• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P8 A

ചുറ്റിലും നടക്കുന്ന കാര്യങ്ങളെപ്പറ്റി തക്കവും തരവും നോക്കിയേ നമ്മുടെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാറുള്ളൂ. അതിന് കാരണം അവര്‍ക്ക് നട്ടെല്ലില്ലാത്തതാണത്രെ. മിന്നല്‍ ഹര്‍ത്താലില്‍ വിയര്‍ത്ത നാട്ടുകാരുടെ അറിവിലേക്ക്…

വാഴപ്പിണ്ടി നാമൊക്കെ കണ്ടിട്ടുള്ള സാധനമാണ്. കറിവയ്ക്കാം. മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നായിരുന്നു ഇതുവരെ നമ്മള്‍ കരുതിയത്.
എന്നാല്‍ തൃശൂരിലെ കോണ്‍ഗ്രസുകാര്‍ അതിനു മറ്റൊരു ഉപയോഗം കണ്ടു പിടിച്ചുവെന്നതാണ് രോമാഞ്ചമുണര്‍ത്തുന്ന വാര്‍ത്ത. കരുത്തില്ലാത്ത നട്ടെല്ലിന്റെ ബ്രാന്റ് അംബാസഡറാണിപ്പോള്‍ വാഴപ്പിണ്ടി!

ഫെബ്രുവരിയില്‍ കാസര്‍കോട് ജില്ലയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാര്‍ വെട്ടേറ്റ് മരിച്ചപ്പോള്‍ കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ പ്രതികരിച്ചില്ലെന്നും പ്രതികരിച്ചവര്‍ തന്നെ ആ കൊലപാതകത്തിന്റെ ഉത്തരവാദികളാരെന്ന് അറിയാമായിരുന്നിട്ടും ആ പാര്‍ട്ടിയുടെ പേര് പറഞ്ഞില്ലെന്നുമാണ് കോണ്‍ഗ്രസുകാരുടെ പരാതി.
ഇക്കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി അവര്‍ ഫെബ്രുവരിയില്‍ തന്നെ ഒരു പ്രകടനവും പ്രതിഷേധവും നടത്തി. വന്നവരുടെയൊക്കെ കയ്യില്‍ ഓരോ വാഴപ്പിണ്ടിയുമുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
തൃശൂരിലെ സാഹിത്യ അക്കാദമിയിലേക്ക് പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ക്കറിയാം അവിടമാണ് സാംസ്‌ക്കാരിക നായകന്മാരുടെ താവളമെന്ന്. അതുകൊണ്ട് അക്കാദമി പ്രസിഡന്റിന്റെ മുറിയിലേക്ക് വാഴപ്പിണ്ടിയും വഹിച്ചു ഇടിച്ചു കയറാന്‍ നോക്കി; പക്ഷേ, പ്രസിഡന്റ് അവിടെയില്ല. നട്ടെല്ലില്ലാത്ത സാംസ്‌ക്കാരിക നായകന്മാര്‍ക്കെതിരെ വാഴപ്പിണ്ടി ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കൊക്കെ, കോടതി നിരോധനമുണ്ടായിട്ടും ഹര്‍ത്താല്‍ നടത്താന്‍ നല്ല ഉറച്ച നട്ടെല്ലുണ്ടായ കാര്യം നാട്ടുകാര്‍ കണ്ടതാണ്. കേസും പുലിവാലും ജനങ്ങളുടെ ബുദ്ധിമുട്ടും അവരുടെ നട്ടെല്ല് വളച്ചില്ല. ഏതായാലും കൊണ്ടു വന്ന വാഴപ്പിണ്ടിയൊക്കെ അക്കാദമി പ്രസിഡന്റിന്റെ കാറിന്മേല്‍ കുന്നുകൂട്ടി, കോണ്‍ഗ്രസുകാര്‍ നട്ടെല്ലു നിവര്‍ത്തിപ്പിടിച്ച് പിരിഞ്ഞുപോയി.
