• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
p10

റാം പുനിയാനി

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏപ്രില്‍ – മേയ് മാസങ്ങളില്‍ ജനകോടികളുടെ വലിയൊരു ഉത്സവത്തിന് ഒരുങ്ങുകയാണ് – പൊതു തിരഞ്ഞെടുപ്പ്. തങ്ങളുടെ ഭാവി നിശ്ചയിക്കുന്ന ഈ വലിയ അവസരത്തിനു കാത്തിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വരുന്ന പൊതുതിരഞ്ഞെടുപ്പ് മുന്‍പത്തേക്കാളേറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇത്തവണ. കാരണമുണ്ട്: 2014 ല്‍ വിഭാഗീയത മുഖമുദ്രയായ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി, ഏതാനും സഖ്യകക്ഷികളുമായി ചേര്‍ന്ന് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. 31% വോട്ടും 282 ലോക്‌സഭാ സീറ്റുകളും അവര്‍ പിടിച്ചെടുത്തു. ആകാശം മുട്ടുന്ന വാഗ്ദാനങ്ങള്‍ വാരിവിതറിയ നരേന്ദ്ര മോദിയുടെ പ്രചാരണ വൈഭവം മുന്‍നിര്‍ത്തിയായിരുന്നു 2014 ലെ തിരഞ്ഞെടുപ്പ്.
ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങുമ്പോള്‍, ‘അസാധ്യമായത് സാധ്യം’ എന്ന മുദ്രാവാക്യവുമായി ആ പാര്‍ട്ടി വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുകയാണ്, ഈ സന്ദര്‍ഭത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തുകയും അതിന്റെ വെളിച്ചത്തില്‍ ആര്‍ക്ക് ഇനി വോട്ട് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
അവര്‍ തീരുമാനിക്കേണ്ടത് ഭരണ കക്ഷിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടുവരുന്ന പ്രതിപക്ഷ കക്ഷികളുടെ യുപിഎ, ഛിന്നഭിന്നമായി കിടക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയില്‍ ആരായിരിക്കണം അടുത്ത അഞ്ചുവര്‍ഷം തങ്ങളെ ഭരിക്കേണ്ടതെന്നാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം വ്യക്തികള്‍ കണ്ടെത്തണമെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഈ പശ്ചാത്തലത്തില്‍ അഞ്ചുവര്‍ഷം ഭരിച്ച ബിജെപിയുടെ നേട്ടങ്ങളും കോട്ടങ്ങളും എന്തെന്നു അറിയണം.
അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളായി ബിജെപി ഉയര്‍ത്തിക്കാട്ടുന്ന കാര്യങ്ങള്‍ ഇവയാണ്: പാവപ്പെട്ടവര്‍ക്ക് സബ്‌സിഡിയോടെ പാചകവാതകം ലഭ്യമാക്കുന്ന ഉജ്ജ്വല യോജന, മേക്ക് ഇന്‍ ഇന്ത്യ, ഇന്‍ ധന്‍ യോജന, ആരോഗ്യ ഇന്‍ഷുറന്‍സ്, അതുപോലെ മറ്റനവധി പദ്ധതികള്‍. എന്നാല്‍ ഇവയൊന്നും ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല എന്ന വസ്തുത നിലനില്‍ക്കുന്നു.
മോദിയുടെ വാഗ്ദാനങ്ങള്‍
അത്യാവശ്യ വസ്തുക്കളുടെ വില കുറയ്ക്കും, വിദേശത്തുള്ള കള്ളപ്പണം കണ്ടുകെട്ടും, അതു തിരിച്ചുകൊണ്ടുവന്ന് ഇന്ത്യയിലെ ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം വീതം നിക്ഷേപിക്കും, ഓരോ വര്‍ഷവും രണ്ടു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കും, അഴിമതി ഇല്ലാതാക്കും, സ്ത്രികളുടെ സുരക്ഷ ഉറപ്പാക്കും. ഇവയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം.
പക്ഷേ, എന്തു സംഭവിച്ചു? വാഗ്ദാനങ്ങള്‍ക്കു കടകവിരുദ്ധമായവയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.
ഗവണ്‍മെന്റിന്റെ വികല നയങ്ങള്‍ മൂലം കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് അത്യാവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു; പെട്രോള്‍ – ഡീസല്‍ വില കത്തിക്കയറി; കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു; സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ കൂടുതല്‍ രൂക്ഷമായി.
