By on February 2, 2019
1 B

 

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഒരു വിഭാഗം പത്രങ്ങളും വാരികകളും ടിവി ചാനലുകളും ഓണ്‍ലൈന്‍ ചാനലുകളും സഭയ്‌ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്താ പ്രചാരണത്തിനെതിരെ അതിശക്തമായ നിലപാടുമായി സീറോ മലബാര്‍ സഭാ നേതൃത്വം.
സീറോ മലബാര്‍ സഭാ സമൂഹത്തെയും അതിന്റെ മേലധ്യക്ഷന്മാരെയും വിശ്വാസമൂല്യങ്ങളെയും വൈദിക – സന്യസ്ത ജീവിത രീതിയെയും അവഹേളിച്ചുകൊണ്ടുള്ള ഗൂഢലക്ഷ്യത്തോടെയുള്ള വാര്‍ത്താ പ്രചാരണമാണ് സമീപകാലത്ത് വര്‍ധിച്ചിരിക്കുന്നത്. ഇതിനു നേതൃത്വം കൊടുക്കുന്ന മാധ്യമങ്ങള്‍ക്കും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും എതിരെ കര്‍ശനമായ നിയമ നടപടിയെടുക്കുമെന്ന് ജനുവരിയില്‍ കാക്കനാട് നടന്ന സിനഡ് പ്രഖ്യാപിച്ചു.
ക്രൈസ്തവ സമൂഹത്തിലും പൊതു സമൂഹത്തിലും സഭയെപ്പറ്റിയും സഭാധികാരികളെപ്പറ്റിയും സഭാ സംവിധാനങ്ങളെപ്പറ്റിയും കുമ്പസാരം തുടങ്ങിയ കൂദാശകളെപ്പറ്റിയും ആശയക്കുഴപ്പവും അതിന്റെ പേരില്‍ ഭിന്നിപ്പും സ്പര്‍ധയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടിവി ചര്‍ച്ചകളും പത്രറിപ്പോര്‍ട്ടുകളും ഓണ്‍ലൈന്‍ പോസ്റ്റുകളും വാര്‍ത്തകളും.
ഈ കുറ്റങ്ങള്‍ ഇന്ത്യയില്‍ നിലവിലുള്ള വിവിധ നിയമങ്ങള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്ന നിയമോപദേശത്തിന്റെ പിന്‍ബലത്തിലാണ് ഇതിനു ഉത്തരവാദികളായവര്‍ക്കെതിരെ വിവിധ തലങ്ങളില്‍ നിയമ നടപടിയെടുക്കുക.
2000 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഐടി ആക്ട് 66 എ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി, 295 എ വകുപ്പുകള്‍ പ്രകാരമായിരിക്കും മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതും തേജോവധം ചെയ്യുന്നതും ഗൂഢലക്ഷ്യത്തോടെ സഭാ നടപടികളെ വ്യാഖ്യാനിക്കുന്നതും ഐടി നിയമ പ്രകാരം സൈബര്‍ കുറ്റങ്ങളാണ്. ഏഴു വര്‍ഷം വരെ തടവും 10 ലക്ഷം വരെ പിഴയുമാണ് കുറ്റവാളികള്‍ക്കുള്ള ശിക്ഷ. മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന വിശാലമായ കുറ്റകൃത്യത്തിന്റെ പരിധിയിലാകയാല്‍ ഇവര്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി, 295 എ വകുപ്പുകള്‍ ബാധകമായിരിക്കും. മൂന്നു വര്‍ഷത്തെ തടവും പിഴയുമാണ് ഈ വകുപ്പുകള്‍ അനുശാസിക്കുന്നത്.
അതേസമയം ടിവി ചാനലുകള്‍, പത്രങ്ങള്‍, വാരികകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ വാക്കുകള്‍ വഴിയോ ദൃശ്യങ്ങള്‍ വഴിയോ മതവികാരങ്ങള്‍ വ്രണപ്പെടുത്തുകയും മതങ്ങള്‍ തമ്മില്‍ സ്പര്‍ധയും അകല്‍ച്ചയുമുണ്ടാക്കി സമൂഹത്തിലെ സൗഹാര്‍ദ്ദം തകര്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി, 295 എ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കും. മൂന്നു വര്‍ഷം വരെ തടവും പിഴയുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ.
ടിവി ചര്‍ച്ചകളുടെ പേരില്‍ കത്തോലിക്കാ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അധിക്ഷേപിക്കുകയും വിശ്വാസി സമൂഹത്തെ ഒന്നടങ്കം അവഹേളിക്കുകയും ചെയ്യുന്ന ചാനലുകള്‍ ഇക്കാര്യത്തില്‍ ഒന്നാം പ്രതികളാവും. മാതൃഭൂമി ചാനലിലെ ഒരു അവതാരകനെതിരെ ഇത്തരം കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ‘മാധ്യമ അരാജകത്വം’ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് 25 (1) വകുപ്പു പ്രകാരം അനുവദിച്ചിട്ടുള്ള മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>