• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P7

ഉച്ചിയില്‍ പൊന്‍ദീപം കൊളുത്തി, കുരിശുമുടി ഒരുങ്ങി;
ഇരിങ്ങാലക്കുട രൂപത തീര്‍ത്ഥാടന കേന്ദ്രമായ
കനകമല വീണ്ടുമൊരു
പുണ്യകാലത്തിലേക്ക് കണ്ണുതുറക്കുന്നു…

ദേശീയ പാതയില്‍ കൊടകരയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ കിഴക്കും ചാലക്കുടിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ വടക്കുമായി ഗ്രാമീണ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന താഴ്‌വാരത്തില്‍ കനകമല ദൈവാലയം. കിഴക്കന്‍ മലനിരകളില്‍ നിന്നു വഴിതെറ്റി വന്ന കുട്ടിയേപ്പോലെ ഒറ്റപ്പെട്ട നില്‍ക്കുന്ന കനകമലയുടെ തണലിലാണ് കരിങ്കല്‍ ഇഷ്ടികകള്‍ അടുക്കി വച്ചു നിര്‍മിച്ചിരിക്കുന്ന അതിമനോഹരമായ സെന്റ് ആന്റണീസ് ദൈവാലയം.
ഇരിങ്ങാലക്കുട രൂപതയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കനകമല ഇടവകയുടെയും ദൈവാലയത്തിന്റെയും കുരിശുമുടിയുടെയും ചരിത്രം കഴിഞ്ഞ എട്ടു പതിറ്റാണ്ടു കാലത്ത് ഈ ഗ്രാമഭൂമിയിലുണ്ടായ വളര്‍ച്ചയുടെയും വികസനത്തിന്റെയും കഥകൂടിയാണ്.
ദീര്‍ഘകാലം പേരാമ്പ്ര ഇടവകയുടെ ഭാഗമായിരുന്നു കനകമല പ്രദേശം. അവിടെ വികാരിയായിരുന്ന വലിയവീട്ടില്‍ അന്തപ്പനച്ചന്‍ 1948 ല്‍ ഇവിടെയൊരു കപ്പേള പണി കഴിപ്പിക്കുകയും വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു നൊവേനയ്ക്ക് തുടക്കമിടുകയും ചെയ്തു. ചുള്ളി വീട്ടുകാര്‍ നല്‍കിയ സ്ഥലത്തായിരുന്നു ആ കൊച്ചു ആരാധനാലയം.
ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. 1940 ല്‍ പേരാമ്പ്ര വികാരിയായിരുന്ന അന്തപ്പനച്ചന് ഒരിക്കല്‍ നിദ്രാവേളയില്‍ ഒരു ദര്‍ശനമുണ്ടായി. മലമുകളില്‍ പ്രകാശിക്കുന്ന ഒരു കുരിശും ചുറ്റിലും അലൗകിക പ്രഭാവലയവും അദ്ദേഹം കണ്ടു. ഇതേ ദര്‍ശനം ഇടവകയിലെ മറ്റു ചിലര്‍ക്കും ഉണ്ടായി. തുടര്‍ന്ന് പേരാമ്പ്ര അസി. വികാരിയായിരുന്ന വേഴപ്പറമ്പില്‍ യാക്കോബച്ചനും മറ്റു ചിലരും കൂടി കനകമല കയറി. മലയിലെ ഒരു പാറയില്‍ കൊത്തിയുണ്ടാക്കിയ നിലയിലുള്ള ഒരു കുരിശ് അവര്‍ കണ്ടു. പിന്നീട് വികാരിയച്ചനും ഇടവകാംഗങ്ങളും കൂടി മല കയറുകയും ദര്‍ശനമുണ്ടായ സ്ഥലത്ത് ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തു.
പിന്നീട് 1962ല്‍ അവിടെ ഒരു കപ്പേള സ്ഥാപിക്കപ്പെട്ടു. ഈ കപ്പേളയ്‌ക്കെതിരെ ചില ഛിദ്രശക്തികള്‍ കയ്യുയര്‍ത്തിയെങ്കിലും ദൈവം തിരഞ്ഞെടുത്ത വിശുദ്ധ ഗിരി അതെല്ലാം അതിജീവിച്ചു എന്നതാണ് ചരിത്രം.
മലയടിവാരത്തിലെ കൊച്ചു കപ്പേള തീര്‍ത്ഥാടകരുടെ ബാഹുല്യത്താല്‍ മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളുന്നതിനു അപര്യാപ്തമായപ്പോള്‍ ഫാ. ജേക്കബ് ഇളംകുന്നപ്പുഴയുടെ നേതൃത്വത്തില്‍ ദൈവാലയ നിര്‍മാണത്തിന് ശ്രമം തുടങ്ങി. കളത്തിങ്കല്‍ വീട്ടുകാര്‍ നല്‍കിയ സ്ഥലത്ത് വിശ്വാസി സമൂഹം ഒറ്റക്കെട്ടായി അണി നിരന്ന് പള്ളി നിര്‍മിച്ചു. 1962 ല്‍ കനകമല പള്ളിയെ ഇടവകയാക്കിയെങ്കിലും പേരാമ്പ്ര പള്ളിയുടെ നടത്തുപള്ളിയായി തുടര്‍ന്നു. ഇതിനിടെ വൈദിക മന്ദിരവും സ്ഥാപിക്കപ്പെട്ടു.
