• March 2019Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago
  • Posted 22 days ago

By on March 1, 2019
P15 B

ഫെബ്രുവരി ആറിനു പുറത്തിറങ്ങിയ മലയാള മനോരമയില്‍ മാധ്യമപ്രവര്‍ത്തകനായ ബി ആര്‍ പി ഭാസ്‌ക്കര്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ‘മാധ്യമങ്ങളെ ശല്യമായി കാണുന്നവര്‍’ – ഇതാണ് അതിന്റെ തലക്കെട്ട്. അതിന്റെ തൊട്ടു പിറ്റെദിവസം മനോരമയുടെ എഡിറ്റോറിയലുമുണ്ട്. അതിന്റെ തലവാചകം ഇങ്ങനെയാണ് : ‘മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതെന്തിന്?’
മാധ്യമങ്ങള്‍ പ്രതികരണങ്ങള്‍ക്കായി പൊതുവേദികളില്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മറ്റു ഉയര്‍ന്ന വ്യക്തികളേയും സമീപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി 2018 നവംബറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമങ്ങള്‍, തങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണെന്ന് ആരോപിച്ചു പ്രതിഷേധമുയര്‍ത്തിയപ്പോള്‍, ആ സര്‍ക്കുലര്‍ ഒന്നു പരിഷ്‌ക്കരിച്ചു. അതുപ്രകാരം സെക്രേട്ടറിയറ്റിലും മറ്റു പ്രധാന സ്ഥലങ്ങളിലും പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ മീഡിയ കോര്‍ണറുകള്‍ സ്ഥാപിക്കാമെന്നായിരുന്നു പുതിയ നിര്‍ദ്ദേശം.
ഇതനുസരിച്ച് സെക്രേട്ടറിയറ്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ താഴത്തെ നിലയില്‍ ഒരു ‘മീഡിയ റൂം’ തയാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ മുറികളില്‍ കയറാതെ തന്നെ പത്രക്കാര്‍ക്ക് മീഡിയ റൂമില്‍ വച്ചു അവരെ കാണുകയും പ്രധാന കാര്യങ്ങളെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ കുറിച്ചെടുക്കുകയും ചെയ്യാം.
ഈ പരിഷ്‌ക്കാരം പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും ഭരണാധികാരികള്‍ മാധ്യമങ്ങളെ ശല്യക്കാരായി കാണുന്നുവെന്നത് കാതലായ പ്രശ്‌നമാണെന്നുമാണ് ബി ആര്‍ പി ഭാസ്‌ക്കറിന്റെ അഭിപ്രായം.
കുറെനാള്‍ മുമ്പ് ഹൈക്കോടതിയില്‍ കാലങ്ങളായി മാധ്യമങ്ങള്‍ക്കു വേണ്ടി അനുവദിച്ചിരുന്ന മീഡിയ റൂം അടച്ചുപൂട്ടി. കോടതിയുടെ പരിഗണനയിലുള്ള കേസുകളെപ്പറ്റി മാധ്യമങ്ങളുടെ സമാന്തര വിചാരണകളും കോടതിവിധികളെ സ്വാധീനിക്കത്തക്ക ടിവി ചര്‍ച്ചകളും കൊടുമ്പിരിക്കൊണ്ട കാലത്തായിരുന്നു ഹൈക്കോടതിയുടെ നടപടി. മാധ്യമങ്ങളെ കോടതി ശത്രുക്കളായി കാണുന്നുവെന്ന് അന്നും പരാതി ഉയര്‍ന്നിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് കോടതിയില്‍ ഇഷ്ടാനുസരം കയറിയിറങ്ങാമെന്നുള്ള പഴയ നാട്ടുനടപ്പ് ഇന്ന് പഴങ്കഥയാണ്. നിയമ യോഗ്യതയും കോടതി അനുശാസിക്കുന്ന വ്യവസ്ഥകളും അനുസരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കേ ഇപ്പോള്‍ കോടതിയില്‍ കടന്നു ചെല്ലാനാവൂ.
