• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P11 B

‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ – 2019′ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നിയമപരിഷ്‌കരണ കമ്മിഷന്‍ 2019 ഫെബ്രുവരിയില്‍ ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2019 മാര്‍ച്ച് 6 നുള്ളില്‍ ബില്ലിനെപ്പറ്റി പരാതികളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ കമ്മിഷനെ രേഖാമൂലം അറിയിക്കണം. ഇടതുപക്ഷാനുഭാവിയായ റിട്ട. ജഡ്ജി കെ.ടി. തോമസ് ചെയര്‍മാനായ കമ്മിഷനാണ് ബില്ലിന്റെ ശില്‍പികള്‍.
പശ്ചാത്തലം
2009 ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്ന് കമ്മിഷന്‍ ചെയര്‍മാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലാണ് ആദ്യമായി ‘കേരള ക്രിസ്റ്റ്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്‍ – 2009′ കൊണ്ടുവന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഭരണവും വസ്തുക്കളും സ്വത്തുക്കളും നിയന്ത്രിക്കാനും നടത്താനും ‘ട്രസ്റ്റുകള്‍’ രൂപീകരിക്കണമെന്നും അതിന് ‘ചര്‍ച്ച് ബോര്‍ഡ്’ രൂപീകരിക്കണമെന്നുമായിരുന്നു ആ കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശം.
എന്നാല്‍ ഭരണഘടന 26 -ാം വകുപ്പു പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് മതസ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്താന്‍ നല്‍കിയിട്ടുള്ള അവകാശങ്ങളുടെ ലംഘനമാകയാല്‍ ക്രൈസ്തവ സമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധം ഉയരുകയും ബില്ലിന്റെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുകയും ബില്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തു.
വീണ്ടും 2017 ല്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ പഴയ ബില്‍ പൊടി തട്ടിയെടുത്ത് അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭാധ്യക്ഷന്മാര്‍ക്ക് അയച്ചുകൊടുത്തു. അപ്പോഴും വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന്, ബില്‍ മാറ്റിവയ്ക്കുകയായിരുന്നു.
ഇങ്ങനെ രണ്ടു തവണയായി മാറ്റിവച്ച ബില്ലാണ് പുതിയ രൂപത്തില്‍, ഭാവത്തില്‍ ഇപ്പോള്‍ വീണ്ടും സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
എന്താണ് ബില്ലിലെ വ്യവസ്ഥകള്‍?
ഇപ്പോഴത്തെ ബില്ലില്‍ ‘ചര്‍ച്ച് ട്രസ്റ്റ്’, ‘ചര്‍ച്ച് ബോര്‍ഡ്’ എന്ന വാക്കുകള്‍ ഇല്ല. അതായത്, ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ അനുസരിച്ചു മതസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഭരിക്കാനുമുള്ള അവകാശം പ്രത്യക്ഷമായും പരോക്ഷമായും അംഗീകരിച്ചുകൊണ്ടാണ് ബില്ലിന്റെ വ്യവസ്ഥകള്‍ വിവരിക്കുന്നത്. പകരം, കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ധാരാളം സ്വത്തുക്കളുണ്ടെന്നും ഇവയുടെ നടത്തിപ്പ് സുതാര്യമല്ലെന്നും അതില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടെന്നും ഏകപക്ഷീയമായും ധിക്കാരപരമായും സ്ഥാപിച്ചു കൊണ്ടാണ് ബില്ലിലെ വ്യവസ്ഥകള്‍.
ചര്‍ച്ച് ട്രൈബ്യൂണല്‍
ബില്‍ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ ഓരോ ജില്ലയിലും ഓരോ ‘ചര്‍ച്ച് ട്രൈബ്യൂണല്‍’ രൂപീകരിക്കും. ട്രൈബ്യൂണല്‍ ഒരു വ്യക്തിയോ, മൂന്നുപേരുടെ സമിതിയോ ആകാം. ഏകാംഗ ട്രൈബ്യൂണല്‍ ആണെങ്കില്‍ സര്‍വീസിലുള്ള ഒരു ജില്ലാ ജഡ്ജിയോ വിരമിച്ച ജില്ലാ ജഡ്ജിയോ ആയിരിക്കണം.
മൂന്നംഗ ട്രൈബ്യൂണലാണെങ്കില്‍, അതിന്റെ ചെയര്‍മാന്‍ ജില്ലാ ജഡ്ജിയൊ വിരമിച്ച ജഡ്ജിയൊ ആയിരിക്കുകയും മറ്റുള്ള രണ്ടുപേര്‍ ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ളവരൊ സെക്രട്ടറി പദവി വഹിച്ചിട്ടുള്ളവരോ ആയിരിക്കണം.
