By on February 2, 2019
1 A

ക്രൈസ്തവ സമൂഹത്തിന്റെ വിശാല മനസ്‌കതയേയും മാന്യതയേയും കുറേ നാളായി ബലഹീനതയായി കാണുന്ന ചില വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. ഒരു വിഭാഗം പത്രങ്ങള്‍, വാരികകള്‍, ടിവി ചാനലുകള്‍, ഇവരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന വിവിധ ഇനത്തിലും വര്‍ഗത്തിലുംപെട്ട സഭാ വിരുദ്ധര്‍, സഭാ വിരോധികള്‍, ദൈവനിഷേധികള്‍ എന്നിവരാണ് ഇതിലൊന്ന്. മറ്റൊന്ന്, സഭയില്‍ അസംതൃപ്തരായി കഴിയുന്ന ചില വൈദികരും സന്യാസ ജീവിതത്തിലേക്ക് കഥയറിയാതെ വഴിമാറിക്കയറിയ ചില സന്യസ്തരും ഇവരെയൊക്കെ മറയാക്കിയും ചൂഷണം ചെയ്തും സഭയോടും ക്രൈസ്തവ സമൂഹത്തോടും പടവെട്ടുന്ന ഭീരുക്കളുമാണ്. ഇവരൊക്കെ പ്രത്യക്ഷപ്പെടുന്നത് നവീകരണവാദികള്‍, സഭാസംരക്ഷകര്‍, നവോത്ഥാന വാദികള്‍ തുടങ്ങിയ വ്യാജ മേല്‍വിലാസത്തിലും ബാനറിനു കീഴിലും.
ക്രൈസ്തവ സഭയെ, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹത്തെ തകര്‍ക്കാമെന്ന വ്യാമോഹമാണ് പൊതു സമൂഹത്തില്‍ സ്പര്‍ധയും വിവിധ ജനവിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പും അകല്‍ച്ചയും സൃഷ്ടിക്കുന്ന ഈ സാമൂഹിക ദ്രോഹികളുടെ പൊതു മുഖമുദ്ര. സഭയില്‍ അനീതിയും സ്ത്രീ പീഡനവും അഴിമതിയും അഴിഞ്ഞാടുകയാണെന്നും സഭയുടെ നേതാക്കളും ആത്മീയാചാര്യന്മാരും വിശ്വസിക്കാന്‍ കൊള്ളരുതാത്തവരാണെന്നും മാധ്യമങ്ങള്‍ വഴി, പ്രത്യേകിച്ച് ടിവി ചര്‍ച്ചകള്‍ വഴിയും സാമൂഹിക മാധ്യമങ്ങളിലൂടെയും സംഘടിതമായി പ്രചരിപ്പിക്കുകയാണ് ഈ സാമൂഹിക വിധ്വംസകരുടെ പ്രവര്‍ത്തന ശൈലി. അതിനു വേണ്ടി പണക്കൊഴുപ്പുള്ള അവരുടെ മാഫിയ ഏതറ്റംവരെയും പോകുമെന്നതിന് കൂടുതല്‍ വിശദീകരണം വേണ്ട.
കേരളത്തിലെ കത്തോലിക്കാസഭയുടെ കൂട്ടായ്മയും നൂറ്റാണ്ടുകളായി തുടരുന്ന അത്യുജ്ജ്വലമായ സേവനങ്ങളും അതു പൊതു സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളും സഹിക്കാന്‍ പറ്റാത്ത മാധ്യമ, രാഷ്ട്രീയ, വര്‍ഗീയ കോമരങ്ങളാണ് പരാജയപ്പെടുമെന്നറിയുമ്പോഴും സഭയ്‌ക്കെതിരെ കലി തുള്ളുന്നത്.
ഇതു കേരളത്തിലെ കത്തോലിക്കാ സമൂഹത്തിന് പുത്തരിയല്ലാത്ത യുദ്ധമാണ്. 1959 ലെ വിമോചന സമരകാലം മുതലേ കത്തോലിക്കാ സമൂഹം തിരിച്ചറിയുന്ന കാര്യമാണിത്. ഒരു കാലത്തും കേരളത്തിലെ ചില മാധ്യമങ്ങളും അവരുടെ പിണിയാളുകളും കത്തോലിക്കാ സമൂഹത്തോടൊപ്പം നിലകൊണ്ടിട്ടില്ല. അതേസമയം, അവരുടെ പിന്തുണയ്ക്കുവേണ്ടി ക്രൈസ്തവ സമൂഹം മാധ്യമങ്ങളുടെ ഓഫീസ് പടിക്കല്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളെപ്പോലെ കാത്തുകിടന്നിട്ടുമില്ല. ഇനി അതുണ്ടാകാനും പോകുന്നില്ല.
