• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
p 10 Ed

അധികാരക്കസേരയ്ക്ക് ഇളക്കം തട്ടുമ്പോള്‍ ഏകാധിപതികള്‍ അതു നിലനിര്‍ത്താന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. അതിര്‍ത്തികളില്‍ യുദ്ധഭീഷണി, രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരെ ശത്രുവിന്റെ ഉപജാപം എന്നൊക്കെ പ്രചരിപ്പിക്കുക, വംശീയാധിപത്യവും സ്വാഭിമാനവും ഊതിവീര്‍പ്പിച്ചു ജനങ്ങളില്‍ വൈകാരിക പ്രക്ഷുബ്ധതയുണ്ടാക്കുക, വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് ഈ തന്ത്രങ്ങള്‍. ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തുകയും തങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്നു ജനശദ്ധ തിരിച്ചുവിടുകയുമാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ‘കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ – 2019′ മേല്‍പ്പറഞ്ഞ തന്ത്രങ്ങളുടെ മറ്റൊരു പതിപ്പായേ കാണാനാവൂ. ചില സഭാവിരുദ്ധരും സഭാശത്രുക്കളും കുറെക്കാലമായി പറഞ്ഞുനടക്കുന്ന കാര്യമാണ് ചര്‍ച്ച് ആക്ട്. ക്രൈസ്തവ സഭയുടെ ഇടവകകളും സ്ഥാപനങ്ങളും പിടിച്ചെടുക്കുകയും അവയുടെ ഭരണത്തില്‍ കൈകടത്തുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യണമെന്ന ചിലരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി ഇടതുപാര്‍ട്ടികളിലെ ചില അതിതീവ്രവാദികളും പുറത്തുള്ള സഭാവൈരികളും ചേര്‍ന്നു തട്ടിക്കൂട്ടിയുണ്ടാക്കിയിരിക്കുന്ന ചര്‍ച്ച് ബില്‍ എത്ര അപക്വമാണെന്ന് വിവരിക്കേണ്ടതില്ല. ബില്ലിന്റെ ലക്ഷ്യങ്ങളെപ്പറ്റി പറയുന്ന കാര്യങ്ങള്‍ തന്നെ, ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നുണ്ട്.
മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപ്രകാരം സ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള അവകാശത്തെ ‘ഉദാരമായി’ അംഗീകരിക്കുന്ന ബില്‍ പറയുന്നു, രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുവേണം ഇടവകയും സ്ഥാപനങ്ങളും നടത്താന്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു നിയമം രാജ്യത്ത് ഇല്ലത്രെ! അതുകൊണ്ട് ഇടവകകളുടെ ഭരണം സുതാര്യവും നീതിപൂര്‍വവുമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നതത്രെ!
നിയമം ഇല്ലെന്നും തോന്നിയതുപോലെയാണ് ഇടവകകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും സാമ്പത്തിക ഇടപാടുകളില്‍ കെടുകാര്യസ്ഥതയുണ്ടെന്നും അതിനു തടയിടാനും വിശ്വാസികളുടെ വേദന മാറ്റാനുമാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും ബില്‍ അവകാശപ്പെടുന്നു. ഇതിനുവേണ്ടിയാണ് ഇടവകകളെ ഭരിക്കാനും പരാതികള്‍ കേള്‍ക്കാനും ഒരു ട്രൈബ്യൂണലിനെ നിയമിക്കുന്നത്.
