടപെടലുകള്‍. തിരുവിതാംകൂര്‍ മഹാരാജാവിന് 1847 ല്‍ മിഷനറിമാരായ റവ. മീഡ്, റവ. ബെയ്‌ലി, റവ. ബേക്കര്‍ എന്നിവര്‍ ഒരു നിവേദനം നല്‍കി. അടിമത്തം നിര്‍ത്തലാക്കണം, അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം, അവരുടെ പുരോഗതിക്കുവേണ്ടി അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതായിരുന്നു നിവേദനത്തിലെ ആവശ്യങ്ങള്‍.
രാജകുടുംബങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന സവര്‍ണ സമുദായക്കാരായ ഭൂജന്മികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. അടിമകളെ മോചിപ്പിച്ചാല്‍, തങ്ങളുടെ കൃഷി ഭൂമിയില്‍ ആര് ജോലി ചെയ്യും? വേല ചെയ്യാന്‍ ആളില്ലാതായാല്‍, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. ഇതായിരുന്നു അടിയാള വര്‍ഗങ്ങള്‍ക്ക് സാമൂഹിക മാറ്റത്തിന്റെ വാതില്‍ തുറന്നുകൊടുക്കാന്‍ ശ്രമം നടന്നപ്പോഴുണ്ടായ സവര്‍ണരുടെ പ്രതിരോധം.
മിഷനറിമാര്‍ പക്ഷേ, അവരുടെ ശ്രമം തുടര്‍ന്നു. അങ്ങനെ 1853 ല്‍ തിരുവിതാംകൂറില്‍ അടിമ വ്യാപാരം നിര്‍ത്തലാക്കി. പക്ഷേ, സവര്‍ണ വിഭാഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. നിയമവിരുദ്ധമായി അടിമത്തം തുടരുകതന്നെ ചെയ്തു.
അക്കാലത്തൊരിക്കല്‍ തിരുവിതാംകൂറിലെ ബ്രിട്ടീഷ് പ്രതിനിധിയായ റസിഡന്റ് കേണല്‍ സ്റ്റുവാര്‍ട്ട് അടിമത്തത്തിന്റെ ഭീകര മുഖം ഒരിക്കല്‍ നേരിട്ടു കണ്ടു. കൊല്ലത്ത് ഒരു ഗ്രാമപ്രദേശത്തുകൂടി സഞ്ചരിക്കുകയായിരുന്ന അദ്ദേഹം ഉഴവു നടക്കുന്ന ഒരു പാടത്ത് നുകത്തണ്ടിനു കീഴില്‍ ഒരു ഭാഗത്ത് കാളയും മറുഭാഗത്ത് ഒരു അവര്‍ണനും കലപ്പ വലിക്കുന്നതു കണ്ടു. റസിഡന്റ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 1854 ല്‍ തിരുവിതാംകൂറിലും പിന്നീട് കൊച്ചിയിലും അടിമക്കച്ചവടവും അടിമ സമ്പ്രദായവും കര്‍ശനമായി നിര്‍ത്തലാക്കുകയായിരുന്നു. അടിമ വ്യാപാരം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കപ്പെട്ടു. അടിമകളാക്കി സവര്‍ണര്‍ കാലിനടിയില്‍ ചവിട്ടിയൊതുക്കി വച്ചിരുന്ന താഴ്ന്ന ജാതിക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പായിരുന്നു പിന്നീടുണ്ടായത്. അടിമകളുടെ കുട്ടികള്‍ക്ക് മിഷനറിമാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കി. അവരുടെ മുഴുവന്‍ ചെലവുകളും മിഷനറിമാര്‍ വഹിച്ചു.
