By on February 2, 2019
1

അടുത്ത
ലോക യുവജന
സമ്മേളനം
പോര്‍ച്ചുഗലില്‍

പാനമ സിറ്റിയില്‍ നടന്ന ലോക യുവജന സമ്മേളനത്തിന് ആവേശകരമായ സമാപനം;
ഇന്ത്യയുള്‍പ്പെടെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി ഏഴു ലക്ഷം യുവജനങ്ങള്‍ പങ്കെടുത്തു

പാനമ സിറ്റി : ‘യുവജനങ്ങള്‍ ദൈവത്തിന്റെ ഭാവികാലമല്ല; വര്‍ത്തമാനകാലമാണ്. നാളെയല്ല; ഇന്നാണ്.’
മധ്യ അമേരിക്കന്‍ രാജ്യമായ പാനമയുടെ തലസ്ഥാന നഗരമായ പാനമ സിറ്റിയില്‍ ജനുവരി 27 ന് അറ്റ്‌ലാന്റിക് സമുദ്രതീരത്ത് തലസ്ഥാന നഗരത്തിലെ മെട്രോ പാര്‍ക്കില്‍ നിറഞ്ഞു കവിഞ്ഞു അലയടിച്ച ഇരുപതു ലക്ഷത്തോളമുള്ള ജനസാഗരത്തെ പുഞ്ചിരിയോടെ അഭിസംബോധന ചെയ്ത് സമാധാന ദൂതനായ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ലോക യുവജന സമ്മേളനത്തിന്റെ സമാപന വേദിയില്‍ ദിവ്യബലി മധ്യെയായിരുന്നു പാപ്പയുടെ വാക്കുകള്‍.
ക്രൈസ്തവ യുവജനങ്ങള്‍ പലരും പറയുന്നതുപോലെ ‘നാളെ’ യുടെ വാഗ്ദാനങ്ങളല്ല; അവര്‍ ‘ഇന്നു’ ക്രിസ്തു സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ്. എല്ലാ ക്രൈസ്തവരുടെയും ദൗത്യവും ഇതു തന്നെ. ജീവിക്കുന്ന സാഹചര്യങ്ങളില്‍ ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സാക്ഷികളാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.
യുവജന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഏഴുലക്ഷത്തോളമുള്ള യുവജനങ്ങളോടായി പാപ്പ പറഞ്ഞു: സഭ നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു. ഈ മഹാസംഗമം സംഘടിപ്പിച്ചതിലുള്ള അതേ കൂട്ടായ്മയോടും കരുത്തോടും വിശ്വാസ ദൃഢതയോടും കൂടി നിങ്ങള്‍ മുന്നോട്ടുപോകുക; സുവിശേഷത്തിനു സാക്ഷികളാവുക.
യുവാക്കളുടെ ശക്തിയിലും പങ്കാളിത്തത്തിലും സഭ പുതിയൊരു പെന്തക്കോസ്ത ആഘോഷിക്കുകയാണ്. മറ്റുള്ളവരെ ശ്രവിക്കാനും അവരോടൊപ്പം എല്ലാം പങ്കുവയ്ക്കാനും അങ്ങനെ മറ്റുള്ളവര്‍ക്കുള്ള സേവനത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാനും നിങ്ങള്‍ സഭയോടൊപ്പമുണ്ട്. ദൈവം വിദൂരത്തിലുള്ള ഒരു വ്യക്തിയല്ല ; അവിടുന്ന് നമ്മോടൊപ്പമുണ്ട്. അതിനാല്‍, ദൈവത്തോടൊപ്പം സഞ്ചരിക്കുക. ദൈവത്തെ ‘ഇന്ന്’ ആണ് യേശു പ്രഖ്യാപിച്ചത്. ലൂക്കായുടെ സുവിശേഷം നാലാം അധ്യായത്തില്‍ നാം അത് വായിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് നീതിയും… ആ വചനങ്ങള്‍ നമുക്ക് സുപരിചിതമാണ്. അങ്ങനെയാണ് ക്രിസ്തുവിനെപ്പറ്റിയുള്ള പ്രവചനങ്ങള്‍ നിറവേറിയത്.
ഒരു സ്ഥലത്ത് എത്തിയശേഷം യാത്ര അവസാനിപ്പിക്കുന്നവനല്ല യഥാര്‍ഥ ശിഷ്യന്‍; എന്നും യാത്ര പുറപ്പെടുന്നവനാണ് ഉത്തമ ശിഷ്യന്‍. അതുകൊണ്ട് മുന്നോട്ടുപോകാന്‍, അതിലുള്ള ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുക. ദൈവത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കുക.
ലക്ഷങ്ങള്‍ക്ക് ആവേശവും പ്രചോദനവും നല്‍കിയ പാപ്പയുടെ വാക്കുകള്‍ ഹര്‍ഷാരവങ്ങളോടെയാണ് ജനസാഗരം സ്വീകരിച്ചത്.
ജനുവരി 22 നു പാനമസിറ്റിയിലെത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേലയും ഭാര്യ ലൊറേന കാസ്റ്റിലോയും പാനമയിലെ സഭാധികൃതരും മറ്റു മെത്രാന്മാരും മന്ത്രിസഭാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു.
മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ പാപ്പയുടെ ഉദ്ഘാടന ദിന ദിവ്യബലിയിലും സമാപനദിന ദിവ്യബലിയിലും പങ്കെടുത്തു. പാനമയുടെ അയല്‍ രാജ്യങ്ങളായ കൊളംബിയ, കോസ്റ്ററിക്ക, എല്‍സാല്‍വദോര്‍, ഗ്വാട്ടിമല, ഹൊണ്ടൂറാസ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലുള്ള പ്രസിഡന്റുമാരും ഉന്നത ഉദ്യോഗസ്ഥരും പാപ്പയ്ക്ക് സ്വാഗതമേകി വിമാനത്താവളത്തിലുണ്ടായിരുന്നു. ലോക യുവജന സമ്മേളനം നടന്നുകൊണ്ടിരിക്കെ മറ്റു ദിവസങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ നഗരത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. എയ്ഡ്‌സ് രോഗികളുടെ പുനരധിവാസ കേന്ദ്രമായിരുന്നു അതിലൊന്ന്. പാനമയിലെ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, വൈദിക വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ചകളും നടന്നു. അടുത്ത ലോക യുവജന സമ്മേളനം പോര്‍ച്ചുഗലില്‍ നടക്കുമെന്നു വത്തിക്കാനില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ സമാപന ദിവ്യബലി മധ്യേ പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിലൊരിക്കലാണ് ലോക യുവജന സമ്മേളനം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>