ആ ട്രൈബ്യൂണലിനെ സര്‍ക്കാര്‍ നിയമിക്കും. ഒരാളോ മൂന്നുപേരോ ആയാലും, നിയമനം സര്‍ക്കാരിനായിരിക്കും. എന്നുവച്ചാല്‍, രാഷ്ട്രീയ നിയമനം. ആ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് എടുത്തു പറയുന്ന ബില്‍, മറ്റേതെങ്കിലും തലത്തില്‍ അപ്പീലിനുള്ള സാധ്യത പോലും തള്ളിക്കളയുന്നു. എത്ര വിചിത്രമാണ് ഈ വ്യവസ്ഥയെന്നു ചിന്തിക്കുക. ക്രൈസ്തവ സഭയെ പിടിച്ചുകെട്ടാനുള്ള തത്രപ്പാടില്‍ ബില്ലിന്റെ ശില്‍പികള്‍ ജനാധിപത്യ വ്യവസ്ഥയില്‍ കോടതികള്‍ നിലവിലുണ്ടെന്ന സാമാന്യബുദ്ധി പോലും പണയം വച്ചുവെന്നര്‍ഥം.
രാജ്യത്തെ നിയമങ്ങളും സുപ്രീം കോടതി പോലും അംഗീകരിച്ചിട്ടുള്ള സഭാനിയമങ്ങളും അനുസരിച്ചു ഭരണം നടത്തുകയും ഇടവക, രൂപത തലങ്ങളില്‍ ഓഡിറ്റ് നടത്തുകയും രൂപതയില്‍ നിന്ന് സര്‍ക്കാരിന് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത് നൂറ്റാണ്ടുകളായി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭയെയും സ്ഥാപനങ്ങളെയും ‘ഒരു നിയമവുമില്ലാതെ’ പ്രവര്‍ത്തിക്കുന്നവയാണെന്നു എത്ര ലാഘവത്വത്തോടെയാണ് മുദ്ര കുത്തുന്നത്! കോടതിയില്‍ ചോദ്യം ചെയ്യേണ്ട അടിസ്ഥാനരഹിതവും അസംബന്ധവുമായ ആ മുന്‍വിധി തന്നെ മതി ബില്ലിനെ ചീട്ടുകൊട്ടാരം പോലെ തകര്‍ത്തുവീഴ്ത്താന്‍.
വ്യവസ്ഥാപിത നിയമങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭയോടും സ്ഥാപനങ്ങളോടും ഇടതു സര്‍ക്കാരുകളുടെ ‘പ്രേമം’ കേരളത്തിലെ ക്രൈസ്തവര്‍ക്ക് പുത്തരിയല്ല. 1957 ല്‍ ഇഎംഎസ് സര്‍ക്കാര്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ വേണ്ടി മുണ്ടശ്ശേരിയെക്കൊണ്ട് വിദ്യാഭ്യാസ ബില്‍ അവതരിപ്പിച്ചപ്പോള്‍, അതിന്റെ ബുദ്ധികേന്ദ്രം നിയമ മന്ത്രിയായിരുന്ന വി.ആര്‍. കൃഷ്ണയ്യരായിരുന്നു.
പിന്നീട് 2009 ല്‍ അതേ കൃഷ്ണയ്യരാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നിയമ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഇടവകകളുടെയും രൂപതയുടെയും ഭരണം ട്രസ്റ്റുകള്‍ക്ക് ഏല്‍പ്പിക്കണമെന്ന ശുപാര്‍ശയോടെ ‘ചര്‍ച്ച് ബോര്‍ഡ്’ എന്ന ഉട്ടോപ്യന്‍ ആദര്‍ശം ഉയര്‍ത്തിക്കൊണ്ടുവന്നത്.