സാംസ്‌ക്കാരിക നായകരെന്നു പറയുന്ന വിഭാഗം ആളുകളെ പണ്ടേ നാട്ടുകാര്‍ക്കറിയാം. ഇവരാണ് കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തിന്റെ സ്പന്ദനം കാത്തുസൂക്ഷിക്കുന്നവര്‍. ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ട്: ‘സംഭവാമി യുഗേ യുഗേ…’ അതായത്, ലോകത്തില്‍ എപ്പോള്‍ ധര്‍മം ക്ഷയിക്കുന്നുവോ, അപ്പോള്‍ ഞാന്‍ അവതരിക്കും. അതുപോലെ എപ്പോഴൊക്കെ നാട്ടുകാരുടെ സാംസ്‌ക്കാരിക നിലവാരം താഴുന്നുവോ, സാംസ്‌ക്കാരിക നായകര്‍ ചാടിവീഴും. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ, പ്രതികരിക്കൂ. ആളും തരവും നോക്കി പ്രതികരിച്ചില്ലെങ്കില്‍, ‘വിവരം അറിയും’ എന്ന നാടന്‍ ചൊല്ല് അവര്‍ക്കറിയാം. കാസര്‍കോട്ടെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് പൊലിസ് പറഞ്ഞാലും, നാട്ടുകാരൊക്കെ പറഞ്ഞാലും, അതൊന്നും പ്രതികരണത്തില്‍ വരില്ല. കാരണം, സാംസ്‌ക്കാരിക നായകരുടെ മനസ്സിന്റെ സൂചി പലപ്പോഴും ഇടത്തോട്ടാണ്. അത്രേയുള്ളൂ. ഇതാണ് കോണ്‍ഗ്രസുകാര്‍ ‘വാഴപ്പിണ്ടി യാത്ര’ നടത്തിയതിലെയും ഗുട്ടന്‍സ്.
പക്ഷേ, സാംസ്‌ക്കാരിക നായകരെ അങ്ങനെ മൊത്തത്തില്‍ ആക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ കാര്യങ്ങളില്‍ അവര്‍ പ്രതികരിച്ചിരിക്കുന്നു; പ്രതികരിക്കുന്നു. ഇവരിലുള്ള സ്ത്രീപക്ഷ വാദികളാണെങ്കില്‍ ചിലകാര്യങ്ങളില്‍ മാത്രം ചീറ്റപ്പുലിയെപ്പോലെ പ്രതികരിച്ചു തുള്ളുന്നു… ചില കാര്യങ്ങളിലേ പ്രതികരിക്കൂവെന്നു മാത്രം.
ഉദാഹരണത്തിന്, ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാത്തതില്‍ സാംസ്‌ക്കാരിക നായകര്‍ക്ക് പ്രതികരണമുണ്ടായില്ലെങ്കിലും, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി നിയമവും കോടതിയും മാറിനില്‍ക്കട്ടെയെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരെ അനുകൂലിച്ച് പ്രതികരിക്കാം. അമ്പതോ അറുപതോ പേരെ തടുത്തുകൂട്ടി ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നല്‍കാം. സന്യാസ സഭകളുടെ ആഭ്യന്തര കാര്യങ്ങളില്‍ പ്രതികരിച്ച് ഇടപെടാം. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ട്വിറ്ററിലുമൊക്കെ പ്രതികരണങ്ങള്‍ എഴുതിവിടാം. സഭയും സന്യാസ സഭകളുമാകുമ്പോള്‍ മിണ്ടില്ല.
ഏതായാലും സാംസ്‌ക്കാരിക നായകരെ നമ്മള്‍ കാര്യമായി എടുക്കണം. ഗാന്ധിജി പണ്ട് ദണ്ഡിയാത്ര നടത്തി. അതുപോലെ സാംസ്‌ക്കാരിക നായകരെ നന്നാക്കാന്‍ വേണ്ടി ഇനിയെങ്കിലും കോണ്‍ഗ്രസുകാര്‍ ‘പിണ്ടി യാത്ര’ നടത്തരുത്.