ട്രൈബ്യൂണലിന്റെ അധികാരം
ഇടവകയുടെ വസ്തുവകകളും ഫണ്ടുകളും സംബന്ധിച്ചു ഇടവകയിലെ ഏതൊരു വ്യക്തിക്കും ട്രൈബ്യൂണലില്‍ പരാതിപ്പെടാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.
ബില്‍ പാസായിക്കഴിഞ്ഞാല്‍ ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ അനുബന്ധ നിയമങ്ങള്‍ സര്‍ക്കാരിനു രൂപപ്പെടുത്താം. ഏതെങ്കിലും ഭേദഗതി നിയമസഭ പാസ്സാക്കിയാലും അടിസ്ഥാന കാര്യങ്ങള്‍ നിലനില്‍ക്കും; ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്താം.
എന്തുകൊണ്ട് ബില്ലിനെ എതിര്‍ക്കുന്നു?
ി ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളിന്മേലുള്ള കയ്യേറ്റമാണിത്. ഇത് അനുവദിക്കുകയെന്നാല്‍, ന്യൂനപക്ഷ അവകാശങ്ങളെ നാം സ്വയം കയ്യൊഴിയുക എന്നതായിരിക്കും ഫലത്തില്‍ സംഭവിക്കുക. ന്യൂനപക്ഷമായ ക്രൈസ്തവരുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ ഇടപെടുന്നതിന്റെ ഗൂഢലക്ഷ്യം നാം തിരിച്ചറിയണം. ക്രൈസ്തവ വിശ്വാസം ജീവിക്കുവാന്‍ അവിശ്വാസികളുടെ അനുവാദം വേണമെന്നര്‍ഥം. സഭയുടെ സാമ്പത്തിക സ്വാതന്ത്ര്യം തടസപ്പെടുത്തിയാല്‍ ക്രൈസ്തവരുടെ വിശ്വാസ ജീവിത വളര്‍ച്ചയെ ഇല്ലാതാക്കാമെന്നാണ് ചിലരുടെയെങ്കിലും വ്യാമോഹം.
ി തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ ബില്‍. സുതാര്യമായും ചിട്ടയോടെയും രാജ്യത്തെ സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ കവരാനുള്ള ഇടതുപക്ഷ രാഷ്ട്രീയ തന്ത്രമാണ് ബില്ലില്‍ നിഴലിക്കുന്നത്.
ി മെത്രാന്മാരെയും വൈദികരെയും അല്‍മായരെയും തമ്മില്‍ ഭിന്നിപ്പിക്കാനും അങ്ങനെ ഇടവകകളില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിത്.
ി ബില്‍ നിയമമായാല്‍ ഇടവകകളില്‍ വികാരിമാരെ നിയമിക്കുന്നതു മുതല്‍ ഇടവകയുടെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കും ഗവണ്‍മെന്റിന്റെ അനുമതി ആവശ്യമായി വരും.
ി ഇടവകകളുടെ വിശ്വാസപരമായ കാര്യങ്ങളില്‍ നിരീശ്വരവാദികള്‍ക്കും സഭാവിരുദ്ധര്‍ക്കും ഇടപെടാന്‍ ബില്‍ വഴിയൊരുക്കും.
ി കേരളത്തിന്റെ നവോത്ഥാനത്തില്‍ വിവിധ മേഖലകളില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള ക്രൈസ്തവ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ വളര്‍ച്ചയ്ക്കും കൂച്ചുവിലങ്ങിടാനുള്ള ഗൂഢപദ്ധതിയും ബില്ലിന്റെ പിന്നിലുണ്ട്. സമീപകാലത്ത് ഓഖി ദുരന്തത്തിലും പ്രളയത്തിലും മറ്റുള്ളവരോടൊപ്പം കോടിക്കണക്കിനു രൂപ സമാഹരിച്ചു നല്‍കിയ ക്രൈസ്തവ സഭയെ ആക്ഷേപിക്കാനും നിര്‍വീര്യമാക്കാനുമുള്ള തന്ത്രവും ഇതിലുണ്ട്.