മലയാളിയെ അക്ഷരം പഠിപ്പിച്ചു അവനെ മൃഗത്തില്‍ നിന്നു മനുഷ്യനാക്കിയ യുഗപരിവര്‍ത്തന പാരമ്പര്യമുള്ള, ആഭിജാത്യവും അഭിമാനവുമുള്ള ക്രൈസ്തവ സമൂഹം മാധ്യമ സ്ഥാപനങ്ങളുടെയോ സമൂഹത്തിന്റെ വേലിയിറമ്പുകളില്‍ ഒളിച്ചിരുന്നു ഗറില്ല യുദ്ധം ചെയ്യുന്ന സാമൂഹിക വിരുദ്ധരുടെയോ ഔദാര്യവും അംഗീകാരവും ആവശ്യപ്പെടുന്നുമില്ല.
പക്ഷേ, ഒരു കാര്യം മറക്കണ്ട : വഴിയേ പോകുന്നവര്‍ക്ക് കയറിവന്ന് കൊട്ടാനുള്ള ചെണ്ടയാണ് ക്രൈസ്തവ സമൂഹമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ചാഞ്ഞ മരത്തില്‍ ഓടിക്കയറാമെന്നുള്ള ധാരണയുണ്ടെങ്കില്‍, അതു കയ്യില്‍ ഭദ്രമായി വച്ചാല്‍ മതി.
മാധ്യമ മര്യാദയുടെ ഏഴയല്‍പക്കത്തു പോലും പോകാത്ത ഉദരംഭരികളായ ചില ചെറുപ്പക്കാര്‍ ചാനല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ നടത്തുന്ന കോമാളിത്തങ്ങള്‍ക്കും തോന്ന്യാസങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ വിദ്യാസമ്പന്നരായവര്‍ക്ക് കഴിയില്ല. മതങ്ങളെ അധിക്ഷേപിക്കുക, മതത്തിന്റെ പേരില്‍ ജനങ്ങളില്‍ സ്പര്‍ധയും അവജ്ഞയും ഭിന്നതയും വളര്‍ത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ‘നിരന്തരം, നിര്‍ഭയം’ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടനയിലെയും ശിക്ഷാനിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സീറോ മലബാര്‍ സിനഡിന്റെ തീരുമാനം നൂറു ശതമാനവും ശരിയായ ദിശയിലുള്ളതാണ്.
സഭയെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും തെരുവില്‍ യുദ്ധം ചെയ്യുന്ന ഇവരോടൊപ്പം സഭയ്‌ക്കെതിരെ പുറത്ത് മുഖം കാണിക്കാതെ യുദ്ധം ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ട് : ഈ ഭീരുക്കളാണ് സാമൂഹിക മാധ്യമങ്ങളിലെ ഓണ്‍ ലൈന്‍ ചാനലുകാര്‍. ഇവര്‍ക്കു പിന്നിലുമുള്ളത് സഭാവിരുദ്ധരായ സകലമാന അധോലോക മാഫിയകള്‍ തന്നെ. ഇവരെ പ്രോത്സാഹിപ്പിക്കാനായി മാധ്യമങ്ങളുടെ ചട്ടുകങ്ങളായി സഭയ്ക്കുള്ളിലെ ചില യൂദാസുകളും.
സഭാവിരുദ്ധര്‍ ആരായാലും, അവര്‍ ആരുടെയൊക്കെ ബിനാമികളായാലും, വൈദികരൊ കന്യാസ്ത്രീകളോ അല്‍മായരോ ആരായാലും, അവരെ നിലയ്ക്കു നിര്‍ത്തുകയെന്നത് കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യവും അഭ്യര്‍ഥനയുമാണ്. ഇത്തരക്കാര്‍മൂലം വേദനിക്കുകയും അപമാനിതരാവുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടെയുണ്ട്.
സീറോമലബര്‍ സഭ സിനഡിന്റെ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ കടലാസിലൊതുങ്ങരുത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>