By on April 1, 2019
7

 

 

 

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമെന്നപോലെ തിരുമുക്കുളം ഇടവകയും മനോഹരമായ ദൈവാലയവും ഇന്ന് ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. ദൈവസാന്നിധ്യത്തിന്റെ നിതാന്ത ഓര്‍മപ്പെടുത്തലായി പച്ചപുതച്ച ഗ്രാമഹൃദയത്തില്‍ ഒരു ദിവ്യ സാന്നിധ്യം.

മാളയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ തെക്കുകിഴക്ക് ഐരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നിന്ന് അല്‍പ്പം മാറിയാണ് തിരുമുക്കുളം. ടിപ്പുവിന്റെ പടയോട്ടപ്പെരുമ ഇന്നും ഈ പ്രദേശത്തിന്റെ ഓര്‍മയുടെ അടരുകളില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. പഴമയുടെ കഥകളുറങ്ങുന്ന ക്ഷേത്രങ്ങളും നമ്പൂതിരി ഇല്ലങ്ങളും ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി, ഒറവങ്കര ശങ്കരന്‍ നമ്പൂതിരി തുടങ്ങിയ സംസ്‌കൃത പണ്ഡിതന്മാരും കേരളത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക ചരിത്രത്തില്‍ കയ്യൊപ്പു ചാര്‍ത്തിയ നാടാണിത്.
ചാലക്കുടി പുഴയുടെ ഫലഭൂയിഷ്ഠമായ ഈ തീരഭൂമിക്ക് സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കഥകളേ പറയാനുള്ളൂ. 1964 മാര്‍ച്ച് ഒന്നാം തിയതി ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖയുയര്‍ത്തി ഇവിടെയൊരു കപ്പേള രൂപം കൊണ്ടു. ത്യാഗ സമ്പന്നനായ ഫാ. ജോസഫ് ചക്കാലമറ്റത്തിന്റെയും വിശ്വാസികളുടെയും കൂട്ടായ യത്‌നങ്ങളുടെ സുമധുര ഫലമായിരുന്നു വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ആ കൊച്ചു പ്രാര്‍ഥനാലയം. 1965 മുതല്‍ 1974 വരെയുള്ള കാലഘട്ടത്തില്‍ ആ കൊച്ചു പ്രാര്‍ഥനാലയം വികസനത്തിന്റെ വഴിത്താരയില്‍ മുന്നേറിക്കൊണ്ടിരുന്നു.
തിരുമുക്കുളം പ്രദേശത്തെ ക്രൈസ്തവര്‍ ദീര്‍ഘകാലം അഞ്ചു കിലോമീറ്റര്‍ അകലെയുള്ള കുണ്ടൂര്‍ അമലോത്ഭവ മാതാപള്ളിയുടെ കീഴിലായിരുന്നു. തിരുമുക്കുളം കിഴക്കേമുറി, പടിഞ്ഞാറേമുറി സമുദായങ്ങള്‍ 1950 കള്‍ മുതല്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു 1964 ല്‍ നിലവില്‍ വന്ന സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേള. വികാരി ഫാ. ജോസഫ് വി. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളുടെ ഫലമായി 1964 ല്‍ മാര്‍ ജോര്‍ജ് ആലപ്പാട്ട് കപ്പേള സ്ഥാപനത്തിന് അനുവാദം നല്‍കിയതോടെയാണ് കപ്പേളയെന്ന സ്വപ്‌നത്തിന് ചിറക് മുളച്ചത്.
കുരിശുപള്ളി
കപ്പേള നിലവില്‍ വന്ന് ഏതാണ്ട് ഒരു പതിറ്റാണ്ടായപ്പോള്‍ മാര്‍ ജോസഫ് കുണ്ടുകുളം കപ്പേള കുരിശുപള്ളിയായി ഉയര്‍ത്തി.
