By on February 2, 2019
8 A

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും രണ്ടു നാട്ടുകാരാണെങ്കിലും രണ്ടു പേര്‍ക്കും തമ്മില്‍ പൊതുവായ ഒരു കാര്യമുണ്ട്. സത്യന്‍ വരുന്നത് ഇടതുപക്ഷത്തിനു വേരോട്ടമുള്ള തൃശൂര്‍ ജില്ലയിലെ അന്തിക്കാട് നിന്നാണ്; ശ്രീനിവാസന്‍ തീവ്ര ഇടതുപക്ഷ പാരമ്പര്യമുള്ള കണ്ണൂര്‍ ജില്ലയിലെ പാട്യത്തു നിന്നാണ്. രണ്ടു പേരും സുഹൃത്തുക്കളും ഏതാനും സിനിമകള്‍ ഒരുമിച്ച് സൃഷ്ടിച്ചവരുമാണ്. സാധാരണ ഗതിയില്‍ അക്രമങ്ങളോ അശ്ലീലങ്ങളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത സാധാരണക്കാരുടെ കഥകളാണ് ഇവരുടെ സിനിമകള്‍; കുടുംബ ചിത്രങ്ങള്‍ എന്നും പറയാം.
എന്നാല്‍, ഈയിടെ പുറത്തിറങ്ങിയ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ ഇവയ്‌ക്കൊക്കെ പകരമായി സത്യനും ശ്രീനിവാസനും മറ്റൊരു രസതന്ത്രം കണ്ടുപിടിച്ചു അവതരിപ്പിച്ചിട്ടുണ്ട്. അത്, കാഴ്ചയില്‍ എത്ര മാന്യന്മാരും സത്യസന്ധന്മാരും സ്‌നേഹിക്കാന്‍ കൊള്ളാവുന്നതും ദൈവചിന്തയുള്ളവരുമാണെങ്കിലും, ക്രിസ്ത്യാനികളെ വിശ്വസിക്കരുതെന്ന ഒളിയമ്പാണ്.
‘പ്രകാശ’ന്റെ കഥയിലെ പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ഈ തത്വം വളരെ നിര്‍ദ്ദോഷമെന്ന നിലയില്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പ്രേഷകരിലെത്തിക്കുന്നത്. കഥയിങ്ങനെയാണ്: നഴ്‌സിങ് പഠിച്ചിട്ടും ഒരു പണിയുമില്ലാതെ നടക്കുന്ന പ്രകാശന്‍ തന്റെ കോളജു പഠന കാലത്തെ കാമുകിയെ യാദൃച്ഛികമായി കണ്ടുമുട്ടുന്നു. നഴ്‌സിങ് ജോലി കിട്ടി ജര്‍മനിക്കു പോകാനൊരുങ്ങുന്ന ആ ക്രൈസ്തവ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്ത് ജര്‍മനിയിലേക്ക് കടക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്ന പ്രകാശന്‍ അവള്‍ക്ക് വീസ കിട്ടാനായി കടം വാങ്ങിയും ബൈക്ക് വിറ്റും അമ്മയുടെ ആഭരണം പണയം വച്ചും മൂന്നു ലക്ഷം അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുന്നു. പഞ്ചാബിലുള്ള സഹോദരി കന്യാസ്ത്രി മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ വരുമ്പോള്‍ ആധാരത്തില്‍ ഒപ്പിട്ടു കിട്ടിയാല്‍ തങ്ങളുടെ ഭൂമി വിറ്റ് ആ പണം തിരിച്ചു കൊടുക്കാമെന്നാണ് പ്രകാശനോട് യുവതിയുടെ മാതാപിതാക്കളുടെ വാഗ്ദാനം.
അങ്ങനെ ഒട്ടേറെ സ്വപ്‌നങ്ങളോടെ യുവതിയെ ജര്‍മനിയിലേക്ക് കയറ്റിവിടുന്നു. അതിനു മുമ്പും പിമ്പും ഓരോ തവണയും പ്രകാശന്‍ കുട്ടനാട്ടിലെങ്ങോ ഉള്ള അവരുടെ ഇടത്തരം വീട്ടിലേക്ക് വരുമ്പോള്‍ യുവതിയുടെ മാതാപിതാക്കള്‍ സ്വന്തം മകനേപ്പോലെയാണ് അയാളോട് പെരുമാറുന്നത്. ഓരോ തവണയും അവര്‍ പ്രകാശനെയും യുവതിയെയും ചേര്‍ത്തു നിര്‍ത്തി മെഴുകുതിരി കത്തിച്ച് വീട്ടിലെ തിരുസ്വരൂപങ്ങള്‍ക്കു മുമ്പില്‍ പ്രാര്‍ഥന ചൊല്ലുന്നു; ദൈവത്തിനു സമര്‍പ്പിക്കുന്നു. എന്തു തീരുമാനത്തിനു മുമ്പും പ്രാര്‍ഥിക്കുന്ന ‘സത്യക്രിസ്ത്യാനി’കളാണവര്‍ എന്നാണ് ധ്വനി.