ി ബില്‍ ലക്ഷ്യമിടുന്നത് ഇടവകകളെ മാത്രമല്ല; സന്യാസ ആശ്രമങ്ങളെയും മഠങ്ങളെയും അവരുടെ വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, ജീവകാരുണ്യ സ്ഥാപനങ്ങളെയും പിടിച്ചടക്കുക എന്നതും ബില്ലിന്റെ ലക്ഷ്യങ്ങളില്‍ പെടും.
ി വിവിധ ക്രൈസ്തവ സഭകളെ സംബന്ധിച്ച് സഭാ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമവും നിലവിലില്ല എന്ന തെറ്റായ നിഗമനമാണ് ഈ ബില്ലിന് ആധാരം. എന്നാല്‍ സഭയില്‍ രാഷ്ട്ര നിയമങ്ങള്‍ക്ക് വിധേയമായി ധാരാളം നിയമങ്ങള്‍ സ്വത്തു കൈകാര്യം ചെയ്യുന്നതിന് ഉണ്ട്.
ി സഭയിലെ സ്വത്തു നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ കുന്നുകൂടുന്നു എന്ന ധ്വനി ഈ ബില്ലിലുണ്ട്. എന്നാല്‍, സാധാരണ സിവില്‍ കോടതികള്‍ക്ക് അമിത ഭാരം ഉണ്ടാക്കുന്ന കേസുകള്‍ ഒന്നും തന്നെ സഭയുടെ പേരില്‍ ഇപ്പോള്‍ ഇല്ല.
ി നിലവിലുള്ള സഭാ സംവിധാനങ്ങളെ (പ്രതിനിധിയോഗം, പൊതുയോഗം, രൂപതാക്കച്ചേരി തുടങ്ങിയവ) മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കുന്ന നിയമങ്ങളും ചട്ടങ്ങളുമാണ് ബില്ലിന്റെ പേരില്‍ സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ പോകുന്നത്.
ഇപ്പോള്‍ നിലവിലുള്ള രീതി
1. ഇടവകയിലെ കണക്കുകള്‍ സുതാര്യമായും ചിട്ടയോടും കൂടി രേഖപ്പെടുത്തപ്പെടുകയും അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കീഴില്‍ ഓഡിറ്റിനു വിധേയമാക്കുകയും ഇടവക പ്രതിനിധിയോഗം, ഇടവക പൊതുയോഗം എന്നിവയുടെ അംഗീകാരത്തോടെ രൂപത അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും രൂപത അധികൃതര്‍ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
2. ഇടവകയുടെ ഭരണപരമായ കാര്യങ്ങളില്‍ തര്‍ക്കങ്ങളൊ പരാതികളൊ ഉണ്ടെങ്കില്‍ സിവില്‍ കോടതിയില്‍ പരാതി നല്‍കാന്‍ ഇടവകാംഗങ്ങള്‍ക്ക് ഇപ്പോഴും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇടവകയുടെ ഭരണം സഭാനിയമങ്ങളും രാജ്യത്തെ സിവില്‍ നിയമങ്ങളും അനുസരിച്ചാണ് കാലാകാലങ്ങളായി കുറ്റമറ്റ രീതിയില്‍ നടക്കുന്നത്.
പിന്നെ എന്തിന് ഈ ബില്‍?
ഇടവകയുടെ ഭരണത്തിലും സ്ഥാപനങ്ങളുടെ നടത്തിപ്പിലും എന്തിന് സര്‍ക്കാര്‍ ഇടപെടുന്നു എന്നതാണ് കാതലായ ചോദ്യം.
ചുരുക്കത്തില്‍ :
കോടതികളില്‍ പോലും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ സഭാസംവിധാനങ്ങളില്‍ സര്‍ക്കാരിന് പരമാധികാരം നല്‍കുന്നുവെന്നതാണ് ചര്‍ച്ച് ബില്ലില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ അപകടം. ഇടവകയുടെയും രൂപതയുടെയും ഇതര സ്ഥാപനങ്ങളുടെയും ഭരണത്തിലും വിശ്വാസ ജീവിതത്തിലും നിരീശ്വരവാദികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും കടന്നുകയറാന്‍ വഴിയൊരുക്കുമെന്ന ദുരന്തവും ചര്‍ച്ച് ബില്ലിനു പിന്നിലുണ്ട്.
യഥാര്‍ഥത്തില്‍ ഈ ചര്‍ച്ച് ബില്‍ വരും കാലത്ത് സഭയുടെ നിയന്ത്രണം പൂര്‍ണമായും കൈപിടിയിലൊതുക്കാനുള്ള ചില ഇടതുപക്ഷ തീവ്രവാദികളുടെ ഗൂഢ ശ്രമത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>