വികാരി ഫാ. ഫ്രാന്‍സിസ് എടക്കളത്തൂരാണ് കുരിശുപള്ളിക്കുവേണ്ടി ഇടവകാംഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്നുള്ള കാലയളവില്‍ കുണ്ടൂര്‍ വികാരി ഫാ. ജോസ് എ. വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ കുരിശുപള്ളി വിസ്തൃതമാക്കി; സെമിത്തേരി നിര്‍മാണം പൂര്‍ത്തിയാക്കി.
ഇരിങ്ങാലക്കുട രൂപത നിലവില്‍ വന്നപ്പോള്‍ തിരുമുക്കുളം കുരിശുപള്ളിയുടെ ചുമതല മടത്തുംപടി പള്ളിവികാരിക്ക് കൈമാറി.
ഇടവക
ചെറുചെടിയില്‍ നിന്നു തണലേകുന്ന വൃക്ഷത്തിലേയ്‌ക്കെന്നപോലെ വളര്‍ന്നുകൊണ്ടിരുന്ന കുരിശുപള്ളി അതിവേഗം ഇടവകപ്പള്ളിയായി രൂപപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. മടത്തുംപടി വികാരി ഫാ. ജോയ് കടമ്പാട്ടിന്റെയും ഇടവക സമൂഹത്തിന്റെയും ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ അങ്ങനെ ഫലം ചൂടി. 1983 ജൂണ്‍ ഒന്നിന് മാര്‍ ജയിംസ് പഴയാറ്റില്‍ ഇടവകയായി ഉയര്‍ത്തി. ഫാ. ജോയ് കടമ്പാട്ട് പ്രഥമ വികാരിയായി.
1983 മുതല്‍ പല വികാരിമാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതു. 1991 ജൂലൈ ഒന്നിന് നവീകരിച്ച ദൈവാലയത്തിന്റെ കൂദാശകര്‍മം നടത്തി. 2014 ല്‍ ഫാ. ജോയ് മേനോത്ത് വികാരിയായിരിക്കെ വൈദിക മന്ദിരത്തിന്റെയും കൊടി മരത്തിന്റെയും വെഞ്ചരിപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. 2017 ജൂലൈയിലാണ് സ്ഥിരതാമസമുള്ള ആദ്യ വികാരിയായ് ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ നിയമിതനായത്.
അഞ്ച് കുടുംബ യൂണിറ്റുകളിലായി 180 ഭവനങ്ങള്‍ ഈ ഇടവകയിലുണ്ട്. കൂടാതെ ഏഴ് ലത്തീന്‍ ഭവനങ്ങളും തങ്ങളുടെ കൗദാശിക ആവശ്യങ്ങള്‍ക്കായി ഈ ഇടവക ദൈവാലയത്തെആശ്രയിക്കുന്നു. ഫാ. ലോറന്‍സ് എടക്കളത്തൂര്‍ എസ്ഡിവി യാണ് ഇപ്പോഴത്തെ വികാരി.
ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമെന്നപോലെ തിരുമുക്കുളം ഇടവകയും മനോഹരമായ ദൈവാലയവും ഇന്ന് ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു.
സെന്റ് ആന്റണീസ് കപ്പേളയും കുരിശടിയും ദൈവാലയത്തോടൊപ്പം ദൈവസാന്നിധ്യത്തിന്റെ നിതാന്ത ഓര്‍മപ്പെടുത്തലായി പച്ചപുതച്ച ഗ്രാമഹൃദയത്തില്‍ കാണാം.
അഞ്ചര പതിറ്റാണ്ടു പിന്നിടുകയാണ് തിരുമുക്കുളം സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയം; മൂന്നര പതിറ്റാണ്ടിന്റെ പടികടന്ന് മുന്നേറുന്നു ഇടവക.
നിരവധി വൈദികരും അല്‍മായ നേതാക്കളും വിശ്വാസി സമൂഹവും ചേര്‍ന്ന് രചിച്ച നന്മയുടെയും സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ഒരു മഹാകാവ്യം പോലെ, ശിരസ്സില്‍ കുരിശേന്തി കാവ്യഭാവനയുടെ മണ്ണില്‍ ഒരു തിരുസാ
ന്നിധ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>