എന്തുകൊണ്ട് ജനാധിപത്യത്തിലെ കാവല്‍ നായ്ക്കളായിരിക്കേണ്ട മാധ്യമങ്ങളെ ഭരണാധികാരികളും നീതിപീഠങ്ങളും ‘ശല്യക്കാരായി’ കാണുന്നുവെന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു. ഭരണകൂടങ്ങളുടെ സമീപനത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടാകാം; എന്നാല്‍ നീതിന്യായ പീഠങ്ങളുടെ സമീപനത്തില്‍ അതുണ്ടാകാനിടയില്ല.
കേരളത്തില്‍ കടിഞ്ഞാണില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണ് കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് പൊതു സമൂഹത്തിലെ ഭൂരിഭാഗം പേരും സമ്മതിക്കുന്നുണ്ട്. രാഷ്ട്രീയ, വര്‍ഗീയ, വിഭാഗീയ, സാമ്പത്തിക, കച്ചവട താല്‍പര്യങ്ങളാണ് കേരളത്തിലെ 99 ശതമാനം അച്ചടി – ഇലക്‌ട്രോണിക് മാധ്യമങ്ങളെ നയിക്കുന്നത്. ‘പെയ്ഡ് ന്യൂസ്’ – എന്നുവച്ചാല്‍ ‘പണം വാങ്ങി വാര്‍ത്ത ചമയ്ക്കല്‍’ – കേരളത്തിലും വ്യാപകമാണ്. പരസ്യത്തില്‍ കണ്ണുനട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനമാണ് പത്രങ്ങളും ടിവി ചാനലുകളും സാമൂഹിക മാധ്യമങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ പരസ്യങ്ങള്‍ നിരന്തരം തന്നുകൊണ്ടിരിക്കുന്ന കച്ചവട – വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത ഈ വിഭാഗം മാധ്യമങ്ങള്‍, അസംഘടിതരായ, സമൂഹത്തില്‍ മാനവും മര്യാദയുമായി ജീവിക്കുന്ന ജനവിഭാഗങ്ങളെ വ്യാജവാര്‍ത്തകള്‍ക്ക് ഇരയാക്കുന്നുവെന്നതാണ് ഗുരുതരമായ അവസ്ഥ.
ഏറെയൊന്നും പോകണ്ട : കഴിഞ്ഞ 10 വര്‍ഷത്തെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രമെടുത്താല്‍ മതി, ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന, ഇപ്പോഴും തുടരുന്ന ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ മാധ്യമ പ്രവര്‍ത്തന ശൈലിയുടെ വിശ്വരൂപം തിരിച്ചറിയാന്‍. ഈ അധാര്‍മിക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇര 95 ശതമാനവും ക്രൈസ്തവ സമൂഹമാണ്. എന്തുകൊണ്ട് എന്നു ചോദിക്കരുത്. മറ്റു ജനവിഭാഗങ്ങളെപ്പറ്റി കപട വാര്‍ത്തകളും സംഘടിത പ്രചാരണങ്ങളും നടത്തിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ഭയം തന്നെ.
ആരെപ്പറ്റിയും എന്തിനെപ്പറ്റിയും എന്തു വേണമെങ്കിലും അടിച്ചുവിടാമെന്നും ടിവിയിലൂടെ സംപ്രേഷണം ചെയ്യാമെന്നുമുള്ള ധാര്‍ഷ്ട്യവും മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള കപട ധാരണകളും അഹന്തയുമാണ് ഇന്ന് കേരളത്തിലെ മാധ്യമങ്ങളുടെ ശാപം. (ഇക്കാര്യം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തന്നെ പറഞ്ഞത് ഇതോടൊപ്പം വായിക്കുക) ജനാധിപത്യ മൂല്യങ്ങളുടെ കാവല്‍ നായ്ക്കള്‍, നിക്ഷിപ്ത താല്‍പര്യങ്ങളുടെയും വളര്‍ത്തുനായ്ക്കളാവുന്നതില്‍പരം ദുര്യോഗം വേറെയില്ല.