അതേസമയം, വമ്പന്‍ വ്യവസായികള്‍ അടങ്ങുന്ന കോര്‍പറേറ്റ് വിഭാഗം തടിച്ചു കൊഴുക്കുന്നതാണ് ജനം കണ്ടത്; നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ കൊള്ളയടിക്കുന്ന വമ്പന്‍മാര്‍ നിര്‍ബാധം വിലസുന്നതും നാം കണ്ടു.
നോട്ട് നിരോധനം
2016 ലാണ് നരേന്ദ്രമോദി 500, 1000 നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം പിടികൂടാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമാണ് നോട്ട് നിരോധനം എന്നായിരുന്നു അപ്പോള്‍ അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.
എന്നാല്‍ സംഭവിച്ചതു നോക്കുക: നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തുണ്ടായിരുന്ന 500, 1000 കറന്‍സികളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. നോട്ടു നിരോധനം വഴി കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന വാഗ്ദാനം വെറുതെയായി; തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന വാഗ്ദാനവും ജലരേഖയായെന്ന് ഈയിടെ പുല്‍വാമയില്‍ 40 സൈനികരുടെ ജീവനപഹരിച്ച ഭീകരാക്രമണം ഒരിക്കല്‍ക്കൂടി തെളിയിച്ചു.
നോട്ട് നിരോധനം സാധാരണക്കാരുടെയും ചെറുകിട കര്‍ഷകരുടെയും കച്ചവടക്കാരുടെയും കൂലിപ്പണിക്കാരുടെയും ജീവിതം തകര്‍ത്തു. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പൊരിവെയിലത്തു ക്യൂ നിന്നു തളര്‍ന്നു വീണു മരിച്ചവര്‍ 100 ലേറെ. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരും കള്ളപ്പണക്കാരും രാജ്യത്ത് അഴിഞ്ഞാടുകയായിരുന്നു അപ്പോഴും. അവരെ തൊടാന്‍ ഒരു നടപടിയും ഉണ്ടായില്ല, ഇതുവരെ.
അക്കാലത്താണ് കോടിക്കണക്കിനു പൊതുപണം ബാങ്കുകളെ പറ്റിച്ചു കൈക്കലാക്കി വമ്പന്‍ വ്യാപാരികളും വ്യവസായികളുമായ സുശീല്‍ മോദി, വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവര്‍ ഇന്ത്യയില്‍ നിന്നു രക്ഷപ്പെട്ട് വിദേശങ്ങളിലേക്ക് കടന്നത്. അവര്‍ തട്ടിയെടുത്ത പണമൊക്കെ ഇന്ത്യയിലെ ജനങ്ങളുടെയായിരുന്നു.
നരേന്ദ്ര മോദി എപ്പോഴും പറയാറുണ്ട്, താന്‍ ഇന്ത്യയുടെ കാവല്‍ക്കാരന്‍ (ചൗക്കീദാര്‍) ആണെന്ന്. എന്നാല്‍ വമ്പന്മാര്‍ രാജ്യത്തെ കൊള്ളയടിച്ചു രാജ്യം വിട്ടപ്പോള്‍, എവിടെയായിരുന്നു കാവല്‍ക്കാരന്‍? ജനങ്ങളുടെ കൊച്ചുകൊച്ചു നിക്ഷേപങ്ങള്‍ക്ക് വിലങ്ങിടുകയും അവരെ കണ്ണീരു കുടിപ്പിക്കുകയും ചെയ്ത കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോ?
തൊഴിലില്ലായ്മ
ഓരോ വര്‍ഷവും രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് എന്താണ് സംഭവിച്ചത്? തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു. സമീപ വര്‍ഷങ്ങളിലൊന്നും ഇല്ലാത്ത ഉയരത്തിലാണ് 2018 ല്‍ ഇന്ത്യയിലെ തൊഴില്‍ രഹിതരുടെ എണ്ണം. ആ വര്‍ഷം മാത്രം ഒന്നേകാല്‍ കോടിയോളം പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലാകെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. ഉല്‍പ്പന്ന വില തകര്‍ന്നതും കൃഷിച്ചെലവുകള്‍ വര്‍ധിച്ചതും പ്രധാന പ്രശ്‌നങ്ങളായി. എന്നാല്‍ അവയ്‌ക്കൊന്നിനും മോദി സര്‍ക്കാരിനു മറുപടിയുണ്ടായില്ല. കര്‍ഷകരെ അവഗണിച്ചു. അങ്ങനെ നോട്ട് നിരോധനം കൊണ്ടുവന്ന ദുരിതങ്ങള്‍, കര്‍ഷക ജനകോടികളെ നിത്യദുരിതത്തിലാക്കി. നൂറുകണക്കിന് കര്‍ഷകര്‍ നില്‍ക്കക്കളിയില്ലാതെ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കര്‍ഷകരുടെ വമ്പന്‍ പ്രതിഷേധ റാലികള്‍ നടന്നു. കര്‍ഷകരെ മറന്നതിന്റെ തിക്തഫലങ്ങള്‍ ഇക്കഴിഞ്ഞ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി അനുഭവിക്കുകയും ചെയ്തു.