രാജഭരണകാലത്തുണ്ടായിരുന്ന ഏതാനും ക്ഷേത്രങ്ങളുടെ ഭരണത്തിനു വേണ്ടി സ്വാതന്ത്ര്യ പ്രാപ്തി ക്കുശേഷം ഗവണ്‍മെന്റ് രൂപീകരിച്ച ദേവസ്വം ബോര്‍ഡിനെയും മുസ്ലിം സമുദായത്തില്‍ സ്വാതന്ത്ര്യ പ്രാപ്തിവരെയുള്ള കാലഘട്ടത്തിലുണ്ടായിരുന്ന ജീവകാരുണ്യ സ്ഥാപനങ്ങളെയും അവയുടെ ആസ്തികളെയും നിയന്ത്രിക്കാന്‍ രൂപീകരിച്ച ‘വഖഫ് ബോര്‍ഡി’നെയും ചൂണ്ടിക്കാട്ടി ക്രൈസ്തവ ഇടവകകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ ‘ചര്‍ച്ച് ബോര്‍ഡ്’ വേണമെന്ന ആശയം ശുദ്ധ വിവരക്കേടായിരുന്നു. കേരളത്തിലെ ആയിരക്കണക്കിനു ക്ഷേത്രങ്ങളില്‍ എണ്ണൂറോളം ക്ഷേത്രങ്ങള്‍പോലുമില്ല ദേവസ്വം ബോര്‍ഡിനു കീഴില്‍. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ നിര്‍മിച്ചത് പൊതുസ്വത്ത് ഉപയോഗിച്ചു രാജാക്കന്മാരായിരുന്നു; അതുകൊണ്ടാണ് രാജഭരണംപോയപ്പോള്‍ അവയെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ നിലവില്‍ വന്നത്.
എന്നാല്‍ കേരളത്തിലെ ഒരൊറ്റ പള്ളിപോലും രാജാക്കന്മാരുടെയോ സര്‍ക്കാരിന്റെയോ പണമുപയോഗിച്ചു നിര്‍മിച്ചിട്ടുള്ളതല്ല. അവ ബന്ധപ്പെട്ട ഇടവക സമൂഹങ്ങള്‍ സ്വന്തം പണമുപയോഗിച്ചു പണിതുയര്‍ത്തിയതാണ്. അതുകൊണ്ടുതന്നെ അതു ഇടവകാംഗങ്ങളുടെ സ്വത്താണ്; സര്‍ക്കാരിന്റെയല്ല.
ഈ സത്യം അറിയാത്തവരല്ല ‘ചര്‍ച്ച് ബോര്‍ഡ്’, ‘ചര്‍ച്ച് ബില്‍’ എന്നൊക്കെപറഞ്ഞ് ക്രൈസ്തവ സമൂഹത്തെ വിരട്ടുന്നത്. അത്ഭുതകരമായ കാര്യം, ഇതൊക്കെ അറിയാമായിരുന്നിട്ടും ഏതാനും കുബുദ്ധികളുടെ കുഴലൂത്ത് കേട്ട് വീണ്ടും വീണ്ടും സഭയ്‌ക്കെതിരെ ഇവര്‍ ഓലപ്പാമ്പിനെ കാട്ടി ഭയപ്പെടുത്താന്‍ നോക്കുന്നു എന്നതാണ്.
1957 ലും 2009 ലും നടക്കാതെ പോയത് സാധിച്ചെടുക്കാന്‍ 2017 ലും ഒരുശ്രമം നടത്തി. അന്നു ‘ന്യൂനപക്ഷ കമ്മിഷനാ’യിരുന്നു ‘ചര്‍ച്ച് ബില്‍’ ഉയര്‍ത്തിക്കൊണ്ടുവന്ന ചാവേര്‍ സംഘം. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാകുമെന്ന വൈകി വന്ന ബോധോദയത്തില്‍, ബില്‍ അന്നും മാറ്റിവയ്‌ക്കേണ്ടി വന്നു.
ഇപ്പോഴിതാ വീണ്ടും വരുന്നു ‘ചര്‍ച്ച് ബില്‍’ – 2019! ചര്‍ച്ച് ട്രസ്റ്റ് , ചര്‍ച്ച് ബോര്‍ഡ് എന്നീ വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടാണ് ഇപ്പോള്‍ റിട്ട. ജഡ്ജി കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌ക്കാര കമ്മിഷന്‍ ബില്ലിനെ എഴുന്നള്ളിച്ചിട്ടുള്ളത്. അവിവേകമോ അറിവുകേടോ ഇടതു പ്രത്യയ ശാസ്ത്ര തിമിരമോ എന്നു വ്യക്തമല്ല, ബില്ലിലെ അപക്വമായ ഓരോ വ്യവസ്ഥയും.