ഈ സ്ഥിതിക്ക് എന്താണ് പരിഹാരം? മാധ്യമങ്ങളെ ഭരണാധികാരികളും നീതിപീഠങ്ങളും പൊതുജനവും ശല്യക്കാരായി കാണുന്നുണ്ടെങ്കില്‍, ഉത്തരം മറ്റെങ്ങും തിരയേണ്ട; മാധ്യമങ്ങള്‍ സ്വയം പരിശോധിച്ചാല്‍ മതി. അഭിപ്രായ സ്വാതന്ത്യത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുള്ള അവകാശമേ, മാധ്യമങ്ങള്‍ക്കുമുള്ളൂവെന്നറിയുക.
ഈ പശ്ചാത്തലത്തില്‍ പത്ര പ്രവര്‍ത്തകനായ ബി ആര്‍ പി ഭാസ്‌ക്കര്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കണം : ‘മാധ്യമങ്ങളുടെ ബാഹുല്യവും അവര്‍ തമ്മിലുള്ള മല്‍സരവും ചില മാധ്യമ പ്രവര്‍ത്തകരുടെ അനുചിതമായ പെരുമാറ്റങ്ങളും സമൂഹത്തില്‍ അസുഖകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഇക്കാര്യം മാധ്യമ ഉടമകളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സംഘടനകള്‍ ചര്‍ച്ച ചെയ്യണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ആവശ്യമുണ്ടെങ്കില്‍, അവര്‍ തന്നെ മുന്‍കൈയെടുത്ത് അതുണ്ടാക്കണം’.
അടിയന്തരമായി ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഒരു യാഥാര്‍ഥ്യം അറിയുക. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം ഇല്ലാത്തതല്ല പ്രശ്‌നം; അവര്‍ പാലിക്കാത്തതാണ്.
2002 മുതല്‍ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു പെരുമാറ്റച്ചട്ടം നിലവിലുണ്ട്. 2002 ഓഗസ്റ്റ് 30 ന് ന്യൂഡല്‍ഹിയില്‍ നടന്ന എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ജനറല്‍ ബോഡി അംഗീകരിച്ചതാണിത്. 2007 ല്‍ അത് നവീകരിച്ചു. അതു തയാറാക്കിയത് അന്നു ഗില്‍ഡിന്റെ സെക്രട്ടറി ജനറലായിരുന്ന മനോരമയുടെ ഡല്‍ഹി പ്രതിനിധി കെ. എസ്. സച്ചിദാനന്ദ മൂര്‍ത്തിയാണ്.
എന്നാല്‍ ആര് ഇത് നടപ്പാക്കും എന്നതാണ് പ്രശ്‌നം. എഡിറ്റേഴ്‌സ് ഗില്‍ഡ്, മാധ്യമ സ്ഥാപന ഉടമകളുടെ സംഘടനയായ ഐ എന്‍ എസ് (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി), പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് (കെയുഡബ്‌ളിയുജെ) തുടങ്ങിയ സംഘടനകളുണ്ടെങ്കിലും, സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടന്നു ചിന്തിക്കാന്‍ കഴിയുന്നവരാണ് ഇവരെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.
ചുരുക്കത്തില്‍, മാധ്യമങ്ങളെ ശല്യക്കാരായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍, അതിന്റെ കാരണക്കാര്‍ മാധ്യമങ്ങള്‍ തന്നെ. വിവിധ വിഭാഗം ജനങ്ങളെ ശത്രുക്കളും വകവരുത്തേണ്ടവരുമായി കാണാതെ നീതിപൂര്‍വമായ മാധ്യമ പ്രവര്‍ത്തനം നടത്തിയാല്‍, മാധ്യമങ്ങളെ ജനങ്ങള്‍ ബഹുമാനിക്കും. സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന മാധ്യമ അരാജകത്വത്തോടാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ വിട പറയേണ്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>