വിദേശ യാത്രകളും
അയല്‍പക്ക ബന്ധങ്ങളും
അധികാരത്തില്‍ കയറിയകാലം മുതല്‍ തന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയ്ക്ക് തിളക്കം കൂട്ടാനെന്ന വണ്ണം നരേന്ദ്ര മോദി വിദേശ യാത്രകള്‍ നടത്തി; അങ്ങനെ 50 -ഓളം വിദേശ സന്ദര്‍ശനങ്ങള്‍; ഇതിനായി ചെലവഴിച്ചത് കോടികള്‍. എന്നാല്‍ വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ അവയൊന്നും വഴിയൊരുക്കിയില്ല. നേപ്പാളും ശ്രീലങ്കയും നമ്മുടെ സുഹൃത്തുക്കളായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ ചൈനയോട് കൂടുതല്‍ അടുക്കുന്നു.
സംഭാഷണത്തിന്റെ വഴിയടച്ചതോടെ കാശ്മീരില്‍ വ്യാപകമായ അസ്വസ്ഥത പടര്‍ന്നിരിക്കുന്നു. ഈ അസ്വസ്ഥതകളെയും വിമതരെയും തോക്കുകൊണ്ട് നേരിടുകയാണ് ഇപ്പോഴത്തെ രീതി. ഒരിക്കല്‍ നടത്തിയ വെടിവയ്പില്‍ വെടിച്ചീളുകള്‍ തറച്ച് ആയിരത്തോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. നിരവധി യുവാക്കള്‍ക്ക് പലപ്പോഴായി ജീവനും.
ന്യൂനപക്ഷങ്ങള്‍ക്കും
ദലിതര്‍ക്കും പീഡനം
മേല്‍പ്പറഞ്ഞതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇവയേക്കാളേറെ ഗുരുതരമായ വിഭാഗീയതയുടെയും ശത്രുതയുടെയും ഒരു സംസ്‌കാരം രാജ്യത്തുടനീളം ശക്തിപ്പെട്ടു വന്നു. ന്യൂനപക്ഷങ്ങള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും നേരെ 2014 ല്‍ തുടങ്ങിയ ആക്രമണങ്ങളായിരുന്നു അവ. ‘ഘര്‍ വാപസി’ ; ‘ഗോ രക്ഷ’ തുടങ്ങിയ പേരുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും നേരെ ബിജെപിയുടെ ആശിര്‍വാദത്തോടെ സംഘ പരിവാരങ്ങള്‍ ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു നടത്തി. ആര്‍എസ്എസ്, ബജ്രംഗ് ദള്‍, വിശ്വഹിന്ദുപരിഷത്, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് തുടങ്ങി നിരവധി വര്‍ഗീയ സംഘടനകള്‍ രാജ്യത്തെ ന്യൂനപക്ഷ – ദലിത് വിഭാഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു. ഗോരക്ഷയുടെ പേരില്‍ വര്‍ഗീയ സംഘടനകളുടെ നേതൃത്വത്തില്‍ 30 ഓളം പേരെ പട്ടാപ്പകല്‍പോലും തല്ലിക്കൊന്നു. ഡല്‍ഹിയിലും മറ്റും നിരവധി ക്രൈസ്തവ ദൈവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു.
അപ്പോഴും ഇന്ത്യയുടെ ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) നിശ്ശബ്ദത പാലിച്ചു. മതനിരപേക്ഷതയുടെ നാട്ടില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ കഠാര കുത്തിയിറക്കിയപ്പോഴും, ഇന്ത്യയുടെ ആത്മാവ് രക്തമൊഴുകി വിലപിച്ചപ്പോഴും, മോദി വീണ വായിക്കുകയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ന്യൂനപക്ഷ – ദലിത് പീഡനങ്ങളുടെ രക്തക്കറ പുരണ്ട ആ ചരിത്രം അടുത്ത ലക്കത്തില്‍ വായിക്കുക. (തുടരും)
ഇംഗ്ലീഷിലെഴുതിയ ലേഖനത്തിന്റെ മൊഴിമാറ്റം : ജോസ് തളിയത്ത്‌

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>