ശ്രീനാരായണ ഗുരുവും മറ്റും
കേരളത്തിന്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ല്‍ ജനിച്ച ശ്രീനാരായണ ഗുരുവില്‍ നിന്നും 1854 ല്‍ ജനിച്ച ചട്ടമ്പി സ്വാമികളില്‍ നിന്നും 1863 ല്‍ ജനിച്ച അയ്യങ്കാളിയില്‍ നിന്നുമൊക്കെയാണെന്നു എഴുതിപിടിപ്പിക്കുന്നവര്‍ ചരിത്ര യാഥാര്‍ഥ്യങ്ങളെ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യക്തം. മഹാന്മാരായ ഈ സമുദായ പരിഷ്‌ക്കര്‍ത്താക്കള്‍ ജനിക്കുന്നതിനു മുമ്പേ തന്നെ വിദേശ മിഷനറിമാരും കേരളത്തിലെ ചാവറയച്ചനെപ്പോലെയുള്ള മഹാന്മാരായ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും ക്രൈസ്തവസമൂഹവും ഇവിടെ നവോത്ഥാനത്തിന്റെ വിത്തുകള്‍ വിതച്ചിരുന്നുവെന്നതാണ് ആ ചരിത്ര യാഥാര്‍ഥ്യം.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ആരംഭിച്ച ആ ഇടപെടലുകളില്‍ നിര്‍ണായകമായിരുന്നു അടിമത്തത്തിനെതിരെ നടന്ന ആ പോരാട്ടവും. അതിന്റെ ഫലമായാണ് ശ്രീനാരായണ ഗുരു ജനിച്ച 1856 നു മൂന്നു വര്‍ഷം മുമ്പു 1954 ല്‍ താഴ്ന്ന ജാതിക്കാരെ അടക്കിവാണിരുന്ന അടിമത്ത സമ്പ്രദായത്തിന് അറുതി വരുത്തിക്കൊണ്ടുള്ള രാജകീയ വിളംബരം.
സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടി മിഷനറിമാരും ക്രൈസ്തവ സമൂഹവും ആളും അര്‍ഥവും നല്‍കി കഠിനാധ്വാനം ചെയ്തു കൊണ്ടിരുന്നപ്പോള്‍, ആ ശ്രമങ്ങളെയൊക്കെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും കേരളത്തില്‍ നടന്നുകൊണ്ടിരുന്നു. അന്ന് വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌ക്കാരിക രംഗങ്ങളിലൊക്കെ മറ്റു സമുദായങ്ങളില്‍ നിന്ന് ബഹുദൂരം മുന്നിലായിരുന്നു കേരളത്തിലെ ക്രൈസ്തവര്‍. അതുകൊണ്ടു തന്നെയാണ് മറ്റു സഹോദര സമുദായാംഗങ്ങളും തങ്ങളെപ്പോലെ വളര്‍ന്നു വരണമെന്നും സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും പുരോഗതി പ്രാപിക്കണമെന്നും ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരുന്നത്.
എന്നിട്ടും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്തുപോലും ജാതിവ്യവസ്ഥയുടെയും ഉച്ചനീചത്വങ്ങളുടെയും നീരാളിപ്പിടിത്തത്തില്‍ നിന്ന് കേരളം പൂര്‍ണമായി മോചിപ്പിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് 1892 ല്‍ കേരളം സന്ദര്‍ശിച്ച വിവേകാനന്ദ സ്വാമി കേരളത്തെ ‘ഭ്രാന്താലയം’ എന്നു വിശേഷിപ്പിച്ചത്. അത്രയ്ക്കു ശക്തമായിരുന്നു സവര്‍ണര്‍ക്ക് ആധിപത്യമുണ്ടായിരുന്ന അന്നത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം. അതിനു മാറ്റം വരുത്താന്‍ പിന്നീടുള്ള പതിറ്റാണ്ടുകളില്‍ ക്രൈസ്തവ സമൂഹം നടത്തിയ ത്യാഗോജ്ജ്വലമായ സേവനങ്ങളുടെ നാള്‍വഴികളാണ് യഥാര്‍ഥത്തില്‍ ആധുനിക കേരളത്തിന്റെ ചരിത്രം.
ആ ചരിത്രത്തിലേക്ക് പോകുന്നതിനു മുമ്പ് പതിനാറാം നൂറ്റാണ്ടു മുതല്‍ 19-ാം നൂറ്റാണ്ടുവരെ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക ജീവിതത്തിന്റെ അവസ്ഥയെപ്പറ്റി കൂടി നാം അറിയണം. ഉച്ചനീചത്വങ്ങളുടെയും ജാതിവ്യവസ്ഥയുടെയും ഉരുക്കുമുഷ്ടിക്കുള്ളില്‍ പിടഞ്ഞുകൊണ്ടിരുന്ന ജനവിഭാഗങ്ങളുടെ അവസ്ഥയറിഞ്ഞാലേ, അതു മാറ്റാന്‍ വേണ്ടി നടന്നിട്ടുള്ള ഭഗീരഥ യത്‌നങ്ങളുടെ വ്യാപ്തി അറിയാനാവൂ.
കേരളമെന്ന ഭ്രാന്താലയം : അടുത്ത ലക്കത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>