• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P11 A

സ്റ്റാഫ് ലേഖകന്‍

ക്രൈസ്തവര്‍ക്കെതിരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമഗ്രാധിപത്യ ശ്രമങ്ങളുടെ ചരിത്രം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാജഭരണകാലത്തു തന്നെ ക്രൈസ്തവ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട കേന്ദ്രങ്ങള്‍ അതിനുള്ള ശ്രമം തുടങ്ങിയിരുന്നു.
ക്രൈസ്തവര്‍ക്കെതിരെ ആദ്യം വാളോങ്ങിയത് തിരുവിതാംകൂറില്‍ ദിവാനായിരുന്ന സര്‍ സി.പി.യെന്ന തമിഴ് ബ്രാഹ്മണനായ രാമസ്വാമി അയ്യരാണ്. തിരുവിതാംകൂറിലെ ക്രൈസ്തവരുടെ പ്രൈമറി വിദ്യാലയങ്ങള്‍ ദേശസാല്‍ക്കരിക്കാന്‍ സര്‍ സി.പി. പദ്ധതി ആവിഷ്‌ക്കരിച്ചു. 1945 സെപ്തംബര്‍ 12 ന് അതിന്റെ വിശദാംശങ്ങള്‍ സര്‍ സി.പി. നിയമസഭയില്‍ അവതരിപ്പിച്ചു.
ഈ സന്ദര്‍ഭത്തില്‍ സര്‍ സി.പി.യുടെ ജനാധിപത്യ വിരുദ്ധമായ ദേശസാല്‍ക്കരണ നീക്കത്തിനെതിരെ അന്നു ചങ്ങനാശ്ശേരി മെത്രാനായിരുന്ന ധീരനായ മാര്‍ ജയിംസ് കാളാശ്ശേരി ശക്തമായി പ്രതികരിച്ചു; രണ്ടു തവണ അദ്ദേഹം അതിരൂക്ഷമായ ഭാഷയില്‍ ഇടയലേഖനം എഴുതി. വിദ്യാഭ്യാസ രംഗം ഗവണ്‍മെന്റ് കയ്യടക്കി കുത്തക ഉറപ്പിക്കുന്നതു രാജ്യപുരോഗതിക്കും ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്കും നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും എതിരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. അതു സര്‍ക്കാരിന് ഭീമമായ ചെലവിനിടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ സി.പി. ക്രുദ്ധനായി. ഭീഷണിയും വിരട്ടലും ഉദ്യോഗസ്ഥരെക്കൊണ്ട് ഭയപ്പെടുത്തലും പതിവായി. വിശ്വാസി സമൂഹങ്ങളും രാഷ്ട്രീയാന്ധത ബാധിക്കാത്ത പൊതുജനങ്ങളും മാര്‍ ജയിംസ് കാളാശ്ശേരിയുടെ പിന്നില്‍ അണിനിരന്നു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. ഇടയലേഖനങ്ങള്‍ പിന്‍വലിക്കണമെന്ന് സര്‍ സി.പി. ഉത്തരവിട്ടു. മാര്‍ കാളാശ്ശേരി പിന്‍വലിച്ചില്ല. പകരം സര്‍ക്കാരിന്റെ ദേശസാല്‍ക്കരണ നീക്കം നിയമസാധുതയില്ലാത്തതാണെന്നു കാണിച്ചു മറുപടി നല്‍കി. ക്രുദ്ധനായ സര്‍ സി.പി. മാര്‍ കാളാശ്ശേരിയെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ് പാലായില്‍ വമ്പിച്ച പ്രതിഷേധയോഗം നടന്നു. ജനലക്ഷങ്ങള്‍ നാടിന്റെ നാനാഭാഗത്തു നിന്നും അവിടെ ഒഴുകിയെത്തി. കടല്‍ പോലെ ഇരമ്പിമറിഞ്ഞ പുരുഷാരത്തെ കണ്ട് സര്‍ സി.പി. ഞെട്ടി. അങ്ങനെ ജനാധിപത്യ ഇന്ത്യയുടെ മനസ്സ് തുറന്നുവിട്ട പ്രതിഷേധ കൊടുങ്കാറ്റില്‍ സര്‍ സി.പി.യുടെ ക്രൈസ്തവ വിരുദ്ധനീക്കം പറന്നുപോയി. 1947 ജൂലൈ 25 ന് മാര്‍ കാളാശ്ശേരിയുടെ നാമഹേതുക തിരുനാള്‍ ദിനത്തില്‍, സര്‍ സി.പി.യുടെ ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമായ പലവിധ നടപടികളില്‍ പ്രതിഷേധിച്ചു ഒരാള്‍ അദ്ദേഹത്തെ വെട്ടി. അദ്ദേഹം മദ്രാസിലേക്ക് അക്ഷരാര്‍ഥത്തില്‍ പലായനം ചെയ്യുകയും ചെയ്തു. അങ്ങനെ ക്രൈസ്തവര്‍ക്കെതിരായ ആദ്യ ഏകാധിപത്യ നീക്കം പരാജയപ്പെടുകയും ചെയ്തു.