ക്രൈസ്തവ ഇടവകകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഒരു നിയമവും ഇല്ലാതെയാണെന്ന അടിസ്ഥാന പ്രസ്താവന തന്നെ കമ്മിഷന്റെ ‘അതിബുദ്ധി’ വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ കേരളത്തിലെ ഇടതുപക്ഷവും ഗവണ്‍മെന്റും ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ സൃഷ്ടിയാണ് ഇപ്പോള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്ന ചര്‍ച്ച ്ബില്‍. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാരിന് കൈപൊള്ളി; നവോത്ഥാന മൂല്യങ്ങളുടെ മൊത്തക്കച്ചവടം ഏറ്റെടുക്കാന്‍ ശ്രമിച്ചു മതിലും യാത്രയും സംഘടിപ്പിച്ചതും ഉദ്ദേശിച്ച ഫലം കണ്ടില്ല; എന്‍എസ്എസ് അകന്നുപോയി; ക്രമസമാധാന രംഗം താറുമാറായി; ഭരണത്തില്‍ ആയിരം ദിനങ്ങള്‍ തികയ്ക്കുമ്പോള്‍ രാഷ്ടീയ കൊലപാതകങ്ങള്‍ 20, അതില്‍ 16 ലും സിപിഎം പ്രതിസ്ഥാനത്ത്; കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പ്രളയാനന്തര കേരളം കെട്ടിപ്പടുക്കല്‍ പ്രഹസനമായി; ഓഖി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെന്ന് വ്യാപകമായ പരാതി; മന്ത്രിമാരും പാര്‍ട്ടി നേതാക്കളും അവരുടെ മക്കളും പാര്‍ട്ടി പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഴിമതി – സ്വജനപക്ഷപാത – സ്ത്രീപീഡന, കൊലപാതക ആരോപണങ്ങളുടെ പ്രതിക്കൂട്ടില്‍. സിപിഎമ്മിന്റെ കേരള സംരക്ഷണ യാത്ര തന്നെ അവതാളത്തിലായി.
ഈ സാഹചര്യത്തില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍കൂടി അകന്നുപോകുന്നത് ചിന്തിക്കാനേ വയ്യ. അതിനൊരു തടയിടണം. നല്ല വാക്കുകൊണ്ടു പറ്റുന്നില്ലെങ്കില്‍, വിരട്ടലിന്റെ ഭാഷ. അതാണ് ചര്‍ച്ച് ബില്‍.
ഏതായാലും ക്രൈസ്തവ സമൂഹം ജാഗ്രത പാലിക്കേണ്ട സമയമാണിത്. സിപിഎമ്മിലെ ചില അതിസാഹസികര്‍ക്കും നിരീശ്വരര്‍ക്കും മുഖം മൂടിയിട്ട സഭാനവീകരണ വാദികള്‍ക്കും മേയാനുള്ള ഇടമല്ല നമ്മുടെ പൂര്‍വികരും നാമും വിയര്‍പ്പിലും കഷ്ടപ്പാടിലും കൂടി വളര്‍ത്തിയെടുത്ത നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും. ക്രൈസ്തവ സമൂഹത്തോടു മാത്രം കാണിക്കുന്ന ഈ ശത്രുതാ സമീപനത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ നാം തിരിച്ചറിയണം. ഇന്ന് നമ്മുടെ സ്ഥാപനങ്ങള്‍, നാളെ നമ്മുടെ വിശ്വാസ ജീവിതവും ആചാരാനുഷ്ഠാനങ്ങളും. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ചു നാം അലംഭാവം പുലര്‍ത്തിയാല്‍ ഇവയ്ക്ക് പിന്നീട് വലിയ വില കൊടുക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>