By on February 2, 2019
8 b

ആരൊക്കെയാണ് കേരളത്തെ പുനഃസൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നു ചിന്തിച്ചാല്‍, ജീവിതത്തില്‍ ഒരിക്കല്‍പോലും രോമാഞ്ചം അനുഭവിച്ചിട്ടില്ലാത്തവരുടെ ദേഹത്തുപോലും ആപാദചൂഢം രോമാഞ്ചം പടര്‍ന്നുകയറും. രാഷ്ട്രീയക്കാര്‍, സിനിമാ നടന്മാര്‍, നടിമാര്‍, നവോത്ഥാനം തലയില്‍ കയറിയ ഇടതുപക്ഷ ചിന്തകര്‍, വായ് തുറന്നാല്‍ വര്‍ഗീയത വിളമ്പുന്നവര്‍, എന്തിന്, സമൂഹത്തില്‍ വിഭാഗീയതയും വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പും വിദ്വേഷവും അവജ്ഞയും വളര്‍ത്താന്‍വേണ്ടി വാര്‍ത്തയിലും വിശകലനങ്ങളിലും പതിനെട്ടടവും പയറ്റുന്ന പത്രങ്ങളും ചാനലുകളും വരെ പ്രളയം കഴിഞ്ഞ കേരളത്തെ കെട്ടിപ്പടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ‘ഒന്നാണ് നമ്മള്‍’ എന്നാണ് ഇവരൊക്കെ കൊട്ടിഘോഷിക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടായിരുന്നു ഡിസംബര്‍ 29,30 തീയതികളില്‍ ബിജെപിയുടെ വര്‍ഗീയ ഏഷ്യാനെറ്റും മറ്റു ചില വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്നു നടത്തിയ താരങ്ങളുടെ കലാപരിപാടികള്‍. ‘പുതുകേരള സൃഷ്ടിക്കായി താരങ്ങളുടെ മെഗാഷോ’യെന്നായിരുന്നു പ്രചാരണം. അസൂയകൊണ്ടാകാം, മറ്റു ചാനലുകളൊക്കെ മുഖം കറുപ്പിച്ചു നിന്നപ്പോള്‍, ഏഷ്യാനെറ്റ് കേരളത്തിന്റെ പുനഃസൃഷ്ടി മൊത്തത്തില്‍ ഏറ്റെടുക്കുകയായിരുന്നു.
അങ്ങനെയാണ് ഡിസംബര്‍ 29 ലെ ഹിന്ദു പത്രത്തിലും മറ്റും ആ പരസ്യം വന്നത്. കുറേ സിനിമാക്കാര്‍ പത്രത്തിന്റെ ഒന്നാം പേജില്‍ നിരന്നു നിന്ന് നെഞ്ചത്തു കൈവച്ച് പൂപ്പുഞ്ചിരിയുമായി ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം. എല്ലാ സിനിമാക്കാരുമില്ല; തിരഞ്ഞെടുക്കപ്പെട്ട സിനിമാക്കാര്‍ മാത്രം. ‘നമുക്ക് ഒരുമിക്കാം നമ്മുടെ നാടിനായി’ എന്ന വാചകം ചിത്രത്തിന്റെ അടിയില്‍ തിരുകിയിട്ടുണ്ട്. ഏതായാലും പടമൊക്കെ നന്നായി.
അങ്ങനെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള പല പരിപാടികളും മെഗാഷോയില്‍ അരങ്ങേറി. പാട്ട്, നൃത്തം, കോമഡി അങ്ങനെ തല്ലിക്കൂട്ടിയെടുത്ത പല പരിപാടികളും. ഏതു മെഗാഷോ ഉണ്ടായാലും അതില്‍ തല കാട്ടുന്നവരൊക്കെ ഇതിലും രംഗത്തുവന്നു നാട്ടുകാരെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. ജനം ചിരിക്കാതിരുന്നപ്പോഴൊക്കെ റെക്കോര്‍ഡ് ചെയ്തു വച്ച ചിരി നല്‍കി രംഗം കൊഴുപ്പിച്ചു.
