By on April 2, 2019
11 C

സ്വന്തം ലേഖകന്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തേതു പോലെയാകില്ല, രണ്ടാമൂഴത്തില്‍ ഹിന്ദുത്വ പാര്‍ട്ടിയുടെ കേന്ദ്രഭരണം. കൂടുതല്‍ ശക്തമായ, ആഴമേറിയ, ഇന്ത്യയുടെ ഭരണ സംവിധാനത്തെയും ഭരണഘടനയെയും മാറ്റി മറിക്കുന്ന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന്റെ ആദ്യ പടിയായി ഭരണഘടനയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും. ഭരണഘടന ആകെ മാറ്റിയെഴുതാന്‍ പ്രത്യേക ഭരണഘടനാ അസംബ്ലി (കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി) വേണം. എന്നാല്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ അതു വേണ്ട. ലോക് സഭയിലും രാജ്യ സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം സീറ്റുകള്‍ മതി; നിയമസഭകളില്‍ പകുതിയുടെ അംഗീകാരവും.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനാ ഭേദഗതികള്‍ കൊണ്ടു വരിക. അതിലൊന്ന്, ഭരണഘടനയുടെ ആമുഖം മാറ്റിയെഴുതും എന്നതാണ്. അതിലാണ് ഇന്ത്യ പരമാധികാര, ജനാധിപത്യ, സോഷ്യലിസ്റ്റ്, സെക്കുലര്‍ (മതനിരപേക്ഷ) രാഷ്ട്രമാണെന്ന അടിസ്ഥാന പ്രഖ്യാപനം. മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ‘മതനിരപേക്ഷത’ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് എടുത്തുകളയാന്‍ ശ്രമിച്ചത് ഓര്‍ക്കുമല്ലൊ. രണ്ടാമത്തെ മാറ്റം, ഇപ്പോള്‍ തിരഞ്ഞെടുപ്പിന് നിലവിലിരിക്കുന്ന പാര്‍ലമെന്ററി രീതി മാറും; പകരം പ്രസിഡന്‍ഷ്യല്‍ രീതി വരും. അതായത്, എംപിമാരെ ജനം തിരഞ്ഞെടുത്ത് അവര്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്ററി രീതി മാറി, പ്രധാന മന്ത്രിയെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന സമ്പ്രദായം. ഏറെക്കുറെ അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതി.
ഇതോടെ പ്രധാനമന്ത്രി ഇപ്പോഴത്തേതില്‍ നിന്ന് പതിന്മടങ്ങ് ശക്തനാവും; പാര്‍ലമെന്റ് എന്ന ജനപ്രതിനിധി സഭയുടെ പരമാധികാരം ഇല്ലാതാവും. അത് ഏറെക്കുറെ നോക്കുകുത്തിയാവും. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഹാജരാകുകയോ ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ വേണ്ട. പകരം ജനങ്ങളോടാണ് പ്രധാനമായും അദ്ദേഹത്തിന്റെ ഉത്തരവാദിത്തം എന്ന അവസ്ഥ വരും.
ഈ മാറ്റങ്ങളുടെ ഫലം ഏകാധിപതിയുടെ സര്‍വാധികാരം പ്രധാനമന്ത്രിയുടെ കയ്യിലെത്തുകയെന്നതായിരിക്കും. പ്രതിപക്ഷം, നിയമ നിര്‍മാണ സഭകള്‍, കോടതികള്‍, രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ സര്‍വശക്തനായ ആ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കീഴിലാകുമെന്നു ചുരുക്കം. അതിന്റെ അനന്തര ഫലങ്ങള്‍ ചിന്തിക്കാവുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>