ക്രൈസ്തവരുടെ വിദ്യാലയങ്ങള്‍ പിടിച്ചെടുക്കാനും കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിന്റെ നുകത്തിനു കീഴില്‍ അവയെ പിടിച്ചുകെട്ടാനും ജനാധിപത്യ കേരളത്തില്‍ ആദ്യശ്രമം നടന്നത് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള 1957 ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്താണ്. ആ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന വി.ആര്‍.കൃഷ്ണയ്യരും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുമാണ് വിദ്യാഭ്യാസ ബില്ലുമായി രണ്ടാം അങ്കത്തിന് കച്ച മുറുക്കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷാവകാശ ലംഘനമാണെന്ന സുപ്രധാന കാര്യം അവഗണിച്ചു തട്ടിക്കൂട്ടിയുണ്ടാക്കിയ അകാലത്തിലുള്ള ആ ബില്‍ ഇടതു മന്ത്രിസഭയുടെ പതനത്തിലേക്കാണ് നയിച്ചത്.
ഏറെക്കാലത്തിനു ശേഷം സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള കൂട്ടുമന്ത്രിസഭയുടെ കാലത്ത് 1972 ലാണ് കോണ്‍ഗ്രസിലെ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള ഏതാനും യുവതുര്‍ക്കികളുടെ ആവേശക്കൊഴുപ്പില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ യുദ്ധം. എയ്ഡഡ് കോളജുകള്‍ പിടിച്ചെടുക്കുമെന്നും മാനേജ്‌മെന്റുകള്‍ അവ പൂട്ടിയിട്ടാല്‍ ഓല കൊണ്ട് ബദല്‍ കോളജുകള്‍ നിര്‍മിച്ചു സമരം പൊളിക്കുമെന്നും അതിവിപ്ലവകാരികള്‍ വീരവാദം മുഴക്കി; പക്ഷേ, ഒന്നും നടന്നില്ല.
പിന്നീട് 2006 ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ക്രൈസ്തവര്‍ക്കെതിരെ പുതിയ സമര മുഖം തുറന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങളിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ കുത്തിവയ്ക്കാനും ക്രൈസ്തവാദര്‍ശങ്ങള്‍ക്ക് കത്തിവയ്ക്കാനുമായി പല ശ്രമങ്ങളും ബേബി നടത്തി. ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠപുസ്തകം കമ്യൂണിസ്റ്റ് നിരീശ്വര തത്വശാസ്ത്രം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള അപക്വമായ ശ്രമമായിരുന്നു.
എം.എ. ബേബിയുടെ യുദ്ധത്തിന്റെ തുടര്‍ച്ചയായിട്ടാണ് മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആശിര്‍വാദത്തോടെ 2009 ല്‍ വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യമായി കുപ്രസിദ്ധമായ ചര്‍ച്ച് ട്രസ്‌ററ് ബില്‍ കൊണ്ടുവരുന്നത്. ഇടവകകളെ ഭരിക്കാന്‍ ‘ചര്‍ച്ച് ബോര്‍ഡ്’ രൂപീകരിക്കുമെന്നായിരുന്നു പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ഭരണഘടന മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ (വകുപ്പ് 26) ലംഘനമാകുമെന്ന വൈകിവന്ന ബോധോദയത്തോടൊപ്പം തിളച്ചുമറിഞ്ഞ പ്രതിഷേധവും കൂടിയായപ്പോള്‍ തല്‍ക്കാലം ആ ബില്‍ സര്‍ക്കാര്‍ ഫയലില്‍ തിരുകുകയായിരുന്നു.
തീരുന്നില്ല, ഈ കഥ. 2011 ല്‍ അധികാരമേറ്റ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി 2016 മേയ് 25 നു ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലേറി. ദാ, വരുന്നു പഴയ ചര്‍ച്ച് ബില്‍ വീണ്ടും! 2017 ലായിരുന്നു അത്.
ഇത്തവണ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനാണ് ന്യൂനപക്ഷ വിരുദ്ധമായ ബില്ലുമായി സര്‍ക്കാരിനു വേണ്ടി രാക്ഷസവേഷം ധരിച്ചു രംഗത്തെത്തിയത്.
ഇതിനിടെ 2017 മാര്‍ച്ചില്‍ അന്തരിച്ച വി.ആര്‍. കൃഷ്ണയ്യരുടെ ഒഴിവില്‍ റിട്ട. ജഡ്ജി കെ.ടി.തോമസ് ചെയര്‍മാനായി നിയമപരിഷ്‌ക്കാര കമ്മിഷനെ സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഈ കമ്മിഷന്റെ സൃഷ്ടിയാണ് ഇപ്പോഴത്തെ ബില്‍.
സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങളില്‍ കാലഹരണപ്പെട്ടവ മാറ്റാനും ആവശ്യമായ പുതിയ നിയമങ്ങള്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും വേണ്ടിയുള്ളതാണ് യഥാര്‍ഥത്തില്‍ നിയമപരിഷ്‌ക്കാര കമ്മിഷന്‍.
എന്നാല്‍ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന അപക്വവും ഭരണഘടനാ വിരുദ്ധവുമായ ഈ ബില്ലല്ലാതെ മറ്റേതെങ്കിലും നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന് കെ.ടി. തോമസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തതായി കമ്മിഷന്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും പൊതു ജനത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>