ഖാദി ബോര്‍ഡ് തൂക്കിവിറ്റിട്ടാണേലും കൊടുക്ക് ആ 50 കോടി!
ഖാദി ബോര്‍ഡ് ആക്രിക്കാര്‍ക്ക് തൂക്കിവിറ്റാലും വേണ്ടില്ല, നടന്‍ മോഹന്‍ലാലിന് 50 കോടി കൊടുക്കണം. ഖാദി ബോര്‍ഡിന്റെ ഉപാധ്യക്ഷയായ ശോഭന ജോര്‍ജ് രണ്ടും കല്‍പിച്ചാണ്. നടന്‍ മോഹന്‍ലാല്‍ മാനനഷ്ടത്തിനു പരിഹാരമായി 50 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ച ആഘാതത്തിലാണ് ശോഭന.
പക്ഷേ, രാഷ്ട്രീയ ഗോദായില്‍ പയറ്റി പരിചയമുള്ള ശോഭന 50 കോടി കൊടുക്കില്ലെന്ന് ശപഥം ചെയ്തിരിക്കുകയാണ്. ഖാദി ബോര്‍ഡിന്റെ ആകെ ആസ്തി പോലും 50 കോടി വരില്ലെന്നും അതിന്റെ സ്ഥാവര ജംഗമ വസ്തുക്കളൊക്കെ തൂക്കിവിറ്റാലും 50 കോടിയിലെത്തില്ലെന്നുമൊക്കെയാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേസ് നിയമപരമായി നേരിടുമത്രെ!
എന്നാല്‍, നമുക്ക് അതു കണ്ടിട്ടുതന്നെ കാര്യം. എങ്കിലും കേസിന്റെ ഗുട്ടന്‍സ് ഒന്നു മാന്യ വായനക്കാരോട് പറയട്ടെ.
തിരുപ്പൂരിലോ മറ്റോ ഉള്ള ഒരു വമ്പന്‍ വസ്ത്ര നിര്‍മാണ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നുവത്രെ. ഗാന്ധിജി ഉപയോഗിച്ച ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ ബന്ധമില്ലാത്ത ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിച്ചതു ശരിയല്ലെന്നും അതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞാണ് മോഹന്‍ലാലിനും വസ്ത്ര കമ്പനിക്കും ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചത്. കുറ്റം പറയരുതല്ലൊ, നോട്ടീസ് കിട്ടിയപാടെ കമ്പനി ആ പരസ്യം പിന്‍വലിച്ചു.
എന്നാല്‍, നോട്ടീസ് അയയ്ക്കുന്നതിനു മുമ്പേ പൊതു ചടങ്ങില്‍ തന്നെ പരസ്യമായി ആക്ഷേപിച്ചുവെന്നും വാര്‍ത്ത നല്‍കിയെന്നുമാണ് നടന്റെ സങ്കടം. പത്രങ്ങളിലും ടിവിയിലും ഉടന്‍ മാപ്പപേക്ഷ നല്‍കണം. അല്ലെങ്കില്‍ നഷ്ടപരിഹാരമായി 50 കോടി രൂപ നല്‍കണം. രണ്ടും കൂടി കിട്ടിയാലും കുഴപ്പമില്ല. 50 കോടി ചെക്കായോ റൊക്കം പണമായോ വേണ്ടതെന്ന് പിന്നാലെ അറിയിക്കും. ഇതു വച്ചുകൊണ്ടുള്ള വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ശോഭന ജോര്‍ജ് കണ്ണില്‍ ചോരയില്ലാത്ത വിധം ഇങ്ങനെ പറഞ്ഞത്: ‘ഖാദി ബോര്‍ഡ് തൂക്കി വിറ്റാലും 50 കോടി കിട്ടില്ല’. എങ്കില്‍ പിന്നെ കോടതിയില്‍ കാണാം – നടന്‍. ആ – കാണാം; കാണണം എന്ന് ശോഭന.