ഇതിനിടയിലാണ് ജയറാമും വിജയ രാഘവനും രമേശ് പിഷാരടിയുമൊക്കെ ചേര്‍ന്ന് തട്ടിക്കൂട്ടിയെടുത്ത ലഘുനാടകം സാക്ഷി കാണാനിടയായത്. ഒരു ക്രിസ്ത്യാനിയുടെ മൃതസംസ്‌ക്കാര ചടങ്ങാണ് ഇതിവൃത്തം. രംഗത്ത് ഫ്രീസറില്‍ വച്ചിരിക്കുന്ന ചൗരോ കൊച്ചപ്പന്റെ മൃതദേഹത്തിനരികില്‍ മേയ്ക്കപ്പിട്ടു വന്നിരുന്നു കരച്ചില്‍ അഭിനയിക്കുന്ന നടി. പിന്നെ മരണ വിവരം അറിഞ്ഞു വരുന്ന കഥാപാത്രങ്ങളായി മകന്‍ ജയറാമും പിഷാരടിയുമൊക്കെ. സംഭാഷണത്തില്‍ മരിച്ചു കിടക്കുന്ന ചൗരോ കൊച്ചപ്പന്റെ മുന്‍കാല ‘സാഹസങ്ങ’ളെപ്പറ്റിയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍, അശ്ലീലം കലര്‍ന്ന സൂചനകള്‍, മരിച്ചയാളുടെ ഭാര്യയായി ഇരിക്കുന്ന നടിയുടെ അശ്ലീലച്ചുവയുള്ള ഏറ്റുപറച്ചിലുകള്‍, ആ സ്ത്രീയുമായി രംഗത്തുള്ളവരുടെ പ്രേമ സല്ലാപം എന്നിവയൊക്കെ മുറപോലെ നടക്കുന്നുണ്ട്. മരണം നടന്ന വീടുകളില്‍ ഇങ്ങനെയാണല്ലോ സിനിമാക്കാര്‍ കണ്ടിട്ടുള്ളത്. കോമാളിത്തരങ്ങള്‍ക്ക് പ്രേക്ഷകരായി വന്നിരിക്കുന്ന ജനക്കൂട്ടത്തില്‍ നിന്നു കുറേപ്പേരുടെ കയ്യടി, കൂക്കുവിളി തുടങ്ങിയവയുടെ അകമ്പടി.
അപ്പോഴാണ് വികാരിയായി വിജയരാഘവന്‍ എന്ന നടന്‍ ളോവയിട്ട് വരുന്നത്. നെഞ്ചില്‍ പിഒസി ബൈബിള്‍ അടക്കിപിടിച്ചിട്ടുണ്ട്. വരുമ്പോള്‍ തന്നെ അപസ്മാര രോഗിയെപ്പോലെ നീട്ടിയും കുറുക്കിയും ബൈബിള്‍ വചനങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും പറയുന്നുണ്ട്. സിനിമയിലെ സ്ഥിരം കോമാളി വേഷം. മരിച്ചയാള്‍ മഹാനാണെന്നും അതിനാല്‍ സംസ്‌ക്കാരം ഗംഭീരമാക്കണമെന്നും ഓര്‍മ നിലനിര്‍ത്താന്‍ പള്ളിക്ക് മണിവാങ്ങാന്‍ 10 ലക്ഷം വേണമെന്നും വിജയരാഘവനെന്ന വിദൂഷകവേഷം ജയറാമിനോട് ആവശ്യപ്പെടുന്നു. ഇവിടെയുമുണ്ട് ദ്വയാര്‍ഥ പ്രയോഗങ്ങള്‍. ഇതിനിടെ വിജയരാഘവന്‍, മരിച്ചയാളുടെ ഭാര്യയോട് ശൃംഗരിക്കാനും ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് ഇമയൗ സിനിമയില്‍ ലിജോ ജോസ് പെല്ലിശേരി ചെയ്യിച്ചതുപോലെ വിദൂഷക വൈദികനെ മരിച്ചയാളുടെ മകന്‍ തല്ലുന്നത്. പിന്നെ, ബൈബിള്‍ അടക്കിപ്പിടിച്ചു കുഞ്ഞാടുകളോട് പ്രസംഗിക്കുന്ന വിദൂഷകനു മൊബൈല്‍ ഫോണ്‍ വരുന്നു. അപ്പോള്‍ അല്‍പ്പം മാറി നിന്ന് അയാള്‍ പറയുന്നതാണ് ഗംഭീരം.
കോമാളി പറയുകയാണ് : ‘എടീ ശോശാമ്മേ, നിന്റെ കുമ്പസാരമൊക്കെ കേള്‍ക്കാന്‍ എനിക്കിപ്പോ നേരമില്ല. നിന്റെ കുമ്പസാരം നീ എനിക്ക് വാട്ട്‌സ് ആപ്പിലിട്ടാല്‍ മതി…’
അങ്ങനെ നാടകം ക്ലൈമാക്‌സിലേക്ക് കടക്കുന്നു. ചൗരോ കൊച്ചപ്പന്റെ പിതൃത്വം അവകാശപ്പെട്ട് നാലഞ്ചുപേര്‍ ഒന്നിനു പുറകേ വരുന്നതും നാട്ടില്‍ പലയിടത്തും ഭാര്യയും മക്കളുമുള്ള അപ്പന്റെ മൃതദേഹം പാട്ടുപാടി മക്കള്‍ തള്ളിക്കൊണ്ടുപോകുന്നതുമാണ് ക്ലൈമാക്‌സ്. നാടകത്തില്‍ ഇടക്കിടെയുള്ള പാട്ടുകളും പ്രാര്‍ഥനകളും സൂചനകളുമൊക്കെ ക്രൈസ്തവരുടെ പാവനമായ മൃതസംസ്‌ക്കാര ശുശ്രൂഷയുടെ അവഹേളനം.
