• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P15 A

പണം വാങ്ങിയുള്ള പത്രപ്രവര്‍ത്തനം, വിവേചനപരമായ വാര്‍ത്താ പ്രസരണം, വ്യാജവാര്‍ത്തകളിലൂടെ വികാരങ്ങള്‍ കത്തിക്കാളിക്കാനുള്ള ശ്രമം തുടങ്ങിയവ ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ശാപമാണെന്നും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
കൊല്ലം പ്രസ്‌ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍കാലങ്ങളില്‍ സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു. അക്കാലത്ത് ഭയമോ, നിക്ഷിപ്ത താല്‍പര്യങ്ങളോ ഇല്ലാതെ പത്രപ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തനം നടത്തി. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കച്ചവട ലക്ഷ്യങ്ങളും മറ്റും പരിഗണനകളുമാണ് ഇപ്പോള്‍ മാധ്യമങ്ങളെ നയിക്കുന്നത്. വാര്‍ത്തകളില്‍ സൃഷ്ടിക്കുന്ന വൈകാരികതയും പണം വാങ്ങിയുള്ളതും പക്ഷപാതപരവുമായ വാര്‍ത്താ വിതരണവും പ്രസരണവും എല്ലാത്തിനും ഉപരി വ്യാജ വാര്‍ത്തകളുമാണ് ആധുനിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ശാപം – ഉപരാഷ്ട്രപതി ശക്തമായ ഭാഷയില്‍ വിശദീകരിച്ചു.
ബ്രിട്ടീഷുകാര്‍ മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഭൂരിഭാഗം പത്രങ്ങളും അതു വകവയ്ക്കാതെ ഭയരഹിതമായി സ്വാതന്ത്ര്യ സമര കാലത്ത് പ്രവര്‍ത്തിച്ചു. എന്നാല്‍ 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് വിരലിലെണ്ണാവുന്നവ ഒഴികെ മറ്റുള്ളവയൊക്കെ നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇന്ന് മാധ്യമങ്ങളുടെ ലക്ഷ്യങ്ങള്‍ മാറി ; മാധ്യമ പ്രവര്‍ത്തകരുടെ മൂല്യബോധവും മാറി. വന്‍കിട വ്യവസായികളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പത്രങ്ങളും ടിവി ചാനലുകളും തുടങ്ങുന്നതാണ് കാണുന്നത്. ഇതു നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും അപകടമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം യാതൊരു നിയന്ത്രണവുമില്ലാത്തതല്ല; അതിന് ന്യായമായ നിയന്ത്രണങ്ങളുണ്ട്. ഇതു മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഇക്കാര്യം മാധ്യമങ്ങള്‍ മറന്നുപോകുന്നു. അതിനാല്‍ പത്ര, ടിവി പ്രവര്‍ത്തകര്‍ക്കു പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുന്ന കാര്യം മാധ്യമ സംഘടനകള്‍ അടിയന്തിരമായി ഏറ്റെടുക്കണം. വാര്‍ത്തകളില്‍ സ്വന്തം താല്‍പര്യങ്ങളും വീക്ഷണങ്ങളും കൂട്ടിക്കലര്‍ത്തുന്നതിനെതിരെ ഉപരാഷ്ട്രപതി ശക്തമായി വിമര്‍ശിച്ചു. നിഷേധാത്മക മാധ്യമശൈലി ഉപേക്ഷിക്കാനും സാമൂഹിക മാധ്യമങ്ങളുടെ പെരുപ്പകാലത്ത് വാര്‍ത്തകളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം അവ പ്രസിദ്ധീകരിക്കാനും വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ തയാറാവണം.
പത്ര, ടിവി ചാനല്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സദസ്സില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നടത്തിയ പ്രഭാഷണം സമകാലിക മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ചിന്തോദ്ദീപകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>