‘കണ്ണില്‍ ചോരയില്ലാത്ത’ വിധം ശോഭന പ്രതികരിച്ചു എന്ന പ്രസ്താവം ലോല മനസ്‌ക്കരായ ചില വായനക്കാര്‍ക്ക് താങ്ങാനാവാത്ത പ്രയോഗമാണെന്നറിയാം. എങ്കിലും സാഹചര്യങ്ങള്‍ മുഴുവന്‍ വിലയിരുത്തുമ്പോള്‍, ആ വൈക്ലബ്യം മാറും.
കേരളത്തിലെ മുന്‍നിര സിനിമാ നായകനാണ് മോഹന്‍ലാല്‍. അദ്ദേഹം സിനിമാ അഭിനയത്തിന്റെ ഇടവേളകളില്‍ ചില പരസ്യങ്ങളിലും അഭിനയിക്കുന്നു. അങ്ങനെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന പലരുമുണ്ട്. ഇന്നസെന്റ്, മാമ്മുക്കോയ, ജയസൂര്യ, ജയറാം തുടങ്ങിയവരൊക്കെ ഇതില്‍പ്പെടും. ഇങ്ങനെ അഭിനയിക്കുന്നതില്‍ ജയറാമിന് പ്രത്യേക അഭിമാനമുണ്ട്. സിനിമാ കൊട്ടകയില്‍ കണ്ടുമടുത്ത ഇവരുടെ മുഖങ്ങള്‍ വീണ്ടും വഴിയിറമ്പുകളിലെ പരസ്യങ്ങളിലും കാണാന്‍ കഴിയുന്നുവെന്നതാണ് പൊതുജനത്തിനു ഇതുകൊണ്ടുള്ള ഗുണം.
നടന്‍ മോഹന്‍ലാലും പരസ്യങ്ങളില്‍ അഭിനയിക്കുന്നു. അതിന് അദ്ദേഹത്തെ കുറ്റം പറയാനാവില്ല. സിനിമയല്ലേ, ചിലത് നിലത്തുകിടന്നു പൊട്ടും, ചിലത് ഏഴു നിലയില്‍ പൊട്ടും, മറ്റു ചിലത് പണപ്പെട്ടി നിറയ്ക്കും. മോഹന്‍ലാല്‍ വസ്ത്രനിര്‍മാണ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ചു. അത്രേയുള്ളൂ കാര്യം. അതിന്റെ പേരില്‍ അദ്ദേഹത്തെ അപമാനിക്കുക, ആക്ഷേപിക്കുക എന്നൊക്കെപ്പറഞ്ഞാല്‍, ന്താ, ചെയ്യാ? ഇത് ഏത് വെള്ളരിക്കാ പട്ടണമാ?
പണ്ട് മദ്യത്തിന്റെ പരസ്യത്തില്‍ അദ്ദേഹം ചോദിച്ചിരുന്നു: ‘വൈകിട്ടെന്താ പരിപാടി’യെന്ന്. ആ പരസ്യവും കമ്പനിക്കാര്‍ പിന്‍വലിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് അനുസരിച്ച് മാനനഷ്ടത്തിനു 50 കോടി ചോദിച്ചാല്‍ പോരാ; 100 കോടിയെങ്കിലും ചോദിക്കേണ്ടതായിരുന്നു. ആ മഹാമനസ്‌ക്കതയുടെ പേരിലെങ്കിലും ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ഉടന്‍ പ്രശ്‌നം തീര്‍ക്കണം. ഖാദി ബോര്‍ഡ് ഇല്ലെങ്കിലും മലയാളികള്‍ക്ക് ജീവിക്കാം; മോഹന്‍ലാലിന്റെ സിനിമയില്ലെങ്കില്‍ അത്ര പറ്റിയെന്നുവരില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>