ദൈവാലയ നിര്‍മാണം
കനകമല ഇടവകയുടെ സ്ഥിരതാമസമുള്ള വികാരിയായി 1964 ല്‍ ഫാ. ആന്റണി ചിറയത്ത് സ്ഥാനമേറ്റു. പുതുക്കിപ്പണിത ദൈവാലയത്തിന്റെ ആശീര്‍വാദം 1966 ഏപ്രില്‍ 19 ന് മാര്‍ ജോര്‍ജ് ആലപ്പാട്ട് നിര്‍വഹിച്ചു.
തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ കനകമല ഇടവകയും കുരിശുമുടിയും അതിവേഗം വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിച്ചു. മാതാവിന്റെ ഗ്രോട്ടോ, മലമുകളിലേക്കുള്ള വഴിയില്‍ കോണ്‍ക്രീറ്റ് കുരിശുകള്‍, തേശ്ശേരിയില്‍ ചേറേങ്ങാടന്‍, മണ്ടി എന്നീ വീട്ടുകാര്‍ നല്‍കിയ സ്ഥലത്തെ സെന്റ് സെബാസ്റ്റ്യന്‍ കപ്പേള, മദ്ബഹയും മുന്‍വശത്തെ കപ്പേളയും പുതുക്കിപ്പണിയല്‍, മണിമാളിക നിര്‍മാണം, മതബോധന ഹാള്‍ തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ മുഖമുദ്രകളാണ്. വികാരി ഫാ. ജെയ്‌സന്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പുതിയ ദൈവാലയത്തിന്റെ ആശീര്‍വാദം 2009 ഡിസംബര്‍ 23 ന് മാര്‍ ജെയിംസ് പഴയാറ്റില്‍ നിര്‍വഹിച്ചു.
1986 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആരാധന സന്യാസിനീ സമൂഹത്തിന്റെ ജയ്‌റാണി കോണ്‍വെന്റിലെ സിസ്റ്റേഴ്‌സ് ഇടവകയുടെ വിവിധ ശുശ്രൂഷകളില്‍ സജീവമായി നിലകൊള്ളുന്നു. 2011 ജൂണ്‍ 1 നു കനകമല ഇടവകാതിര്‍ത്തിയില്‍ ഫാ. ജോര്‍ജ് കുറ്റിക്കല്‍ എം.സി.ബി.എസ് തുടക്കം കുറിച്ച ആകാശപ്പറവകളുടെ ‘സ്‌നേഹസദനം’ മാനസിക രോഗികളായ സ്ത്രീകള്‍ക്ക് അഭയമരുളുന്നു.
2006 ഏപ്രില്‍ ഏഴിനാണ് വികാരി ഫാ. ജെയ്‌സന്‍ പാറേക്കാട്ടിന്റെ നേതൃത്വത്തില്‍ രൂപതാതല തീര്‍ത്ഥാടന ദിനത്തില്‍ കുരിശുമുടിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചതും കപ്പേളയുടെ മേല്‍ക്കൂര ഭംഗിയാക്കുകയും ചെയ്തത്. ഇന്ന് ത്യാഗചൈതന്യം ഉള്‍ക്കൊണ്ട് രൂപതയില്‍ നിന്നും, രൂപതയ്ക്ക് പുറത്തുനിന്നും പതിനായിരങ്ങളാണ് വലിയ നോമ്പിന്റെ ദിനങ്ങളില്‍ കനകമല കയറാനെത്തുന്നത്. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളും ഇവിടെയുണ്ട്.
തീര്‍ത്ഥാടനത്തിന് എത്തിച്ചേരുന്ന എല്ലാ വിശ്വാസികള്‍ക്കും നേര്‍ച്ചക്കഞ്ഞിയും നല്‍കുന്നുണ്ട്.
2014 ല്‍ ഫാ. ജോണ്‍ കവലക്കാട്ട് വികാരിയച്ചനായിരുന്ന സമയത്താണ് കനകമല കുരിശുമുടിയെ രൂപത തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തിയത്. കുരിശുമുടിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി രൂപതയിലെ എല്ലാ ഇടവകകളും നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ മല കയറാന്‍ അവസരമൊരുക്കിയതും ഈ കാലയളവിലാണ്.
കനകമല തീര്‍ത്ഥാടന കേന്ദ്രത്തില്‍, നവംബര്‍ 21 ന് ഭാരത പ്രവേശനത്തിരുനാളും ജൂലൈ 3 ന് ദുക്‌റാന തിരുനാളും ആഘോഷമായി ആചരിക്കുന്നു.
വിശ്വാസ ചൈതന്യം നെഞ്ചിലേറ്റിയ ഒരു ജനത, ത്യാഗസമ്പന്നരായ അവരുടെ അജപാലകര്‍ക്കൊപ്പം ആധ്യാത്മിക വളര്‍ച്ചയുടെ കൊടുമുടികളിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിന്റെ ആവേശകരമായ കഥയാണ് കനകമലയുടെ താഴ്‌വാരങ്ങള്‍ക്ക് പറയാനുള്ളത്. പൂര്‍വികര്‍ കൈമാറിക്കൊടുത്ത വിശ്വാസത്തിന്റെ ദീപശിഖ അവര്‍ മലമുകളില്‍ പ്രതിഷ്ഠിച്ചപ്പോള്‍ അവിടെ നിന്ന് പ്രസരിച്ചത് ക്രിസ്തുസാക്ഷ്യത്തിന്റെ സുവിശേഷഗീതികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>