ഇതാണു ഏഷ്യാനെറ്റും സിനിമാക്കാരും ചേര്‍ന്ന് സൃഷ്ടിച്ച ഏക കേരളത്തിന്റെ ചിത്രം. പറഞ്ഞിട്ടു കാര്യമില്ല, ഏഷ്യാനെറ്റിന്റെ ഉള്ളിലിരിപ്പ് പണ്ടേ വ്യക്തമായിട്ടുള്ളതാണല്ലോ. ക്രൈസ്തവരെ കിട്ടുന്ന അവസരത്തിലൊക്കെ അവഹേളിക്കുക, അധിക്ഷേപിക്കുക. അതാണല്ലോ ദിവസവുമുള്ള ചാനല്‍ ചര്‍ച്ചയിലും നടക്കുന്നത്. ഇതിനു കൂട്ടുപിടിച്ചത് ഭാവനാപൂര്‍ണമായ അഭിനയമോ കഥകളോ വല്ലപ്പോഴും മാത്രം തലനീട്ടുന്ന മലയാള സിനിമയിലെ ചില ചെറുകിടക്കാരെ. ‘ഗതികെട്ടാല്‍ പുലി പുല്ലും തിന്നും’ എന്ന് പേരുചൊല്ലി ചൂണ്ടിക്കാട്ടാവുന്ന ചില നടന്മാരെയും നടികളെയും വച്ച് പുറത്തിറക്കുന്ന ഏഴാംകിട സിനിമകളുടെ നിലവാരമുള്ള ഈ ലഘുനാടകം സിനിമാക്കാരുടെ നിലവാരത്തില്‍ കസറി.
ഒരു ചെറിയ ചോദ്യം : ഏതെങ്കിലും ഹൈന്ദവന്റെയോ മുസ്ലിമിന്റെയോ മൃതസംസ്‌ക്കാര ചടങ്ങിന്റെ ആവിഷ്‌ക്കാരമായി ആ നാടകം വീണ്ടും ഒന്ന് അവതരിപ്പിക്കാന്‍ ഏഷ്യാനെറ്റിനും സിനിമാക്കാര്‍ക്കും ധൈര്യമുണ്ടാകുമോ? ഉണ്ടാവില്ല, മൂന്നു തരം. അപ്പോള്‍ ഫ്രീസറില്‍ കിടക്കേണ്ടിവരിക ആരൊക്കെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മറ്റൊരു ലഘുനാടകവും അരങ്ങേറി. മദ്യമാണ് വിഷയം. മദ്യമാണ് അതിലെ താരം. മദ്യം കുടിക്കുന്നതും മദ്യക്കുപ്പിക്കുവേണ്ടി ക്രിസ്ത്യാനിയായ അപ്പനും മക്കളും ചേര്‍ന്ന് വഴക്കിടുന്നതും കുടുംബകലഹമുണ്ടാവുന്നതുമൊക്കെയാണ് ആ തട്ടിക്കൂട്ട് നാടകത്തിന്റെ വിഷയം. നടനും സിപിഎം എംഎല്‍എയുമായ മുകേഷായിരുന്നു മുഖ്യനടന്‍. കക്ഷിയുടെ ഒരു ഡയലോഗ് ഇങ്ങനെയായിരുന്നു. മറ്റൊരാളെ കുടിക്കാന്‍ നിര്‍ബന്ധിക്കുകയാണ് മുകേഷ്: ‘ഒരു സത്യ ക്രിസ്ത്യാനിയായിട്ട് അല്‍പം കുടിച്ചില്ലെങ്കില്‍ മോശമാ…’ എന്നുവച്ചാല്‍, സത്യ ക്രിസ്ത്യാനിയാണെങ്കില്‍, കുടിക്കും, കുടിക്കണം!
കണ്ടോ, ഇവിടെയും ക്രിസ്ത്യാനി! ക്രിസ്ത്യാനിക്കു കിട്ടുന്ന ബഹുമതികള്‍ എന്തൊക്കെയാണ്.!!
ശിവ, ശിവ! മരിച്ചു കിടക്കുമ്പോഴും ജീവിച്ചിരിക്കുമ്പോഴും സിനിമയിലെയും മാധ്യമങ്ങളിലെയും മര്യാദരാമന്മാര്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന ബഹുമതികള്‍ കുറച്ചൊന്നുമല്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>