പക്ഷേ, പെട്ടെന്നൊരുനാള്‍ പ്രകാശന്റെ സ്വപ്‌നങ്ങള്‍ തകരുന്നു. ചതി, കൊടിയ ചതി! യുവതിയുടെ അനുജത്തിയുടെ മൊബൈല്‍ ഫോണിലാണ് പ്രകാശന്‍ കണ്ടത്, താന്‍ രജിസ്റ്റര്‍ വിവാഹം ചെയ്ത പ്രേയസി ഒരു സായിപ്പിന്റെ കൂടെ നില്‍ക്കുന്ന ചിത്രം. ഒടുവില്‍ ഞെട്ടിക്കുന്ന ആ സത്യം മാതാപിതാക്കള്‍ അയാളോടു പറഞ്ഞു: ‘എന്തു ചെയ്യും മോനേ, അവള്‍ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ? അവള്‍ ഒരു പണക്കാരനായ സായിപ്പിനെ കെട്ടി!’
സിനിമാ തിയറ്റര്‍ പ്രകമ്പനം കൊണ്ടോയെന്നു സംശയം. എടീ ഭയങ്കരീ! പ്രേക്ഷകര്‍ അങ്ങനെ പറയണം. അതാണ് സത്യന്‍ – ശ്രീനി കൂട്ടുകെട്ടിന്റെ ലക്ഷ്യം.
തീര്‍ന്നില്ല, പ്രകാശന്‍ തന്റെ പണം തിരിച്ചുകിട്ടാന്‍ വേണ്ടി അവരുടെ വീട്ടിലേക്കോടി. അപ്പോഴാണ് ആ ക്രിസ്ത്യാനി കുടുംബത്തിന്റെ കൊലച്ചതി വ്യക്തമാകുന്നത്. വീട് അടിച്ചു വൃത്തിയാക്കുന്ന സ്ത്രീയോട് ചോദിച്ചപ്പോഴാണ്, പ്രാര്‍ഥനയുടെ ഏഴാം സ്വര്‍ഗത്തില്‍ സഞ്ചരിച്ചിരുന്ന ആ ഭാര്യയുടെയും ഭര്‍ത്താവിന്റെയും വഞ്ചനയറിയുന്നത്: ‘ഇത് അവരുടെ വീടല്ല; വാടകയ്ക്ക് താമസിച്ചിരുന്നതാണ്; അവര്‍ക്ക് ഇവിടെ സ്വന്തമായി ഭൂമിയൊന്നുമില്ല. അവര്‍ രണ്ടാഴ്ച മുമ്പ് ഇവിടെ നിന്നു പോയി. എവിടേയ്ക്ക് പോയെന്ന് ഒരു വിവരവുമില്ല; വീടിന്റെ ഉടമസ്ഥന് കൊടുക്കാനുള്ള വാടകയും കൊടുത്തിട്ടില്ല.
പ്രകാശന്റെ കഥ അങ്ങനെ തുടരുകയാണ്. വഞ്ചിക്കപ്പെട്ടതിന്റെ വേദനയുണ്ടെങ്കിലും അയാള്‍ നാട്ടില്‍ തന്നെ ഹോം നഴ്‌സായും പിന്നെ നഴ്‌സായും ജീവിതം തുടരുന്നു.
ഇത്രയേ കഥയുള്ളൂ : എന്നാല്‍ കഥയിലെ കഥയാണ് വലുത്. വഞ്ചനയുടെ ലോകമാണിത്. ആള്‍ ദൈവങ്ങളും അതിഭക്തിയും അപകടകാരികളാണ്. പ്രാര്‍ഥനയും ഭക്തിയുമൊക്കെ വഞ്ചിക്കാന്‍ വേണ്ടിയുള്ള കപട മുഖം മൂടികളാണ്. അതു ചൂണ്ടിക്കാട്ടാന്‍, ഇതാ ഒരു ക്രിസ്ത്യാനിക്കഥ. ഇത്രയേ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വളരെ നിര്‍ദ്ദോഷമെന്ന രീതിയില്‍ പറഞ്ഞിട്ടുള്ളൂ. പക്ഷേ, അത്ര നിര്‍ദ്ദോഷമാണോ ആ സൂചനയെന്ന ചോദ്യം കുറേ പ്രേഷകരിലെങ്കിലും തങ്ങിനില്‍ക്കുന്നുണ്ടാവണം.
വഞ്ചനയുടെ ‘കേസ് സ്റ്റഡി’ ക്കായി എന്തുകൊണ്ട് ഒരു ഹിന്ദു കുടുംബത്തെയോ മുസ്ലിം കുടുംബത്തെയോ എടുത്തില്ല എന്നു ചോദിക്കരുത്. കഥയില്‍ ചോദ്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>